Thursday, April 25, 2019 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Dec 2017 03.04 PM

പകരം വയ്ക്കാനാവാത്ത ബന്ധം

''ആവര്‍ത്തിച്ചു ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവന്‍ മനസ്സ് തുറക്കുമായിരുന്നോ?''
uploads/news/2017/12/176331/Weeklyfrndship201217a.jpg

സുഹൃത്തിനു തുല്യമായി സുഹൃത്ത് മാത്രമേ ഉള്ളൂ. ആ ബന്ധത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. പട്ടാമ്പിയില്‍ എന്റെയൊപ്പം കളിച്ചുവളര്‍ന്ന മോഹനെപ്പോലെ എന്നെ സ്വാധീനിച്ച മറ്റൊരു കൂട്ടുകാരനില്ല.

ഉയരത്തിനൊത്ത വണ്ണവും വെളുത്ത നിറവുമായി നാട്ടിലെ തന്നെ സുന്ദരക്കുട്ടപ്പന്മാരില്‍ ഒരാളായിരുന്നു അവന്‍. ഒന്നുകണ്ടാല്‍ ആരായാലും വീണ്ടുമൊന്ന് നോക്കും. ഞാനൊക്കെ അന്ന് കോലുപോലെ ഇരിക്കെ അവന്റെ ആരോഗ്യം കണ്ട് കൊതിച്ചിട്ടുണ്ട്.

സ്വന്തം ശരീരം മാത്രം ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരാളായിരുന്നില്ല അവന്‍. എന്റെ കാര്യങ്ങളിലും വലിയ ശ്രദ്ധയായിരുന്നു. ശരീരം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആദ്യമായി എനിക്ക് പറഞ്ഞുതന്നത് മോഹനാണ്.

ചായക്കടയില്‍ ഞങ്ങള്‍ ഒരുമിച്ച് പോകുമ്പോള്‍ അവന്‍ എന്ത് കഴിക്കുന്നു അതുതന്നെ എനിക്കുവേണ്ടിയും വാങ്ങിക്കും. കൂടെ ഇരുത്തി കഴിപ്പിക്കുന്നത് അവന്‍ ആസ്വദിച്ചിരിക്കുന്നതുകാണാം.

മോഹന്‍ വാങ്ങിത്തരുമ്പോളാണ് ഞാന്‍ ചിക്കന്‍ കഴിച്ചിരുന്നത്.''ശരീരം നോക്കണം''എന്നുപറഞ്ഞെന്നെ എപ്പോഴും ഉപദേശിക്കും. ആര്‍മിയില്‍ ചേരുന്നതിന് ആ ഉപദേശം എന്നെ സഹായിച്ചു.

നല്ല സുന്ദരിമാരായ അഞ്ച് പെങ്ങന്മാരുടെ ഒറ്റ ആങ്ങള ആയതുകൊണ്ട് അവര്‍ക്കിടയില്‍ ബോഡിഗാര്‍ഡായി മോഹന്‍ പോകുമ്പോള്‍ വാലുപോലെ ഞാനും കൂടും. സഹോദരിമാരില്ലാത്ത എനിക്ക് അവരെന്റെ സ്വന്തം പെങ്ങന്മാര്‍ തന്നെയായിരുന്നു.

ബസില്‍ അവരെ ആരെങ്കിലും കമന്റ് അടിക്കുകയോ വല്ലതും ചെയ്താല്‍ അവിടെ കഥതീര്‍ന്നു. ഞങ്ങള്‍ ഒരുമിച്ചാണ് അങ്ങനുള്ളവരെ കൈകാര്യം ചെയ്തിരുന്നത്. പട്ടാളത്തില്‍ ചേരുംമുമ്പ് ശത്രുക്കളെ നേരിടാനുള്ള ട്രെയിനിങ്ങും ഞാനങ്ങനെ മോഹന്റെ കൂടെ നടന്നാണ് നേടിയത്.

ആര്‍മിയില്‍ ജോയിന്‍ ചെയ്യുന്നതിനുള്ള ക്യാമ്പില്‍ പങ്കെടുക്കാന്‍ എന്നെ കോഴിക്കോട് കൊണ്ടാക്കിയത് അവനാണ്. 1992 ല്‍ ആണ് ഞങ്ങള്‍ അവസാനമായി കണ്ടത്. ആ കൂടിക്കാഴ്ചയില്‍ അവന്റെ മുഖത്തൊരു വല്ലായ്മ തോന്നി.

എന്തോ അവനെ അലട്ടുന്നതായി മനസ്സുപറഞ്ഞപ്പോള്‍ ''പണത്തിന്റെ ആവശ്യം വല്ലതുമുണ്ടോ'' എന്നു ഞാന്‍ എടുത്ത് ചോദിച്ചു. ''ഒന്നുമില്ലെടാ'' എന്നുപറഞ്ഞവന്‍ തോളില്‍ തട്ടിയതും ആശ്വാസത്തോടെ ഞങ്ങള്‍ പിരിഞ്ഞു.

എന്റെ അനിയനാണ് ഫോണിലൂടെ ആ വാര്‍ത്ത അറിയിച്ചത്. ''അട്ടപ്പാടിയില്‍വെച്ച് മോഹന്‍ ആത്മഹത്യ ചെയ്തു'' .പ്രതിസന്ധികളെ നേരിടാനുള്ള കരുത്തുള്ളവനാണ് പട്ടാളക്കാരനെങ്കിലും ചില നേരങ്ങളില്‍ പതറിപ്പോകും.

തികച്ചും അപ്രതീക്ഷിതമായി കേട്ട ആ വാര്‍ത്ത എന്നെ ഉലച്ചുകളഞ്ഞു. സ്വയം ഇത്രയധികം സ്‌നേഹിക്കുന്ന ഒരുവ്യക്തി ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മോഹനെ ഒടുവില്‍ കണ്ട രംഗം തന്നെയായിരുന്നു മനസ്സില്‍.

ആവര്‍ത്തിച്ചു ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ അവന്‍ മനസ്സ് തുറക്കുമായിരുന്നോ? വിഷമങ്ങള്‍ എന്നോട് പറഞ്ഞാല്‍ പ്രശ്‌നത്തിനൊരു പരിഹാരം കാണാമായിരുന്നു. അവനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വെറുതെയിരുന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.

അവനെന്ന നഷ്ടം ഒരിക്കലും നികത്താന്‍ കഴിയാത്ത ഒരു വിടവാണ് അവശേഷിപ്പിച്ചത്. കേള്‍ക്കുന്നവര്‍ക്ക് നിസാരമായി തോന്നാമെങ്കിലും മോഹന്റെ മരണശേഷം ഞാന്‍ ചിക്കന്‍ കഴിച്ചിട്ടില്ല. അവനൊപ്പമില്ലാതെ കഴിക്കാന്‍ എന്തോ ഒരു മടി.

ഇപ്പോഴും മണ്ണാര്‍ക്കാട് പോകുമ്പോള്‍ മോഹന്റെ വീട്ടില്‍ ഞാന്‍ കയറും. അവന്റെ മകന്‍ മനോജ് അച്ഛനെപ്പറിച്ചുവച്ച രൂപമാണ്. അച്ഛന്മാരുടെ തന്മാത്രകളാണല്ലോ മക്കള്‍.. ഞാനെന്റെ സുഹൃത്തിനെ ഇന്നും കാണുന്നത് ആ മകനിലൂടെയാണ്.

മീട്ടു റഹ്മത്ത് കലാം

Ads by Google
Wednesday 20 Dec 2017 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW