Thursday, April 25, 2019 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 22 Dec 2017 02.42 PM

കളിപ്പാട്ടം പോലെ നേട്ടം

uploads/news/2017/12/176947/weeklyanubhvapacha221217a.jpg

കുട്ടിക്കാലത്ത് ആകാശത്തുകൂടി വിമാനംപറന്നുപോകുന്നതു കാണുമ്പോള്‍ ആ വിമാനം സ്വന്തമാക്കാന്‍ ഞാന്‍ വാവിട്ടു കരയും. കരച്ചില്‍ നിര്‍ത്താന്‍ അച്ഛന്‍ അടുത്തുള്ള കടയില്‍ പോയി വിമാനത്തിന്റെ കളിപ്പാട്ടം വാങ്ങിത്തരും. അത് മുമ്പു പറന്നുപോയ വിമാനമാണെന്ന് ഉറപ്പിച്ച്, ഞാന്‍ തുള്ളിച്ചാടും.

പിറ്റേന്നും മറ്റൊരു വിമാനം വീടിന്റെ മുകളിലൂടെ പറക്കുമ്പോള്‍ എന്റെ മുഖം വാടും. അച്ഛന്‍ എന്നെ പറ്റിച്ചല്ലേ എന്ന് പറഞ്ഞ് പരിഭവിക്കും. വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ ഓര്‍ക്കാറുണ്ട്, എന്റെ അച്ഛനും ദൈവവും ഒരുപോലെ ആണെന്ന്.

ആഗ്രഹങ്ങള്‍ മനസില്‍ കുന്നുകൂടുമ്പോള്‍ രണ്ടുപേരും എന്നെ തൃപ്തിപ്പെടുത്താന്‍ എല്ലാം വാങ്ങിത്തരും, സന്തോഷിപ്പിക്കും. പക്ഷേ, ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നേടിയതെല്ലാം വിമാനത്തിന്റെ കളിപ്പാട്ടം പോലെ വ്യര്‍ത്ഥമായിരുന്നല്ലോ എന്ന് തിരിച്ചറിയുമ്പോള്‍ അവരോട് ഒരല്‍പ്പം പരിഭവം തോന്നും.

ബാല്യത്തില്‍ മനസില്‍ ആദ്യം കടന്നുവന്ന ആഗ്രഹം ഒരു പള്ളീലച്ചന്‍ ആകാനായിരുന്നു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുമ്പോള്‍ എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ പള്ളീലച്ചന്റെ മുമ്പില്‍ തൊഴുകൈകളോടെ നില്‍ക്കുന്നതു കണ്ടാണ് ആദ്യത്തെ ആഗ്രഹമായി അത് മനസില്‍ കയറിയത്. പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ നേരിട്ട് പള്ളീലച്ചനോടു പോയി കാര്യം പറഞ്ഞു.

നീയാദ്യം പ്രീഡിഗ്രി പൂര്‍ത്തിയാക്കൂ, എന്നിട്ടു നോക്കാം എന്ന് അച്ചന്‍ പറഞ്ഞു.

ഞാന്‍ പ്രീഡിഗ്രിക്ക് പോയി. ക്ലാസിലെ ഒരു സുന്ദരിയെ പ്രേമിച്ചു, അതോടെ അച്ചനാകാനുള്ള ആഗ്രഹത്തോട് വിടപറഞ്ഞു. പിന്നെ പള്ളിയില്‍ പോകുമ്പോള്‍ അച്ചനെകാണാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പിന്നെ ആഗ്രഹം ഒരു സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ ആയിരുന്നു.

കഷ്ടപ്പെട്ട് പഠിച്ചു പരീക്ഷ എഴുതി, പാസായി. ഒടുവില്‍ എന്റെ നീളം അളന്നപ്പോള്‍ രണ്ടിഞ്ച് കുറവ്. അതോടെ ആ ആഗ്രഹവും പൊലിഞ്ഞു. വീടിന്റെ അടുത്തുള്ള ഒരു കട ഉദ്ഘാടനത്തിന് അന്നത്തെ ഒരു മന്ത്രി വന്നപ്പോഴാണ് അടുത്ത ആഗ്രഹം തല പൊക്കിയത്. ഒരു മന്ത്രിയാകണം.

കൊടിവച്ച കാറില്‍ ഇങ്ങനെ ഞെളിഞ്ഞിരുന്നു പോകണം. ആഗ്രഹം കഠിനമായി. ഒടുവില്‍ സ്‌റ്റേജില്‍ കയറി പ്രസംഗിക്കാനും മറ്റും എന്നെക്കൊണ്ടു നടക്കില്ലെന്നായപ്പോള്‍ അതും മനസില്‍നിന്ന് മായ്ച്ചുകളഞ്ഞു. പിന്നെ, വീടിനടുത്ത് 'പാലാട്ടു കോമന്റെ' ഷൂട്ടിംഗ് കാണാന്‍ പോയപ്പോള്‍ അതുവരെ ഇല്ലാത്ത മറ്റൊരാഗ്രഹം മനസില്‍ മൊട്ടിട്ടു. ഒരു നടന്‍ ആകണം.

ഷൂട്ടിംഗ് സെറ്റില്‍ സ്ഥിരമായി പോകാന്‍ തുടങ്ങി. അവസരങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. ഒരിക്കല്‍ തിരിച്ചടിയേറ്റു. സെറ്റില്‍ തിക്കിത്തിരക്കിയപ്പോള്‍ ഒരാള്‍ ശക്തമായി പുറകിലോട്ടു തള്ളി.

ഞാന്‍ അയാളുടെ മുഖത്തേക്കു നോക്കി. എന്റെകൂടെ പ്രീഡിഗ്രിക്കു പഠിച്ച കൂട്ടുകാരന്‍. അവന്‍ എന്നെ കൈതന്ന് എണീപ്പിച്ചു. അന്ന് അവന്‍ കൈപിടിച്ചുയര്‍ത്തിയത് സിനിമയിലേക്കായിരുന്നു.

ഉദയാ സ്റ്റുഡിയോയുടെ മാനേജര്‍ ആയിരുന്നു അവന്‍,ഞാന്‍ നാളെത്തന്നെ ഉദയയില്‍ ചെല്ലാന്‍ പറയുകയും, അവിടെ ഷൂട്ടിംഗ് നടക്കുന്ന 'ഒതേനന്റെ മകന്‍' എന്ന പടത്തില്‍ ഒരു ഭടന്റെ വേഷം ഏര്‍പ്പാടാക്കിത്തരികയും ചെയ്തു.

ഞാനും സത്യന്‍മാഷും കൂടി നില്‍ക്കുമ്പോള്‍ വിജയശ്രീയുടെ ഡാന്‍സ് കണ്ട്, ഇതാരാണെന്ന് എന്നോടു ചോദിക്കുമ്പോള്‍ 'അത് കാവില്‍ ചാത്തോത്തെ കുങ്കി' എന്ന് ഞാന്‍ മറുപടി പറയുന്നു.

സിനിമാജീവിതത്തിലെ ആദ്യത്തെ ഡയലോഗ്. അങ്ങനെ സത്യന്‍ മാഷിന്റെകൂടെ അഭിനയത്തില്‍ ഹരിശ്രീ കുറിച്ചു. അന്നുതൊട്ട് ഈയിടെ അഭിനയിച്ച ലാല്‍ജോസിന്റെ ലാലേട്ടന്‍ ചിത്രമായ 'വെളിപാടിന്റെ പുസ്തകം' വരെ ഏതാണ്ട് 1260 സിനിമകള്‍. എന്റെ അറിവില്‍ ഇത് ലോക റിക്കോഡ് ആണ്.

സത്യന്‍ മാഷിന്റെയും നസീര്‍ സാറിന്റെയും കൂടെ, അടൂര്‍ സാറിന്റെയും പത്മരാജന്‍ സാറിന്റെയും ചിത്രത്തില്‍, ഒക്കെ അഭിനയിച്ചു. ഇത്രയേറെ സിനിമകളില്‍ അഭിനയിച്ചെങ്കിലും എവിടെയും എത്താതെ പോയ ആളാണു ഞാന്‍.

മുമ്പു സൂചിപ്പിച്ചപോലെ ജീവിതത്തില്‍ ആഗ്രഹിച്ചതൊന്നും ആയിത്തീരാന്‍ സാധിച്ചില്ല. എങ്കിലും സിനിമയില്‍ അതെല്ലാം ആകാന്‍ അവസരം തന്ന് വികൃതിയായ ദൈവം എന്നെ സന്തോഷിപ്പിച്ചു.

പള്ളീലച്ചന്‍ ആകാന്‍ കൊതിച്ച എനിക്ക് സിനിമയില്‍ ബിഷപ്പ് ആകാന്‍ കഴിഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍ ആകാന്‍ കൊതിച്ച ഞാന്‍ 'ദി ട്രൂത്ത്' എന്ന സിനിമയില്‍ ഡി.ഐ.ജി ആയി. മന്ത്രി ആകാന്‍ മോഹിച്ച ഞാന്‍ 'ദി കിംഗ്' എന്ന ചിത്രത്തില്‍ മുഖ്യമന്ത്രി ആയി.

ജീവിതലക്ഷ്യങ്ങള്‍ ഓരോന്നും ദൈവം സിനിമയിലൂടെ സാധിച്ചുതന്നപ്പോഴും, ജീവിതത്തില്‍ ഒന്നും നേടാനാവാതെ പോയവരുടെ പട്ടികയിലേക്ക് ഞാനും ചേര്‍ക്കപ്പെട്ടു. അപ്പോഴൊക്കെ ഞാന്‍ പണ്ട് വിമാനം കിട്ടാതെ കരഞ്ഞ കുട്ടിയാകും.

എന്റെ എല്ലാ ആഗ്രഹവും ഈ ഒരൊറ്റ ജന്മത്തില്‍ത്തന്നെ സാധിച്ചുതന്ന ദൈവത്തോടു നന്ദി പറയും. അന്ന് വിമാനത്തിന്റെ കളിപ്പാട്ടം വാങ്ങിത്തന്നപ്പോള്‍ അച്ഛനു സമ്മാനിച്ച ഒരു പുഞ്ചിരി പോലെ.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW