Tuesday, December 18, 2018 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 01.02 PM

ഗുജറാത്തിന്റെ പാഠവും രാഹുലിന്റെ ഭാവിയും

ഗുജറാത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ജനവിധി മറിച്ചാകുമായിരുന്നു. മാത്രമല്ല, ബി.ജെ.പി ഇതുവരെ പ്രയോഗിച്ച ഭൂരിപക്ഷവര്‍ഗ്ഗീയകാര്‍ഡ് തന്നെ കോണ്‍ഗ്രസും ആയുധമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷത്തിന്റെ വലിയ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തിതീര്‍ക്കാന്‍ അവര്‍ മത്സരിച്ചപ്പോള്‍, എന്നും ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷ, പിന്നോക്ക വോട്ടുകളും നഷ്ടപ്പെട്ടു. അവിടെയും കോണ്‍രഗസ് നടത്തിയത് ബീഹാറില്‍ പാളിപ്പോയ അതേ പരീക്ഷണം തന്നെയായിരുന്നു.
uploads/news/2017/12/176018/moonamkannu191217.jpg

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി അരിയിട്ടുവാഴിച്ചു. വര്‍ഷം അവസാനിക്കാറാകുമ്പോള്‍ രാജ്യത്ത് പല മാറ്റങ്ങളും വരികയാണ്. ഗുജറാത്തിലെ തെരഞ്ഞെടുപ്പും രാഹുല്‍ഗാന്ധിയുടെ കിരീടധാരണവും ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തമായ വിഷയങ്ങളുമാണ്.

ഗുജറാത്തില്‍ ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചെങ്കിലും രാഹുലിന് മുന്നില്‍ അല്‍പ്പം വിയര്‍ത്തുവെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വിയര്‍ത്താലും വിജയിച്ചത് മോഡിയുടെ നേട്ടവും. എന്നാല്‍ ഈ വിയര്‍പ്പിനും വിജയിപ്പിനും ഭാവിയില്‍ പലതും ചെയ്യാനുണ്ട് എന്നതാണ് സംഭവങ്ങള്‍ നല്‍കുന്ന സൂചന.

ഇതില്‍ ഏറ്റവും പ്രധാനം രാഹുല്‍ഗാന്ധിയുടെ ഉയര്‍ച്ചയാണ്. മോഡിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബി.ജെ.പിയുടെ ഭരണത്തെ തൂത്തെറിയാന്‍ രാഹുല്‍ പടപ്പുറപ്പാട് തുടങ്ങിയെന്നാണ് ബി.ജെ.പി-സി.പി.എം. ഒഴികെയുള്ള കക്ഷികള്‍ പറയുന്നത്. സി.പി.എം കോണ്‍ഗ്രസുമായി സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാത്തതുകൊണ്ട് അക്കാര്യത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കുന്നില്ല. ബി.ജെ.പിക്കെതിരെയാണ് രാഹുലിന്റെ പോരാട്ടം എന്നതുകൊണ്ട് അവരും ഈ പൊതു അഭിപ്രായത്തിന് എതിരാണ്.

രാഹുലിന്റെ പദവിയേറ്റെടുക്കലിന് കോണ്‍ഗ്രസിനെ രക്ഷിക്കാനും മോഡി ഭരണത്തെ തൂത്തെറിയാനും കഴിയുമോയെന്നതാണ് ഇവിടെ ഉയരുന്ന പ്രധാനപ്പെട്ട പ്രശ്‌നം. രാഹുല്‍ എന്നല്ല, ഏതൊരു ശക്തനായ നേതാവും വ്യക്തമായ നയങ്ങളുമായി രംഗത്തുവന്നാല്‍ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയും എന്നതാണ് വസ്തുത. അതുകൊണ്ടു രാഹുലിനും മോഡിയെ പരാജയപ്പെടുത്താന്‍ കഴിയേണ്ടതാണ്. പക്ഷേ അത്തരത്തില്‍ മോഡിയേയും ബി.ജെ.പിയേയും രാജ്യത്ത് നിന്ന് തൂത്തെറിയണമെങ്കില്‍ വ്യക്തമായ നയം വേണമെന്നത് അനിവാര്യവുമാണ്.

രാഹുല്‍ പദവിയേറ്റെടുത്തെങ്കിലും കോണ്‍ഗ്രസിന് അത്തരമൊരു നയമാറ്റം ഉണ്ടായിട്ടുണ്ടോയെന്നതാണ് പ്രധാനപ്പെട്ട വിഷയം. ഗുജറാത്താണല്ലോ, ബദല്‍ സാദ്ധ്യതയ്ക്ക് ഇപ്പോള്‍ എല്ലാവരും ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ട് ഗുജറാത്തിലെ കാര്യങ്ങള്‍ തന്നെ പരിശോധിക്കാം. അവിടെ ബി.ജെ.പിയും കോണ്‍ഗ്രസും രണ്ടായല്ല, ഒന്നായാണ് മത്സരിച്ചത്. ചിഹ്‌നവും നേതാക്കളും മാത്രമാണ് എതിരായിരുന്നത്. ഇരുകൂട്ടരുംപയറ്റിയത് വര്‍ഗ്ഗീയതയായിരുന്നു. വര്‍ഗ്ഗീയതയ്ക്ക് മുന്നില്‍ രാഷ്ട്രീയം ഇല്ലാതായതോടെ കൂടുതല്‍ വലതുപക്ഷചായ്‌വുള്ള ബി.ജെ.പിക്ക് വിജയിക്കാനായി എന്നതാണ് സത്യം.

ഗുജറാത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ജനവിധി മറിച്ചാകുമായിരുന്നു. മാത്രമല്ല, ബി.ജെ.പി ഇതുവരെ പ്രയോഗിച്ച ഭൂരിപക്ഷവര്‍ഗ്ഗീയകാര്‍ഡ് തന്നെ കോണ്‍ഗ്രസും ആയുധമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷത്തിന്റെ വലിയ സംരക്ഷകര്‍ തങ്ങളാണെന്ന് വരുത്തിതീര്‍ക്കാന്‍ അവര്‍ മത്സരിച്ചപ്പോള്‍, എന്നും ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷ, പിന്നോക്ക വോട്ടുകളും നഷ്ടപ്പെട്ടു. അവിടെയും കോണ്‍രഗസ് നടത്തിയത് ബീഹാറില്‍ പാളിപ്പോയ അതേ പരീക്ഷണം തന്നെയായിരുന്നു.

മോഡി വിരുദ്ധരായ ഹാര്‍ദ്ദിക് പട്ടേല്‍, അല്‍പ്പേഷ് ഠാക്കൂര്‍, ജിഗ്‌നേഷ്‌മേവാനി എന്നീ മൂന്ന് യുവ നേതാക്കളെ ഉയര്‍ത്തിക്കൊണ്ടായിരുന്നു അവിടെ കോണ്‍ഗ്രസിന്റെ പോര്. തങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയാല്‍ ഇവര്‍ നാളെ മോഡിയോടൊപ്പവും പോകാന്‍ മടിക്കില്ലെന്നാണ് ചരിത്രത്തില്‍ നിന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ അതും പാളിപ്പോയ ഒരു പരീക്ഷണമായി മാത്രമേ കരുതാനാകൂ.

ഇത്തരം പരീക്ഷണങ്ങളാണ് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്. ഇടതുകക്ഷികളെപ്പോലെ വ്യക്തമായ വീക്ഷണവും നിലപാടും സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ പാടില്ലെന്ന നിലപാടുമുള്ളവയല്ലാതെ മറ്റാരുമായി കൂട്ടുകൂടിയാലും കോണ്‍ഗ്രസിന്റെ മുന്നിലുണ്ടാകുക ഇതേ പ്രതിസന്ധികള്‍ തന്നെയായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസിന് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ല.

ബി.ജെ.പിയുടെ വര്‍ഗ്ഗീയത തന്നെ കോണ്‍ഗ്രസും ആയുധമാക്കുമ്പോള്‍, ബി.ജെ.പി മറ്റു തരത്തിലായിരിക്കും വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുക. അതിന്റെ ഫലമായി കോണ്‍ഗ്രസിന് ഇപ്പോള്‍ ഒപ്പമുള്ള വോട്ടുബാങ്കുകള്‍ നഷ്ടപ്പെടുമെന്ന് മാത്രമല്ല, താല്‍ക്കാലികമായി വന്നുചേരുന്ന ബി.ജെ.പിയുടെ വോട്ടുബാങ്കുകള്‍ കാലക്രമേണ അവര്‍ കൊണ്ടുപോകുകയും ചെയ്യും. ഇവയായിരുന്നു പണ്ടും കോണ്‍ഗ്രസിനെ വലച്ചിരുന്നത്.

ഈ സാഹചര്യത്തില്‍ വിശാല സഖ്യം എന്നതിലുപരി, വര്‍ഗ്ഗീയതയെ ശക്തമായി എതിര്‍ക്കുന്നതിനുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കേണ്ടത്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന പാര്‍ട്ടിയെന്ന പ്രതിച്ഛായ ഇല്ലാതാക്കാന്‍ ഭൂരിപക്ഷപ്രീണനത്തിന് തയാറായാല്‍ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും ഇല്ലാതാകും. അതുകൊണ്ട് കിരീടധാരണംനടത്തിയ രാഹുല്‍ഗാന്ധി ആദ്യം ചെയ്യേണ്ടത് രാഷ്ട്രീയം സംസാരിക്കുകയെന്നതാണ്.

വര്‍ഗ്ഗീയഫാസിസത്തെ അതേ നിലയില്‍ നേരിടാനാവില്ലെന്ന് കോണ്‍ഗ്രസ് മനസിലാക്കണം. അതോടൊപ്പം ഈ വര്‍ഗ്ഗീയഫാസിസത്തിന് രാജ്യം പിടിച്ചടക്കാനുള്ള ശക്തിപകര്‍ന്നതാരാണെന്നുകൂടി തിരിഞ്ഞുനോക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ക്ക് തങ്ങളുടെ വഴി സുഗമമാക്കികൊടുത്തത് രാജ്യത്ത് അരങ്ങേറിയ സാമ്പത്തിക ഫാസിസ്റ്റ് നടപടികളാണ്.

പത്തുവര്‍ഷം അധികാരത്തിലിരുത്തിയ ജനങ്ങളെ അടിമകളായി കണ്ടുകൊണ്ട് സമ്പന്നര്‍ക്ക് വേണ്ടി സാമ്പത്തികപരിഷ്‌ക്കരണം എന്ന പേരില്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് അതിന്റെ മുഖമാണ്. സ്വാതഭന്ത്ര്യത്തിന് ശേഷം ഇന്ത്യയെ ഈ നിലയില്‍ എത്തിക്കുന്നതിനും ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും കൈക്കൊണ്ട ജനകീയ പരിപാടികളെയാണ് കോണ്‍ഗ്രസ് ഒരു സുപ്രഭാതത്തില്‍ തമസ്‌ക്കരിച്ചത്. തങ്ങളുടെ കരുത്തായിരുന്ന അടിസ്ഥാന ജനവിഭാഗത്തെ മറന്നു. അതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്.

കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തിലൂടെ തടിച്ചുകൊഴുത്ത കോര്‍പ്പറേറ്റുകള്‍ അവരെക്കാള്‍ കുറേക്കൂടി ശക്തമായ വലതുപക്ഷമായ ബി.ജെ.പിയിലേക്ക് തിരിഞ്ഞത് സ്വാഭാവികമാണ്. കോണ്‍ഗ്രസും ബി.ജെ.പിയും വലതുപക്ഷകക്ഷികളാണ്. അതില്‍ ആരാണോ തീവ്രവലതുപക്ഷനിലപാടുകള്‍ പുലര്‍ത്തുന്നത് അങ്ങോട്ടേയ്ക്കായിരിക്കും കോര്‍പ്പറേറ്റുകളും മറ്റും തിരിയുക എന്നത് സ്വാഭാവികം. അതിനോടൊപ്പം വര്‍ഗ്ഗീയതയും ആയുധമാക്കിയതോടെയാണ് ബി.ജെ.പിയുടെ നില സുരക്ഷിതമായത്.

ഈ സുരക്ഷിത വലയത്തെ തകര്‍ക്കാന്‍ ഇപ്പോഴും പഴയ രാജപ്രതാപത്തില്‍ വിശ്വസിച്ചിരുന്നാല്‍ കോണ്‍ഗ്രസിന് കഴിയില്ല. അതിന് അവര്‍ ജനങ്ങളിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. ആദ്യമായി ചെയ്യേണ്ടത് കോണ്‍ഗ്രസിന്‍െ് സാമ്പത്തികനയത്തില്‍പൊളിച്ചെഴുത്താണ് വേണ്ടത്. ഇനിയൂം സാമ്പത്തികമേഖലയില്‍ മന്‍മോഹനിസം നടപ്പാക്കിയാല്‍ രാഹുല്‍ഗാന്ധിയല്ല, സാക്ഷാല്‍ ഇന്ദിരാഗാന്ധിതന്നെ പുനരവതരിച്ചാലും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ല.

ആദ്യമായി തങ്ങള്‍ സാധാരണക്കാരോടൊപ്പമാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ ഉണ്ടാക്കണം. അതിന് അമ്പലത്തില്‍ ദര്‍ശനം നടത്തുകയും ഭജനപാടുകയുമല്ല വേണ്ടത്. ജനകീയപ്രശ്‌നങ്ങളില്‍ അവര്‍ക്കിയിടയില്‍ ഇറങ്ങി പ്രചരണം നടത്തണം. ഓരോ സംസ്ഥാനങ്ങളിലും സ്വാര്‍ത്ഥതയുടെ അടിസ്ഥാനത്തില്‍ നേതാക്കളായി വിലസുന്നവരുമായി കൂട്ടുപിടിച്ചുകൊണ്ട് ഒരു സഖ്യമുണ്ടാക്കി ബി.ജെ.പിയെ തുരത്താമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസമെങ്കില്‍ അത് ഒരിക്കലും ഫലം കാണാന്‍ പോകുന്നില്ല.

എന്തെന്നാല്‍ ആശയങ്ങള്‍ക്കും ജനക്ഷേമത്തിനുമുപരി വ്യക്തിതാല്‍പര്യവും ജാതീതയതുമാണ് ഇത്തരം പ്രാദേശികപാര്‍ട്ടികളുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ ഇത്തരം പ്രാദേശികകക്ഷികളെ ഉപയോഗിക്കുന്നതോടൊപ്പം എല്ലായിടത്തും പണ്ടത്തേതുപോലെ സ്വന്തം അസ്ഥിത്വം വളര്‍ത്തിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ദേശീയതലത്തില്‍ ഒരു ബദല്‍ വേണമെങ്കില്‍ ആദ്യം മറ്റുകക്ഷികളെ തങ്ങളുടെ കീഴില്‍കൊണ്ടുവരണം. ശക്തമായ ഒരു പ്രസ്ഥാനത്തിന് മാത്രമേ മറ്റുള്ളവരെ നയിക്കാനാകു.

എല്ലായിടത്തും ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മിക്കവാറും സംസ്ഥാനങ്ങളില്‍ നാലു അഞ്ചും സ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസിന് ഈ കക്ഷികളെ ഒരു രസചരടിലൂടെ കൂട്ടിക്കെട്ടാനാവില്ല. അതിന് ഈ കക്ഷികളെ മറികടന്നുകൊണ്ട് കോണ്‍ഗ്രസ് ശക്തമാകുകയാണ് വേണ്ടത്. 2019ലെ ഡല്‍ഹിയിയെക്കാളും അതിനടുത്ത ഭരണത്തില്‍ ചെങ്കോട്ടപിടിക്കുകയെന്ന ലക്ഷ്യമാണ് മുന്നില്‍ വയ്‌ക്കേണ്ടത്. അത്തരത്തില്‍ സ്വയം ശക്തിപ്പെട്ടുകൊണ്ടു മാത്രമേ കോണ്‍ഗ്രസിന് ബി.ജെ.പിക്ക് ബദലാകാന്‍ കഴിയുകയുള്ളു.

അതിന് ജനകീയ പ്രശ്‌നങ്ങളും രാഷ്ട്രീയവും കോണ്‍ഗ്രസ് സംസാരിക്കണം. ഒരു ജാതിയേയും സമുദായത്തേയും പരിഗണിക്കേണ്ടതില്ല. ജനങ്ങളെ ഒന്നായി കണ്ടുവേണം സംസാരിക്കാന്‍. ജി.എസ്.ടിയേയും കറന്‍സി നിരോധനത്തേയും ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും മറ്റുള്ള ഒരു സാമ്പത്തികപരിഷ്‌ക്കരണ നയങ്ങള്‍ക്കെതിരെയും ചെറുവിരല്‍ അനക്കാന്‍ പോലും കോണ്‍ഗ്രസ് തയാറാകുന്നില്ലെന്നതാണ് വസ്തുത.

ഇന്ധനത്തിന്റെ വില എല്ലാദിവസവും കുതിക്കുന്നു, കോണ്‍ഗ്രസിന് മൗനമാണ്. അതുപോലെ വിലക്കയറ്റം തുടങ്ങി മറ്റു പലകാര്യങ്ങളും. പാര്‍ലമെന്റ് സമ്മേളനം തുടങ്ങി മൂന്നുദിവസമായിട്ടും ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് മോഡി നടത്തിയ പാക്കിസ്ഥാന്‍ പരാമര്‍ശത്തില്‍ പിടിച്ച് തൂങ്ങാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതില്‍ മോഡി മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസിന് വ്യക്തമായി അറിയാം. ഇത് കൂടുതല്‍ പ്രചരിക്കുന്നത് ബി.ജെ.പിക്ക് ഗുണവുമാണ്.

അതുകൊണ്ട് അവര്‍ അതിനെ പ്രോത്സാഹിപ്പിക്കും. അതേസമയം ഒരു നേരത്തെ അരിവാങ്ങാന്‍ കഴിയാതെ ജനങ്ങള്‍ വലയുകയാണ്. ഉള്ളിക്കും സവാളയ്ക്കും പൊള്ളുന്ന വിലയാണ്. ഇതേക്കുറിച്ചൊന്നും ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇവ വ്യക്തമാക്കുന്നത് ആര് പദവിയേറ്റാലും കോണ്‍ഗ്രസിന്റെ നിലപാടില്‍ മാറ്റമുണ്ടാകുന്നില്ലെന്നാണ്. ഇപ്പോഴും പഴയ രാജവാഴ്ചകാലത്തെ അരിയിട്ടുവാഴ്ചയെ അനുസ്മരിപ്പിച്ച് നടക്കുന്ന കോണ്‍ഗ്രസ് അവിടെ നിന്നും താഴേയിറങ്ങി, മനുഷ്യരിലേക്ക് ചെല്ലുകയാണ് വേണ്ടത്.

അതിന് ആദ്യമായി ഒരു ബദല്‍ ജനകീയ സാമ്പത്തികനയം അവതരിപ്പിക്കണം. ഒപ്പം ജനകീയ പ്രശ്‌നങ്ങളും ഏറ്റെടുക്കണം. ഇതിനെല്ലാം പുറമെ ഇപ്പോള്‍ വിശ്വാസം നഷ്ടപ്പെട്ട് കണ്ടവും മറുകണ്ടവും ചാടാന്‍ തയാറെടുത്ത് നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി ഓരോ സംസ്ഥാനത്തും ശക്തമായ നേതൃനിര ഉണ്ടാക്കണം. യുവത്വമല്ല, എല്ലാത്തിനും ആധാരം. കഴിവും പരിചയവും യുവത്വവും ഒരുപോലെ സമ്മേളിക്കുന്ന ഒരു നേതൃനിരയും വ്യക്തമായ രാഷ്ട്രീയവീക്ഷണവുമുണ്ടായാല്‍ കോണ്‍ഗ്രസിന് ഭാവിയുണ്ട്. മോഡിക്ക് ഭീഷണിയാകാം.

Ads by Google
Tuesday 19 Dec 2017 01.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW