Thursday, December 07, 2017 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 03.59 PM

വീട് ഒരുക്കുമ്പോള്‍

വീട് നിര്‍മ്മാണത്തിനിടെ അപ്രധാനമാണെന്നു തോന്നുന്നതും എന്നാല്‍ അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍...
uploads/news/2017/12/172404/housetips071217a.jpg

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനിടെ അപ്രസക്തമെന്നു തോന്നുന്ന പല കാര്യങ്ങളുമാണ് പിന്നീട് തീരാതലവേദനയായി മാറുന്നത്.

വീടുപണി തുടങ്ങുന്നതിനു മുന്‍പ് തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധിക പണച്ചെലവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാം.

ചുമരുകള്‍


ആകര്‍ഷകമായി അലങ്കരിച്ച ചുമരുകള്‍ വീടിന് ഒരു അന്തസ്സാണ്. കൃത്യമായ കണക്കൂകൂട്ടലും വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള ഭവന നിര്‍മ്മാണത്തിന് ചുമരിന്റെ പ്രാധാന്യം ചെറുതല്ല.

വീടിന്റെ സുരക്ഷ,സൗന്ദര്യം,സൗകര്യം എന്നിവയിലെ ചുമരിന്റെ പങ്ക് വളരെ വലുതാണ്. അതിനാല്‍ ഭിത്തി നിര്‍മ്മാണത്തില്‍ അതീവ ശ്രദ്ധയുണ്ടായിരിക്കണം. ആവശ്യങ്ങള്‍ക്കും ആശയങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്ത രൂപങ്ങളില്‍ ഭിത്തികള്‍ നിര്‍മ്മിക്കുന്നുണ്ട്.

1. വീടിന്റെ മേല്‍ക്കൂരയെ താങ്ങി നിര്‍ത്തി ആവശ്യമായ സുരക്ഷ നല്‍കുക എന്നതാണ് ചുമരുകളുടെ ചുമതല. അതിനായി മേല്‍ക്കൂരയുടെ ഭാരം താങ്ങുന്നതിന് കോളം, ബീമുകള്‍ നല്‍കുക.
2. പല തരത്തിലുള്ള കല്ലുകള്‍ ഇന്ന് ലഭ്യമാകുമ്പോഴും ചിലര്‍ ചെങ്കല്ലുകളും ഉപയോഗിക്കുന്നു. ഡിസൈനനുസരിച്ച് രൂപമാറ്റം വരുത്താന്‍ എളുപ്പമാണെന്നതാണ് ചെങ്കല്ലിന്റെ പ്രധാന പ്രത്യേകത. ഇഷ്ടികയുടെ ഉപയോഗം ഇന്ന് വളരെ കുറവാണ്.

3. പഴയമയെ ഓര്‍മ്മിപ്പിക്കുന്ന ഇന്റര്‍ ലോക്ക് ബ്രിക്കുകളും ഇന്ന് സാധാരണമാണ്. ചെങ്കെല്ലിന്റെ അമിത വിലയും പണിക്കൂലിയുമാണ് ചെങ്കല്ലുകളെ വിട്ട് ഇന്റര്‍ലോക്കിനെ കൂടുതല്‍ ആശ്രയിക്കുന്നത്. വീടുനുള്ളിലെ സ്വാഭാവിക തണുപ്പിനെ സംരക്ഷിക്കാന്‍ ഇവയ്ക്ക് കഴിയും.
4. വീതി കുറഞ്ഞ പാര്‍ട്ടീഷന്‍ മെറ്റീരിയല്‍ ഉപയോഗിച്ച് ഇടച്ചുമരുകള്‍ ചെയ്യാം. ഭിത്തി നിര്‍മ്മാണത്തിലെ പണച്ചെലവ് ഇത് വഴി കുറയ്ക്കാന്‍ സാധിക്കും.

വാതിലും ജനലും


വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കുമ്പോള്‍ ആ വീടിന് ജീവന്‍ നല്‍കുന്നത് വാതിലുകളും ജനലുകളുമാണ്. വായു സഞ്ചാരം,സുരക്ഷ എന്നതിലുപരി വീടിന്റെ ശ്വസന പ്രക്രിയയാണ് ജനലുകളും വാതിലുകളും പ്രാവര്‍ത്തികമാക്കുന്നത്. അതിനാല്‍ പ്ലാന്‍ തയാറാക്കുമ്പോള്‍ തന്നെ വാതിലുകളുടെയും ജനലുകളുടെയും സ്ഥാനവും വലിപ്പവും വ്യക്തമായി തന്നെ തീരുമാനിച്ചിരിക്കണം.

1. ഒന്നോ രണ്ടോ ആളുകള്‍ക്ക് സുഗമമായി കടന്നു പോകാവുന്ന തരത്തിലായിരിക്കണം പ്രധാന വാതിലുകള്‍. സാധാരണ രീതിയില്‍ 1.20 മുതല്‍ 1.80 മീറ്റര്‍ വീതിയും 2.10 മുതല്‍ 2.20 മീറ്റര്‍ വരെ ഉയരവുമാണ് മുന്‍വശത്തെ വാതികള്‍ക്ക് നല്‍കുന്നത്.
2. വീടിന്റെ ഡിസൈനനുസരിച്ച് വാതിലുകളും ജനലുകളും ക്രമീകരിക്കുന്നതാണ് ഉത്തമം. കൂടുതല്‍ ഭംഗിയ്ക്കും വെളിച്ചത്തിനും ട്രാന്‍സ്‌പേരന്റ്, ഫ്രോസ്റ്റഡ്, കളര്‍ ഗ്ലാസുകള്‍ തുടങ്ങിയവ ഉപയോഗിച്ച് അകത്തളങ്ങളിലെ വാതിലുകള്‍ ഡിസൈന്‍ ചെയ്യാറുണ്ട്.

3. വായു സഞ്ചാരത്തിനു പ്രാധാന്യം നല്‍കുന്നതിന് വാതിലുകളില്‍ എയര്‍ പാസ്സിംഗ് ലൂവറുകളും നല്‍കാം.
4. വീടിനുള്ളിലെ വാതിലുകള്‍ ക്രമീകരിക്കുമ്പോള്‍ സ്‌പേസ് പ്ലാനിംഗുണ്ടായിരിക്കണം. ഒരു വാതിലില്‍ നിന്നും മറ്റൊന്നിലേക്ക് കടക്കുമ്പോള്‍ മുറി ക്രോസ് ചെയ്യാതെ അടുത്തടുത്ത് വേണം വാതിലുകള്‍ വയ്ക്കുവാന്‍.

5. ജനലുകളില്‍ ആവശ്യാനുസരണം പാളികള്‍ വയ്ക്കാം. സാധാരണ 50 സെ.മീ. ആണ് ഒരു പാളിയുടെ വീതി. 1.80 മീറ്റര്‍ വരെ ഉയരമാണ് ജനലിനുണ്ടാകുക.
6. സ്ഥലത്തെ കാറ്റിന്റെ ഗതിയ്ക്കനുസരിച്ച്, തണുത്ത കാറ്റിനെ വീടിനുള്ളിലേക്കും ചൂടു കാറ്റിനെ പുറത്തേക്കും കടത്തി വിടുന്ന തരത്തിലായിരിക്കണം ജനലുകള്‍.
7. ജനല്‍ പാളികള്‍ പലതരത്തിലും ചെയ്യാം. പ്ലെയിന്‍ ഗ്ലാസ്സ്, കളര്‍ ഗ്ലാസ്സ്, തടി, ഫ്രോസ്റ്റഡ് തുടങ്ങിയ രീതികളാണ് കൂടുതലായി ഉപയോഗിക്കുന്നത്.

പൂളുകള്‍


താരതമ്യേന വലിയ വീടുകളില്‍ കാണുന്ന ആസ്വാദനത്തിന്റെ മറ്റൊരു രൂപമാണ് മനോഹരമായുള്ള സ്വിമ്മിങ് പൂളുകള്‍. മറ്റുള്ള ആവശ്യങ്ങളെ പോലെ ഇന്നത്തെ ഭവനങ്ങള്‍ക്കും പൂളുകള്‍ ഒരു അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. പൂളുകള്‍ ഒരുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...

1. വീടിന്റെ അകത്തു നിന്നും പുറത്തു നിന്നും സ്വകാര്യത ലഭിക്കുന്ന തരത്തിലായിരിക്കണം പൂളുകള്‍ നിര്‍മ്മിക്കേണ്ടത്.
2. പ്രകൃതിയില്‍ നിന്നുള്ള തണുത്ത കാറ്റ് ലഭിക്കാന്‍ തെക്ക്പടിഞ്ഞാറു ദിശയില്‍ പൂളുകള്‍ ഒരുക്കുന്നത് കൂടുതല്‍ നല്ലതാണ്.
3. സിറ്റിംഗ്, പൂള്‍ ഫില്‍ട്രേഷന്‍, ഷവറിംഗ്, ഡ്രസ് ചെയ്ഞ്ചിംഗ് തുടങ്ങിവയ്ക്കുള്ള സ്ഥലങ്ങളും ആദ്യം തന്നെ തീരുമാനിക്കണം.
4. പൂളിന്റെ നിര്‍മാണം അതീവ ശ്രദ്ധയോടെയായിരിക്കണം. പ്രത്യേകിച്ച് ബേസ്ട്രീറ്റ്‌മെന്റ് നിര്‍മ്മാണത്തില്‍. അനുയോജ്യമായ രീതിയില്‍ അടിഭാഗത്ത് പി. സി. സി.(പ്ലാന്‍ സിമന്റ് കോണ്‍
ക്രീറ്റ്) ചെയ്തതിനു ശേഷം പൂള്‍ സര്‍ഫസ് മുഴുവന്‍ ആര്‍.സി.സി(റെയ്ന്‍ഫോഴ്‌സ്‌മെന്റ് സിമന്റ് കോണ്‍ക്രീറ്റ്) ചെയ്യുന്നതാണ് നല്ലത്.
5. 180 സെ.മീ മുതല്‍ 220 സെ.മീ. വരെയാണ് സാധാരണ പൂളുകളുടെ ഉയരം കണക്കാക്കുന്നത്. കുട്ടികളുടെ സൗകര്യത്തിനായി ഉയരം കുറച്ച് ഒരു ഭാഗമൊരുക്കാം.
6. നിര്‍മാണത്തിനു മുന്‍പ് തന്നെ പൂള്‍ ട്രീറ്റ്‌മെന്റില്‍ പരിചയമുള്ളവരുടെ നിര്‍ദ്ദേശം തേടുന്നത് അധികചെലവും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കും.

പെയ്ന്റിംഗ്


ഒരുവീടിനെക്കുറിച്ച് മറ്റുള്ളവര്‍ ആദ്യം പറയുക നിറങ്ങളുടെ കാര്യമാണ്. വലിയ പ്രതീക്ഷകളോടെ വീടുപണി പൂര്‍ത്തിയാക്കി അശാസ്ത്രീയമായുള്ള പെയിന്റിംഗ് നടത്തി വീടിന്റെ ഭംഗി നഷ്ടപെടുത്തുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.

ഓരോ വീടിനും അതിന്റെ രൂപത്തിനും ചുറ്റുപാടിനും യോജിക്കുന്ന തരത്തിലാണ് നിറങ്ങള്‍ നല്‍കേണ്ടത്. സങ്കല്‍പിക്കാന്‍പോലും കഴിയാത്ത തരത്തിലാണ് ഇന്നത്തെ നിറങ്ങള്‍.

അവയോരോന്നും ഓരോ വൈകാരിക ഭാവത്തെയാണ് കാണിക്കുന്നത്. ഉടമസ്ഥരുടെ താല്‍പര്യങ്ങളും കണ്ണിനിമ്പമുണ്ടാകുന്നതുമായ നിറങ്ങള്‍ വീടിനു നല്‍കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

1. ഇന്ന് ഒരു മുറിയില്‍ തന്നെ പല നിറങ്ങള്‍ നല്‍കുന്നുണ്ട്. നിറത്തെ സംബന്ധിച്ച് അവസാന തീരുമാനമെടുക്കുന്നതിനു മുന്‍പ് മുറിയില്‍ സാമ്പിള്‍ പെയിന്റിംഗ് നടത്തുന്നത് നന്നായിരിക്കും.
2. ചുവപ്പ്,നീല,പച്ച എന്നീ നിറങ്ങള്‍ നേരിട്ടു നല്‍കാതെ ഇവയുടെ വ്യത്യസ്ത ഷേയ്ഡുകള്‍ നല്‍കുന്നതാണ് ഉചിതം.
3. ചുവപ്പ്,മഞ്ഞ,ഓറഞ്ച്, ഇവ ഉന്മേഷവും ആത്മവിശ്വാസവും പകരുന്ന 'വാം' കളറുകളാണ്.

4. നീല, പച്ച, പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങള്‍ 'കൂള്‍' നിറങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇവ കണ്ണിനു കുളിര്‍മയേകും.
5. കറുപ്പ്, വെളുപ്പ്, ഗ്രേ തുടങ്ങിയ 'ന്യൂട്രല്‍ കളകളും' ഇവയുടെ ഷെയ്ഡുകളും സാധാരണ വീടുകള്‍ക്ക് യോജിക്കുന്നവയാണ്.
6. വാതിലുകള്‍ തടി കൊണ്ടുള്ളതാണെങ്കില്‍ മറ്റു നിറങ്ങള്‍ നല്‍കുന്നതിനേക്കാള്‍ തടിയുടെ നിറത്തില്‍ പോളിഷ് ചെയ്യുന്നതാണ് യോജിക്കുന്നത്.

7. ഓരോ മുറിയുടെ വലിപ്പവും മറ്റും നന്നായി ശ്രദ്ധിച്ചതിനു ശേഷം മാത്രമേ പെയ്ന്റിംഗ് ആരംഭിക്കാവൂ.
8. ചെറിയ മുറിയാണെങ്കില്‍ ഇളം നിറമായിരിക്കും യോജിക്കുന്നത്. വിശാലത തോന്നിക്കും.
9. വീടിനുള്ളില്‍ അഴുക്ക് പിടിക്കുന്ന സ്ഥലങ്ങളില്‍ കടും നിറമോ അവയുടെ ഷെയ്ഡ് നിറമോ ആയിരിക്കും നല്ലത്.

10. ഏത് കാലാവസ്ഥയിലും മേല്‍ക്കൂരയെ സംരക്ഷിക്കുന്ന വെതര്‍പ്രൂഫ് പെയ്ന്റുകളും ഇന്നുണ്ട്.
11. വീടിനു പുറത്ത് താഴെ ഭാഗങ്ങളില്‍ വേഗത്തില്‍ അഴുക്ക് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കടുത്ത നിറങ്ങള്‍ നല്‍കുന്നതാണ് നല്ലത്. അതോടൊപ്പം വെള്ളം തട്ടുന്ന വശങ്ങളില്‍ പൂപ്പല്‍,പ ായല്‍ തുടങ്ങിവയില്‍ നിന്നും സംരക്ഷിക്കുന്ന പെയ്ന്റുകള്‍ ലഭ്യമാണ്.

പ്ലംബിംഗ്


വീടുപണി കഴിഞ്ഞയുടനെ തന്നെ ടാപ്പുകള്‍ക്ക് തകരാറുണ്ടാവുകയും ചുമരുകളില്‍ ഈര്‍പ്പം കാണാനിടയുണ്ടാവുകയും ചെയ്യുന്നുണ്ട്. പ്ലംബിംഗിലെ അപാകതയായിരിക്കും ഇതിനെല്ലാം കാരണം. അല്‍പ ലാഭത്തിനു വേണ്ടി ചെയ്യുന്ന ചില കാര്യങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ചെലവിലായിരിക്കും എത്തി നില്‍ക്കുന്നത്.

1. അടുക്കളയിലും ബാത്ത് റൂമിലുമാണ് പ്ലംബിംഗ് ഏറ്റവും പ്രധാനമായി കാണേണ്ടത്.
2. പ്രധാന ഭാഗങ്ങളിലേക്ക് മാത്രമായി ഒരു ഇന്‍ലറ്റ് ക്ലോസിംഗ് വാല്‍വ് നല്‍കുന്നത് നന്നായിരിക്കും. തകരാറുണ്ടായാല്‍ ഒരു ഭാഗത്തേക്കുള്ള വെള്ളം മാത്രമായി അടയ്ക്കാന്‍ ഇത് സഹായിക്കും.
3. പ്ലാനിംഗ് നടത്തുമ്പോള്‍ തന്നെ ടോയ്‌ലറ്റുകള്‍ എല്ലാം ഏകദേശം ഒരേ ഏരിയയില്‍ ആണെങ്കില്‍ പ്ലംബിംഗ് ജോലി കൂടുതല്‍ എളുപ്പവും പൈപ്പിന്റെ ഉപയോഗം കുറയ്ക്കാനും സാധിക്കും.
4. വാഷ് ബേസിന്‍, സിങ്ക്, വാഷിംങ് മെഷീന്‍, ബാത്ത്‌റൂം തുടങ്ങിയവയിലേക്കാ ണ് കൂടുതല്‍ വെള്ളം ആവശ്യമായി വരുന്നുത്. അതിനാല്‍ ഇവയില്‍ നിന്നുള്ള വെള്ളത്തോടൊപ്പം കരടുകളും മറ്റും വീഴാനും സാധ്യതയേറെയാണ്. അതിനാല്‍ സ്‌റ്റോപ്പര്‍ നല്‍കണം.

5. ഗുണനിലവാരമുള്ള പി.വി.സി.പൈപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
6. ടാങ്ക് സ്ഥാപിക്കുമ്പോഴും ആവശ്യത്തിനുള്ള ഉയരമുണ്ടെന്നുറപ്പിക്കണം. ടാപ്പുകളിലേക്കു വരുന്ന വെള്ളത്തിനു ശക്തി കൂട്ടാന്‍ പ്രഷര്‍പമ്പുകളും സ്ഥാപിച്ചു വരുന്നുണ്ട്.
7. പ്ലംബ്ലിംഗ് പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം നന്നായി പരിശോധിച്ച ശേഷം മാത്രമേ പ്ലാസ്റ്ററിംഗും ടൈലിന്റെ പണികളും പൂര്‍ത്തിയാക്കാവൂ.
8. പ്ലംബിംഗ് ലേ ഔട്ട് സൂക്ഷിച്ചുവയ്ക്കുകയാണെങ്കില്‍ ഭാവിയില്‍ അത് ഉപകാരമാകും.

ഓരോ മേഖലയിലും വിദഗ്ധരായവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പരിചയസമ്പന്നരായവരുടെ മേല്‍നോട്ടത്തില്‍ പണികള്‍ ചെയ്യുവാനും ശ്രദ്ധിക്കാമെങ്കില്‍ ഒരു പരിധിവരെ പാളിച്ചകള്‍ ഒഴിവാക്കാന്‍ സാധിക്കും...

കടപ്പാട്. ഫൈസല്‍ നിര്‍മാണ്‍
ഹോം ആര്‍ക്കിടെക്ചര്‍

കെ. ആര്‍. ഹരിശങ്കര്‍

Ads by Google
Thursday 07 Dec 2017 03.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW