Thursday, June 27, 2019 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 04.08 PM

മാര്‍പ്പാപ്പ കുട്ടനാട്ടില്‍

uploads/news/2017/12/176043/CiniLOcTkuttanadanmarpappa.jpg

കുട്ടനാടിന്റെ നേര്‍ക്കാഴ്ചകളിലേക്കിറങ്ങിച്ചെല്ലുകയാണ് നവാഗത സംവിധായകനായ ശ്രീജിത്ത് വിജയ്. ചിത്രം- 'കുട്ടനാടന്‍ മാര്‍പ്പാപ്പ. മലയാളം മൂവിമേക്കേഴ്‌സ് ആന്റ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു.

ലളിതമായ തുടക്കം


ആലപ്പുഴ റെയ്ബാന്‍ ഹോട്ടലില്‍ കാലത്ത് എട്ടുമണിയോടെ ലളിതമായ ചടങ്ങിലൂടെയാണ് തുടക്കം കുറിച്ചത്. ചലച്ചിത്ര- സാമഹ്യ രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരുടെ സാന്നിധ്യത്തില്‍ പ്രശസ്ത നടി ശാന്തികൃഷ്ണ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.

തുടര്‍ന്ന് ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, സി.പി.ഐ. നേതാവ് ചിത്തരഞ്ജന്‍, കുഞ്ചാക്കോ ബോബന്‍, അതിഥി രവി എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തീകരിച്ചു. നിര്‍മ്മാതാക്കളായ അജി മേടയില്‍ സ്വിച്ചോണ്‍ കര്‍മ്മവും. ഹസീബ് ഹനീഫ് ഫസ്റ്റ് ക്ലാപ്പും നല്‍കി.

ഈ ചടങ്ങിനു ശേഷം യൂണിറ്റ് കാവാലത്തേക്ക് ഷിഫ്റ്റ് ചെയ്യപ്പെടുകയായിരുന്നു. കാവാലം ജട്ടിയും അങ്ങാടിയിലുമായിട്ടായിരുന്നു ചിത്രീകരണം. ഈ ചിത്രങ്ങളിലെ ഒരു പ്രധാന ലൊക്കേഷനാണ് കാവാലം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഈ ചിത്രത്തില്‍ അതിഥി രവിയാണ് നായിക.

uploads/news/2017/12/176043/CiniLOcTkuttanadanmarpappa1.jpg

അമലാര എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ അതിഥി രവി ചെമ്പരത്തിപ്പൂവ് എന്ന ചിത്രത്തിലെയും നായികയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലും നായികയാണ്.

തലേന്നുവരെ സുഗീത് സംവിധാനം ചെയ്യുന്ന 'ശിക്കാരി ശംഭു' എന്ന ചിത്രത്തില്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കുട്ടനാടന്‍ മാര്‍പ്പാപ്പയായി തന്റെ സ്വന്തം തട്ടകമായ ആലപ്പുഴയിലെത്തിയിരിക്കുന്നത്.

സ്വന്തം നാടാണെങ്കിലും കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചതു കുറവാണ്. ഇതിനു മുമ്പ് ലാല്‍ ജോസ് സംവിധാനം ചെയ്ത പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ ആലപ്പുഴയില്‍ അഭിനയിച്ചത്. ഇനിയുള്ള ഒന്നര മാസക്കാലം ആലപ്പുഴയില്‍...

തലേന്നുവരെ താടി വളര്‍ത്തിയിരുന്ന ചാക്കോച്ചന്‍ ഈ ചിത്രത്തിന് ക്ലീന്‍ ഷേവാണ്. കുട്ടനാട്ടിലെ ഒരിടത്തരം കുടുംബത്തിലെ അംഗം. ബന്ധുവായി റേഷന്‍കട നടത്തുന്ന അമ്മ മേരി മാത്രം.

ടീഷര്‍ട്ടും ജീന്‍സുമൊക്കെ ധരിച്ച് പുത്തന്‍ തലമുറയുടെ ഭാഗമായിട്ടാണ് ചാക്കോച്ചന്‍. ജോണ്‍ - അതാണ് കഥാപാത്രത്തിന്റെ പേര്. ഒരു ന്യൂജനറേഷന്‍ വെഡ്ഡിംഗ് വീഡിയോ ഗ്രാഫറാണ്. കളര്‍ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു. ആത്മമിത്രമായി മൊട്ടയും എപ്പോഴും കൂടെയുണ്ട്.

വിവാഹവേളയില്‍ വീഡിയോ ക്യാമറയുമായി കറങ്ങി നടക്കുന്ന ഈ സുന്ദരക്കുട്ടപ്പനെ നാട്ടിലെ പല പെണ്‍കുട്ടികള്‍ക്കും പ്രിയപ്പെട്ടവനാണെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ഉമ്മച്ചന്റെ മകള്‍ ജെസ്സിയുടെ മനസ്സിലേക്കാണ് ജോണ്‍ കടന്നുചെന്നത്. മെഡിസിനു പഠിക്കുന്ന ജെസിക്ക് പലപ്പോഴും ജോണ്‍ താങ്ങും തണലുമായിരുന്നു.

ഈ പ്രണയത്തിന് പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുന്നിടത്താണ് ചിത്രത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും. മുഴുനീള നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ കുട്ടനാടിന്റെ പശ്ചാത്തലത്തിലൂടെയുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം. ഫോട്ടോഗ്രാഫിയിലൂടെയാണ് ശ്രീജിത്ത് വിജയ് സംവിധാന രംഗത്തെത്തുന്നത്.

uploads/news/2017/12/176043/CiniLOcTkuttanadanmarpappa2.jpg

ഏഷ്യാനെറ്റ് ചാനലിലെ ഫോട്ടോഗ്രാഫറായിരുന്ന ശ്രീജിത്ത് പിന്നീട് പ്രശസ്ത ഛായാഗ്രാഹകനായ പ്രദീപ് നായരുടെ പ്രധാന സഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുട്ടനാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ നിരവധി കഥാപാത്രങ്ങള്‍ ഈ ചിത്രത്തിലൂടെ ദര്‍ശിക്കാം. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് 'മൊട്ട'യെ അവതരിപ്പിക്കുന്നത്.

ശാന്തികൃഷ്ണ അമ്മ മേരിയെയും അതിഥി രവി ജെസിയെയും അവതരിപ്പിക്കുന്നു. ഇന്നസെന്റ്, സലിംകുമാര്‍, രമേഷ് പിഷാരടി, അജുവര്‍ഗീസ്, ടിനി ടോം, ദിനേശ് പ്രഭാകര്‍, ഹരീഷ് കണാരന്‍, വി.കെ. പ്രകാശ്, മല്ലികാ സുകുമാരന്‍, മഞ്ജു (മറിമായം ഫെയിം), വിനോദ് കെടാമംഗലം, സാജന്‍ പള്ളുരുത്തി എന്നിവരും പ്രധാന താരങ്ങളാണ്.

സംവിധായകന്റേതുതന്നെയാണ് തിരക്കഥയും. സംഗീതം- രാഹുല്‍രാജ്. അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കലാസംവിധാനം- ജിത്തു സെബാസ്റ്റിയന്‍, കോസ്റ്റിയൂം ഡിസൈന്‍- ലിജി പ്രേമന്‍, മേക്കപ്പ്- സജി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനുരാജ് മനോഹര്‍, അസോ. ഡയറക്ടര്‍- ശ്യാം പ്രേം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബാദ്ഷാ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്-ഷെറിന്‍ കലവൂര്‍, സില്‍ജോ, മാനേജര്‍- നാസ് കൊല്ലം.
ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം മലയാളം മൂവി മേക്കേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: നജീബ് എം. ബാവ

Ads by Google
Ads by Google
Loading...
TRENDING NOW