Thursday, April 25, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 11 Dec 2017 04.26 PM

അമ്മ എന്ന ജീവിതപുസ്തകം

uploads/news/2017/12/173567/Weeklyanubhavapacha111217a.jpg

എന്റെ അമ്മ ചേര്‍ത്തല സുമതി ഒന്‍പതാമത്തെ വയസ്സില്‍ നാടകരംഗത്തെത്തിയ ആളായിരുന്നു. അന്നത്തെക്കാലത്ത് ഈ രംഗത്ത് വനിതകളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നതിനാലും അമ്മയ്ക്ക് പാടിയഭിനയിക്കാന്‍ കഴിവുണ്ടായിരുന്നതിനാലും ധാരാളം അവസരങ്ങള്‍ വന്നുചേര്‍ന്നു.

കുടുംബം പുലര്‍ത്താനായി അമ്മ വേദികളില്‍നിന്ന് വേദികളിലേക്ക് പറന്നുകൊണ്ടിരുന്നു. ഞങ്ങളെ പ്രസവിച്ചതിന്റെ അമ്പതാം ദിവസം സ്‌റ്റേജിന്റെ അടിയില്‍ തൊട്ടില്‍ കെട്ടി, അതില്‍ കിടത്തിയിട്ട് മുകളില്‍ പോയി അഭിനയിച്ചിട്ടുണ്ട്.

അക്കാലത്ത് കലാരംഗത്ത്, വനിതകള്‍ നേരിടേണ്ടിവരുന്ന കയ്പ്പുനീര് നുകരേണ്ടിവന്ന സ്ത്രീയായിരുന്നു അമ്മ. അതുകൊണ്ടുതന്നെ അമ്മയ്ക്ക്, മക്കളെ അഭിനയരംഗത്തേക്കു വിടരുതെന്ന നിര്‍ബന്ധബുദ്ധി ഉണ്ടായിരുന്നു.

അതിന്റെ പ്രേരണയെന്നോണം ഞാനും അഭിനയരംഗത്തേക്കു വരില്ലെന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ ചില നിയോഗങ്ങള്‍ ഒടുവില്‍ എന്നെ ഈ രംഗത്തുതന്നെ കൊണ്ടെത്തിച്ചു.

ഒരു വേഷത്തിന് ആരെയും കിട്ടാതെ വന്നപ്പോഴാണ് കൊച്ചിന്‍ സംഗമിത്രയിലെ സതീഷേട്ടന്‍ എന്നെ കാണുകയും ഞാന്‍ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് വീട്ടില്‍ വന്നു പറയുകയും ചെയ്തത്. ട്രൂപ്പിന്റെ ആവശ്യം പരിഗണിച്ച് മനസ്സില്ലാമനസോടെ അച്ഛന്‍ സമ്മതിച്ചു.

എന്റെ അഭിനയം വലിയ ജനസമ്മതി നേടുകയും തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം നാടകങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങുകയും ചെയ്തു. അങ്ങനെ അഭിനേതാക്കളായി ഞാനും അമ്മയും, ഗായികയായി ചേച്ചിയും ഒരേ ട്രൂപ്പില്‍ ജോലി ചെയ്തു.

ഒരു കുടുംബത്തില്‍നിന്ന് ഞങ്ങള്‍ മൂന്നുപേര്‍ക്കും സംസ്ഥാന അവാര്‍ഡ് കിട്ടിയത് മലയാള നാടകചരിത്രത്തിലെ ആദ്യസംഭവമായിരുന്നു.

അങ്ങനെ തിരക്കിലൂടെ സഞ്ചരിക്കുന്ന സമയത്താണ് അമ്മയ്ക്ക് ചെറുതായിട്ട് ഒരു നെഞ്ചുവേദന അനുഭവപ്പെടുന്നത്. അമ്മ അത് കാര്യമായെടുത്തില്ല. മുരിങ്ങയിലയും ഉപ്പും അരച്ച് നെഞ്ചത്തിടും. നീര്‍ക്കെട്ടാെണന്നും വലിഞ്ഞുപോകുമെന്നും പറയും.

ഒരുദിവസം നാടകംകഴിഞ്ഞ് രാത്രി കിടന്നുറങ്ങിയപ്പോള്‍ ബാത്ത്‌റൂമില്‍ നിന്ന് 'മക്കളേ' എന്നൊരു വിളികേട്ട് ഞാന്‍ അങ്ങോട്ടു ചെന്നു. അമ്മയുടെ മാറിടത്തിലെ ചില സ്ഥലങ്ങളില്‍ ഉള്ളിലേക്കു കുഴിഞ്ഞിരിക്കുന്നു. പിറ്റേദിവസം ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ഡോക്ടര്‍ വിധിയെഴുതി, സ്തനാര്‍ബുദം.

സെക്കന്‍ഡ് സ്‌റ്റേജ് ആണെന്നും പറഞ്ഞു. അന്നാണെങ്കില്‍ പെസഹാവ്യാഴം ആണ്, പച്ചാളത്ത് നാടകമുണ്ട്. പിറ്റേന്നു ദുഃഖവെള്ളി, ഇല്ല. പിന്നെ ശനിയാഴ്ചയും കൊല്ലത്ത് നാടകം.

കാന്‍സര്‍ ആണെന്നറിഞ്ഞ അവസ്ഥയിലും അമ്മയ്ക്കു വിശ്രമിക്കാനാവില്ല. ചുരുങ്ങിയ മണിക്കൂറില്‍ മറ്റൊരാളെ അമ്മയ്ക്കു പകരം കണ്ടെത്താനാവില്ല. ആ വേദനയിലും അമ്മ നാടകം കളിച്ചു. പിറ്റേന്നു രാവിലെ തന്നെ ആര്‍.സി.സിയില്‍ പോയി സര്‍ജറി നടത്തി.

അമ്മയുടെ റോളില്‍ പിറ്റേദിവസത്തേക്ക് സൗദാമിനി എന്ന ചേച്ചിയെ വരുത്തി റിഹേഴ്‌സല്‍ നടത്തി. ശനിയാഴ്ചത്തെ നാടകത്തില്‍ എനിക്കുംഅഭിനയിക്കേണ്ടതുണ്ട്. അന്നത്തെ സാമ്പത്തികാവസ്ഥയില്‍ എനിക്കും മാറിനില്‍ക്കാനാവില്ല. എറണാകുളത്തുനിന്ന് അവര്‍ ട്രൂപ്പിന്റെ വണ്ടിയില്‍ വരും.

ഞങ്ങള്‍ തിരുവനന്തപുരത്തു നിന്ന് കൊല്ലത്തു പോയി ജോയിന്‍ ചെയ്യാമെന്നും തീരുമാനിച്ചു. കാരണം, അമ്മയെ ഒരു ടാക്‌സി വിളിച്ച് വീട്ടിലേക്കയയ്ക്കാന്‍ പണമില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ കൊല്ലത്ത് ട്രൂപ്പിനെ കാത്തിരുന്നു.

അവര്‍ വന്നപ്പോള്‍ വണ്ടിയില്‍ അമ്മയെ സുരക്ഷിതമായി ഇരുത്തി. സതീശേട്ടനോട് സൗദാമിനി ച്ചേച്ചിയെ തിരക്കിയപ്പോഴാണ് അറിഞ്ഞത്, ചേര്‍ത്തലയില്‍ നിന്ന് ചേച്ചിയെ കയറ്റാന്‍ അവര്‍ മറന്നിരിക്കുന്നു. ആ സമയം നല്ല ഉറക്കത്തിലായിരുന്നതിനാല്‍ ചേച്ചി കൈകാണിച്ചത് ആരും കണ്ടില്ല. ഇന്നത്തെപ്പോലെ അന്ന് മൊബൈല്‍ഫോണ്‍ ഒന്നുമില്ലല്ലോ.

എല്ലാവരും തകര്‍ന്നു നില്‍ക്കുമ്പോള്‍ അമ്മ പറഞ്ഞു, 'സതീശേ, ഞാന്‍ അഭിനയിക്കാം.' ഞാന്‍ ഞെട്ടിപ്പോയി. തലേദിവസം കാന്‍സറിന്റെ സര്‍ജറി കഴിഞ്ഞിരിക്കുകയാണ് അമ്മ. ഞാന്‍ വിലക്കി.

അമ്മ പറഞ്ഞു: 'ഞാനും നീയും ഇതുവരെ തിന്നതു നാടകത്തില്‍ നിന്നുള്ള ചോറാണ് മോളേ, ഞാന്‍ ഇന്നീ തട്ടില്‍ മരിച്ചുവീണാലും സാരമില്ല, നാടകം മുടങ്ങാന്‍ പാടില്ല.' അങ്ങനെ അമ്മ അരങ്ങില്‍ കയറി.

സര്‍ജറിയുടെ ബാക്കിയായി അമ്മയുടെ മാറിടത്തില്‍നിന്ന് ഒരു ട്യൂബ് അകത്തേക്ക് ഇട്ടിരുന്നു. അതിലൂടെ വരുന്ന രക്തം മാറില്‍ത്തന്നെ തൂക്കിയ ഒരു പ്ലാസ്റ്റിക് ബാഗില്‍ ശേഖരിച്ചിരുന്നു.

അഭിനയിക്കുമ്പോള്‍, ഓരോ തവണ കൈ പൊക്കുമ്പോഴും ആ ബാഗും പൊങ്ങി അതിലെ രക്തം അമ്മയുടെ വസ്ത്രത്തിലാകെ പടരുന്നത് പിന്നിലെ കര്‍ട്ടന്റെ ചെറിയ വിടവിലൂടെ ഞാന്‍ കണ്ടു.

എന്നാല്‍ അമ്മയുടെ മുഖത്ത് വേദനയുടെ ലാഞ്ഛനപോലും ഇല്ലായിരുന്നു. അവിടെ ഞാന്‍ കണ്ടത് തൊഴിലിനോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന, മാനസികവ്യഥയും നെഞ്ചുകീറുന്ന വേദനയും അനുഭവിച്ചുകൊണ്ട് അവിടെ തിങ്ങിനിറഞ്ഞ ജനങ്ങളുടെ ആസ്വാദനത്തിനായി നിലകൊണ്ട അമ്മ എന്ന പാഠപുസ്തകത്തെയായിരുന്നു.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW