Friday, June 29, 2018 Last Updated 10 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 18 Dec 2017 02.25 PM

മകന്‍ നായകനാകുന്നു ഞാനും...

റിയാസ് ഖാന്റെ അറിയാക്കഥകള്‍
uploads/news/2017/12/175729/Weeklyriyaskhan1.jpg
* ഭാര്യ ഉമയ്ക്കും മക്കളായ ഷാരിഖ്, സമര്‍ത്ഥ് എന്നിവര്‍ക്കുമൊപ്പം റിയാസ്ഖാന്‍

വില്ലനായും സ്വഭാവനടനായും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് റിയാസ്ഖാന്‍. ഗ്ലാമറുള്ള വില്ലനെന്ന പേരിലാണ് അദ്ദേഹം സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്.

അന്യഭാഷയില്‍ നിന്നും മലയാളത്തിലെത്തിയ റിയാസ് ജന്മം കൊണ്ട് മലയാളിയാണെന്ന സത്യം വളരെ വൈകിയാണ് മലയാളികള്‍ അറിഞ്ഞുതുടങ്ങിയത്.

അഭിനയമോഹം ജീവിതാഭിലാഷമായി കൊണ്ടുനടന്നയാള്‍ അധികംതാമസിയാതെ സിനിമയിലെത്തി. പക്ഷേ നായകനാകണമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത് ഇപ്പോഴാണ്. സുഖദുഃഖസമ്മിശ്രമായ ജീവിതാനുഭവങ്ങളുടെ പുസ്തകം റിയാസ് വായനക്കാര്‍ക്കുമുന്നില്‍ തുറന്നുവയ്ക്കുന്നു.

നായകനാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?


സിനിമയില്‍ അഭിനയിക്കണമെന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. മറ്റേത് കഥാപാത്രങ്ങള്‍ ചെയ്യുന്നതിനേക്കാളും പ്രയാസം നായകനായി അഭിനയിക്കാനാണ്. ഒരു വ്യക്തിക്ക് എത്രമാത്രം കഴിവുണ്ടെങ്കിലും ഭാഗ്യവും പിന്തുണയ്ക്ക് ആളുകളുമുണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ നായകനാകാന്‍ സാധിക്കൂ.

ഈ രണ്ട് കാര്യങ്ങളും എനിക്ക് ഉണ്ടായിരുന്നില്ല. 18-ാമത്തെ വയസ്സിലാണ് ഞാനാദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. സാധാരണയായി ഓരോ നടന്മാരും ഏതെങ്കിലും ഒരു ഭാഷയിലാകും തുടക്കത്തില്‍ അഭിനയിക്കുന്നത്. എന്റെ സ്ഥിതി മറിച്ചായിരുന്നു.

ഒരേസമയം തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ നായകനായി അഭിനയിക്കാന്‍ സാധിച്ചു. എന്റെ പ്രായത്തില്‍ പല നടന്മാരും പ്രായത്തേക്കാള്‍ പക്വതയേറിയ കഥാപാത്രങ്ങള്‍ ചെയ്തു. അതുകണ്ടപ്പോള്‍ ഞാനും ട്രാക്കൊന്ന് മാറ്റിപ്പിടിച്ചു.

അതിന് ശേഷം ധാരാളം വില്ലന്‍വേഷങ്ങള്‍ തേടിയെത്തി. ഒപ്പം നായകന്മാരുടെ ജ്യേഷ്ഠകഥാപാത്രങ്ങളും ചെയ്യേണ്ടിവന്നു. കമല്‍ഹാസന്‍, രജനീകാന്ത്, ആമിര്‍ഖാന്‍, മമ്മൂക്ക, മോഹന്‍ലാല്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം എനിക്കുണ്ടായിരുന്നു.

എന്നെങ്കിലും മികച്ച കഥാപാത്രം തേടിയെത്തുമെന്ന വിശ്വാസത്തില്‍ കിട്ടുന്ന ക്യാരക്ടറുകള്‍ ചെയ്തുകൊണ്ട് 25 വര്‍ഷങ്ങള്‍ കടന്നുപോയി.

ആക്ഷന്‍സീനുകള്‍ ചെയ്തുകൊണ്ടിരുന്ന എനിക്ക് കോമഡിയോ സെന്റിമെന്റ്‌സോ ചെയ്യാന്‍ പറ്റില്ലെന്ന് സിനിമാലോകം വിധിയെഴുതി. അതിന്റെ പേരില്‍ എത്രയോ നല്ല സിനിമകള്‍ കൈവിട്ടുപോയി.

'ടൂ കണ്‍ട്രീസ്'എന്ന സിനിമയില്‍ ഒരു അതിഥി വേഷമുണ്ടായിരുന്നു. നര്‍മ്മരസപ്രധാനമായ ആ വേഷം ആരെ ഏല്പിക്കുമെന്ന ചര്‍ച്ച നടക്കുമ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകരോട് എന്റെ പേര് നിര്‍ദ്ദേശിച്ചത് നടന്‍ ദിലീപായിരുന്നു.

എന്നാല്‍ ആ അതിഥി വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ലെന്നും ആക്ഷന്‍ സീനുകള്‍ മാത്രമേ വഴങ്ങൂവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ദിലീപിന് എന്നില്‍ പൂര്‍ണവിശ്വാസമുണ്ടായിരുന്നു. ആ കഥാപാത്രം ഞാന്‍ ചെയ്തുകഴിഞ്ഞപ്പോള്‍ എതിര്‍ത്തവര്‍ പോലും ആശ്ചര്യപ്പെട്ടു.

പിന്നെയും സപ്പോര്‍ട്ടിംഗ് ക്യാരക്‌ടേഴ്‌സാണ് എന്നെ തേടിയെത്തിയത്. കോമഡി എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ച് തന്നത് തമിഴ് സിനിമയാണ്. സിനിമ മാത്രമല്ല, സീരിയലിനും ഇതില്‍ കാര്യമായ പങ്കുണ്ട്.

നടി ഖുശ്ബുവിന്റെ ഭര്‍ത്താവും നിര്‍മ്മാതാവുമായ സുന്ദര്‍ സി.യുടെ 'നന്ദിനി' എന്ന സീരിയലില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതിന് ശേഷം പുതുമയേറിയ ധാരാളം വേഷങ്ങള്‍ എന്നെത്തേടിയെത്തുന്നുണ്ട്.

ഇപ്പോള്‍ മലയാളത്തിലും നായകനായി അഭിനയിക്കുന്നു. പല ഭാഷകളിലായി 350 ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സംതൃപ്തിയോടെ അഭിനയിക്കുന്നത് ഇപ്പോഴാണെന്ന് പറയാം. പതിവില്‍ നിന്നും വിപരീതമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണല്ലോ, ഏതൊരു നടന്റെയും വിജയം.

പേരും ബോളിവുഡും തമ്മില്‍ എന്തെങ്കിലും ബന്ധം?


പേരില്‍ ഖാന്‍ ഉള്ളതുകൊണ്ട് ഞാന്‍ ഒരു ഹിന്ദി താരമാണെന്നാണ് മിക്കവരും കരുതിയത്. ജനിച്ചത് കൊച്ചിയിലാണെങ്കിലും വളര്‍ന്നതും പഠിച്ചതും ചെന്നൈയിലാണ്.

എത്രയോ ആളുകള്‍ അങ്ങനെ തെറ്റിദ്ധരിച്ച് എന്നോട് ഹിന്ദി സംസാരിച്ചിട്ടുണ്ടെന്നോ? അവര്‍ ഹിന്ദി സംസാരിക്കുമ്പോള്‍ ഞാന്‍ മലയാളത്തിലാകും മറുപടി കൊടുക്കുക.

അതുകേട്ട് അവര്‍ അദ്ഭുതപ്പെടുന്നത് കാണുമ്പോള്‍ എനിക്ക് ചിരിവരും. അവരെ തെറ്റുപറഞ്ഞിട്ട് കാര്യമില്ല. എന്റെ അഭിനയജീവിതത്തിന് തുടക്കമിട്ടത് തമിഴില്‍ നിന്നാണ.്

അവിടെനിന്നും മലയാളത്തിലേക്ക് വന്നതുകൊണ്ടാണ് ഞാനൊരുഅന്യഭാഷാതാരമാണെന്ന് എല്ലാവരും വിചാരിച്ചത്. ഒരുപക്ഷേ ഞാന്‍ മലയാളത്തില്‍ ആദ്യം അഭിനയിച്ചിരുന്നെങ്കില്‍ ഞാനൊരു മലയാളിയാണെന്ന് മനസ്സിലാകുമായിരുന്നു(ചിരിക്കുന്നു).

സിനിമയില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?


സിനിമയെ സ്‌നേഹിക്കുന്ന ഏതൊരുമനുഷ്യനും കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവരും. അതില്‍ ദുഃഖിച്ചിട്ട് കാര്യമില്ല. എന്നാല്‍ അഭിനയിക്കാന്‍ വിളിച്ചിട്ട് കരയിപ്പിച്ച് വിട്ട കാര്യം ഒരിക്കലും മറക്കില്ല. 'എന്‍ ശ്വാസക്കാട്രേ' എന്ന സിനിമയുടെ ഷൂട്ടിംഗ് എ.വി.എം. സ്റ്റുഡിയോയില്‍ നടക്കുന്നു.

അരവിന്ദ് സ്വാമിയാണ് നായകന്‍. ക്രൈംബ്രാഞ്ചിലെ ഒരു ഇന്‍വെസ്റ്റിഗേറ്ററിന്റെ വേഷമാണെന്നാണ് അവര്‍ എന്നോട് പറഞ്ഞിരുന്നത്. ലൊക്കേഷനില്‍ വരാന്‍ പറഞ്ഞതനുസരിച്ച് ചെന്നു മേക്കപ്പിട്ടിരുന്നു. എന്നാല്‍ ആരുമെന്നെ വിളിച്ചില്ല.

എന്റെ ഷോട്ട് നാളെയാകുമെന്നോര്‍ത്ത് ഞാനും ഒന്നും പറഞ്ഞില്ല. അടുത്ത ദിവസവും മേക്കപ്പിട്ടിരുന്നു. വൈകുന്നേരമായപ്പോഴാണ് ഷോട്ട് എടുക്കാന്‍ വിളിച്ചത്. ലാപ്‌ടോപ്പില്‍ എന്തെങ്കിലും ടൈപ്പ് ചെയ്തുകൊണ്ടിരിക്കണമെന്ന് സംവിധായകന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചെയ്തു.

എല്ലാം കഴിഞ്ഞപ്പോഴാണ് ഞാനറിഞ്ഞത് അവര്‍ ഷൂട്ട് ചെയ്തതില്‍ എന്റെ മുഖം ഉണ്ടായിരുന്നില്ല. പകരം കൈകള്‍ മാത്രമായിരുന്നു അവര്‍ക്കാവശ്യം. അരവിന്ദ് സ്വാമിയുടെ ഡ്യൂപ്പ് ചെയ്യാനായിരുന്നു അവരെന്നെ വിളിച്ചത്. അന്ന് ഞാന്‍ അവിടെ നിന്നും കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് പോയത്.

വേണമെങ്കില്‍ എനിക്ക് അവരോട് വഴക്കിടാം. പക്ഷേ ചെയ്തില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് വീട്ടിലേക്ക് ചെന്നുകയറിയത്. എന്റെ ദുഃഖം ഭാര്യയെ അറിയിക്കാതിരിക്കാന്‍ സങ്കടം അടക്കിപ്പിടിച്ചു.

മുഖത്ത് ചിരി വരുത്തി. എന്നാല്‍ അവള്‍ എന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ സത്യം മറച്ചുവയ്ക്കാനായില്ല. എല്ലാമറിഞ്ഞപ്പോള്‍ ഭാര്യ ഉമ എന്നെ സമാധാനിപ്പിച്ചു. അവള്‍ നല്‍കിയ ധൈര്യം വളരെ വലുതായിരുന്നു.

Ads by Google
Loading...
TRENDING NOW