Tuesday, October 16, 2018 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 07.34 AM

റോസാ മിസ്റ്റിക്കയും യഹോവ സാക്ഷിയും നിറയെ മീനുകളുമായി തിരിച്ചെത്തി ; ഓഖിയോ അതെന്താണെന്ന് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍

uploads/news/2017/12/172656/boat.jpg

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിനു മുമ്പ് കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട 45 ബോട്ടുകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല അഞ്ഞൂറോളം തൊഴിലാളികളാണ് ഇവയിലുള്ളത്. അതേസമയം, മഹാരാഷ്ട്ര തീരത്ത് മത്സ്യബന്ധനത്തിലായിരുന്ന റോസാ മിസ്റ്റിക്ക, യഹോവ സാക്ഷി എന്നീ ബോട്ടുകള്‍ നിറയെ കേര മത്സ്യവുമായി കൊച്ചിയില്‍ തിരിച്ചെത്തി. കേരള, തമിഴ്‌നാട് തീരങ്ങളില്‍ നാശംവിതച്ച ഓഖിയെപ്പറ്റി തീരമണഞ്ഞപ്പോഴാണ് ഇവര്‍ അറിയുന്നത്.

തിരമാലകള്‍ ശക്തമായിരുന്നെങ്കിലും കാര്യമായ ബുദ്ധിമുട്ട് നേരിട്ടില്ലെന്നു തൊഴിലാളികള്‍ പറഞ്ഞു. 13 മലയാളികള്‍ ഉള്‍പ്പെടെ 29 തൊഴിലാളികളാണ് രണ്ട് ബോട്ടിലുമായി ഉണ്ടായിരുന്നത്. കൊച്ചിയില്‍നിന്നുള്ള ഒന്‍പത് ബോട്ടുകള്‍ മംഗലാപുരം, ഗുജറാത്ത്, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എത്തിയതായി വിവരം ലഭിച്ചു. എന്നാല്‍, കടലാക്രമണത്തില്‍ തകര്‍ന്നതായി രക്ഷപ്പെട്ടെത്തിയ തൊഴിലാളികള്‍ അറിയിച്ച ഗ്രീഷ്മ, തുഴല്‍ അന്തോണിയാന്‍ ഒന്ന്, വിജോവിന്‍, താജ് മഹല്‍, ആവേ മരിയ, സെന്റ് പീറ്റര്‍ പോള്‍, മാതാ ബോട്ടുകളെ സംബന്ധിച്ചോ അതിലെ തൊഴിലാളികളെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കണമെന്നും ഇതര സംസ്ഥാനങ്ങളിലെ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബോട്ടുകളെ കൊച്ചിയിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നും ലോങ് െലെന്‍ ആന്‍ഡ് ഗില്‍ നെറ്റ് ഏജന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൂത്തുക്കുടിയില്‍ നിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഐലന്റ് ക്യൂന്‍, ദിവ്യ ബോട്ടുകള്‍ ഇന്നലെ തോപ്പുംപടി ഹാര്‍ബറിലെത്തി. 18 തൊഴിലാളികളാണ് രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്നത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കപ്പല്‍ഗതാഗതം നിര്‍ത്തിവച്ചതോടെ കോഴിക്കോട് ലോഡ്ജുകളില്‍ കഴിയുകയായിരുന്ന ലക്ഷദ്വീപ് സ്വദേശികള്‍ നാട്ടിലേക്കു മടങ്ങി. ബേപ്പൂരില്‍നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട കപ്പലിലായിരുന്നു മടക്കം. ബേപ്പൂരില്‍നിന്നു കാണാതായ മിറാന്‍ഡ ബോട്ട് ഗോവയ്ക്കു സമീപം കണ്ടെത്തിയതായി ജില്ലാ ഭരണകൂടത്തിനു വിവരം ലഭിച്ചു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരാണ്. കുടിവെള്ളവും ഭക്ഷണവും താമസിക്കാനുള്ള വാസസ്ഥലവും ഒരുക്കി ലക്ഷദ്വീപില്‍ നാവികസേന പുനരധിവാസപ്രവര്‍ത്തനം ഊര്‍ജിതമാക്കി. കവരത്തിയില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു. കുട്ടികളടക്കം നൂറുകണക്കിനുപേരാണു ക്യാമ്പില്‍ എത്തിയത്.

ബിസ്‌കറ്റ്, കുടിവെള്ളം എന്നിവയും വിതരണം ചെയ്തു. അവശ്യമരുന്നുകളും എത്തിച്ചുനല്‍കി. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭ്യര്‍ഥനപ്രകാരമാണു നാവികസേന മിനിക്കോയിയിലും കവരത്തിയിലും ക്യാമ്പുകള്‍ തുറന്നത്. 12,500 ലിറ്റര്‍ കുടിവെള്ളവും വിതരണം ചെയ്തു. താല്‍ക്കാലിക വാസഗൃഹങ്ങള്‍ ഉണ്ടാക്കാനുള്ള സാധനസാമഗ്രികളും ലഭ്യമാക്കി. തീരദേശങ്ങളില്‍ കടല്‍വെള്ളം അടിച്ചുകയറി നാശനഷ്ടമുണ്ടായ ഇടങ്ങള്‍ കേന്ദ്രീകരിച്ചാണു നാവികസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു സേനാ വക്താവ് കമ്മഡോര്‍ ശ്രീധര്‍ വാര്യര്‍ അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW