കണ്ണിലെ കൃഷ്ണമണി പോലെയാണ് ഓരോ അമ്മയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. അതുകൊണ്ട് പൊന്നോമനയ്ക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാല്‍പോലും അമ്മമാര്‍ക്ക് ആധിയാണ്. നവജാത ശിശുക്കളില്‍ ഈ കാണുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കാര്യമാക്കാതെ പോകരുത്...
1 ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വിശപ്പില്ലായ്മ, കുഞ്ഞിന് തൂക്കം വര്‍ദ്ധിക്കാതിരിക്കുക, പനി, ചര്‍മ്മത്തില്‍ തടിപ്പുകള്‍, തൊണ്ടവേദന, കഴുത്തിലെ ഗ്രന്ഥികള്‍ക്ക് വീക്കം, മൂത്രത്തിന് കടുത്ത നിറം എന്നിവ കണ്ടാല്‍ ഗുരുതരമായ രോഗസൂചനകളായി കണ്ട് ഡോക്ടറെ കാണിക്കണം.
2 കുഞ്ഞ് ഉറങ്ങുമ്പോള്‍ വായ് തുറന്നുവയ്ക്കുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കുഞ്ഞിനു മൂക്കടപ്പ്, ടോണ്‍സിലൈറ്റിസ് എന്നിവ ഉണ്ടോ എന്നു പരിശോധിക്കണം. അണ്ണാക്കിനു പിന്നിലായി കാണുന്ന അഡിനോയിഡുകള്ക്കുണ്ടാകുന്ന വീക്കം മൂലവും കുട്ടി വായ് തുറന്നുവച്ച് ശ്വാസമെടുക്കാം.
3 കൂടെക്കൂടെയുളള പനി അണുബാധകളുടെ ലക്ഷണങ്ങളാണ്. മൂത്രാശയ അണുബാധകൊണ്ടും പനിവരാം. അതിനാല്‍ എത്രയും വേഗം പനിക്കുളള യഥാര്‍ത്ഥ കാരണം കണ്ടെത്തണം.
4 ജനിച്ചിട്ട് മൂന്നുമാസം തികയാത്ത കുട്ടികളില്‍ പനി ഉണ്ടാവുന്നത് നിസാരമായി കരുതരുത്. 101 ഡിഗ്രിയ്ക്ക് മുകളില്‍ ഉളള പനി ആണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
5 പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി, വയറു വേദന എന്നിവയെല്ലാം മഞ്ഞപിത്തത്തിന്റെ ആരംഭലക്ഷണങ്ങളാകാം.
6 കുട്ടി ഇടയ്ക്കിടെ ചെവിയില്‍ പിടിച്ച് വലിക്കുക, രാത്രിയില്‍ ഉറങ്ങാന്‍ കഴിയാതിരിക്കുക, ചെവിയില്‍നിന്ന് ദ്രാവകം ഒലിച്ചിറങ്ങുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടണം. മധ്യകര്‍ണത്തിലെ അണുബാധയാകാം ഇതിനു കാരണം.