Saturday, June 30, 2018 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 18 Dec 2017 03.40 PM

വീടിരിക്കുന്ന ഭൂമിയ്ക്ക് പടിഞ്ഞാറോട്ട് ചരിവുണ്ടായാല്‍...

വാസ്തുശാസ്ത്രം - 24 പ്രശ്‌നോത്തരി
uploads/news/2017/12/175740/joythi181217a.jpg

ചോദ്യം: ഞങ്ങളുടെ പുതിയ വീട് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ഥലം പടിഞ്ഞാറോട്ട് ചരിവോടുകൂടിയതാണ്. അത് നല്ലതല്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. അങ്ങനെയെങ്കില്‍ ഇതിന് പരിഹാരമുണ്ടോ?
----വേണുഗോപാല്‍,റാന്നി

ഉത്തരം: വസ്തുവിന്റെ ഉയര്‍ച്ച താഴ്ചകളനുസരിച്ചുള്ള ഫലങ്ങള്‍ വിശദീകരിക്കാം. കിഴക്കുവശം താഴ്ന്നും പടിഞ്ഞാറ് ഉയര്‍ന്നും നില്‍ക്കുന്ന ഭൂമിയെ 'ഗോവീഥി'യെന്ന് പറയുന്നു.

ഇവിടെ വീടുവച്ച് താമസിച്ചാല്‍ അഭിവൃദ്ധിയാണ് ഫലം. തെക്കു-കിഴക്ക് താഴ്ന്നും. വടക്കു-പടിഞ്ഞാറ് ഉയര്‍ന്നും കാണുന്ന ഭൂമിയെ അഗ്നിവീഥിയെന്ന് വിളിക്കുന്നു. ഇവിടെ ഭവനം നിര്‍മ്മിച്ചു താമസിച്ചാല്‍ ധനനാശമാണ് ഫലം.

തെക്ക് താണ് വടക്കുയര്‍ന്ന ഭൂമിയെ 'യമവീഥി'യെന്ന് വിളിക്കുന്നു. എട്ടുവര്‍ഷത്തെ അഭിവൃദ്ധിക്കുശേഷം ആയുര്‍ദോഷമാണ് ഫലം.

തെക്ക്-പടിഞ്ഞാറ് താഴ്ന്ന്, വടക്കു-കിഴക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഭൂമിയാണ് 'ഭൂതവീഥി'. ആറു വര്‍ഷത്തെ അഭിവൃദ്ധിക്കുശേഷം ധനനാശം സംഭവിക്കാം.

പടിഞ്ഞാറ് താണ് കിഴക്ക് ഉയര്‍ന്ന ഭൂമി 'വരുണ വീഥി'. പത്തു വര്‍ഷത്തെ അഭിവൃദ്ധിക്കുശേഷം ദാരിദ്ര്യമാണ് ഫലം. വടക്കുപടിഞ്ഞാറ് ഭാഗം താഴ്ന്നും തെക്കുകിഴക്ക് ഭാഗം ഉയര്‍ന്നും കാണുന്ന ഭൂമിയാണ് 'നാഗവീഥി'.

നൂറുവര്‍ഷത്തെ അഭിവൃദ്ധിയെപ്പറ്റി പറയുന്നുവെങ്കിലും പിന്‍തലമുറയ്ക്ക് സന്താനദുരിതമാണ് ഫലം. വടക്കുതാഴ്ന്നും തെക്ക് ഉയര്‍ന്നും വരുന്ന ഭൂമിയെ ഗജവീഥിയെന്ന് പറയുന്നു. അഭിവൃദ്ധിയാണ് ഫലം.

വടക്ക്, കിഴക്കേമൂല താഴ്ന്ന് തെക്കു-പടിഞ്ഞാറ് ഉയര്‍ന്ന ഭൂമിയാണ് ധാന്യവീഥി. എക്കാലവും ഐശ്വര്യസമൃദ്ധി നല്‍കുവാന്‍ ഈ വീഥിക്ക് കഴിയും.

തെക്ക് വടക്ക് നീളം കൂടുതലുള്ള ഭൂമി സര്‍വ്വ സിദ്ധിയേയും സമചതുരമായ ഭൂമി ധനാഗമത്തെയും നല്‍കുന്നു. വൃത്താകൃതിയായ ഭൂമി ദാരിദ്ര്യത്തെയും ത്രികോണത്തോടുകൂടിയും വളഞ്ഞുകിടക്കുന്നതുമായ ഭൂമി ഭരണാധിപന്മാരുടെ അപ്രീതിയേയും ധനക്ഷയത്തെയും വിളിച്ചുവരുത്തും.

മുറംപോലെ നടുഭാഗം താണഭൂമി ഗോനാശത്തേയും വില്ലിന്റെ ആകൃതിയോടുകൂടിയ ഭൂമി ഭയത്തേയും നല്‍കുന്നു.

സ്ഥലം ഏതു രീതിയിലുള്ളതായാലും വാസ്തുമണ്ഡലം തിരിച്ച് ആവശ്യമുള്ള ഭാഗങ്ങള്‍ മണ്ണിട്ടുയര്‍ത്തിയും മണ്ണ് എടുത്തുമാറ്റിയും ഉത്തമമാക്കാവുന്നതാണ്.

(ഈ പരമ്പര അവസാനിച്ചു)

വി.റ്റി. ബിനു (വാസ്തുഭൂഷണ്‍)
തിരുവല്ല, ഫോണ്‍: 9744948567

Ads by Google
Ads by Google
Loading...
TRENDING NOW