Thursday, April 25, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 02.28 PM

നിറമുള്ള ഫ്‌ളാഷ് ബാക്ക്

uploads/news/2017/12/174227/Weeklyfrndshp131217.jpg

എന്റെ മനസ്സിലെ വികാരങ്ങള്‍ അതേ തീവ്രതയോടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബന്ധമായിട്ടാണ് സൗഹൃദത്തെ ഞാന്‍ കാണുന്നത്. പറയുന്ന കാര്യങ്ങളില്‍ ചിരിക്കാനുള്ളതുണ്ടെങ്കില്‍ ചിരിക്കുകയും സങ്കടങ്ങളില്‍ പങ്കുകൊള്ളുകയും ആശ്വസിപ്പിക്കുകയും തെറ്റെന്നു തോന്നിയാല്‍ ഉപദേശിക്കുകയും ചെയ്യുന്നവരാകണം സുഹൃത്തുക്കള്‍.

സിനിമയില്‍ നില്‍ക്കുന്ന ബാബുരാജിനെ മാത്രം അറിയുന്നവര്‍ക്ക് അങ്ങനൊരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാന്‍ പരിമിതികളുണ്ട്.അതുകൊണ്ടുതന്നെ എന്നെ അടുത്തറിഞ്ഞ പഴയ സുഹൃത്തുക്കള്‍ക്കാണെപ്പോഴും ജീവിതത്തില്‍ പ്രഥമ സ്ഥാനം.

'മുഖചിത്രം' ഉള്‍പ്പെടെ അനവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ജെ.പള്ളാശ്ശേരിയുടെ അനിയന്‍ ജീവനുമായുള്ള എന്റെ സൗഹൃദം പത്താം വയസ്സില്‍ തുടങ്ങിയതാണ്.

കലാകാരന്മാരുടെ കുടുംബമായതുകൊണ്ട് സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായിരുന്ന അവന് ഐസുമിഠായി വാങ്ങിക്കൊടുത്ത് ഭൃത്യന്റെയും കാര്യസ്ഥന്റെയുമൊക്കെ റോളുകള്‍ ഞാന്‍ തരപ്പെടുത്തുമായിരുന്നു.

അന്നത്തെ നാടകങ്ങളില്‍ കഥാഗതി തിരിച്ചുവിടുന്ന നിര്‍ണായക റോള്‍ മിക്കവാറും പോസ്റ്റ്മാന് ആയിരുന്നതിനാല്‍ ആ വേഷം ചോദിച്ചുവാങ്ങും. അതൊക്കെ കലാരംഗത്തേക്ക് വരാന്‍ ആഗ്രഹം ജനിപ്പിച്ച ഘടകമാണ്.

ഞാന്‍ എട്ടില്‍ പഠിക്കുമ്പോള്‍ ട്യൂഷന്‍ ക്ലാസിലെ പെണ്‍കുട്ടിയോടൊരു ഇഷ്ടം തോന്നി. വീട്ടുകാര്‍ രാജകുമാരിയെപ്പോലെ കൊണ്ടുനടന്ന പെണ്‍കൊച്ചാണ്. പോരാത്തതിന് ഞങ്ങളുടെ നാടായ ആലുവയിലെ അറിയപ്പെടുന്ന ദാദാമാരായ നാലാങ്ങളമാരുടെ ഒറ്റപ്പെങ്ങള്‍.

പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുതന്നെ ഞങ്ങള്‍ അടുത്തു . ഞങ്ങളുടെ ഇഷ്ടം അവളുടെ ചേട്ടന്‍മാരറിഞ്ഞ് ആകെ പുകിലായി. ഒരുവശത്ത് എന്നോടൊപ്പം നാടുവിടാന്‍ തയ്യാറായി ആ പെണ്‍കുട്ടി നില്‍ക്കുമ്പോള്‍ മറുവശത്ത് എന്നെ വെട്ടിക്കൂട്ടി സെപ്റ്റിക് ടാങ്കില്‍ എറിയുമെന്ന് പറഞ്ഞ് അവളുടെ ആങ്ങളമാരും.

അന്ന് എല്ലാവീട്ടിലുമൊന്നും സെപ്റ്റിക് ടാങ്ക് ഇല്ലാതിരുന്നതുകൊണ്ടു പേടിയേക്കാള്‍ ഇതെന്താ സംഭവമെന്ന കൗതുകമാണ് തോന്നിയത്.

uploads/news/2017/12/174227/Weeklyfrndshp131217a.jpg
അഡ്വ. പ്രതാപന്‍

എന്റെ കൂടെ നടന്നാല്‍ അവര്‍ക്കും തല്ലുകിട്ടുമോ എന്നുഭയന്ന് സഹപാഠികള്‍ ഒറ്റപ്പെടുത്തിയപ്പോഴും ഒപ്പം നിന്നത് ജീവന്‍ മാത്രമാണ്. ആ ബന്ധം ഇന്നും നിറം മങ്ങാതെ തുടരുന്നു. പ്രീഡിഗ്രി കാലം തൊട്ട് എന്റെ കൂടെക്കൂടിയ പ്രതാപനെക്കുറിച്ചുകൂടി പറയാതെ എന്റെ സൗഹൃദഗാഥ പൂര്‍ത്തിയാകില്ല.

മലയാളി ആണെങ്കിലും നാഗാലാന്‍ഡില്‍ ജനിച്ചുവളര്‍ന്ന അവനെ തെറിയടക്കമുള്ള മലയാളം പഠിപ്പിച്ചതിന്റെ ക്രെഡിറ്റ് എനിക്കാണ്. കൂടെ നടന്ന് എന്റെ ഇംഗ്ലീഷ് മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമം വിജയിച്ചില്ലെന്നത് വേറെ കാര്യം.

ഒരു വെക്കേഷന്‍ വന്നാല്‍പ്പോലും ഞാന്‍ പോയി നിന്നിരുന്നത് പ്രതാപന്റെ വീട്ടിലാണ്. കാരണം എന്റെ വീട്ടിലന്ന് അത്രയ്ക്ക് സൗകര്യങ്ങളൊന്നുമില്ലായിരുന്നു. എന്നെ ഏറെ വേദനിപ്പിച്ച മഹാരാജാസ് കോളജ്, സന്തോഷങ്ങളും വാരിക്കോരി തന്നിട്ടുണ്ട്.

'എടാ പ്രതാപേ, നീ ഇവിടിരിക്ക്. ഞാനിപ്പോ വരാം' എന്നുപറഞ്ഞ് കോളേജിലെ മരച്ചുവട്ടില്‍ ഇരുത്തി പൊയ്ക്കഴിഞ്ഞാല്‍ അവനാ ഇരിപ്പ് ഞാന്‍ എത്ര വൈകിയാലും അവിടിരിക്കുമായിരുന്നു.

ഫോണൊന്നും ഇല്ലാത്ത കാലമാണ്. വേറെ തിരക്കുകളില്‍പെട്ട് അറിയിക്കാന്‍ കഴിയാതെ വന്നാലോ മറന്നുപോയാലോ ഒന്നും അവന്‍ പരാതിപ്പെട്ടിട്ടില്ല.

അത് ആ കാലഘട്ടത്തിന്റെ ഗുണം കൂടിയാണ്. ഞങ്ങളിലൊരാള്‍ 'ഒന്‍പത് മണിക്ക് നീ കാവിലമ്മ ബസില്‍ കോളേജിന് മുന്‍പില്‍ വരണമെന്നു' പറഞ്ഞാല്‍ ബസിനു പിന്നാലെ ഓടിയും കോണിയില്‍ തൂങ്ങിക്കിടന്നുമൊക്കെ ആ വാക്ക് പാലിക്കുമായിരുന്നു. മൊബൈല്‍ഫോണ്‍ വന്നതോടെ മുഴുവന്‍ കള്ളത്തരമായി.

അതുപോലെ മറ്റൊരു കാര്യം എന്താണെന്നുവെച്ചാല്‍ ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കൂട്ടത്തിലൊരാള്‍ക്കൊരു പ്രശ്‌നമെന്ന് കണ്ടാല്‍, പ്രശ്‌നം ആരുടേതായാലും അത് സ്വന്തം എന്ന രീതിക്ക് ഏറ്റെടുത്ത് പരിഹാരത്തിനായി ശ്രമിച്ചിരുന്നു.

ഇന്നത്തെ തലമുറ അങ്ങനെയല്ല.പ്രശ്‌നത്തില്‍പ്പെട്ടവന്റെ ഫോണ്‍ നമ്പര്‍ കണ്ടാല്‍പ്പോലും അവര്‍ എടുക്കാന്‍ മനസ്സുകാണിച്ചെന്നുവരില്ല. നിസ്വാര്‍ത്ഥമായ ആ പഴയ സൗഹൃദം നമ്മുടെ ക്യാമ്പസുകളില്‍ തിരികെ വരണമെന്നാണ് എന്റെ ആഗ്രഹം.

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യാത്ത തെറ്റിന് കൊലപാതകക്കുറ്റം ചുമത്തി ജയില്‍വാസം അനുഭവിച്ചവനാണ് ഞാന്‍.

uploads/news/2017/12/174227/Weeklyfrndshp131217a1.jpg

അങ്ങനെ തീച്ചൂളയില്‍ ചവിട്ടി നിന്നപ്പോള്‍ ബന്ധുക്കള്‍ പോലും അവിശ്വസിച്ച സന്ദര്‍ഭത്തില്‍ എന്നെ വിശ്വസിക്കുകയും നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടതൊക്കെ ചെയ്ത് കൂടപ്പിറപ്പുകളെക്കാള്‍ കരുതലോടെ ഓടിനടന്നവരാണ് ജീവനും പ്രതാപനും.

വാണിയുമായുള്ള വിവാഹത്തിനും ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. തിരുപ്പതിയില്‍വെച്ചുനടന്ന താലികെട്ടിനും എന്റെ കൂട്ടുകാരാണ് മുന്‍പന്തിയില്‍ നിന്നത്.

വാണി അങ്ങനെ ആത്മാര്‍ത്ഥ സൗഹൃദം അനുഭവിച്ചറിഞ്ഞ വ്യക്തി അല്ലാത്തതുകൊണ്ട് ആദ്യമൊക്കെ ഞാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുന്ന സ്ഥാനത്തേയും പരിഗണനയെയും ചൊല്ലി സൗന്ദര്യപ്പിണക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പിന്നെ പിന്നെ അവള്‍ക്ക് കാര്യം മനസ്സിലായി. അവളുടെ പിന്തുണകൂടി ഉള്ളതുകൊണ്ടാണ് എന്റെ സൗഹൃദങ്ങള്‍ ശക്തമായിത്തന്നെ തുടരുന്നത്.

മീട്ടു റഹ്മത്ത് കലാം

Ads by Google
Wednesday 13 Dec 2017 02.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW