ശബരിമല: സന്നിധാനത്ത് നടന്ന മാസ്റ്റര്‍ പ്ലാന്‍ ഉന്നത അധികാരസമിതി യോഗത്തില്‍ വനംവകുപ്പിനെതിരേ രൂക്ഷ വിമര്‍ശനം. വനം വകുപ്പിന്റെ നിലപാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചതാ ണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. സന്നിധാനത്ത് തിരക്കുള്ള സമയത്ത് വലിയ നടപ്പന്തലിലൂടെ അപകടകരമായ രീതിയില്‍ തീര്ഥാടകര്ക്കിടയിലൂടെയുള്ള ട്രാക്ടര്‍ യാത്ര ഒഴിവാക്കാന്‍ ആശുപത്രിക്ക് പുറകിലൂടെയുള്ള ട്രാക്ടര്‍ റോഡിന്റെ പണികള്‍ വനം വകുപ്പിന്റെ എതിര്‍പ്പ് മൂലംതടസപ്പെട്ടതാണ് ദേവസ്വം അധികൃതരെ ചൊടിപ്പിച്ചത്.
സ്വാമി അയ്യപ്പന് റോഡിലെ ആറു വളവുകളിലെ ബാരിക്കേഡുകള്‍ പൂര്‍ത്തീകരിക്കണമെന്ന പോലീസിന്റെ നിര്‍ദേശം വനംവകുപ്പ് നിരാകരിച്ചതും ചര്‍ച്ചയായി. തുടര്‍ന്ന് ബാരിക്കേഡ് ചെയ്യാ ന് ദേവസ്വം ബോര്‍ഡിനെ ചുമതലപ്പെടുത്തി. സന്നിധാനത്ത് ടോയ്ലറ്റ് ബ്ലോക്ക് യാതൊരു അറിയിപ്പുമില്ലാതെ പൊളിച്ച് കളഞ്ഞതിനെതിരെ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ രംഗത്ത് വന്നു. എന്നാല്‍ ടോയ്ലറ്റ് ബ്ലോക്ക് പൊളിച്ചത് തങ്ങളല്ലെന്ന് പറഞ്ഞ് വനംവകുപ്പ് മലക്കം മറിഞ്ഞു.
റോപ്പ്വേ നിര്‍മ്മിക്കുന്നതിനായി ഹില്‍ ടോപ്പില്‍ തുടക്ക ഭാഗവും മാളികപ്പുറത്ത് അവസാനിക്കുന്ന ഭാഗവും സര്‍വേ നടത്തി സ്ഥലം നിര്‍ദ്ദേശിക്കണമെന്ന അഭിപ്രായംനടപ്പാക്കാത്തതില് യോഗം അതൃപ്തി രേ ഖപ്പെടുത്തി. നേരത്തെ കഴുതയെ ഒഴിവാക്കുന്നതിനും ട്രാക്ടര്‍ സഞ്ചാരം ഒഴിവാക്കാനും റോപ്പ്വേ വേണമെന്ന് ആദ്യം ആവശ്യം ഉന്നയിച്ചത് വനം വകുപ്പാണെന്ന് പ്രസിഡന്റ് പറഞ്ഞു. 63 ഏക്കര്‍ സ്ഥലമാണ് ഉള്ളതെന്നും വെടിവഴിപാട് നടത്താന്‍ ആറ് ഏക്കര്‍ സ്ഥലം കൂടി അവര്‍ വിട്ട് തന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു.
മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി ചെയര്മാന് ജസ്റ്റീസ് എസ്. സിരിജഗന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡംഗം ശങ്കര്‍ദാസ്, സ്പെഷ്യല്‍ കമ്മിഷണര്‍ മനോജ്, ദേവസ്വം കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ്, എ.ഡി. ജി.പി സുധേഷ് കുമാര്‍, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.കെ.ഭരത് രാജ്, അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അമിത്ത് മല്ലിക്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. ഹാബി, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്വ യോണ്‍മെന്റല്‍ എന്‍ജിനീയര്‍ അലക്സാണ്ടര്‍ ജോര്‍ജ്, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. മനോജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.