Tuesday, October 16, 2018 Last Updated 25 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.43 AM

ആഞ്ഞുവീശി ലത്തീന്‍ സഭ; സര്‍ക്കാര്‍ സമ്മര്‍ദക്കടലില്‍

uploads/news/2017/12/172620/k1.jpg

തിരുവനന്തപുരം/കൊച്ചി : ഓഖി ദുരന്തത്തിന്റെ പേരില്‍, മത്സ്യത്തൊഴിലാളികളെ അണിനിരത്തി, ലത്തീന്‍ കത്തോലിക്കാ സഭ സംസ്‌ഥാനസര്‍ക്കാരിനെതിരേ രംഗത്ത്‌. ദുരന്തത്തില്‍പെട്ടു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്‌ 20 ലക്ഷം രൂപവീതം ധനസഹായമാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌.
സംസ്‌ഥാനചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്‌ടപരിഹാര പാക്കേജുകളില്‍ ഒന്നാണിത്‌. എന്നാല്‍, പാക്കേജ്‌ പ്രഖ്യാപിച്ചപ്പോള്‍ തങ്ങളോട്‌ ആലോചിച്ചില്ലെന്നും തുക 25 ലക്ഷമാക്കണമെന്നും ആവശ്യപ്പെട്ടാണു സഭാനേതൃത്വം സര്‍ക്കാരിനെതിരേ തിരിഞ്ഞത്‌.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ്‌ പുനഃപരിശോധിക്കണമെന്നു ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്‌. പെരേര ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടക്കത്തിലേ പരാജയപ്പെട്ടു. സര്‍ക്കാരിനു കഴിയില്ലെങ്കില്‍ കടലില്‍ പോയവര്‍ക്കായി സ്വന്തനിലയില്‍ അന്വേഷണം നടത്തുമായിരുന്നു. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച്‌ പാക്കേജ്‌ തയാറാക്കണം. സര്‍ക്കാര്‍ ഇങ്ങനെ മുന്നോട്ടുപോയാല്‍ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഓഖിയുടെ പേരില്‍ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെതിരേ സഭ കാര്യമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. സംസ്‌ഥാനസര്‍ക്കാരിനെ പ്രത്യക്ഷത്തില്‍ എതിര്‍ക്കുന്നില്ലെന്ന ധാരണ പരത്താന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസെപാക്യം പ്രസ്‌താവനയുമായി രംഗത്തുവന്നെങ്കിലും പിന്നീടു മോണ്‍. യൂജിന്‍ പെരേരയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ്‌.
തിരുവനന്തപുരത്തും എറണാകുളത്തെ ചെല്ലാനത്തും ആലപ്പുഴയിലുമൊക്കെ മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വന്‍സമ്മര്‍ദത്തിലായി. കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലും ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നുണ്ട്‌. കുഴിത്തുറയില്‍ ഇന്നലെ ആയിരക്കണക്കിനു സമരക്കാര്‍ റോഡ്‌-റെയില്‍ ഗതാഗതം തടസപ്പെടുത്തി.
ചെല്ലാനത്ത്‌ ഇന്നലെ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ എറണാകുളം ജില്ലാ കലക്‌ടര്‍ നല്‍കിയ ഉറപ്പ്‌ ലത്തീന്‍ സഭ തള്ളി. മൂന്നുമാസം കൊണ്ടു പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നായിരുന്നു കലക്‌ടറുടെ വാഗ്‌ദാനം. സമരക്കാര്‍ ആദ്യം
ഇതംഗീകരിച്ചെങ്കിലും പിന്നീടു നാടകീയമായി തള്ളിക്കളയുകയായിരുന്നു. മേഖലയില്‍ കടല്‍കയറി നശിച്ച വീടുകളിലേക്ക്‌ എങ്ങനെ തിരിച്ചുപോകുമെന്നു പ്രദേശവാസികള്‍ ചോദിക്കുന്നു. മൂന്നുമാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാമെന്നാണു സമരനേതാക്കളും ജനപ്രതിനിധികളടക്കമുള്ള അധികൃതരുമായി ഇന്നലെ കലക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ ധാരണയായത്‌. തീരുമാനം ഉച്ചകഴിഞ്ഞ്‌ മൂന്നിനു കെ.ജെ. മാക്‌സി എം.എല്‍.എ. സമരപ്പന്തലിലെത്തി പ്രഖ്യാപിക്കുമെന്നും അതോടെ സമരം അവസാനിപ്പിക്കുമെന്നുമായിരുന്നു ധാരണ. എന്നാല്‍, നേതാക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുവ്യവസ്‌ഥകള്‍ അംഗീകരിക്കാന്‍ സമരക്കാര്‍ തയാറായില്ല. തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മിക്കുക, പുലിമുട്ട്‌ നിര്‍മാണം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍വാങ്ങില്ലെന്നാണു സമരക്കാരുടെ നിലപാട്‌. ഫാ. സെബാസ്‌റ്റ്യന്‍ പുത്തന്‍വീട്ടില്‍, ഫാ. പ്രസാദ്‌ കണ്ടത്തിപ്പറമ്പ്‌, ഫാ. ആന്റണി കുഴിവേലി എന്നിവരുടെ നേതൃത്വത്തില്‍ 16 വൈദികരാണ്‌ ഇന്നലെ സെന്റ്‌ മേരീസ്‌ ക്യാമ്പില്‍ ഉപവാസസമരം നടത്തിയത്‌.

Ads by Google
Friday 08 Dec 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW