Tuesday, October 16, 2018 Last Updated 25 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 08.27 AM

പലസ്തീനില്‍ വിപ്ലവ പ്രഖ്യാപനം ; യു.എന്‍. രക്ഷാസമിതി ഇന്നു യോഗം ചേരും

uploads/news/2017/12/172664/palasthiner.jpg

ജറുസലേം: ചരിത്രനഗരമായ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ പലസ്തീനില്‍ പ്രതിഷേധം ആളിക്കത്തുന്നു. പ്രഖ്യാപനത്തിനെതിരേ പൊതുപണിമുടക്ക് നടത്തി പ്രതിഷേധിച്ച പലസ്തീന്‍ പുതിയ വിപ്ലവത്തിന് (ഇന്‍തിഫാദ) ആഹ്വാനം ചെയ്തു. ഇതോടെ സ്വതേഅശാന്തമായ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകള്‍ ശക്തമായി.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കൂടുതല്‍ െസെനികരെ വിന്യസിച്ചു തുടങ്ങി. വെറ്റ് ബാങ്ക് നഗരമായ റമല്ലയില്‍ വമ്പന്‍ പ്രതിഷേധ റാലിക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. പലസ്തീന്റെ തന്നെ ഭാഗമായ ഗാസ മുനമ്പില്‍ ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പടുകൂറ്റന്‍ പ്രകടനം അരങ്ങേറി. ഇസ്രയേലിന്റെയും അമേരിക്കയുടെയും പതാകകള്‍ കത്തിച്ച പ്രതിഷേധക്കാര്‍ ഇരു രാജ്യങ്ങള്‍ക്കും സര്‍വനാശം ഉണ്ടാകണമെന്നും മുദ്രാവാക്യം മുഴക്കി.

കിഴക്കന്‍ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീന്‍കാരുടെ ഉടമസ്ഥതയിലുള്ള കടകളും സ്ഥാപനങ്ങളും പൊതുപണിമുടക്കിന്റെ ഭാഗമായി അടച്ചിട്ടു. സ്‌കൂളുകളുള്‍പ്പടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. ട്രംപിന്റെ തീരുമാനത്തെ വാനോളം പുകഴ്ത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ജറുസലേമിന്റെ സുദീര്‍ഘ ചരിത്രത്തിനൊപ്പം ട്രംപിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടുമെന്നു പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനത്തോടെ ജറുസലേമിന്റെ പദവി സംബന്ധിച്ച് ഏഴു പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വത്തിനും അമേരിക്ക വിരാമമിട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നത്.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമീപനത്തിന്റെ തുടക്കമെന്നാണ് തന്റെ തീരുമാനത്തെ ട്രംപ് വിശേഷിപ്പിക്കുന്നത്. പുതിയ വിപ്ലവത്തിന് സമയമായെന്നു ഗാസയില്‍ നടത്തിയ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ പ്രഖ്യാപിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലെ പ്രധാനമധ്യസ്ഥന്‍ എന്ന സ്ഥാനത്തുനിന്ന് അമേരിക്ക അയോഗ്യമാക്കപ്പെട്ടെന്നായിരുന്നു ഇതുസംബന്ധിച്ച് പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബ്ബാസിന്റെ പ്രതികരണം.

നീതികരിക്കാനാവാത്തതെന്നും ഉത്തരവാദിത്തരഹിതമെന്നുമായിരുന്നു നീക്കത്തെ സൗദി അറേബ്യ വിശേഷിപ്പിച്ചത്. അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവരും ട്രംപിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇന്നു നടക്കുന്ന യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് അടിയന്തര യോഗം വിളിക്കണമെന്നു ബ്രിട്ടനും ഫ്രാന്‍സും ഇറ്റലിയുമടക്കം എട്ടു രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ക്കണമെന്ന് ജോര്‍ദാനും പലസ്തീനും ആവശ്യപ്പെട്ടു. അറബ് ലോകത്ത് അമേരിക്കയുമായി ഏറ്റവുമടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജോര്‍ദാന്‍.

ടെല്‍ അവീവില്‍നിന്ന് അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനും ഏറെ പ്രധാന്യമുണ്ട്. ബില്‍ €ിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക് ഒബാമ തുടങ്ങിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരൊന്നും െധെര്യപ്പെടാത്ത നടപടിക്കാണ് ട്രംപ് മുതിര്‍ന്നത്.

സമാനമായ വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇവരെല്ലാം സ്ഥിതിഗതികളുടെ ഗുരുതര സ്വഭാവം പരിഗണിച്ച് നയത്തില്‍ പിന്നീട് വെള്ളം ചേര്‍ക്കുകയായിരുന്നു. 1967 ലെ ആറു ദിന യുദ്ധത്തിലാണ് അറബ് നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ ജറുസലേമിനെ ഇസ്രയേല്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഈ പ്രദേശത്തെ ഇസ്രയേലിന്റെ ഭാഗമായി പ്രഖ്യാപിച്ചെങ്കിലും രാജ്യാന്തര സമൂഹം ഇതുവരെ ഇതംഗീകരിച്ചിട്ടില്ല. പലസ്തീന്‍ വിഭാവനം ചെയ്യുന്ന രാജ്യത്തിന്റെ പ്രഖ്യാപിത തലസ്ഥാനമാണ് കിഴക്കന്‍ ജറുസലേം.

ജറുസലേമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ പശ്ചിമേഷ്യന്‍ നയംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ യു.എന്‍. രക്ഷാസമിതി ഇന്നു യോഗം ചേരും. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാന്‍സും താല്‍ക്കാലിക അംഗങ്ങളായ ബൊളീവിയ, ഈജിപ്ത്, ഇറ്റലി, സെനഗല്‍, സ്വീഡന്‍, യുറുഗ്വേ എന്നിവരുടെ സംയുക്ത ആവശ്യപ്രകാരമാണു യോഗം. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് യോഗത്തില്‍ സംസാരിക്കുമെന്നാണു കരുതുന്നത്. ജറുസലേമിനെച്ചൊല്ലിയുള്ള തര്‍ക്കം ഇസ്രയേലും പലസ്തീനും നേരിട്ടുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണെന്ന് ഗുട്ടറെസ് നേരത്തേ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഏതെങ്കിലും ഭാഗത്തുനിന്നുള്ള ഏകപക്ഷീയമായ നടപടി ഇസ്രയേല്‍-പലസ്തീന്‍ സമാധാന സാധ്യതയെ അട്ടിമറിക്കുമെന്ന നിലപാടാണ് എപ്പോഴുമുണ്ടായിരുന്നത്. യു.എന്‍. പൊതുസഭയുടെയും രക്ഷാസമിതിയുടെയും നിലപാടുകള്‍ കൂടി കണക്കിലെടുത്ത് ഇസ്രയേലും പലസ്തീനും തമ്മിലാണു പ്രശ്‌നം പരിഹരിക്കേണ്ടത്. തര്‍ക്കപരിഹാരത്തിനു മറ്റൊരു വഴിയില്ല- ഗുട്ടറെസ് ആവര്‍ത്തിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW