Tuesday, October 16, 2018 Last Updated 25 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 08 Dec 2017 12.40 AM

ആദ്യദിനം കേരളത്തിന്‌

uploads/news/2017/12/172510/1.jpg

സൂററ്റ്‌: ഓഖി ചുഴലിക്കാറ്റും മഴയും പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച മത്സരത്തില്‍ വിദര്‍ഭയ്‌ക്കെതിരായ രഞ്‌ജി ട്രോഫി ക്വാര്‍ട്ടറില്‍ കേരളത്തിനു മികച്ച തുടക്കം. മഴയും നനഞ്ഞ ഔട്ട്‌ഫീല്‍ഡും കാരണം ഏറെ വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്‌ത വിദര്‍ഭയുടെ മൂന്നു വിക്കറ്റുകള്‍ ക്ഷണത്തില്‍ പിഴുത്‌ കേരളം ആദ്യദിനം സ്വന്തമാക്കി.
ഏറെ സ്വപ്‌നങ്ങളുമായി ആദ്യ രഞ്‌ജി ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങിയ കേരളം ഇന്നലെ ആകെ എറിഞ്ഞ 24 ഓവറുകളില്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. വിദര്‍ഭയുടെ സ്‌റ്റാര്‍ ഓപ്പണര്‍മാരായ ഫായിസ്‌ ഫസലിനെയും(2) സഞ്‌ജയ്‌ രാമസ്വാമിയെയും(17) പുറത്താക്കി മത്സരത്തില്‍ തുടക്കത്തിലേ മാനസിക ആനുകൂല്യം നേടാനും കേരളത്തിനായി. പരിചയസമ്പന്നനായ വസീം ജാഫറിന്റെ(12) വിക്കറ്റും കേരളം ഇന്നലെ സ്വന്തമാക്കി. രണ്ടു വിക്കറ്റ്‌ വീഴ്‌ത്തിയ കെ.സി. അക്ഷയ്‌യാണ്‌ കേരളത്തിനെ വളരെപ്പെട്ടന്നു തന്നെ ഡ്രൈവിങ്‌ സീറ്റിലിരുത്തിയത്‌. എം.ഡി. നിധീഷിനാണ്‌ ഇന്നലെ വീണ മറ്റൊരു വിക്കറ്റ്‌.
കഴിഞ്ഞാഴ്‌ച കേരളത്തെ പിടിച്ചുകുലുക്കിയ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയാണ്‌ മത്സരം വൈകാന്‍ കാരണം. തലേദിവസവും ഇന്നലെ രാവിലെയുമായി പെയ്‌ത കനത്തമഴയെത്തുടര്‍ന്ന്‌ ഔട്ട്‌ഫീല്‍ഡ്‌ നനഞ്ഞു കുതിര്‍ന്നതോടെ ടോസ്‌ ഏറെ വൈകുകയായിരുന്നു.
ഒടുവില്‍ ഉച്ചയ്‌ക്കു മൂന്നുമണിയോടെ ടോസിട്ടപ്പോള്‍ നാണയഭാഗ്യം വിദര്‍ഭയ്‌ക്കൊപ്പം നിന്നു. ബാറ്റിങ്‌ തെരഞ്ഞെടുത്ത അവര്‍ക്കു പക്ഷേ കേരളത്തിന്റെ മികച്ച ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.
എട്ടാം ഓവറില്‍ തന്നെ നായകനും ഓപ്പണറുമായ ഫസലിനെ നിധീഷ്‌ മടക്കി. സ്വിങ്‌ ചെയ്‌ത പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ അരുണ്‍ കാര്‍ത്തിക്കിനു പിടിനല്‍കിയാണ്‌ ഫസല്‍ കൂടാരം കയറിയത്‌. പിന്നീട്‌ ഒത്തുചേര്‍ന്ന രാമസ്വാമിയും ജാഫറും ചേര്‍ന്ന്‌ സ്‌കോര്‍ ചലിപ്പിക്കാന്‍ തുടങ്ങിയതോടെ അക്ഷയ്‌ ആഞ്ഞടിച്ചു. രണ്ടോവറിന്റെ ഇടവേളയില്‍ ഇരുവരെയും പുറത്താക്കി അക്ഷയ്‌ കേരളത്തിനു മുന്‍തൂക്കം സമ്മാനിക്കുകയായിരുന്നു. ആദ്യദിനം മത്സരം അവസാനിപ്പിക്കുമ്പോള്‍ ഏഴു വീതം റണ്‍സുമായി ഗണേഷ്‌ സതീഷും കരണ്‍ ശര്‍മയുമാണ്‌ ക്രീസില്‍.
പോരാട്ടം ഇന്നിങ്‌സ് ലീഡിനായി
കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ ജയത്തേക്കാള്‍ പ്രാഥമിക പരിഗണന ഇരുടീമുകളും നല്‍കുന്നത്‌ ഇന്നിങ്‌സ് ലീഡിനാണ്‌. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ അഞ്ചു ദിവസമാണു മല്‍സരം.
മല്‍സരം സമനിലയിലായാലും മഴ പെയ്‌തു മല്‍സരം ചുരുങ്ങിയാലും സെമി ടിക്കറ്റ്‌ നേടുക ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ്‌ നേടിയവരാവും. ഒന്നാം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാന്‍ ഒരു റിസര്‍വ്‌ ദിനം കൂടിയുണ്ട്‌. ഈ സാഹചര്യത്തില്‍ ലീഡ്‌ നേടാനാണ്‌ ഇരു ടീമുകളും കച്ചമുറുക്കുന്നത്‌.
ലീഡ്‌ കൈവിട്ടാന്‍ പിന്നീട്‌ സെമി ഉറപ്പാക്കാന്‍ ജയം കൂടിയേ തീരു. മഴഭീഷണിയുള്ളതിനാല്‍ മത്സരത്തിന്‌ ഫലമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാനാകില്ല. ഈ സാഹചര്യത്തില്‍ വിദര്‍ഭയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കി മികച്ച ബാറ്റിങ്ങിലൂടെ ലീഡ്‌ നേടാന്‍ ഉറപ്പിച്ചാകും കേരളം ഇന്നിറങ്ങുക.
ആദ്യ ദിനം തന്നെ വിദര്‍ഭയുടെ മൂന്ന്‌ മുന്‍നിര വിക്കറ്റുകള്‍ വീഴ്‌ത്താനായത്‌ കേരളത്തിന്‌ മുന്‍തൂക്കം നല്‍കുന്നുണ്ട്‌.
സീസണില്‍ വിദര്‍ഭയ്‌ക്കായി മികച്ച പ്രകടനം കാഴ്‌ചവച്ച രണ്ട്‌ ഓപ്പണര്‍മാരെയും പുറത്താക്കാന്‍ കേരളത്തിനായി. ആറ്‌ കളികളില്‍ നിന്ന്‌ ഒരു ഇരട്ട സെഞ്ചുറിയും നാലു സെഞ്ചുറികളും അടക്കം 710 റണ്‍സാണ്‌ വിദര്‍ഭ നായകന്‍ കൂടിയായ ഫയാസ്‌ സീസണില്‍ നേടിയിട്ടുള്ളത്‌.
മറ്റൊരു ഓപ്പണര്‍ സഞ്‌ജയ്‌ രാമസ്വാമിയാകട്ടെ മൂന്നു സെഞ്ചുറിയടക്കം 665 റണ്‍സും സ്വന്തമാക്കിയിരുന്നു. ഇവരെ രണ്ടുപേരെയും കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാനായി എന്നത്‌ കേരളത്തിന്‌ അനുകൂലമാണ്‌.

Ads by Google
Friday 08 Dec 2017 12.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW