Friday, January 18, 2019 Last Updated 57 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 24 Dec 2017 12.59 AM

കിഴക്കുനിന്നു വന്നവര്‍

uploads/news/2017/12/177401/sun3.jpg

ആകാശത്തു പ്രത്യക്ഷപ്പെട്ട അസാധാരണ നക്ഷത്രം കണ്ട്‌ ഒരു ദിവ്യജനനം നടന്നിരിക്കുന്നതായി മനസിലാക്കി ആ ദിവ്യശിശുവിനെ ആരാധിച്ചു വണങ്ങുന്നതിനും കാഴ്‌ചകള്‍ സമര്‍പ്പിക്കുന്നതിനും വേണ്ടി കിഴക്കുനിന്നും വന്ന വിദ്വാന്മാരെക്കുറിച്ച്‌ സുവിശേഷകനായ വിശുദ്ധ മത്തായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇവര്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായിട്ടാണ്‌ മനസിലാക്കാവുന്നത്‌. പൂജരാജാക്കള്‍ എന്നറിയപ്പെടുന്ന ഈ വിദ്വാന്മാര്‍ തങ്ങള്‍ കണ്ട നക്ഷത്രത്തെ ലക്ഷ്യമാക്കി പുറപ്പെട്ടു ജറുസലേമില്‍ എത്തി. ശിശു കിടന്നിരുന്ന സ്‌ഥലംവരെ ആ നക്ഷത്രം അവര്‍ക്കു മുമ്പേ നീങ്ങിയിരുന്നതായും ഉണ്ണിയേശു ശയിച്ചിരുന്ന കാലിത്തൊഴുത്തിനു മുകളില്‍ നിറയുറപ്പിച്ചതായും വിശുദ്ധ മത്തായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ബത്‌ലേഹമില്‍ എത്തിയ അവര്‍ ഉണ്ണിയേശുവിനെ സാഷ്‌ടാംഗം വീണ്‌ നമസ്‌കരിക്കുകയും തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും മീറയും കുന്തിരിക്കവും ഉണ്ണിയേശുവിനു തിരുമുല്‍ക്കാഴ്‌ചയായി നല്‍കുകയും ചെയ്‌തു എന്ന്‌ സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു.
കിഴക്കുനിന്നും വന്ന്‌ യേശുവിനെ വന്ദിച്ച്‌ കാഴ്‌ച സമര്‍പ്പിച്ച ഈ വിദ്വാന്മാരെപ്പറ്റി സുവിശേഷം കൂടുതലൊന്നും പറയുന്നില്ല. എങ്കിലും പൗരസ്‌ത്യദേശത്തുനിന്നും വന്ന ഈ ജ്‌ഞാനികളെക്കുറിച്ച്‌ നിരവധി ഗവേഷണങ്ങള്‍ ചിത്രകാരന്മാര്‍ നടത്തിയിട്ടുണ്ട്‌. പൗരസ്‌ത്യ ദേശത്തുനിന്നും ജ്‌ഞാനികള്‍ ജറുസലേമിലെത്തി എന്ന സുവിശേഷ സൂചനതന്നെയാണ്‌ ഗവേഷകര്‍ക്കും പിടിവള്ളിയായത്‌. ദിശാസൂചന ആസ്‌പദമാക്കിയാണ്‌ അന്വേഷണം നീങ്ങിയത്‌.
യഹൂദനായ മത്തായിയെ സംബന്ധിച്ചിടത്തോളം കിഴക്ക്‌ എന്നു പറയുമ്പോള്‍ വിവക്ഷിക്കുന്നത്‌ ജോര്‍ഡാനു കിഴക്കുള്ള രാജ്യങ്ങളെയാണ്‌. സുവിശേഷം നല്‍കുന്ന മറ്റൊരു സൂചന ജ്‌ഞാനികളുടെ സന്ദര്‍ശനം എന്ന ശീര്‍ഷകമാണ്‌. ഏതൊരു വിഷയത്തിലായിരുന്നു അവരുടെ ജ്‌ഞാനം?
ജ്യോതിശാസ്‌ത്ര വിശാരദരായിരുന്നു ഈ ജ്‌ഞാനികള്‍ എന്നാണു പാരമ്പര്യം. അതുകൊണ്ടുതന്നെ ജ്യോതിശാസ്‌ത്രം പ്രബലമായി പ്രചാരത്തിലിരിക്കുന്ന ഏതെങ്കിലും നാട്ടുകാരായിരിക്കാം ഉണ്ണിയേശുവിനെ വന്ദിച്ച ജ്‌ഞാനികള്‍. ആ നിലയില്‍ ചിന്തിച്ചാല്‍ മെസെപ്പെട്ടേമിയ, പേര്‍ഷ്യ, സിറിയ, അറേബ്യ രാജ്യങ്ങളില്‍ ഏതെങ്കിലുമൊന്നില്‍നിന്നായിരിക്കണം ഈ ജ്‌ഞാനികള്‍ എത്തിയത്‌. ജ്‌ഞാനികള്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു എന്നാണ്‌ പാരമ്പര്യം. (ഒരു നാടോടി പാരമ്പര്യത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നതായും പരാമര്‍ശിക്കപ്പെടുന്നുണ്ട്‌). ഈ മൂന്നുപേരും ഒരേ നാട്ടുകാരായിക്കൊള്ളണമെന്നുമില്ല.
ആകാശത്തില്‍ ഒരു പുതിയ താരകം ഉദയം ചെയ്‌താല്‍ ഒരു മഹാസംഭവത്തിന്റെ സൂചനയായിരിക്കാം അത്‌ എന്ന്‌ ശങ്കിക്കുവാന്‍ ഇടനല്‍കുന്ന ചില പ്രസ്‌താവനകള്‍ പഴയ നിയമത്താളുകളില്‍ കാണുന്നത്‌ ശ്രദ്ധേയമാണ്‌. ''യാക്കോബില്‍നിന്ന്‌ ഒരു താരമുദിക്കും ഇസ്രായേലില്‍നിന്ന്‌ ഒരു ചെങ്കോല്‍ ഉയരും'' എന്ന പഴയ നിയമവാക്യം അറിയാവുന്ന ജ്യോതിഷ പണ്ഡിതന്മാര്‍ ജോര്‍ദാനു കിഴക്കുഭാഗത്തുള്ള ദേശങ്ങളില്‍ ഉണ്ടായിരുന്നിരിക്കാം. ഈ ധാരണയുടെ അടിസ്‌ഥാനത്തില്‍ പേര്‍ഷ്യയിലെ സൊറാസ്‌റ്റര്‍ മതവിശ്വാസികളായിരിക്കാം ഉണ്ണിയേശുവിനെ ആരാധിക്കാന്‍ എത്തിച്ചേര്‍ന്നത്‌.
ഈ ജ്‌ഞാനികള്‍ രാജാക്കന്മാരായിരുന്നു എന്ന ഒരു ധാരണയുണ്ട്‌. ഇവരെ സംബന്ധിച്ച്‌ പ്രബലമായ ചില ഐതീഹ്യങ്ങളില്‍ പേര്‍ഷ്യയിലും മറ്റുമുണ്ടായിരുന്ന മാന്ത്രിക പുരോഹിതരായിരുന്നു ഇവര്‍ എന്ന സൂചനകള്‍ കാണാം. എന്നാല്‍ വളരെ വ്യക്‌തമായി ബാല്‍ത്തസര്‍, മെല്‍ക്കിയോര്‍, ഗാസ്‌പര്‍ എന്നിവരായിരുന്നു ആ വിദ്വാന്മാര്‍ എന്ന്‌ പേരുസഹിതം പ്രസ്‌താവിക്കുവാനും ചില ഗവേഷകര്‍ മുതിര്‍ന്നിട്ടുണ്ട്‌. സുമുഖനും യുവാവുമായിരുന്നത്രെ ബാല്‍ത്തസര്‍; ജ്യോതിശാസ്‌ത്രപടുവും. ഗാസ്‌പറാകട്ടെ പ്രായാധിക്യത്താല്‍ കൂനു ബാധിച്ച്‌ തുടങ്ങിയ ആളുമായിരുന്നു. ശാസ്‌ത്ര വിഷയങ്ങളില്‍ വിഖ്യാതനായിരുന്നുവത്രെ മെല്‍ക്കിയോര്‍. മൂന്നു ദ്രവ്യങ്ങളാണ്‌ കാഴ്‌ചയായി ഉണ്ണിയേശുവിനു സമര്‍പ്പിക്കപ്പെട്ടത്‌. അതുകൊണ്ടുതന്നെ ജ്‌ഞാനികള്‍ മൂന്നുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു ശഠിക്കുന്ന ഗവേഷകരുമുണ്ട്‌.
കാഴ്‌ചയര്‍പ്പിച്ച ദ്രവ്യങ്ങളെ സംബന്ധിച്ച ചിന്തയും വളരെ രസകരമായ ഒരു നിഗമനത്തിലേക്കു നയിക്കും. കാഴ്‌ചവസ്‌തുക്കളില്‍ രണ്ടെണ്ണം- മീറയും കുന്തിരിക്കവും പലസ്‌തീനായിലും പരിസരങ്ങളിലും ലഭിക്കുക എളുപ്പമായിരുന്നില്ല. ആ നാടുകളിലേക്ക്‌ ഇന്ത്യയില്‍നിന്നുമായിരുന്നു ഇവ കൊണ്ടുപോയിരുന്നത്‌. കുന്തിരിക്കത്തിന്റെയും മീറയുടെയും ലഭ്യതയുടെ അടിസ്‌ഥാനത്തില്‍ ദൈവസുതനെ സന്ദര്‍ശിച്ചു വണങ്ങിയ രാജാക്കന്മാര്‍ ഭാരതീയരായിരുന്നു എന്ന്‌ അനുമാനിക്കുന്നതിന്റെ സാധ്യതയെ ചില ചരിത്രകാരന്മാര്‍ നിരാകരിക്കുന്നില്ല. ഭാരതീയ ജ്യോതിശാസ്‌ത്രപാരമ്പര്യവും ഈ അനുമാനത്തിന്‌ പിന്തുണയേകുന്നുണ്ട്‌. ഒരുപടികൂടി കടന്ന്‌ ഇവര്‍ കേരളീയര്‍ ആയിരുന്നു എന്നു വാദിക്കുന്നവരും ഉണ്ട്‌. ക്രിസ്‌തുവിനു മുമ്പുതന്നെ കേരളവുമായി യഹൂദരാജ്യത്തിനുണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ക്രിസ്‌തുവിനെ ആരാധിക്കാനെത്തിയ ജ്‌ഞാനികള്‍ കേരളീയരായിരുന്നു എന്ന ഐതീഹ്യം രൂപപ്പെടുന്നത്‌.
പ്രസിദ്ധമായ യഹൂദരാജാവ്‌ ശലമോന്റെ (സോളമന്‍) കാലത്ത്‌ കേരളവുമായി സമൃദ്ധമായ വ്യാപാരബന്ധം ആ രാജ്യത്തിനുണ്ടായിരുന്നതായി ചില ചരിത്ര രേഖകള്‍ ഉണ്ട്‌. ഈ സാഹചര്യത്തില്‍ ബത്‌ലേഹമിലെത്തി ഉണ്ണിയേശുവിനെ വന്ദിച്ചത്‌ കേരളത്തിലെ ഏതെങ്കിലും നാട്ടുരാജാക്കന്മാരായിരിക്കാം എന്ന ചിന്തയും സാരമില്ലാത്തതെന്നു തള്ളാന്‍ വരട്ടെ.

പീറ്റര്‍ കുരിശിങ്കല്‍

Ads by Google
Sunday 24 Dec 2017 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW