Saturday, September 08, 2018 Last Updated 14 Min 34 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Friday 08 Dec 2017 12.32 PM

നവംബര്‍ 30ന് രാവിലെയുള്ള ബുള്ളറ്റിനില്‍ കേരളത്തിന് ചുഴലി മുന്നറിയിപ്പെന്ന സൂചന പോലുമില്ല; പ്രതിപക്ഷനീക്കം വര്‍ഗ്ഗീയ-രാഷ്ട്രീയ മുതലെടുപ്പിനെന്ന് സി.പി.എം

പത്രസമ്മേളനത്തില്‍ ഓഖി ചുഴലികാറ്റുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളെല്ലാം തന്നെ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ഏജന്‍സിയേയൂം സര്‍ക്കാരിനെയും പിന്തുണച്ച് സംസ്ഥാനത്തെ നാണംകെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സി.പി.എം ആരോപിക്കുകയും ചെയ്യുന്നു.
Ockhi cyclone

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് നവംബര്‍ 30 രാവിലെ 8.30ന് തന്നെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വാദം രാഷ്ട്രീയലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍. കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തില്‍ ഓഖി ചുഴലികാറ്റുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളെല്ലാം തന്നെ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ഏജന്‍സിയേയൂം സര്‍ക്കാരിനെയും പിന്തുണച്ച് സംസ്ഥാനത്തെ നാണംകെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് സി.പി.എം ആരോപിക്കുകയും ചെയ്യുന്നു.

നവംബര്‍ 30 രാവിലെ 8.30ന് തന്നെ ചുഴലിക്കാറ്റ് സംബന്ധിച്ച് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയെന്നാണ് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് പ്രസ്താവിച്ചത്. ബി.ഒ.ബി 7/2017 ആയി നല്‍കിയ ബുള്ളറ്റിനില്‍ ചുഴലിയെക്കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നുവെന്നും നാലുമണിക്കൂര്‍ വൈകിച്ച് കേരളം രക്ഷാപ്രവര്‍ത്തനത്തിനെ അട്ടിമറിച്ചുവെന്ന നിലയിലുമുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. എന്നാല്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നവംബര്‍ 30 രാവിലെ എട്ടരയ്ക്ക് ബി.ഒ.ബി 7/2017 ആയി ഇറക്കിയ ബുള്ളറ്റിനില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നില്ല. ലക്ഷദ്വീപിലാണ് ചുഴലിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നത്. കേരളത്തില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍കാറ്റുവീശുമെന്ന് മാത്രമായിരുന്നു അറിയിപ്പ്. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഈ മുന്നറിയിപ്പിന്റെ ബലത്തില്‍ സംസ്ഥാനസര്‍ക്കാരിന് ഒരു മുന്നൊരുക്കം നടത്താന്‍ കഴിയില്ലെന്ന് മാത്രമല്ല, നടപടി സ്വീകരിക്കാനുമാവില്ല. 61 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റുവീശുമെന്ന അറിയിപ്പുണ്ടെങ്കില്‍ മാത്രമേ ഏത് സംസ്ഥാനത്തിനും ചുഴിയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളു.

അതിന് താഴെ എത്ര വേഗതയാണെങ്കിലൂം സാധാരണനിലയിലുള്ള നടപടികള്‍ മാത്രമേ പറ്റുകയുള്ളു. കടല്‍ പ്രക്ഷൂബ്ധമായിരിക്കുമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും ഉപദേശവും അതിലുണ്ടായിരുന്നുവെന്ന് വാസ്തവമാണ്. അതിന്റെ അടിസ്ഥാനത്തില്‍ മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുതെന്ന് പറയാന്‍ മാത്രമേ കഴിയുമായിരുന്നുള്ളു. ആ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അന്നുതന്നെ പുറത്തിറങ്ങിയ ചില മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള അറിയിപ്പുമുണ്ടായിരുന്നു. ഇത്തരം അറിയിപ്പ് സാധാരണനിലയില്‍ കേന്ദ്രകാലാവസ്ഥനിരീക്ഷണകേന്ദ്രത്തില്‍ നിന്നും ലഭിക്കാറുള്ളതുമാണ്.

മാത്രമല്ല, ആ ബുള്ളറ്റിനോടൊപ്പം ഉപഗ്രഹചിത്രങ്ങളുമുണ്ടായിരുന്നു. ആ ഉപഗ്രഹചിത്രത്തിലൊന്നും തന്നെ കേരളത്തില്‍ ചുഴലിയുടെ സൂചനയുണ്ടായിരുന്നില്ല. ചൂഴലിയുടെ പാതതന്നെ കേരളത്തില്‍ നിന്നും വളരെ അകലെയുമായിരുന്നു. ഇത്തരത്തിലുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സാധാരണനിലയില്‍ മാത്രമേ ഏതൊരു സര്‍ക്കാരിനും പ്രവര്‍ത്തിക്കാനാകുകയുള്ളുവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം അടിത്തറ നഷ്ടപ്പെട്ട യു.ഡി.എഫ് കിട്ടുന്ന എല്ലാ അവസരങ്ങളിലും വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിച്ച് സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം ആരോപിക്കുന്നു. എല്ലാവിഷയവും യു.ഡി.എഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് വര്‍ഗ്ഗീയമായാണ് മുതലാക്കുന്നത്. അവരുടെ നിലപാടുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങള്‍ കൈവിട്ട സാഹചര്യത്തില്‍ അത് എങ്ങനെ മടക്കികൊണ്ടുവരാമെന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം ഈ ദുരന്തത്തിന് ഉത്തരവാദികളായ കേന്ദ്രത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും സംസ്ഥാന കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇത്രയും ദുരന്തമുണ്ടായിട്ട് പ്രധാനമന്ത്രിപോലും കേരളത്തെ അവഗണിച്ചു. എന്നിട്ടുപോലും ഒന്ന് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെന്ന പരാതിയും സി.പി.എം മുന്നോട്ടുവയ്ക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW