Tuesday, December 18, 2018 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 24 Dec 2017 12.59 AM

ക്രിസ്‌മസ്‌ ആഘോഷിക്കാന്‍ ആട്‌ മുതല്‍ ആന വരെ , ആരാകും സ്‌റ്റാര്‍

uploads/news/2017/12/177402/sun4.jpg

ക്രിസ്‌മസിന്‌ ആരാധകരെ ആനന്ദത്തില്‍ ആറാടിക്കാന്‍ തിയറ്ററുകളില്‍ ആടുമുതല്‍ ആനവരെയുള്ള വിഭവങ്ങളാണ്‌ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്‌. പ്രമേയത്തില്‍ പുതുമയും അവതരണത്തില്‍ വ്യത്യസ്‌തതയും അവകാശപ്പെടാന്‍ യോഗ്യതയുള്ള അഞ്ചു മലയാള ചിത്രങ്ങള്‍ തിയറ്ററില്‍ മാറ്റുരയ്‌ക്കുമ്പോള്‍ ഇതില്‍ പൃഥ്വിരാജ്‌ നായകനായ 'വിമാന'വും വിനീത്‌ ശ്രീനിവാസന്‍ നായകനായ 'ആന അലറലോടലറലും' സംവിധാനം ചെയ്‌തിരിക്കുന്നത്‌ പുതുമുഖ സംവിധായകരാണ്‌. വിമാനത്തിലൂടെ പ്രദീപ്‌ നായരും ആനയിലൂടെ ദിലീപ്‌ മേനോനുമാണ്‌ പ്രേക്ഷക ഹൃദയം കീഴടക്കാനെത്തിയിരിക്കുന്നത്‌. ഈ അഞ്ച്‌ ചിത്രങ്ങള്‍ക്ക്‌ ഭീഷണിയായി ഫഹദ്‌ ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ്‌ചിത്രം 'വേലൈക്കാരനു'മുണ്ട്‌.

പരുക്കന്‍ അധ്യാപകനായി മമ്മൂട്ടി
പുലിമുരുകനുശേഷം ഉദയ്‌കൃഷ്‌ണയുടെ തിരക്കഥയില്‍ അജയ്‌ വാസുദേവ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മാസ്‌റ്റര്‍പീസ്‌. ഏറെക്കാലത്തിനുശേഷം മമ്മൂട്ടി കോളജ്‌ ക്യാംപസിലെത്തുന്നു എന്ന കൗതുകം തന്നെയാണ്‌ മാസ്‌റ്റര്‍ പീസിന്റെ ഹൈലൈറ്റ്‌. മമ്മൂട്ടിയുടെ സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്‌ ചിത്രം. ചിത്രത്തില്‍ മമ്മൂട്ടി ഇംഗ്ലീഷ്‌ പ്ര?ഫസറായ എഡ്വേര്‍ഡ്‌ ലിവിംഗ്‌സ്റ്റണ്‍ എന്ന കഥാപാത്രമായാണ്‌ എത്തുന്നത്‌. നമ്മള്‍ ഇതുവരെ കണ്ടുശീലച്ച അധ്യാപക വേഷത്തില്‍ നിന്നും വ്യത്യസ്‌തനായി എഡ്‌ഡി ഒരു പരുക്കന്‍ അധ്യാപകനാണ്‌. തല്ലിനുതല്ല്‌, ചോരയ്‌ക്ക് ചോര എന്ന മട്ടിലുള്ള ഈ കഥാപാത്രത്തിന്‌ നിറയെ കൈയടികള്‍ അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.
മമ്മൂട്ടിയുടെ മറ്റൊരു മികച്ച ക്രിസ്‌ത്യന്‍ ക്യാരക്‌ടറാണ്‌. അതും ക്യാംപസിലെ ന്യൂജനറേഷന്‍ ഗ്യാങുമായി നേരിട്ട്‌ ഏറ്റുമുട്ടാനെത്തുന്ന അധ്യാപകന്‍. സി.എച്ച്‌ മുഹമ്മദ്‌ വടകരയാണ്‌ ചിത്രത്തിന്റെ നിര്‍മ്മാതാവ്‌. പതിനഞ്ച്‌ കോടിയുടെ മുതല്‍ മുടക്കിലാണ്‌ ചിത്രം ഒരുങ്ങുന്നത്‌.
സുരേഷ്‌ ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്‌ ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലുണ്ട്‌. വരലക്ഷ്‌മി ശരത്‌കുമാറും, പൂനം ബജ്‌വയുമാണ്‌ നായികനിരയില്‍.

ഓമനയാകാന്‍ വീണ്ടും 'ആട്‌ '
ലോക സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ഒരു സിനിമയുടെ രണ്ടാം ഭാഗം വരുന്നത്‌. തിയറ്ററില്‍ കാര്യമായ വിജയം നേടാനാകാതെ പോയ ആട്‌ ഒരു ഭീകരജീവിയാണ്‌ എന്ന സിനിമയ്‌ക്ക് പകരം കിട്ടിയത്‌ ഭയങ്കര കൂക്കു വിളിയായിരുന്നു. പക്ഷെ സിനിമ ചാനലില്‍ വന്നപ്പോഴും ഡി.വി.ഡി ഇറങ്ങിയപ്പോഴും സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. സിനിമയിലെ പല ഡലോഗുകളും കോമഡി രംഗങ്ങളും ഇന്നും ട്രോളുകളുടെ രൂപത്തിലും മറ്റും സോഷ്യല്‍ മീഡിയകളിലും സജീവമായി തുടരുകയാണ്‌.
ഇപ്പോള്‍ രണ്ടു വര്‍ഷത്തിനുശേഷം പ്രേക്ഷകര്‍ക്ക്‌ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പനെ വീണ്ടും കാണാന്‍ ആഗ്രഹമുണ്ടെന്ന തിരിച്ചറിവാണ്‌ അണിയറപ്രവര്‍ത്തകര്‍ക്ക്‌ രണ്ടാംഭാഗമെടുക്കാന്‍ ധൈര്യം നല്‍കിയത്‌. ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളെയും നിലനിര്‍ത്തിയാണ്‌ സംവിധായകന്‍ മിഥുന്‍ മാനുവേല്‍ 'ആട്‌ രണ്ട്‌' അണിയിച്ചൊരുക്കിയിരിക്കുന്നത്‌. ആദ്യ ഭാഗത്തില്‍ പ്രേക്ഷകരുടെ ഓമനയായ 'പിങ്കി' എന്ന ആടും രണ്ടാം ഭാഗത്തിലുണ്ട്‌.

പ്രതീക്ഷയുടെ ആകാശത്ത്‌ 'വിമാനം'
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ്‌ എം.നായര്‍ സംവിധാനം ചെയ്യുന്ന വിമാനം ഹൈസ്‌കൂളില്‍ വച്ച്‌ പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ തൊടുപുഴക്കാരന്‍ സജി തോമസിന്റെ ജീവിതത്തില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ടാണ്‌ ഒരുക്കിയിരിക്കുന്നത്‌. ജീവിതപ്രതിസന്ധികളോട്‌ പടവെട്ടി സജി സ്വന്തമായി ഒരു വിമാനം നിര്‍മ്മിച്ച്‌ പറത്തിയിരുന്നു. വ്യത്യസ്‌തമായ വേഷപ്പകര്‍ച്ചയാണ്‌ ചിത്രത്തില്‍ പൃഥ്വിരാജിന്‌. ഈ കഥാപാത്രത്തിന്‌ വേണ്ടി താരം പത്ത്‌ കിലോയോളം ഭാരം കുറച്ചിരുന്നു. പുതുമുഖം ദുര്‍ഗ കൃഷ്‌ണയാണ്‌ ചിത്രത്തിലെ നായിക.
സജി നിര്‍മ്മിക്കുന്ന വിമാനം പൃഥ്വിരാജ്‌ ആകാശത്ത്‌ പറത്തുന്ന രംഗങ്ങളാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. പന്ത്രണ്ടുകോടി രൂപയാണ്‌ സിനിമയ്‌ക്ക് നിര്‍മ്മാണച്ചെലവ്‌. മാജിക്‌ ഫ്രെയിംസിന്റെ ബാനറില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. അലന്‍സിയാര്‍, സുധീര്‍ കരമന, പി. ബാലചന്ദ്രന്‍ തുടങ്ങിയവരാണ്‌ സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.
വിമാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്ന അവസരത്തില്‍ പ്രദീപ്‌ എം. നായര്‍ക്കൊപ്പം താന്‍ വീണ്ടും ഒരു സിനിമ ചെയ്യുന്നുവെന്ന പ്രഖ്യാപനവും പൃഥ്വിരാജ്‌ നടത്തിയിരുന്നു. മീറ്റര്‍ ഗേജ്‌ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌.

ആക്ഷേപഹാസ്യവുമായി 'ആന'
വിനീത്‌ ശ്രീനിവാസണ്‍ നായകനാകുന്ന ചിത്രമാണ്‌ ആന അലറലോടലറല്‍. ശരത്‌ ബാലന്റെ തിരക്കഥയില്‍ ദിലീപ്‌ മേനോനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. അനു സിത്താരയാണ്‌ നായിക. ചിത്രത്തില്‍ നാടന്‍ യുവാവിന്റെ വേഷമാണ്‌ വിനീത്‌ അവതരിപ്പിക്കുന്നത്‌. പേരുപോലെ ആളെ കുഴപ്പിക്കുന്നതല്ല ചിത്രം. ഗ്രാമീണ പശ്‌ചാത്തലത്തിലുള്ള ആക്ഷേപ ഹാസ്യത്തിന്റെ ചുവടുപിടിച്ചാണ്‌ ചിത്രത്തിന്റെ മുന്നോട്ടുളള സഞ്ചാരം. രഞ്‌ജിത്‌ ശങ്കറിന്റെയും പ്രജിത്തിന്റെയും കൂടെ സഹസംവിധായകനായിരുന്ന ദിലീപ്‌ മേനോന്റെ ആദ്യ സംവിധാന സംരംഭമാണ്‌ ചിത്രം. എബി, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ ശേഷമുള്ള വിനീതിന്റെ നായക ചിത്രമാണ്‌ ആന അലറലോടലറല്‍. ഇവരെ കൂടാതെ സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഇന്നസെന്റ്‌, ഇന്ദ്രന്‍സ്‌, മാമുക്കോയ, ഹരീഷ്‌ പെരുമണ്ണ എന്നിവരും ചിത്രത്തിലുണ്ട്‌. ഷാന്‍ റഹ്‌മാനാണ്‌ ചിത്രത്തില്‍ ഗാനങ്ങളൊരുക്കുന്നത്‌.

പുതുകാല പ്രണയവുമായി 'മായാനദി'
ടൊവിനോ തോമസും ആഷിഖ്‌ അബുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്‌ മായാനദി. റാണി പത്മിനിക്കു ശേഷം ആഷിഖ്‌ അബു സംവിധാനം ചെയ്ുന്ന ചിത്രത്തില്‍ ഞയണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയ ഐശ്വര്യ ലക്ഷ്‌മിയാണ്‌ നായിക. പുതിയ കാലത്തിന്റെ പ്രണയമാണ്‌ സിനിമ പറയുന്നത്‌.
നഗരകേന്ദ്രീകൃതമായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്‌മി കൊച്ചിയിലെ ഐ.ടി ജീവനക്കാരിയായി വേഷമിടുന്നു. ശ്യാം പുഷ്‌ക്കരനും ദിലീഷ്‌ നായരും ചേര്‍ന്നാണ്‌ തിരക്കഥയൊരുക്കുന്നത്‌. സംസംവിധായകനായ അമല്‍ നീരദിന്റെതാണ്‌ കഥ. സന്തോഷ്‌ ടി കുരുവിളയും ആഷിഖ്‌ അബുവും ചേര്‍ന്നാണ്‌ നിര്‍മ്മാണം. വളരെ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തി പരാജയപ്പെട്ട 'തരംഗ'ത്തിനുശേഷം മയാനദിയുമായി ടൊവിനോ എത്തുന്നത്‌ വിജയപ്രതീക്ഷകളോടെയാണ്‌.

വില്ലനായി ഫഹദ്‌
ശിവ കാര്‍ത്തികേയന്‍ നായനാകുന്ന വേലൈക്കാരനില്‍ ശ്രദ്ധേയമായ വേഷത്തിലാണ്‌ ഫഹദ്‌ എത്തുന്നത്‌.
തമിഴിലെ ഫഹദിന്റെ അരങ്ങേറ്റമാണിത്‌. ആദ്യചിത്രത്തില്‍ അഭിനയ സാധ്യതയുള്ളതുകൊണ്ടാണ്‌ വില്ലന്‍ വേഷം ഫഹദ്‌ ഏറ്റെടുത്തത്‌. നയന്‍താരയും ചിത്രത്തിലുണ്ട്‌. ഇ ഫോര്‍ എന്റര്‍ടൈയ്‌മെന്റ്‌ പ്രദര്‍ശനത്തിനെത്തിക്കുന്ന ചിത്രം മോഹന്‍രാജാണു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്‌.
ട്വന്റി ഫോര്‍ എം സ്‌റ്റുഡിയോസിന്റെ ബാനറില്‍ ആര്‍.ഡി. രാജയാണു നിര്‍മിക്കുന്നത്‌. പ്രകാശ്‌ രാജ്‌, ആര്‍.ജെ. ബാലാജി, റോബോ ശങ്കര്‍, സതീഷ്‌, വിജയവസന്ത്‌ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. സംഗീതം അനിരുദ്ധ്‌ രവി, എഡിറ്റര്‍ വിവേക്‌ ഹര്‍ഷന്‍.

എം.എ ബൈജു

Ads by Google
Sunday 24 Dec 2017 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW