Thursday, April 25, 2019 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 02.03 PM

സമൂഹത്തിന് വേണ്ടി ദാമ്പത്യജീവിതം പോലും വേണ്ടെന്നു വച്ചു, വിവാഹം കഴിഞ്ഞ് ആറുമാസമേ ഭാര്യയുമായി ഒന്നിച്ച് കഴിഞ്ഞുളളൂ; പാമ്പിനെ പിടിക്കാന്‍ ജീവിതം മാറ്റിവച്ച വാവ സുരേഷിനോട് സമൂഹം ചെയ്തത്

ക്ഷീണിച്ചപ്പോള്‍ കുടിക്കാന്‍ ഒരു ഗ്ലാസ് വെളളം ചോദിച്ചു. എനിക്കവര്‍ വെളളം തന്നു. കുടിച്ചതിനുശേഷം ഗ്ലാസ് തിരികെ കൊടുത്തു. എന്റെ കണ്‍മുന്നില്‍ വച്ച് അവര്‍ ആ ഗ്ലാസ് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണെങ്കില്‍ ഞാന്‍ പോയതിനുശേഷം അവര്‍ക്കത് കളയാമായിരുന്നു.
Vava Suresh

ഉഗ്രവിഷപാമ്പുകളെ ഒരു ഭയവുമില്ലാതെ നിമിഷനേരം കൊണ്ട് വരുതിയിലാക്കുന്ന വാവ സുരേഷിന്റെ പുതിയ വിശേഷങ്ങളിലേക്ക്...

ബാല്യ-കൗമാരങ്ങള്‍


ഓര്‍മ്മയിലെ ബാല്യം അത്ര സുഖകരമായിരുന്നില്ല. ദാരിദ്രവും കഷ്ടപ്പാടും ശരിക്കും അനുഭവിച്ചാണ് വളര്‍ന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ നാലുമക്കളില്‍ മൂന്നാമനായാണ് ഞാന്‍ ജനിച്ചത്. ആര്‍മി ഓഫീസറായി രാജ്യത്തിനുവേണ്ടി വെടിയേറ്റ് മരിക്കണമെന്നായിരുന്നു കുട്ടിക്കാലത്ത് എന്റെ ആഗ്രഹം.

വീട്ടിലെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് മുതല്‍ പഠനത്തോടൊപ്പം കൂലിപ്പണിക്ക് പോയി തുടങ്ങി. സ്‌കൂളില്‍ പോകും വഴി പാടവരമ്പത്തും പറമ്പുകളിലും ഒക്കെ പാമ്പുകളെ കണ്ടിട്ടുണ്ട്. എല്ലാവരും പാമ്പിനെ പേടിയോടെ നോക്കി കണ്ടപ്പോള്‍ എനിക്ക് അതിനോട് എന്തോ ഒരു കൗതുകം തോന്നി.

ഒരിക്കല്‍ സ്‌കൂളില്‍ പോയി മടങ്ങും വഴിയാണ് ആദ്യമായി ഞാനൊരു മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നത്. അന്നെനിക്ക് പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുളളൂ. ഞാനതിനെ ചില്ല്കുപ്പിയിലാക്കി വീട്ടില്‍ കൊണ്ടുപോയി. വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ ആകെ പ്രശ്‌നമായി.

പാമ്പിനെയും കൊണ്ട് അകത്ത് കയറാന്‍ അമ്മ സമ്മതിച്ചില്ല. എല്ലാവരും വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീടിന് കുറച്ച് മാറി ആളൊഴിഞ്ഞ പ്രദേശത്ത് ഞാനതിനെ തുറന്ന് വിട്ടു.

എങ്കിലും സ്‌കൂളില്‍ പോകും വഴി ആരുമറിയാതെ പിന്നെയും പലവട്ടം പാമ്പുകളെ പിടിച്ചു. സാമ്പത്തികം വലിയൊരു പ്രശ്‌നമായപ്പോള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂലിപ്പണി തുടരേണ്ടി വന്നു.

ഒപ്പം പാമ്പുകളെ പിടിക്കാനും തുടങ്ങി. എതിര്‍ത്തിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ വീട്ടുകാര്‍ പിന്നീട് എന്നെ തടഞ്ഞില്ല. ആദ്യം എന്റെ ഗ്രാമത്തില്‍ മാത്രം അത് ഒതുങ്ങി നിന്നു. ഇതിനിടയില്‍ മേസ്തിരിയായി ജോലിയും ചെയ്തിരുന്നു. അതിനുശേഷം കോണ്‍ട്രാക്ടറായി.

ജോലി ഭാരം കൂടിയതോടെ പാമ്പിനെ പിടിക്കാന്‍ സമയം ലഭിക്കാതെയായി. അതോടെ ജോലി അവസാനിപ്പിച്ച് മുഴുവന്‍ സമയവും ഈ പ്രവര്‍ത്തനത്തിനായി മാറ്റി വച്ചു. ഇതിനോടകം അന്‍പതിനായിരത്തിലധികം പാമ്പുകളെ പിടിച്ചിട്ടുണ്ട്.

കൂടാതെ വര്‍ഷത്തില്‍ ആയിരത്തിലധികം മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും വീട്ടില്‍ വച്ച് വിരിയിക്കും. പിന്നീട് അവയെ ഫോറസ്റ്റ് ഓഫീസര്‍മാരുടെ സഹായത്തോടെ വനത്തിനുളളില്‍ തുറന്ന് വിടും.

പാമ്പിനെക്കുറിച്ച് ശാസ്ത്രീയമായി ഒന്നും പഠിക്കാതെയാണ് ഇതിലേക്ക് ഇറങ്ങി തിരിച്ചത്. പിന്നീടുളള യാത്രകളിലൂടെയാണ് ഓരോ കാര്യങ്ങളും സ്വന്തമായി പഠിച്ചെടുത്തത്. പാമ്പുകളെ സ്‌കൂളില്‍ കൊണ്ടുപോയി കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുക്കാറുണ്ട്.

വേദനകള്‍ സമ്മാനിച്ച നിമിഷങ്ങള്‍


ഒരിക്കല്‍ നെയ്യാറ്റിന്‍കരയ്ക്ക് അടുത്തുളള അദ്ധ്യാപക ദമ്പതികളുടെ വീടിന്റെ മച്ചില്‍ പാമ്പ് കയറി. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഞാനവിടെ ചെന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആ മൂര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ സാധിച്ചത്.

ക്ഷീണിച്ചപ്പോള്‍ കുടിക്കാന്‍ ഒരു ഗ്ലാസ് വെളളം ചോദിച്ചു. എനിക്കവര്‍ വെളളം തന്നു. കുടിച്ചതിനുശേഷം ഗ്ലാസ് തിരികെ കൊടുത്തു. എന്റെ കണ്‍മുന്നില്‍ വച്ച് അവര്‍ ആ ഗ്ലാസ് പുറത്തേക്ക് വലിച്ചെറിഞ്ഞു.

ഞാന്‍ ഉപയോഗിച്ച ഗ്ലാസ് അറപ്പാണെങ്കില്‍ ഞാന്‍ പോയതിനുശേഷം അവര്‍ക്കത് കളയാമായിരുന്നു. പക്ഷേ അത് എന്റെ മുന്‍പില്‍ വച്ച് ചെയ്തതാണ് എന്നെ കൂടുതല്‍ വിഷമിപ്പിച്ചത്.

ഒരു ഓണത്തിന് പായസം കുടിക്കാന്‍ സുഹൃത്ത് അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കൂട്ടുകാരന്‍ വിളിച്ച സന്തോഷത്തില്‍ ഞാന്‍ അവന്റെ വീട്ടില്‍ ചെന്നു. എന്നെ അവിടെ ഇരുത്തിയിട്ട് മോനെ പുറത്ത് വിട്ട് ഡിസ്‌പോസബിള്‍ ഗ്ലാസ് വാങ്ങിപ്പിച്ചു.

എന്നിട്ട് അതിലെനിക്ക് പായസം തന്നു. അതുപോലെ ഒരുപാട് വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. എനിക്കവരോട് പിണക്കമോ നീരസമോ ഒന്നുമില്ല. ഇങ്ങനെയും ആളുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍


എന്റെ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി. പക്ഷേ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല.

ദിവസവേതനത്തിന് വാച്ചര്‍ ജോലി വേണമെങ്കില്‍ നല്‍കാം എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലാതെ സ്ഥിരനിയമനം നല്‍കാമെന്ന് ഇന്നുവരെ ഒരു സര്‍ക്കാരും പറഞ്ഞിട്ടില്ല.

Vava Suresh

പലപ്പോഴും പാമ്പ് കടിയേറ്റ് ക്രിട്ടിക്കല്‍ സ്‌റ്റേജില്‍ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. എനിക്ക് മരണത്തോട് ഭയമില്ല. മരിക്കുകയാണെങ്കിലും അത് നാടിന് വേണ്ടിയാണല്ലോ എന്നൊരു സന്തോഷമുണ്ട്. പാമ്പുകടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചെല്ലുമ്പോള്‍ എനിക്ക് പ്രത്യേകം ഒരു മുറി തന്നിട്ടില്ല.

''വാവ സുരേഷിന് പേ വാര്‍ഡ് നല്‍കാന്‍ താങ്കള്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനല്ല'' എന്ന് ഒരിക്കല്‍ ആശുപത്രി അധികൃതര്‍ എന്നോട് പറഞ്ഞു. ഞാന്‍ പണം കൊടുത്ത് പേ വാര്‍ഡ് എടുത്തു. അടുത്ത മുറിയില്‍ ഏതോ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടറുടെ അച്ഛന്‍ സുഖമില്ലാതെ വന്നു.

അയാള്‍ക്ക് ഫ്രീ ആയിട്ട് റൂം നല്‍കി. അതാണ് സമൂഹം എന്നോട് കാണിക്കുന്ന വിവേചനം. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്റെ ജീവന്‍ പോലും പണയപ്പെടുത്തിയാണ് പാമ്പിനെ പിടിക്കുന്നത്. മാത്രമല്ല സമൂഹത്തിന് വേണ്ടി ദാമ്പത്യജീവിതം പോലും വേണ്ടെന്ന് വച്ചവനാണ് ഞാന്‍.

വിവാഹം കഴിഞ്ഞ് ആറുമാസമേ ഭാര്യയുമായി ഒന്നിച്ച് കഴിഞ്ഞുളളൂ. അവള്‍ക്ക് ഞാന്‍ പാമ്പിനെ പിടിക്കുന്നതിനോട് എതിര്‍പ്പായിരുന്നു. പക്ഷേ ഞാനത് ഉപേക്ഷിക്കാന്‍ തയ്യാറായില്ല. പകരം ഞങ്ങള്‍ സന്തോഷത്തോടെ പിരിഞ്ഞു. പിന്നീട് മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ഞാനതിന് തയ്യാറായില്ല.

ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു പക്ഷേ ഭാര്യയായി വരുന്ന പെണ്‍കുട്ടിക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞെന്ന് വരില്ല. പട്ടാളക്കാരനായി നാടിന് വേണ്ടി ജീവിതം സമര്‍പ്പിക്കണം എന്നായിരുന്നു ആഗ്രഹിച്ചത്. അത് സാധിച്ചില്ല. പകരം നാടിന് വേണ്ടി ഇങ്ങനെ ജീവിതം സമര്‍പ്പിക്കുന്നു.

മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍


ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഞാന്‍ ഒരുപാട് ദുരിതം അനുഭവിച്ചിട്ടുണ്ട്. പണത്തിന്റെയും വിശപ്പിന്റെയും വില നന്നായിട്ട് അറിയാവുന്നതുകൊണ്ട് വറുത്തതും പൊരിച്ചതുമായ ആഹാരം കഴിക്കാറില്ല. ആ പണം മറ്റുളളവര്‍ക്ക് വേണ്ടി ചിലവഴിക്കും. എനിക്ക് കിട്ടുന്ന ഒരുരൂപ പോലും കുടുംബത്തിനുവേണ്ടി ചിലവഴിക്കില്ല.

ഇന്നും പ്രായമായ എന്റെ അച്ഛന്‍ കൂലിപ്പണിക്ക് പോയാണ് കുടുംബം മുന്നോട്ട് പോകുന്നത്. കഷ്ടതകള്‍ അനുഭവിക്കുന്ന ഒരുപാട് പേരെ ദിവസേന കാണാറുണ്ട്. അങ്ങനെയുളളപ്പോള്‍ വലിയൊരു വീടും വച്ച് സുഖസൗകര്യങ്ങളില്‍ കഴിയുന്നതില്‍ എനിക്ക് താല്‍പര്യമില്ല.

പാമ്പിനെ പിടിക്കുന്നതിനോടൊപ്പം മറ്റ് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. അതിന് എന്നോടാപ്പം ഒരുപറ്റം സുഹൃത്തുക്കളുമുണ്ട്. ക്യാന്‍സര്‍ ബാധിതനായ കുട്ടിയുടെ ചികിത്സയ്ക്ക് 80 ലക്ഷം രൂപ ആവശ്യമായിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ച് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടു. ദിവസങ്ങള്‍ക്കുളളില്‍ ആ കുട്ടിയുടെ അച്ഛന്റെ അക്കൗണ്ടില്‍ എത്തിയത് ഒരുകോടിയിലധികം രൂപയാണ്.

അത് സാധിച്ചത് എന്നെ സ്‌നേഹിക്കുന്ന എന്റെ സുഹൃത്തുക്കളുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ്. ഇതിനോടകം നിരവധി അംഗീകാരങ്ങളും ക്യാഷ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. അതെല്ലാം ചാരിറ്റിക്ക് വേണ്ടി വിനയോഗിച്ചു.

പാമ്പ് ഉപദ്രവകാരിയല്ല


പാമ്പ് ഒരിക്കലും ഉപദ്രവകാരിയല്ല. അവയ്ക്ക് കാഴ്ചയോ കേള്‍വിയോ ഇല്ല. നമ്മള്‍ അതിനെ ചവിട്ടുകയോ ഉപദ്രവിക്കുകയോ ചെയ്യുമ്പോഴാണ് പാമ്പുകള്‍ കടിക്കുന്നത്. എനിക്ക് കടിയേല്‍ക്കുന്നതിനുളള പ്രധാനകാരണം ആള്‍ക്കാരുടെ കടന്നു കയറ്റമാണ്.

പാമ്പിനെ പിടിക്കുന്നതിനിടയില്‍ കാഴ്ചക്കാര്‍ അത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കും. അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ പറയുമ്പോള്‍ പലര്‍ക്കും അത് ഇഷ്ടെപ്പടില്ല. അവരുടെ ജീവനുവേണ്ടിയാണ് പറയുന്നതെന്ന് മനസിലാക്കാതെയാണ് പലരും പെരുമാറുന്നത്.

അവര്‍ക്ക് കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോള്‍ ഒക്കെയാണ് എനിക്ക് കടിയേറ്റിട്ടുളളത്. ഇതിനോടകം 3859 പാമ്പുകളുടെ കടിയേറ്റിട്ടുണ്ട്. 389 തവണ മൂര്‍ഖന്റെയും അണലിയുടെയും കടിയാണ് ഏറ്റത്. ചെറിയ ചെറിയ കടികള്‍ ഏറ്റാല്‍ പ്രതിരോധിക്കാനുളള കഴിവ് ഇപ്പോള്‍ ശരീരത്തിനുണ്ട്.

പാമ്പുകടിയേറ്റാല്‍ ചെയ്യേണ്ടത്...


പാമ്പുകടിയേറ്റയാള്‍ ഭയപ്പെടുകയോ മറ്റുളളവര്‍ അയാളെ ഭയപ്പെടുത്തുകയോ ചെയ്യരുത്. ടെന്‍ഷന്‍ കൂടും തോറും ബ്ല3ഡ് സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കും. അതുമൂലം വിഷം ശരീരത്തിലെ പ്രധാന അവയവങ്ങളിലേക്ക് പെട്ടെന്ന് പിടിപെടും.

1. കടിയേറ്റ ഭാഗത്തിന് എട്ട് ഇഞ്ച് മുകളിലും താഴെയും രക്തയോട്ടം നിലയ്ക്കാത്ത രീതിയില്‍ കെട്ടുക. കയറോ പ്ലാസ്റ്റിക്കോ ഉപയോഗിക്കാതെ ഉടുത്ത വസ്ത്രം രണ്ട് ഇഞ്ച് വീതിയില്‍ മുറിച്ചെടുത്ത് വേണം കെട്ടാന്‍.

2. ആദ്യം കെട്ടിയ കെട്ടിന് മുകളിലും താഴെയുമായി വീണ്ടും കെട്ടുക.

3. കടിയേറ്റ ഭാഗം ഹാര്‍ട്ടിന് മുകളിലേക്ക് ഉയര്‍ത്തി വയ്ക്കരുത്.

4. കടിയേറ്റ വ്യക്തിയെ നടക്കാനോ കിടക്കാനോ സമ്മതിക്കരുത്. എടുത്ത് ഇരുത്തി വേണം ഹോസ്പിറ്റലില്‍ എത്തിക്കാന്‍. കഴിവതും ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക.

അഞ്ജു രവി

Ads by Google
Tuesday 19 Dec 2017 02.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW