Tuesday, April 10, 2018 Last Updated 24 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 23 Dec 2017 03.18 PM

വായയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ

uploads/news/2017/12/177266/mouthcare231217.jpg

വായ് വരണ്ടതാവുക, മോണരോഗങ്ങള്‍, പല്ല് അടര്‍ന്നുപോവുക, മുറിവുണങ്ങാന്‍ താമസം, പൂപ്പല്‍ബാധ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ കണ്ടാല്‍ അത് നിങ്ങളുടെ നിയന്ത്രണമില്ലാത്ത ജീവിതംകൊണ്ടാണെന്ന് കരുതേണ്ടതാണ്.

ആഹാര, ആരോഗ്യ കാര്യങ്ങളിലെന്നപോലെ വായുടെ സംരക്ഷണത്തിനും പ്രമേഹ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭൂരിഭാഗം ആളുകളിലും പല്ലിനും മോണയ്ക്കും തകരാറുകള്‍ ഉണ്ടെങ്കിലും പ്രമേഹരോഗികളില്‍ ഇതിനുള്ള സാധ്യത ഇരട്ടിയാണ്.

വായ് വരണ്ടതാവുക, മോണരോഗങ്ങള്‍, പല്ല് അടര്‍ന്നുപോവുക, മുറിവുണങ്ങാന്‍ താമസം, പൂപ്പല്‍ബാധ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ കണ്ടാല്‍ അത് നിങ്ങളുടെ നിയന്ത്രണമില്ലാത്ത ജീവിതംകൊണ്ടാണെന്ന് കരുതേണ്ടതാണ്.

വായിലെ വരള്‍ച്ച


പ്രമേഹമുള്ളവര്‍ക്ക് വായ വരണ്ടതായി അനുഭവപ്പെടുന്നു. ഉമിനീരിന്റെ ഉല്‍പ്പാദനക്കുറവാണ് വരള്‍ച്ചയ്ക്ക് കാരണം. ഉമിനീരിന്റെ അഭാവംമൂലം ഗുരുതര പ്രശ്‌നങ്ങളായ അള്‍സര്‍, എരിച്ചില്‍, പുകച്ചില്‍ തുടങ്ങിയവ പിടികൂടാന്‍ സാധ്യതയുണ്ട്.

പല്ലും മോണയും നനച്ച് അവയെ അണുക്കളില്‍ നിന്ന് സംരക്ഷിക്കുന്നത് ഉമിനീരാണ്. ധാരാളം വെള്ളം കുടിക്കുകയും ഉമിനീരിന്റെ അഭാവം നിയന്ത്രിക്കുവാന്‍ കഴിയുന്ന മരുന്നുകള്‍ ഡോക്ടറോട് ചോദിച്ച് മനസിലാക്കുകയും ചെയ്യേണ്ടതാണ്.

മോണരോഗങ്ങള്‍


മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹരോഗികളില്‍ 30 ശതമാനം മോണരോഗ സാധ്യത കൂടുതലുണ്ട്. സാധാരണ കാണുന്ന മോണരോഗങ്ങള്‍, കാലം ചെല്ലുന്തോറും ഗുരുതരാവസ്ഥയില്‍ എത്തുന്നവ പെരിയോ ഡോണ്‍ടിറ്റിസ് എന്നിങ്ങനെ മോണരോഗങ്ങള്‍ കാണപ്പെടുന്നു.

പ്രമേഹരോഗികളുടെ മോണയ്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കട്ടി കുറവാണ്. അതുകൊണ്ടുതന്നെ സംരക്ഷണം അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രണമില്ലാതാകുമ്പോള്‍ വായിലെ രക്തക്കുഴലുകള്‍ കട്ടിയുള്ളതാകും. തന്മൂലം രക്തപ്രവാഹവും അതോടൊപ്പം പോഷകഘടകങ്ങളുടെ ഒഴുക്കും കുറഞ്ഞ് കോശങ്ങളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കും.

ഇതോടൊപ്പം രോഗങ്ങളോട് പ്രതികരിക്കുവാനുള്ള ശേഷി നഷ്ടമാകും. പ്രമേഹരോഗികള്‍ മോണരോഗങ്ങള്‍ക്ക് അടിപ്പെടുമ്പോഴുള്ള അപകടസാധ്യത വളരെ കൂടുതലാണ്. കാരണം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധ മോണയെ ബാധിക്കാന്‍ സാധ്യതയേറെയാണ്.

വെളുത്ത രക്താണുക്കളാണ് ബാക്ടീരിയയുടെ ആക്രമണത്തെ പ്രതിരോധിക്കുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ വെളുത്ത രക്താണുക്കളുടെ ഉല്‍പ്പാദനം കുറഞ്ഞ് അണുബാധ ഉണ്ടാകും.

വായിലുണ്ടാകുന്ന മുറിവുകള്‍


ക്രമാതീതമായി പ്രമേഹമുള്ളവരില്‍ മുറിവുണങ്ങാന്‍ താമസമാണ്. മുറിവുണങ്ങാന്‍ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും പ്രയോജനം ഇല്ലാതെവരും. പ്രമേഹരോഗികളുടെ രക്തക്കുഴലുകള്‍ ചുരുങ്ങി രക്തയോട്ടം കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വെപ്പുപല്ലും പല്ലില്‍ കമ്പിയുമൊക്കെ ഉപയോഗിക്കുന്നവര്‍ മുറിവുണ്ടാകാതെ സൂക്ഷിക്കേണ്ടതാണ്.

പൂപ്പല്‍ബാധ


പ്രമേഹരോഗികളുടെ നാക്ക്, കവിള്‍, മോണ, തൊണ്ട, വായുടെ മുകള്‍ഭാഗം എന്നിവിടങ്ങളില്‍ വെള്ളയും മഞ്ഞയും കലര്‍ന്ന നിറത്തില്‍ പൂപ്പല്‍ബാധയുണ്ടാകുന്നു. തുടക്കത്തില്‍ നേരിയ തോതിലേ പ്രത്യക്ഷപ്പെടുകയുള്ളുവെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ പലതരം അണുബാധകള്‍ക്ക് സാധ്യതയുണ്ട്.

രോഗം മൂര്‍ച്ഛിക്കുന്നതോടെ പല്ല് തേയ്ക്കുന്ന സമയത്തും മറ്റും രക്തം വരാന്‍ തുടങ്ങും. വെപ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ ശുചിത്വം പാലിക്കേണ്ടതാണ്. ഇത് ഫംഗസ്ബാധയേയും പൂപ്പലിനെയും തടയും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.


1. ദിവസവും വൃത്തിയായി പല്ലുതേക്കുക.
2. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഡോക്ടറെ കണ്ട് പരിശോധന നടത്തുക. ഡോക്ടറെ കാണുന്നതിന് മുന്‍പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതാണ്.
3. വായില്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനു ശരിയായ ചികിത്സ ചെയ്തതിനുശേഷം മാത്രമേ സങ്കീര്‍ണമായ ശസ്ത്രക്രിയയോ മറ്റോ ചെയ്യാവൂ.
4. വയ്പ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ പല്ലുകളെ സംരക്ഷിക്കുന്നതുപോലെതന്നെ വയ്പ്പുപല്ലുകളും സൂക്ഷിക്കേണ്ടതാണ്. എല്ലാദിവസവും അവ ഊരിയെടുത്ത് വൃത്തിയാക്കുക. വയ്പ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ശരിയായ ശുചിത്വം പാലിച്ചില്ലെങ്കില്‍ അണുബാധയുണ്ടാകാം.

Ads by Google
TRENDING NOW