Sunday, July 22, 2018 Last Updated 18 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.43 AM

പുതിയ ത്രീസ്‌റ്റാര്‍ ബാറില്ല; ടൂറിസത്തിന്‌ ഇളവുണ്ടാകും

uploads/news/2017/12/172623/k4.jpg

കൊച്ചി : പുതിയ ത്രീ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കിയേക്കില്ല. ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ലൈസന്‍സ്‌ കടുപ്പമാകും. ടൂറിസം മേഖലയില്‍ മാത്രം കൂടുതല്‍ ബാറുകള്‍ മതിയെന്ന നിലപാടും ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുന്ന പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്‌. എന്നാല്‍, നിലവില്‍ പ്രവര്‍ത്തിക്കുന്ന ത്രീ, ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ക്ക്‌ തുടര്‍ന്നു പ്രവര്‍ത്തിക്കാം. പുതിയവയ്‌ക്കു ലൈന്‍സ്‌ നല്‍കില്ലെന്ന വിവരം കിട്ടിയതിനേത്തുടര്‍ന്ന്‌ അടഞ്ഞുകിടക്കുന്ന ക്ലാസിഫിക്കേഷനില്ലാത്ത ബാറുകള്‍ നിലാവാരമുയര്‍ത്തി തുറക്കാനുള്ള നീക്കം ബാറുടമകള്‍ സജീവമാക്കി. ഇപ്പോള്‍ തുറക്കാനായില്ലെങ്കില്‍ മദ്യനയം വന്നാല്‍ സാധ്യമാകില്ലെന്നാണു ബാറുടമകള്‍ക്കു കിട്ടിയ സന്ദേശം.
എല്ലാ വര്‍ഷവും ഫെബ്രുവരി 28നു മുമ്പ്‌ മദ്യനയം പ്രഖ്യാപിക്കുന്നതാണു രീതി. ഏപ്രില്‍ ഒന്നു മുതല്‍ മദ്യനയംപ്രാബല്യത്തില്‍ വരും. അനൗദ്യോഗിക ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്‌. സര്‍ക്കാരിനു കൂടുതല്‍ നികുതിവരുമാനം ലഭിക്കാന്‍ കൂടുതല്‍ ബാറുകള്‍ ടൂറിസം മേഖലയില്‍ ആരംഭിക്കണമെന്ന്‌ എക്‌സൈസ്‌ വകുപ്പ്‌ നിര്‍ദേശം വച്ചിട്ടുണ്ട്‌. ടൂറിസം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍ പാര്‍ലര്‍, മറ്റു റെസ്‌റ്റേറന്റുകള്‍ എന്നിവയ്‌ക്കു ബാര്‍ ലൈസന്‍സ്‌ നല്‍കണമെന്നും എക്‌സൈസ്‌ ആവശ്യപ്പെട്ടു.
പുതിയ ഫോര്‍ സ്‌റ്റാറില്‍ ബാര്‍ അനുവദിക്കാന്‍ നിബന്ധനകള്‍ കര്‍ശനമാക്കുമെന്നും സൂചനയുണ്ട്‌. നിലവില്‍ 10 എ.സി. മുറിയുണ്ടെങ്കില്‍ ഫോര്‍ സ്‌റ്റാര്‍ ക്ലാസിഫിക്കേഷന്‍ ലഭിക്കും. എന്നാല്‍, പുതിയ മദ്യനയത്തില്‍ മുറികളുടെ എണ്ണം പത്തില്‍നിന്ന്‌ ഉയര്‍ത്തിയേക്കും.
പുതിയ മദ്യനയം വരുംമുമ്പേ അടഞ്ഞുകിടക്കുന്ന ത്രീ, ഫോര്‍ സ്‌റ്റാറുകള്‍ തുറക്കുന്ന കാര്യത്തില്‍ ഉടമകള്‍ക്ക്‌ ആശങ്കയുണ്ട്‌. തുറന്ന ബാറുകളിലെ കച്ചവടം കുറഞ്ഞതാണു തിരിച്ചടിയായത്‌. ക്ലാസിഫിക്കേഷന്‍ ലഭിക്കാനുള്ള നവീകരണത്തിന്‌ കോടികള്‍ മുടക്കണം. അടഞ്ഞുകിടക്കുന്ന ത്രീ സ്‌റ്റാര്‍ ബാര്‍ തുറക്കാന്‍ ചുരുങ്ങിയത്‌ ഒരു കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനം നടത്തണം. ഫോര്‍ സ്‌റ്റാറില്‍ ഇത്‌ ഇരട്ടിയാവും. ഇതിനു പുറമേ ബാര്‍ ലൈസന്‍സിന്‌ 28 ലക്ഷം രൂപ അടയ്‌ക്കണം. മാലിന്യ നിര്‍മാര്‍ജനപ്ലാന്റ്‌ സ്‌ഥാപിക്കാന്‍ 50 ലക്ഷം രൂപ വേണ്ടിവരും. ആധുനിക മാലിന്യസംസ്‌കരണ പ്ലാന്റ്‌ ഇല്ലെങ്കില്‍ പരിസ്‌ഥിതി മലിനീകരണ വകുപ്പിന്റെ അനുമതി ലഭിക്കില്ല. ഇത്രയും ഭാരിച്ച ചെലവുകള്‍ വഹിച്ച്‌ ബാറുകള്‍ തുറന്നാല്‍ അതിന്റെ നേട്ടം ലഭിക്കുമോയെന്ന ആശങ്കയും ബാറുടമകള്‍ പങ്കുവയ്‌ക്കുന്നു.

ബൈജു ഭാസി

Ads by Google
Friday 08 Dec 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW