Tuesday, November 06, 2018 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 16 Dec 2017 03.20 PM

ഈശ്വരചിന്ത

uploads/news/2017/12/175160/joythi161217a.jpg

ഈശ്വരചിന്തയുള്ളവന്‍ അവന്റെ ജീവിതത്തില്‍ കടന്നുവരുന്ന രോഗങ്ങളും ദുരിതങ്ങളും സന്തോഷത്തോടെ സ്വീകരിക്കും. രോഗദുരിതങ്ങള്‍ ഈശ്വരന്റെ ഒരു വരദാനമായി അവന്‍ കാണുന്നു.

ശരീരത്തെ അമിതമായി സ്‌നേഹിക്കുന്നവര്‍ക്ക് ഇവയെല്ലാം ഒരു ശാപമായി തോന്നിയേക്കാം. രോഗബാധിതനായവന്; തനിക്ക് സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും നിര്‍വ്വഹിക്കാന്‍ സാധിക്കാതെ വരുമ്പോള്‍, ശരീരം ഒരു തടസ്സമായിത്തീരുന്നു.

പക്ഷേ, ഈശ്വരചിന്തയില്‍ മുഴുകി ജീവിക്കുന്ന ഒരാള്‍ക്ക് രോഗങ്ങളും ദുരിതങ്ങളും അനുഗ്രഹമായിട്ടാണ് തോന്നുക. കാരണം അയാള്‍ ആത്മാവിനുള്ളില്‍ കുടികൊള്ളുന്ന ചൈതന്യത്തെ ദര്‍ശിക്കുന്നവനാണ്.

വാതരോഗത്തെ അവഗണിച്ചുകൊണ്ടാണ് 'നാരായണീയം' എഴുതി മേല്‍പ്പത്തൂര്‍ ഭഗവാന് സമര്‍പ്പിച്ചത്. അപ്പോള്‍ അദ്ദേഹത്തിന്റെ രോഗം മാറി. അങ്ങനെ ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഭഗവാനോടുക്കുവാനും അനുഗ്രഹം നേടുവാനും 'നാരായണീയം' അവസരമുണ്ടാക്കി.

പുത്രദുഃഖത്താല്‍ മനോവേദന അനുഭവിച്ചിരുന്ന സമയത്താണ് പൂന്താനം 'ജ്ഞാനപ്പാന' രചിച്ചത്. പൂന്താനത്തിന്റെ ലോകതത്വങ്ങള്‍ അടങ്ങിയ ജ്ഞാനപ്പാന ഇന്ന് അനേകം ഭക്തര്‍ക്ക് ആശ്വാസം നല്‍കുന്നു. അവസാന കാലത്ത് ഭഗവാന്‍ തന്നെ പൂന്താനത്തിനെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മഹാഭാരത കഥയിലെ കഥാപാത്രമായ ഭീഷ്മര്‍ ശരശയ്യയില്‍ക്കിടന്ന് അന്ത്യനാളുകളില്‍ 'വിഷ്ണുസഹസ്രനാമം' ചൊല്ലി പാണ്ഡവരെ പഠിപ്പിച്ചു. സമയമായപ്പോള്‍ ഭീഷ്മര്‍ ഭഗവാനില്‍ സായൂജ്യമടഞ്ഞു.

'വിഷ്ണുസഹസ്രനാമം' ഇന്നും എല്ലാ ഭക്തരും നിത്യവും ചൊല്ലി പുണ്യം നേടുന്നു. പരീക്ഷിത്ത് മഹാരാജാവ് അവസാനാകാലത്ത് ശ്രവിച്ച 'മഹാഭാഗവതം' ലോകത്തിനുവേണ്ടി സമര്‍പ്പിക്കുവാന്‍ ഒരു നിമിത്തമായിത്തീര്‍ന്നു. ഭാഗവതം ശ്രവിക്കുന്നത് മോക്ഷദായകമായ കാര്യമായി ഇന്നും ഭക്തര്‍ വിശ്വസിക്കുന്നു.

ഈ പുരാണകഥാപാത്രങ്ങള്‍ അവരുടെ ശരീരത്തേയും, രോഗദുരിതങ്ങളേയും ദുഃഖങ്ങളേയും മറന്ന് ഭഗവദ് നാമം ചൊല്ലി ആശ്വസിച്ചു. ഭഗവദ് കീര്‍ത്തനങ്ങള്‍ രചിക്കുകയും ലോകത്തിനായി അവര്‍ സമര്‍പ്പിക്കുകയും ചെയ്തു.

അതോടെ ഈശ്വരനില്‍ അവര്‍ ലയിച്ചുചേരുകയാണ് ഉണ്ടായത്. അവര്‍ക്കുണ്ടായ രോഗദുരിതങ്ങള്‍ ഈശ്വര ഭക്തിയിലേക്ക് ആഴ്ന്നിറങ്ങാന്‍ അവരെ സഹായിക്കുകയായിരുന്നു.

നാം സദാ ഈശ്വരാര്‍പ്പണത്തോടെ ജീവിക്കുക. മറ്റുള്ളവരിലെ ഈശ്വര ചൈതന്യത്തെ തിരിച്ചറിയുക. നമുക്ക് ആനന്ദവും, സമാധാനവും താനേ ഉണ്ടാകുന്നതാണ്.

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Ads by Google
Loading...
TRENDING NOW