Friday, December 14, 2018 Last Updated 44 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 01.34 AM

ജറുസലേം: ലോകം എതിര്‌ ; ട്രംപ്‌ ഒറ്റപ്പെട്ടു , ആളിക്കത്തി അറബ്‌ രോഷം

uploads/news/2017/12/172561/in1.jpg

ടെല്‍ അവീവ്‌/വാഷിങ്‌ടണ്‍: ജറുസലേമിനെ ഇസ്രയേല്‍ തലസ്‌ഥാനമായി അംഗീകരിച്ച യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രഖ്യാപനം പശ്‌ചിമേഷ്യയെ കലാപക്കളത്തിലാക്കി. ഇന്ത്യയും യു.എസ്‌. സഖ്യകക്ഷികളും അടക്കമുള്ള രാജ്യങ്ങള്‍ നിലപാട്‌ തള്ളിയതോടെ ജറുസലേം പ്രഖ്യാപനത്തില്‍ ട്രംപ്‌ ഒറ്റപ്പെട്ടു. യു.എസ്‌. നയത്തിനെതിരേ പലസ്‌തീന്‍ ജനത തെരുവിലിറങ്ങി.
ഇസ്രയേല്‍ അധീനതയിലുള്ള വെസ്‌റ്റ്‌ബാങ്കില്‍ സൈന്യവുമായുള്ള പോരാട്ടത്തില്‍ 16 പലസ്‌തീന്‍കാര്‍ക്കു പരുക്ക്‌. ഒരാള്‍ക്കു വെടിയുമേറ്റു. പലസ്‌തീന്‍ പ്രദേശമായ ഗാസ മുനമ്പിന്റെ നിയന്ത്രണം കൈയാളുന്ന ഹമാസ്‌ പുതിയ ഇന്‍തിഫാദ(സായുധപോരാട്ടം) പ്രഖ്യാപിച്ചു. ഇടവേളയ്‌ക്കുശേഷം പലസ്‌തീന്‍ പ്രശ്‌നം അതിസങ്കീര്‍ണമായ നിലയിലേക്ക്‌. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പശ്‌ചിമേഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക്‌ യു.എസ്‌. എംബസികള്‍ കരുതല്‍ മുന്നറിയിപ്പുകള്‍ നല്‍കി. പതിറ്റാണ്ടുകളായി രാജ്യാന്തരസമൂഹവും യു.എസ്‌. ഭരണകൂടങ്ങളും പുലര്‍ത്തിയ നിലപാടുകള്‍ തകിടം മറിച്ചാണ്‌ ഇസ്രയേലിന്റെ തലസ്‌ഥാനമായി ജറുസലേമിനെ അംഗീകരിക്കാനും യു.എസ്‌. എംബസി ടെല്‍ അവീവില്‍നിന്ന്‌ ഇവിടേക്കു മാറ്റാനും ട്രംപ്‌ തീരുമാനിച്ചത്‌.
ലോകത്തിന്‌ ഇതു പ്രതിസന്ധിയുടെ സമയമാണെന്ന്‌ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറേസ്‌ പറഞ്ഞു. വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ രക്ഷാസമിതി ഇന്ന്‌ അടിയന്തരയോഗം ചേരും.
യു.എസ്‌. നിലപാടിനെതിരേ അറബ്‌-മുസ്ലിം രാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ്‌ ലീഗ്‌ നാളെ അടിയന്തര യോഗം ചേരും. ട്രംപിന്റെ തീരുമാനം എടുത്തുചാട്ടമാണെന്നും നീതികരിക്കാനാകില്ലെന്നും സഖ്യരാജ്യമായ സൗദി അറേബ്യ വ്യക്‌തമാക്കി. അറബ്‌, മുസ്ലീംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടിയെന്ന്‌ ഇറാന്‍ പരമോന്നത നേതാവ്‌ അയത്തുള്ള അലി അല്‍ സിസ്‌താനി പറഞ്ഞു. പലസ്‌തീന്‍ പ്രശ്‌നം വഷളാക്കാന്‍ യു.എസിനൊപ്പം നിന്ന ജോര്‍ദാനും നീക്കത്തെ തള്ളി.
ട്രംപിന്റെ നിലപാടോടെ ഇസ്രയേല്‍-പലസ്‌തീന്‍ വിഷയത്തില്‍ മധ്യസ്‌ഥത വഹിക്കാന്‍ അമേരിക്ക അയോഗ്യരായി എന്ന്‌ പലസ്‌തീന്‍ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ പറഞ്ഞു.
അമേരിക്ക അപകടകരമായ സാഹചര്യത്തിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിച്ചെന്നും സമാധാനശ്രമങ്ങള്‍ഇല്ലാതാക്കിയെന്നും പലസ്‌തീന്‍ വ്യക്‌തമാക്കി. അതേസമയം അമേരിക്കയ്‌ക്കും ട്രംപിനും നന്ദി പറയുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. കൂടുതല്‍ രാജ്യങ്ങള്‍ എംബസി ജറുസലേമിലേക്കു മാറ്റും എന്നും നെതന്യാഹു പറഞ്ഞു. പേരു വ്യക്‌തമാക്കിയില്ലെങ്കിലും ചെക്ക്‌ റിപബ്ലിക്കും ഫിലിപ്പീന്‍സും അനുകൂലമാണെന്നാണു സൂചന. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്‌തമായ പ്രതിഷേധവുമായി രംഗത്ത്‌ എത്തി. പശ്‌ചിമേഷ്യയിലെ സമാധാനത്തിനു വെല്ലുവിളിയാണ്‌ അമേരിക്കയുടെ പ്രഖ്യാപനമെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ മുഖ്യവക്‌താവ്‌ ഫെഡറിക്‌ മോഹെറിനി പറഞ്ഞു. പശ്‌ചിമേഷ്യയെ "തീക്കനലിലേക്കു" വലിച്ചെറിയുകയാണെന്നാരോപിച്ച തുര്‍ക്കി പ്രസിഡന്റ്‌ റെസെപ്‌ തായിപ്‌ എര്‍ദോഗന്‍ യു.എസിന്റെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയില്‍നിന്നു പിന്മാറുമെന്നും ഭീഷണി മുഴക്കി. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേ തീരുമാനം തിടുക്കത്തിലായെന്ന്‌ അഭിപ്രായപ്പെട്ടു. ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മക്രോണും ജര്‍മന്‍ ചാന്‍സലര്‍ എയ്‌ജല മെര്‍കലും മേയുടെ നിലപാടിനു സമാനമായിരുന്നു. പശ്‌ചിമേഷ്യയില്‍ തല്‍സ്‌ഥിതി തുടരണമെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആവശ്യപ്പെട്ടു.
ജറുസലേം ഈ ക്രിസ്‌മസില്‍ സംഘര്‍ഷഭൂമിയാകുമെന്ന്‌ ഉറപ്പായി. യേശുക്രിസ്‌തുവിന്റെ ജന്മദേശമായ വെസ്‌റ്റ്ബാങ്കിലെ ബെത്‌ലഹേമില്‍ ഇന്നലെ പലസ്‌തീന്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ഇസ്രയേല്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു.
ബെത്‌ലഹേമില്‍ തയാറാക്കിയിരുന്ന ക്രിസ്‌മസ്‌ ദീപങ്ങള്‍ പ്രതിഷേധസൂചകമായി ഹമാസ്‌ പ്രവര്‍ത്തകര്‍ അണച്ചു. തുര്‍ക്കിയിലെ ഇസ്‌താംബൂള്‍, ജോര്‍ദാനിലെ അമാന്‍ തുടങ്ങിയ നഗരങ്ങളിലെ യു.എസ്‌. സ്‌ഥാനപതി കാര്യാലയങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

Ads by Google
Friday 08 Dec 2017 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW