Tuesday, December 11, 2018 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 22 Dec 2017 02.36 PM

സിനില്‍ s/o സൈനുദ്ദീന്‍

മലയാള സിനിമയിലേക്ക് ഒരു താരപുത്രന്‍ കൂടി കടന്നുവരുന്നു, സിനില്‍ സൈനുദ്ദീന്‍. പറവ എന്ന സിനിമയിലൂടെ പിതാവിന്റെ പാത പിന്തുടരുകയാണ് സൈനുദ്ദീന്റെ മകന്‍ സിനില്‍.
uploads/news/2017/12/176945/sinil221217a.jpg

ഹാസ്യാനുകരണത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനാണ് സൈനുദ്ദീന്‍. അതുല്യനായ ആ കലാകാരന്റെ ഓര്‍മകള്‍ 18 വര്‍ഷം പിന്നിടുമ്പോള്‍, മകന്‍ സിനില്‍ സൈനുദ്ദീന്‍ അച്ഛന്റെ അഭിനയ പാരമ്പര്യം പിന്തുടരാന്‍ ഒരുങ്ങുകയാണ്.

അനുകരണ കലയില്‍ അച്ഛന്റെ പിന്മുറക്കാരനാകാന്‍ കഴിയുമെന്ന് തെളിയിച്ച സിനിലിന്റെ മിമിക്രി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റേജ് ഷോകളിലൂടെ മിമിക്രി എന്ന കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനൊരുങ്ങുന്ന സിനിലിന്റെ വിശേഷങ്ങളിലൂടെ...

പറവയായ് പറന്നുയരാം


ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍, ജയറാമേട്ടന്‍ ഗസ്റ്റായി വന്ന എപ്പിസോഡില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ പെര്‍ഫോമന്‍സാണ് എന്നെ സിനിമയിലെത്തിച്ചത്. സൗബിനിക്കയും ആ എപ്പിസോഡ് കണ്ടിരുന്നു. അങ്ങനെയാണ് പറവയില്‍ ജാഫര്‍ ഇടുക്കിയുടെ മകന്റെ വേഷം ചെയ്യാന്‍ വിളിക്കുന്നത്.

സിദ്ധിഖ് സാര്‍ ഫ്രണ്ട്സ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ശ്രീനിവാസന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഞാനാണ്. അതാണ് എന്റെ ആദ്യ സിനിമ. പിന്നെ പഠനത്തിലായി ശ്രദ്ധ. അതു കഴിഞ്ഞ് കുറച്ചു നാള്‍ ജോലി ചെയ്തു. പിന്നീട് സിനിമയില്‍ നല്ലൊരവസരത്തിനായുള്ള കാത്തിരിപ്പായി.

ഇതിനിടെ ചെന്നൈക്കൂട്ടം, ടു ലെറ്റ് അമ്പാടി ടാക്കീസ്, ലൈല ഒ ലൈല എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ഇനി നല്ല കഥാപാത്രങ്ങളേ ചെയ്യുന്നുള്ളു എന്നുറപ്പിച്ചിരിക്കുമ്പോഴാണ് യാദൃച്ഛികമായി പറവയിലേക്ക് വിളിക്കുന്നത്.

മകന്റെ അച്ഛന്‍


സാധാരണ മനുഷ്യനായി ജീവിക്കാന്‍ ഇഷ്ടപ്പെട്ട ആളാണ് ഡാഡി. ഞാനും അതുപോലെയാണ്. പക്ഷേ സ്‌കൂളിലും പുറത്തുപോകുമ്പോഴുമൊക്കെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. താരപുത്ര ഇമേജ് പലപ്പോഴും ബുദ്ധിമുട്ടായിട്ടാണ് തോന്നിയത്.

നല്‍കാവുന്നതിന്റെ പരമാവധി നല്ല നിമിഷങ്ങള്‍ ഡാഡി ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. ഒരിക്കല്‍ ഷൂട്ടിങ്ങിന് ചെന്നൈയില്‍പ്പോയപ്പോള്‍ ഞങ്ങളേയും ഒപ്പം കൂട്ടി. ഷൂട്ടിങ്ങിനിടെ കുടുംബത്തോടൊപ്പം ടൂര്‍ പോകാനും സമ്മാനം വാങ്ങിത്തരാനുമൊക്കെ സമയം കണ്ടെത്തി. വിദേശത്ത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് പോയി വരുമ്പോള്‍ ഞങ്ങള്‍ക്കുവേണ്ടി കൈ നിറയെ സമ്മാനങ്ങളും വാങ്ങിക്കൊണ്ട് വരും.

അമ്മ ടീച്ചറാണെങ്കിലും ഡാഡിയാണ് എന്നെയും സഹോദരന്‍ സിന്‍സിലിനെയും പഠിപ്പിച്ചിരുന്നത്. പരീക്ഷയാകുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ ക്വസ്റ്റിയന്‍ പേപ്പറുകള്‍ നോക്കി പഠിപ്പിക്കും. പഠനത്തോടൊപ്പം കലാപ്രവര്‍ത്തനങ്ങളും വേണം എന്നാണ് ഡാഡി പറഞ്ഞിട്ടുള്ളത്.

സ്‌കൂളിലെ മത്സരങ്ങളിലൊക്കെ പങ്കെടുപ്പിക്കും. അഭിനയത്തോടുള്ള എന്റെ താല്‍പര്യം ഡാഡിക്കറിയാമായിരുന്നു. 'ആദ്യം ഡിഗ്രി എടുക്ക്, എന്നിട്ട് ആലോചിച്ചാല്‍ മതി'യെന്നാണ് അദ്ദേഹം പറഞ്ഞത്. ഡാഡിയുടെ ആഗ്രഹപ്രകാരം ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തു. വൈറ്റ് കോളര്‍ ജോലികളോടായിരുന്നു എനിക്കന്ന് താല്‍പര്യം.

അത്ഭുതങ്ങളുടെ ലോകം


അച്ഛന്‍ എന്നതിലുപരി സൈനുദ്ദീന്‍ എന്ന നടന്‍ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. സൈനുദ്ദീന്റെ മകനായി ജനിച്ചതില്‍ അഭിമാനമേ ഉള്ളു. കുടുംബത്തെ ഒരുപാട് സ്നേഹിച്ച ആളാണ് ഡാഡി. ഷൂട്ടിംഗ് കഴിഞ്ഞാല്‍ എത്രയും പെെട്ടന്ന് വീട്ടിലെത്തണമെന്നാണ് ചിന്ത.

ഷൂട്ടിംഗ് കഴിഞ്ഞ് ദിവസവും ഓരോ വേഷത്തിലാണ് വീട്ടിലെത്തുക. ചിലപ്പോള്‍ പോലീസ് വേഷത്തില്‍, ചിലപ്പോള്‍ കസ്റ്റംസ് ഓഫീസര്‍. എന്നെ പലപ്പോഴും ലൊക്കേഷനില്‍ കൊണ്ടുപോകും. ആദ്യമായി ലൊക്കേഷനില്‍ പോയപ്പോള്‍ ക്രെയിനില്‍ കയറ്റി ഇരുത്തിയതും സ്റ്റണ്ട് മാസ്റ്റര്‍ തല കുത്തി മറിയാന്‍ പഠിപ്പിച്ചതുമൊക്കെ ഇന്നും ഓര്‍മ്മയുണ്ട്.

ഒരിക്കല്‍ ഇന്നസെന്റിനെ പരിചയപ്പെടുത്തിയപ്പോള്‍ ഞാന്‍ മിമിക്രി ചെയ്യുന്ന കാര്യം ഡാഡി പറഞ്ഞു. എന്നെ അനുകരിക്കുമോ? എന്നാലൊന്ന് കാണട്ടെട്ട എന്നായി അദ്ദേഹം. ഞാന്‍ അനുകരിച്ച് കാണിച്ചപ്പോള്‍ നന്നായിട്ടുണ്ടെന്ന് അഭിനന്ദിക്കുകയും ചെയ്തു.

uploads/news/2017/12/176945/sinil221217a1.jpg

മമ്മൂക്ക നല്‍കിയ ധൈര്യം


സല്‍ക്കാരപ്രിയനായിരുന്നു ഡാഡി. സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവരാനും വിരുന്നൊരുക്കാനുമൊക്കെ വലിയ താല്‍പര്യമായിരുന്നു. ഒരു ദിവസം ഞാനുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ മമ്മൂക്ക വീട്ടിലുണ്ട്. എന്നോട് വിശേഷങ്ങള്‍ തിരക്കിക്കൊണ്ടിരിക്കെ ഞാന്‍ മിമിക്രി കാണിക്കുമെന്നും മമ്മൂക്കയെ അനുകരിക്കുമെന്നും ഡാഡി പറഞ്ഞു.

എങ്കില്‍ കാണണമെന്നായി അദ്ദേഹം. ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് നടന്ന് വന്ന് മമ്മൂക്കയുടെ ഒരു ഡയലോഗ് പറഞ്ഞു. അദ്ദേഹമെന്നെ വാരിയെടുത്ത് കവിളില്‍ ഉമ്മ വച്ചു. അതില്‍ കൂടുതല്‍ എന്തുവേണം? മറ്റുള്ളവരെ അനുകരിക്കാനുള്ള ധൈര്യം തന്നത് മമ്മൂക്കയാണ്.

പിന്നീട് ദുല്‍ഖറിനൊപ്പം അഭിനയിച്ചപ്പോള്‍ ഈ കാര്യമൊക്കെ പറഞ്ഞു. ഷൂട്ടിങ്ങിനിടയിലെ ബ്രേക്കുകളില്‍ എല്ലാവരെയും രസിപ്പിക്കാന്‍ ചില നമ്പരൊക്കെ കാണിക്കുകയും ചെയ്തു.

മിമിക്രിയാണ്് ലോകം


ഡാഡിയും ജയറാം അങ്കിളുമൊക്കെ ചെയ്തിട്ടുള്ള സ്‌റ്റേജ് ഷോകള്‍ ഇന്നും മലയാളികളുടെ മനസിലുണ്ട്. അവരുടെയൊക്കെ ലെവലിലേക്കെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടുമില്ല. മിമിക്രിയുടെ കാലം കഴിഞ്ഞെന്നാണ് പലരും പറയുന്നത്.

പക്ഷേ ഡാഡിയുടെ പ്രസന്‍സ് ഇനി എന്നിലൂടെ സ്‌റ്റേജിലേക്ക് തിരികെ കൊണ്ടുവരണമെന്നും സൈനുദ്ദീന്‍ 2 എന്നറിയപ്പെടാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സ്റ്റേജ് ഷോകള്‍ ചെയ്യുന്നുണ്ട്. വിദേശ ഷോകളാണ് കൂടുതലും.

ഡാഡിയുടെ വിയോഗം


സൈനുദ്ദീന്‍ എന്ന നടന്റെ കഴിവുകളെ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. അതിനുമുമ്പേ ഡാഡി ഈ ലോകത്ത് നിന്ന് പോയി. മരിക്കുമ്പോള്‍ 44 വയസ്സായിരുന്നു. ശ്വാസംമുട്ടലും നടുവേദനയും ഉണ്ടായിരുന്നു. സ്റ്റെപ് കയറുമ്പോഴൊക്കെ ഡാഡി വല്ലാതെ കിതയ്ക്കും. അത് കണ്ടു നില്‍ക്കാന്‍ പറ്റില്ല.

ഏകദേശം രണ്ടര മാസത്തോളം ഡാഡി ആശുപത്രിയിലായിരുന്നു. ഇടയ്ക്ക് ഞങ്ങളെ കാണണമെന്ന് ആവശ്യപ്പെടും. ഒരിക്കല്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ മിമിക്രി കാണിക്കാന്‍ ആവശ്യപ്പെട്ടു. അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറയും.

ഡാഡിയുടെ മരണശേഷം ഏകാന്ത ജീവിതമായിരുന്നു ഞങ്ങളുടേത്. മമ്മിക്ക് ജോലി ഉണ്ടായിരുന്നതുകൊണ്ട് സാമ്പത്തികമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ഡാഡി കൂടെയില്ലെന്നുള്ള സങ്കടം ഇന്നുമുണ്ട്. ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലിരുന്ന് ഈ സന്തോഷങ്ങളൊക്കെ ഡാഡിയും കാണുന്നുണ്ടാകാം. ഇവിടുത്തേക്കാള്‍ വലിയ ആഘോഷം അവിടെ നടക്കുന്നുണ്ടാകാം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW