Saturday, September 08, 2018 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 17 Dec 2017 08.24 AM

തിരുട്ടുഗ്രാമ കള്ളന്‍മാര്‍ക്കു ജാമ്യത്തില്‍ മുങ്ങാന്‍ അഭിഭാഷകരുടെ തന്ത്രം; ജാമ്യക്കാരായിയെത്തിയ യുവാക്കളെ പോലീസ് രക്ഷപെടുത്തി

uploads/news/2017/12/175418/thiruttu-gramam.jpg

കോട്ടയം: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു കവര്‍ച്ച നടത്തിയ തിരുട്ടുഗ്രാമ കള്ളന്‍മാര്‍ക്കു ജാമ്യത്തില്‍ മുങ്ങാന്‍ അഭിഭാഷകരുടെ തന്ത്രം. അഭിഭാഷകരുടെ ആവശ്യപ്രകാരം ജാമ്യക്കാരായിയെത്തിയ യുവാക്കളെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.

അടിപിടിക്കേസാണെന്നു തെറ്റിധരിപ്പിച്ചാണു കോട്ടയം സ്വദേശികളായ രണ്ടു പേരെ ഹൈക്കോടതി അഭിഭാഷകകര്‍ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യക്കാര്‍ക്ക് അഭിഭാഷകര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. തമിഴ്നാട് ശിവഗംഗയിലെ തിരുട്ടുഗ്രാമസംഘാംഗങ്ങളായ ശെല്‍വരാജ് (50), രാജ് കുമാര്‍ (21) എന്നിവര്‍ക്കു വേണ്ടിയാണ് പള്ളം സ്വദേശികളായ യുവാക്കള്‍ ജാമ്യംനിന്നു വെട്ടിലായത്.

ജൂണ്‍ അഞ്ചിനാണ് തമിഴ്നാട് ശിവഗംഗയില്‍നിന്നുള്ള തിരുട്ട്ഗ്രാമ സംഘം നീറിക്കാട് വീട്ടമ്മയടക്കം അഞ്ചു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയത്. സംഭവദിവസംതന്നെ ശെല്‍വരാജിനെയും രാജ്കുമാറിനെയും പോലീസ് പിടികൂടിയിരുന്നു. ഇതിനുശേഷം കേസ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്കെടുത്തപ്പോള്‍ ഹൈക്കോടതിയില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകരാണ് പ്രതികള്‍ക്കു വേണ്ടി ഹാജരായിരുന്നത്. ഓരോ സിറ്റിങ്ങിനും പതിനായിരങ്ങളാണ് ഇവര്‍ ഫീസായി ഈടാക്കിയിരുന്നതും. ഇതിനിടെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കാമെന്നറിയിച്ചു. എന്നാല്‍, കൃത്യമായി വിലാസം പോലുമില്ലാത്ത പ്രതികള്‍ക്കു ജാമ്യം അനുവദിച്ചാല്‍ ഇത് തുടര്‍ വിചാരണയെ ബാധിക്കുമെന്നു പോലീസ് നിലപാട് സ്വീകരിച്ചു. ഇതോടെ ജില്ലയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ഉറപ്പില്‍ ജാമ്യം അനുവദിക്കാമെന്ന് കോടതി പറഞ്ഞു.

ഇതോടെ പള്ളം സ്വദേശികളായ രണ്ടു പേരെ, മദ്യവും പണവും നല്‍കി സ്വാധീനിച്ച അഭിഭാഷകര്‍ കോടതിയില്‍ എത്തിച്ചു. ഇവര്‍ പ്രതികള്‍ക്കായി ജാമ്യം നില്‍ക്കുകയും ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു. വിവരം പുറത്തറിഞ്ഞതോടെ പോലീസ് സംഘം ജാമ്യക്കാരെ പിന്തുടര്‍ന്നു പിടികൂടി. പ്രതികള്‍ കൊടുംകുറ്റവാളികളാണെന്നും നൂറിലേറെ മോഷണക്കേസുകളില്‍ പ്രതികളാണെന്നും ജാമ്യക്കാരെ ബോധ്യപ്പെടുത്തി. ഇതോടെയാണ്, അടിപിടിക്കേസാണെന്നു തെറ്റിധരിപ്പിച്ചാണ് തങ്ങളെ കോടതിയില്‍ എത്തിച്ചതെന്ന് ഇവര്‍ ഏറ്റുപറഞ്ഞത്. തുടര്‍ന്ന് ഇന്നലെ ഇവര്‍ കോടതിയില്‍ എത്തി ജാമ്യം ഒഴിയുകയാണെന്ന് അറിയിച്ചു. മാപ്പ് പറഞ്ഞ് ഇവര്‍ തുടര്‍നടപടിയില്‍നിന്ന് ഒഴിവാകുകയും ചെയ്തു.

Ads by Google
Sunday 17 Dec 2017 08.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW