Thursday, April 25, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
അഡ്വ.അനില്‍ കുമാര്‍
അഡ്വ.അനില്‍ കുമാര്‍
Thursday 14 Dec 2017 02.32 PM

ഇല്ലാത്ത പണമുണ്ടാക്കി ഭാര്യയെ നഴ്സിംഗ് പഠനത്തിന് അയച്ചു; പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കുടുംബത്തേയും ഉപേക്ഷിച്ച് അവള്‍ ചെയ്തത്

''സ്വന്തം ഭാര്യ മറ്റൊരു പുരുഷന്റെ കൈയും പിടിച്ചു പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നു.''
uploads/news/2017/12/174551/Weeklyfmlycourt141217.jpg

കുടുംബവും അമ്പലവും മാത്രമായി കഴിയുന്ന രാകേഷ് എന്ന യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് എന്നെക്കാണാന്‍ വന്നു. ബന്ധം പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അയാള്‍ വിശദീകരിച്ചു.

''വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാന്‍. അച്ഛന്റെ മരണത്തോടെ പത്താം ക്ലാസില്‍ വച്ച് പഠനം പാതിവഴി ഉപേക്ഷിച്ച് അമ്മയോടൊപ്പം അമ്പലത്തില്‍ കഴക ജോലിയ്ക്ക് പോയി തുടങ്ങി. കുട്ടിക്കാലത്ത് പിച്ചവച്ച് നടന്ന ക്ഷേത്രമുറ്റത്ത് ജോലി ചെയ്യുന്നതില്‍ എനിക്കൊരു അഭിമാനക്കുറവും ഉണ്ടായിരുന്നില്ല.

കുടുംബവും അമ്പലവുമായി ജീവിതം ഒതുങ്ങി. ഉച്ചയ്ക്ക് കുറച്ച് സമയം ഒഴിച്ച് ബാക്കി സമയം മുഴുവന്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചു. അവിടന്നു കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട് ഇളയ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അമ്മയുടെ കാലശേഷം ഞാന്‍ തനിച്ചാകുമെന്ന് പറഞ്ഞ് വിവാഹം കഴിക്കാന്‍ അമ്മ എന്നെ നിര്‍ബന്ധിച്ചു.

എന്നെപ്പോലെ തന്നെ ഒരു സാധാരണ കുടുംബത്തിലെ ആര്‍ച്ച എന്ന പെണ്‍കുട്ടിയെ ഞാന്‍ വിവാഹം കഴിച്ചു. അവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നു. നഴ്‌സിങ് പഠിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ട് അവള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചില്ല.

വിവാഹശേഷം ദൈവം ഞങ്ങള്‍ക്ക് രണ്ടു മക്കളെ തന്നു. അതോടെ ഞങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമായി. ആയിടയ്ക്കാണ് എനിക്ക് പത്തുലക്ഷം രൂപ ലോട്ടറി അടിച്ചത്.

പലപ്പോഴും ആര്‍ച്ച പഠിക്കാനുളള അവളുടെ ആഗ്രഹം പറഞ്ഞിട്ടുണ്ടെങ്കിലും അതിനുളള വരുമാനം ഇല്ലാതിരുന്നതുകൊണ്ട് അത് നിറവേറ്റാന്‍ എനിക്ക് സാധിച്ചില്ല.

അപ്രതീക്ഷിതമായി അത്രയും പണം ലഭിച്ചപ്പോള്‍ അവളെ തുടര്‍ന്ന് പഠിപ്പിക്കാന്‍ തീരുമാനിച്ചു. മൂത്തമോള്‍ക്ക് അഞ്ചും ഇളയയാള്‍ക്ക് രണ്ടും വയസ്സായി. മക്കളുടെ കാര്യം അമ്മ നോക്കിക്കൊളളാമെന്ന് സമ്മതിച്ചു.

ആര്‍ച്ചയുടെ ആഗ്രഹം പോലെ അവളെ നഴ്‌സിങ് പഠിപ്പിക്കാന്‍ ബാംഗ്ലൂരിലേക്ക് അയച്ചു. അതോടെയാണ് എന്റെ ജീവിതം മാറിമറിഞ്ഞത്. ആദ്യമൊക്കെ ലീവിന് വരുമ്പോള്‍ അവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞാലും തീരാത്ത പോലെയായിരുന്നു.

പിന്നീടുളള അവധികള്‍ക്ക് നാട്ടില്‍ വരുമെങ്കിലും ആരോടും അധികം സംസാരിക്കാതെയും മക്കളുടെ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ അവള്‍ ഫോണില്‍ സമയം ചിലവഴിച്ചു. ചോദിക്കുമ്പോള്‍ പഠിക്കാനുളള കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറും.

എല്ലാം നെറ്റില്‍ നിന്ന് നോക്കി പഠിക്കണം എന്നാണ് പറഞ്ഞിരുന്നത്. എനിക്ക് ഇതൊന്നും അറിയാത്തതുകൊണ്ട് അവള്‍ പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിച്ചു. മൂന്നാം വര്‍ഷം ആയപ്പോഴേക്കും വീട്ടിലേയ്ക്കുളള വിളിപോലും വല്ലപ്പോഴുമാക്കി.

എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. മക്കളുടെ കാര്യം പോലും വിളിച്ച് അന്വേഷിക്കാത്തതില്‍ അമ്മ പരിഭവം പറഞ്ഞെങ്കിലും ഞാനത് കാര്യമാക്കിയില്ല.

വീട്ടിലേക്ക് അവള്‍ വിളിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. അങ്ങോട്ട് വിളിച്ചിട്ട് കിട്ടിയുമില്ല. ആര്‍ച്ചയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെയായി. അവള്‍ക്ക് എന്തെങ്കിലും സംഭവിച്ച് കാണുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ബാംഗ്ലൂര്‍ നഗരത്തിലേക്ക് തനിച്ച് പോകാന്‍ എനിക്ക് പേടിയായിരുന്നു.

മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. അതുകൊണ്ട് വീടിനടുത്തുളള സുഹൃത്തിനെയും കൂട്ടി ഞാന്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.

ആര്‍ച്ചയുടെ കോളേജില്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കൂടെ പഠിച്ച സുഹൃത്തുമായി ആര്‍ച്ച ഒന്നിച്ചൊരു ജീവിതം ആരംഭിച്ചു.

ഞാനവളെ കാണാന്‍ ശ്രമിച്ചങ്കിലും എന്നെ കാണാനോ ഞാന്‍ പറയുന്നത് കേള്‍ക്കാനോ അവള്‍ കൂട്ടാക്കിയില്ല. സ്വന്തം ഭാര്യ മറ്റൊരു പുരുഷന്റെ കൈയും പിടിച്ചു പോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. എനിക്കും എന്റെ മക്കള്‍ക്കും ഇനി അവളെ വേണ്ട. എത്രയും പെട്ടെന്ന് ആര്‍ച്ചയുമായുളള ബന്ധം വേര്‍പെടുത്തി തരണം.

മക്കളെ എനിക്ക് വിട്ടുതരണം സാര്‍.'' എന്ന് രാകേഷ് പറഞ്ഞു. ബന്ധം വേര്‍പെടുത്താന്‍ ഇരുകക്ഷികള്‍ക്കും എതിര്‍പ്പില്ലാഞ്ഞതുകൊണ്ട് അധികം വൈകാതെ തന്നെ ഇരുവരും പിരിയുകയും, കോടതി കുട്ടികളെ രാകേഷിന് വിട്ടുകൊടുക്കുകയും ചെയ്തു.

അഞ്ജു രവി

Ads by Google
Ads by Google
Loading...
TRENDING NOW