Thursday, January 24, 2019 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 24 Dec 2017 12.59 AM

ഷഡ്‌പദം-സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/12/177400/sun2.jpg

പിന്നീടുളള രാത്രികളില്‍ രാമുവിനേക്കാള്‍ തീവ്രമായ മഹാമൗനത്തിലായിരുന്നു ഗുരുജി. രാമുണ്ണി തനിക്ക്‌ കൈവിട്ടു പോകുന്നതിലെ അപകടകരമായ അവസ്‌ഥാവിശേഷം അയാള്‍ മനസില്‍ വിഭാവനം ചെയ്‌തു. ഈശ്വര്‍ജിയുടെ രൂപവും ശബ്‌ദവും സാന്നിദ്ധ്യവുമാണ്‌ പ്രസ്‌ഥാനത്തെ നിലനിര്‍ത്തുന്നത്‌. അത്‌ നഷ്‌ടമായാല്‍ ഇക്കാലമത്രയും കഷ്‌ടപ്പെട്ട്‌ സമ്പാദിച്ച പ്രതിച്‌ഛായ ഇല്ലാതാകും. പണം പോലും നഷ്‌ടമായെന്ന്‌ വരാം. തകര്‍ന്നുടഞ്ഞ ഒരു വിശ്വാസത്തെ മാനിക്കാനും അനുകൂലിക്കാനും ഭരണകൂടങ്ങള്‍ പോലും തയ്യാറായെന്ന്‌ വരില്ല. ഉപദേശങ്ങള്‍ കൊണ്ട്‌ രാമുവിന്റെ മനസിനെ വരുതിയിലാക്കാവുന്ന സമയം കഴിഞ്ഞിരിക്കുന്നു. ആ പെണ്ണും കുടുംബവും വന്നു കയറിയതാണ്‌ സകലകുഴപ്പങ്ങള്‍ക്കും കാരണം. അത്‌ അവന്റെ മനസില്‍ നിന്നും ഇറക്കിവിടുക എളുപ്പമല്ല. വന്നുവന്ന്‌ തന്നെ കാണുന്നതും തന്റെ വാക്കുകള്‍ ശ്രവിക്കുന്നത്‌ പോലും അവന്‌ ചതുര്‍ത്ഥിയായി തുടങ്ങിയിരിക്കുന്നു.
ഇക്കുറി ഗുരുജി കുറെക്കൂടി പക്വമായ ഒരു തീരുമാനത്തിന്റെ കടവിലേക്ക്‌ ചെന്നടുത്തു. ആശ്രമത്തില്‍ രാമുവിന്‌ മാനസികമായി കുടുതല്‍ അടുപ്പമുളള ബ്രഹ്‌പചാരി അമര്‍ത്യാനന്ദനുമായി സാഹചര്യം പങ്ക്‌ വച്ചു. രാമുവുമായി സംസാരിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. പതിവ്‌ ദര്‍ശനവും ഭക്ഷണവും കഴിഞ്ഞ്‌ മുറിയില്‍ തനിച്ചായ ഈശ്വര്‍ജിയുടെ സവിധത്തിലേക്ക്‌ അമര്‍ത്യാനന്ദ കടന്നു ചെന്നു. ഗുരുജിയുടെ ആകുലതകള്‍ മുഖവുരയില്ലാതെ അറിയിച്ചു. പിന്നെ സ്വാഭിപ്രായം എന്ന മട്ടില്‍ കൂട്ടച്ചേര്‍ത്തു.
''ഈശ്വര്‍ജി... അങ്ങ്‌ നിഷേധിച്ചാലും ഇല്ലെങ്കിലും മറ്റുളളവരുടെ ദൃഷ്‌ടിയിലും അനുഭവം കൊണ്ടും ജീവിതം കൊണ്ടും അവിടന്ന്‌ ദൈവമാണ്‌. അഥവാ ദൈവത്തിന്റെ പ്രതിപുരുഷനാണ്‌.ദൈവത്തിന്റെ പ്രതിച്‌ഛായക്ക്‌ വിരുദ്ധമായ ഒന്നും തന്നെ അവിടന്ന്‌ ചെയ്യാന്‍ പാടില്ലെന്ന്‌ ഞാന്‍ വിശേഷിച്ച്‌ പറഞ്ഞു തരേണ്ടതില്ലല്ലോ? അങ്ങ്‌ ഇപ്പോള്‍ കടന്നു പോകുന്ന ഈ അവസ്‌ഥ സ്വയം നിര്‍മ്മിതമല്ല. ഇത്‌ നിയോഗമാണ്‌. ഈശ്വരന്റെ പുസ്‌തകത്തില്‍ മുന്‍കൂര്‍ അടയാളപ്പെടുത്തി വച്ച തീരുമാനം. അതിനെ ലംഘിക്കാനും മായ്‌ക്കാനും നമുക്ക്‌ അവകാശമില്ല. അത്‌ ദൈവനിഷേധമായി പരിണമിക്കും. മഹാപാപമാണത്‌...''
അയാള്‍ പുണ്യപാപങ്ങളുടെ നിയമങ്ങളെക്കുറിച്ച്‌ താത്വികമായും ദാര്‍ശനികമായും പ്രഭാഷിച്ചുകൊണ്ടേയിരുന്നു. രാമുണ്ണിക്ക്‌ ആ മനുഷ്യനോട്‌ സഹതാപം തോന്നി. ആരോ പഠിപ്പിച്ചത്‌ ഏറ്റു പറയാനായി മാത്രം വിധിക്കപ്പെട്ട ജന്മം.
നൈസര്‍ഗിക വികാരങ്ങളുടെ തനിമയും അതിന്റെ ബഹിര്‍ഗമനം വഴി സാദ്ധ്യമാകുന്ന അനുഭൂതികളും അജ്‌ഞാതമായ ഒരു ജന്മം. ലൗകികസുഖങ്ങളിലും ആത്മീയമായ ഒരു തലമുണ്ടെന്ന്‌ രാമുണ്ണിക്ക്‌ തോന്നി. മക്കള്‍ക്ക്‌ വേണ്ടി ത്യാഗം ചെയ്യുന്ന രക്ഷിതാക്കള്‍. വാര്‍ദ്ധക്യത്തിന്റെ നിസഹായതയില്‍ രക്ഷിതാക്കള്‍ക്ക്‌ സഹായഹസ്‌തമാകുന്ന മക്കള്‍. സഹജീവികളെ അകളങ്കമായി സ്‌നേഹിക്കാനും കാരുണ്യപുര്‍വം ഇടപഴകാനും കഴിയുന്ന മനുഷ്യര്‍. ഇതിലൊക്കെയല്ലേ സത്യത്തില്‍ യഥാര്‍ത്ഥ ദൈവികത കുടികൊളളുന്നത്‌?
വേദാന്തവും ഉപനിഷത്തുകളും പുരാണങ്ങളുമൊന്നും എനിക്കറിയില്ല. അനുഭവസത്യങ്ങളുടെ നിയമങ്ങളും നിലപാടുകളും അതിനേക്കാള്‍ പ്രധാനപ്പെട്ടതാണെന്ന്‌ മാത്രം അറിയാം. ലൗകികതയുടെ ആ ആത്മീയതലത്തിലേക്ക്‌ ശരീരമനസുകള്‍ കൊണ്ട്‌ മടങ്ങാന്‍ അയാള്‍ തീവ്രമായി ആഗ്രഹിച്ചു.
ദൈവമായുളള ജീവിതം അയാള്‍ക്ക്‌ കനത്ത ഭാരമായി അനുഭവപ്പെട്ടു. ഒരു പ്രതിമ പോലെ വിഗ്രഹം പോലെ ജീവിതം. ആവര്‍ത്തനസ്വഭാവമുളള, മടുപ്പിക്കുന്ന ദിനചര്യകള്‍.എല്ലാത്തിനും കൃത്യമായ ചിട്ടവട്ടങ്ങള്‍. ആരുടെയൊക്കെയോ നിര്‍ദ്ദേശങ്ങളും നിയമാവലികളും. താന്‍ ചരടുവലികള്‍ക്കൊത്ത്‌ ചലിക്കുന്ന ഒരു കളിപ്പാവയാണെന്ന്‌ അസഹ്യതയോടെ അയാള്‍ തിരിച്ചറിഞ്ഞു. കുടുംബക്ഷേത്രത്തില്‍ എല്ലാ ഉത്സവത്തിനും പതിവുളള പാവകളിയാണ്‌ അയാള്‍ക്ക്‌ ഓര്‍മ്മ വന്നത്‌. തന്റെ സമയവും പരിപാടികളും പ്രവര്‍ത്തനങ്ങളും എല്ലാം നിയന്ത്രിക്കുന്നത്‌ മറ്റുളളവരാണ്‌. സ്വന്തം വ്യക്‌തിത്വത്തിന്‌ മേല്‍ തനിക്ക്‌ യാതൊരു അധികാരങ്ങളും ഇല്ല. നൈസര്‍ഗികമായ എല്ലാ വികാരങ്ങളും അടക്കി ഒരു ജീവിതം. കുട്ടിക്കാലം മുതല്‍ക്കേ തനിക്ക്‌ പ്രിയപ്പെട്ട പുഴമീന്‍ കറി പോലും കഴിക്കാന്‍ നിര്‍വാഹമില്ല.
ഒരു രാത്രി നാട്ടിലെ തോട്ടില്‍ നിന്നും കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിട്ട്‌ മീന്‍ പിടിച്ച്‌ തോട്ടുവക്കില്‍ അടുപ്പുകൂട്ടി കറി വച്ച്‌ കഴിച്ചതും പരവന്‍ ശങ്കരന്റെ മകന്‍ കൊണ്ടുവന്ന വാറ്റുചാരായം മോന്തിയതും അതിന്റെ ലഹരിയില്‍ വയലാറിന്റെ പാട്ടുകള്‍ പാടി നേരം വെളുപ്പിച്ചതുമെല്ലാം കൗതുകഹാസത്തോടെ അയാള്‍ ഓര്‍മ്മിച്ചു.
ജീവിതത്തിന്റെ സൗന്ദര്യം ഇത്തരം കൊച്ചുകൊച്ചു നിമിഷങ്ങളിലും അതിന്റെ സുഖദമായ ഓര്‍മ്മകളിലുമാണെന്ന്‌ രാമുണ്ണിക്ക്‌ തോന്നി.
അതിലേക്ക്‌ മടങ്ങാനുളള അദമ്യമായ മോഹവും അതിന്‌ കഴിയാത്ത അവസ്‌ഥയും
അയാളെ സങ്കീര്‍ണ്ണമായ മാനസികാവസ്‌ഥയിലെത്തിച്ചു. ജനസഹസ്രങ്ങളുടെ വേദനകള്‍ക്ക്‌ സാന്ത്വനം പകരുമ്പോഴൂം അയാളുടെ ഉളള്‌ കത്തിയെരിയുകയായിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. രാമുണ്ണി ഒരു യന്ത്രം പോലെ പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. എഴുതിപഠിച്ച വാക്കുകള്‍ കൊണ്ടും സ്‌പര്‍ശനം കൊണ്ടും മറ്റുളളവര്‍ക്ക്‌ സമാധാനം പകരുന്ന ഒരു ആദ്ധ്യാത്മികയന്ത്രം.
കാലം ചെല്ലുന്തോറും സംസാരം തീരെ കുറഞ്ഞു വന്നു. ദര്‍ശനം കഴിഞ്ഞാല്‍ അടച്ചിട്ട മുറിയിലെ ഏകാന്തതയില്‍ വെളിച്ചങ്ങള്‍ അണച്ച്‌ ഇരുട്ടിന്റെ മഹാശുന്യതയിലേക്ക്‌ നോക്കി കിടക്കും. ചിന്തകള്‍ അലകടല്‍ പോലെ ഇളകിമറിയും. അത്‌ സ്വാസ്‌ഥ്യത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കും. അശാന്തമായ മനസും ശരീരവും അയാളെ കടുത്ത വിഷാദത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ തളളിയിട്ടു. അവിടെ നിന്ന്‌ ജലോപരിതലത്തിലേക്ക്‌ നീന്തിക്കയറാന്‍ കഴിയാതെ അയാള്‍ വിഷമിച്ചു.
വിദേശയാത്ര എന്ന പേരില്‍ ദിവസങ്ങളോളം അയാള്‍ നാട്‌ കടത്തപ്പെട്ടു. തീവ്രവിഷാദരോഗത്തിന്‌ വിദേശചികിത്സകള്‍ നിര്‍ണ്ണയിക്കപ്പെട്ടു.
മനസിന്റെ സംയമനം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടും ദ്വീപില്‍ മടങ്ങിയെത്തിയിട്ടുംചികിത്സകര്‍ പുര്‍ണ്ണവിശ്രമം നിര്‍ദ്ദേശിച്ചു. ഏകാന്തത രാമുവിന്‌ കൂടുതല്‍ അസഹ്യവും അരോചകവുമായി. സാന്ത്വനം തേടിയെത്തുന്ന ആയിരങ്ങളുടെ സങ്കടങ്ങള്‍ സ്വന്തം ദുഖങ്ങള്‍ തത്‌കാലം മറക്കാനുളള മരുന്നായിരുന്നുവെന്ന്‌ അയാള്‍ക്ക്‌ തോന്നി. ഇപ്പോള്‍ അതും നിഷിദ്ധം.
സുഖവിവരം തേടി മുറിയിലെത്തിയ ഗുരുജിയെ അയാള്‍ ശത്രുവെ എന്ന പോലെ നോക്കി. ഗുരുജി ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ട്‌ അഴിച്ചു. ഇക്കുറി സര്‍വനിയന്ത്രണങ്ങളും വിട്ട്‌ രാമു പൊട്ടിത്തെറിച്ചു.
''നിര്‍ത്ത്‌...''
അയാള്‍ അലറുകയായിരുന്നു. അവന്റെ അതുവരെ അന്യമായിരുന്ന മുഖം കണ്ട്‌ ഗുരുജി ഒന്ന്‌ വിളറി.
''എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന്‌ നിശ്‌ചയിക്കുന്നത്‌ ഞാനാണ്‌. അതില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. അവസാനിപ്പിക്കണമെന്ന്‌ തോന്നുന്ന നിമിഷം ഈ നശിച്ച ജീവിതം ഞാന്‍ അവസാനിപ്പിക്കും..''
''മരണത്തെക്കുറിച്ചാണോ നീ പറഞ്ഞു വരുന്നത്‌..?''
''അല്ല. എന്റെ കുടുംബത്തെക്കുറിച്ച്‌. എനിക്ക്‌ നാട്ടിലേക്ക്‌ മടങ്ങി പോകണം. പ്രിയപ്പെട്ടവര്‍ക്ക്‌ ഒപ്പം കഴിയണം..''
''സാദ്ധ്യമല്ല...''
അതീവദൃഢമായിരുന്നു ഗുരുജിയുടെ ശബ്‌ദം.
''എന്റെ ഇഷ്‌ടങ്ങള്‍ക്കും, തീരുമാനങ്ങള്‍ക്കുമൊപ്പം ചലിക്കാന്‍ വിധിക്കപ്പെട്ടവനാണ്‌ നീ. അല്ലെങ്കില്‍ ആരും എത്തിപ്പെടാത്ത ദ്വീപില്‍ നീ എങ്ങനെ വന്നു കയറി. അത്‌ നിമിത്തമാണ്‌. നിയോഗമാണ്‌. അനിവാര്യതയാണ്‌..''
''വാദമുഖങ്ങള്‍ കൊണ്ട്‌ എന്റെ നാവ്‌ അടപ്പിക്കാമെന്ന്‌ നിങ്ങള്‍ കരുതണ്ട. ഇക്കണ്ട കുരുക്കൊക്കെ ഒപ്പിച്ചു വച്ചത്‌ നിങ്ങള്‍ ഒരാളാണ്‌. നിങ്ങളുടെ അതിമോഹം. പണഭ്രാന്ത്‌..അധികാരഭ്രാന്ത്‌..അതൊക്കെ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക്‌ ഒരു ബിംബം വേണം. ജീവിച്ചിരിക്കെ ജീവനില്ലാത്ത ഒരു ബിംബം. അതല്ലേ സത്യം..?''
ഗുരുജി പരിഹാസ്യമായി ചിരിച്ചു.
''ഞാന്‍ പറഞ്ഞു തരാതെ തന്നെ നീ കാര്യങ്ങള്‍ മനസിലാക്കുന്നു. അതുകൊണ്ട്‌ പറയാം. ആ ബിംബം നഷ്‌ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിന്‌ നീ ശ്രമിക്കുകയും വേണ്ട..''
''എന്റെ സ്വാതന്ത്ര്യങ്ങളിലേക്ക്‌ മടങ്ങാന്‍ എനിക്ക്‌ നിങ്ങളുടെ സമ്മതം ആവശ്യമില്ല..''
''എന്നാര്‌ പറഞ്ഞു...?''
ഗുരുജിയുടെ മറുചോദ്യത്തില്‍ അനിതരസാധാരണമായ ധാര്‍ഷ്‌ട്യം നിറഞ്ഞു നിന്നിരുന്നു.
രാമുണ്ണി അതിന്‌ മറുപടി പറയാതെ അയാളെ തളളിമാറ്റി പുറത്തേക്ക്‌ കുതിച്ചു. വാതില്‍ വലിച്ചു തുറന്ന്‌ പുറത്ത്‌ കടക്കാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ അതിന്‌ കഴിഞ്ഞില്ല. വാതില്‍ പുറത്തു നിന്നും പൂട്ടിയിരിക്കുന്നു. ഗുരുജി ഉറക്കെ പൊട്ടിച്ചിരിച്ചു.
''ഇനി ആശ്രമത്തിന്റെ എല്ലാ വാതിലുകളും നിനക്ക്‌ മുന്നില്‍ അടഞ്ഞുകിടക്കും. ഏത്‌ വാതില്‍ എപ്പോള്‍ അടയ്‌ക്കണമെന്നും തുറക്കണമെന്നും ഞാന്‍ തീരുമാനിക്കും''
രാമുണ്ണി നിസഹായതയുടെ അങ്ങേയറ്റത്തുളള ഒരവസ്‌്ഥയില്‍ എന്ത്‌ ചെയ്യണമെന്നറിയാതെ നിന്നു. ഗുരുജി അയാളുടെ അടുത്തേക്ക്‌ വന്ന്‌ വിരല്‍ചൂണ്ടി. ഭീഷണിയുടെ ഭീതിദമായ മുഖം അയാളുടെ ഭാവങ്ങളിലും വാക്കുകളിലും പ്രതിഫലിച്ചു.
''നിന്റെ അഭാവത്തില്‍ ഈ ആശ്രമത്തിന്‌ നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന്‌ ഞാന്‍ പറയാതെ തന്നെ നിനക്കറിയാം. നീ ഒരു കുടുംബസ്‌ഥനായി നാട്ടിലുടെ അലഞ്ഞു നടന്നാല്‍ ഇക്കാലം കൊണ്ട്‌ ഞാന്‍ സുഷ്‌ടിച്ച വിശ്വാസ്യത നഷ്‌ടമാവും. അതൂകൊണ്ട്‌ നിന്നെ കൊന്നിട്ടായാലും ഞാനത്‌ നിലനിര്‍ത്തും . സ്വര്‍ഗ്ഗാരോഹണം ചെയ്‌ത രാമുണ്ണിയുടെ സ്‌ഥാനത്ത്‌ അതേ ഛായയിലുളള ഒരു വിഗ്രഹം മതി. വിഢികളായ ഭക്‌തജനങ്ങള്‍ അതിനെ ആരാധിച്ച്‌ തൃപ്‌തിപ്പെട്ടുകൊളളും..''
രാമു സ്‌തബ്‌ധനായി നിന്നു. ദൈവത്തെ നിഗ്രഹിച്ചും സ്വന്തം നിലനില്‍പ്പ്‌ ഉറപ്പുവരുത്തുമെന്ന്‌ ഇയാള്‍ ഭീഷണി മുഴക്കുന്നു. മനുഷ്യന്‍ ദൈവസങ്കല്‍പ്പത്തിന്‌ മുകളില്‍ വളരുന്ന കാഴ്‌ചയിലെ പരിഹാസ്യമായ കൗതുകം ഒരേസമയം അയാളെ വേദനിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌തു.
രാമുവിന്റെ പ്രതികരണത്തിനായി ഗുരുജി ഒരു നിമിഷം കാത്തു. സഹജമായ നിസംഗതയ്‌ക്കപ്പുറം ഒന്നും അയാളില്‍ ദൃശ്യമായില്ല. രാമു നടന്നു ചെന്ന്‌ കിടക്കയില്‍ കിടന്നു. അയാള്‍ ആലോചനാ നിമഗ്നനായിരുന്നു. അതിന്റെ ആന്തരാര്‍ത്ഥം പുറംകാഴ്‌ചക്കാരന്‌
അപ്രാപ്യമായിരുന്നു.
''നീ എന്താണ്‌ ആലോചിക്കുന്നത്‌?''
ഗുരുവിന്‌ ആ മൗനം പോലും അസഹ്യമായി.
''നിങ്ങള്‍ എന്നെ ദൈവം എന്ന്‌ വിളിച്ചു. അതില്‍ പരിഹാസമാണോ തമാശയാണോ എന്ന്‌ എനിക്കറിയില്ല. പക്ഷെ ഒന്ന്‌ ഞാന്‍ പറയാം. എല്ലാ മനുഷ്യനിലും പല അനുപാതത്തില്‍ ദൈവാംശമുണ്ട്‌. അത്‌ എപ്പോഴെങ്കിലും മറനീക്കി പുറത്തു വരും. ദൈവത്തിന്‌ പുറത്ത്‌ കടക്കാന്‍ ഒരു ബന്ധനങ്ങളും തടസമാവില്ല''
രാമുവിന്റെ വാക്കുകളില്‍ ഒരുപാട്‌ മുനകളും ധ്വനികളും ഒളിഞ്ഞിരിക്കുന്നതായി ഗുരുജിക്ക്‌ തോന്നി. ആ സന്ദര്‍ഭത്തില്‍ കൂടുതല്‍ വാഗ്വാദങ്ങള്‍ അനുചിതമാണെന്നുംഅയാള്‍ തിരിച്ചറിഞ്ഞു.
ഗുരുജി സെല്‍ഫോണില്‍ അമര്‍ത്തി. പൂട്ടിയിട്ട വാതില്‍ ആരോ പുറത്തു നിന്നും തുറന്നു. ഗുരുജി മുറിവിട്ടു പുറത്തേക്ക്‌ പോയി. പിന്നാലെ വാതില്‍ വീണ്ടും ബന്ധിതമായി.

Ads by Google
Sunday 24 Dec 2017 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW