കൊച്ചി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) ഡിസംബര്‍ എട്ടിനു നടത്തിയ എഫ്.എച്ച്.ഡി. 2 പരീക്ഷ റദ്ദാക്കിയത് വിദ്യാര്‍ഥികളെ വലച്ചു. വിവിധ സെന്ററുകളില്‍ നടത്തിയ ബാച്ചിലേഴ്സ് ഓഫ് ഡിഗ്രി പ്രോഗ്രാമിലെ (ബി.ഡി.പി) ഹിന്ദി ഫൗണ്ടഷന് (എഫ്.എച്ച്.ഡി 2) പേപ്പറിലെ പരീക്ഷയാണ് റദ്ദാക്കിയത്.
23-ന് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. ഇതേക്കുറിച്ച് കഴിഞ്ഞ 14 നാണ് പരീക്ഷാര്‍ഥികള്‍ക്ക് ഇഗ്നോയുടെ മൊെബെല്‍ സന്ദേശം ലഭിച്ചത്. പുതിയ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനും പരീക്ഷാര്‍ഥികള്‍ക്കു നിര്‍ദേശമുണ്ട്. എന്നാല്‍ ആദ്യ പരീക്ഷ റദ്ദാക്കിയതിന്റെ കാരണം ഇഗ്നോ വ്യക്തമാക്കിയിട്ടില്ല. ഉദ്യോഗാര്‍ഥികളടക്കമുള്ള ആയിരത്തിലധികം പേരാണ് കേരളത്തില്‍ പരീക്ഷയെഴുതിയത്.
ഡല്‍ഹിയിലെ ഇഗ്നോ ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് പരീക്ഷ വീണ്ടും നടത്തുന്നതെന്ന് കൊച്ചി റീജിയണല്‍ ഡയറക്ടര്‍ സിന്ധു പി. നായര്‍ പറഞ്ഞു. പരീക്ഷ വീണ്ടും നടത്താനുള്ള കാരണം വ്യക്തമല്ലെന്നും അഖിലേന്ത്യാ തലത്തിലാണ് പരീക്ഷ റദ്ദാക്കിയതെന്നും അവര്‍ വ്യക്തമാക്കി. പരീക്ഷ റദ്ദാക്കിയ കാരണം ഇഗ്നോ വ്യക്തമാക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പരീക്ഷാര്‍ഥികള്‍ ആരോപിച്ചു. പലരും മൊെബെലില്വന്ന മെസേജിലൂടെയാണ് പരീക്ഷ റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇത് ഉറപ്പുവരുത്താന്‍ ഇഗ്നോയുടെ കൊച്ചി മേഖലാ കേന്ദ്രത്തിലേക്കു വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
ക്രിസ്മസ് അവധിക്കു വീണ്ടും പരീക്ഷ നടത്താനുള്ള നീക്കം അസൗകര്യങ്ങളുണ്ടാക്കുമെന്നും പരീക്ഷാര്‍ഥികള്‍ ആരോപിക്കുന്നു. 22 ന് ഈ കോഴ്സിലെ ഹിന്ദി ഗദ്യപരീക്ഷയും (ബി.എച്ച്.ഡി.ഇ 101) നടത്തുന്നുണ്ട്. ഇതിന്റെ പിറ്റേന്നാണ് പുനഃക്രമീകരിച്ച പരീക്ഷ. ഉച്ചയ്ക്കുശേഷം നടക്കുന്ന പരീക്ഷയുടെ സെന്ററുകളില്‍ മാറ്റം വരുത്തിയിട്ടില്ല.