Thursday, December 07, 2017 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 02.51 PM

പ്രമേഹരോഗികള്‍ മലയാത്രയ്‌ക്കൊരുങ്ങുമ്പോള്‍

അയ്യപ്പ ദര്‍ശനം സുഖകരമാകാന്‍ വ്രതാനുഷ്ഠാനം മുതല്‍ മലയിറക്കം വരെ പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍..
uploads/news/2017/12/172391/malakayarumpol071217a.jpg

വ്രതശുദ്ധിയുടെ പുണ്യം തേടിയുള്ള ശബരിമല യാത്രയില്‍ പ്രമേഹരോഗിക്ക് ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്. എല്ലാ പ്രമേഹരോഗികള്‍ക്കും ശബരിമലയാത്രയ്ക്ക് ഒരുങ്ങാമെങ്കിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവര്‍ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

അയ്യപ്പ ദര്‍ശനം സുഖകരമാകാന്‍ വ്രതാനുഷ്ഠാനം മുതല്‍ മലയിറക്കം വരെ പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

വ്രതമെടുക്കുമ്പോള്‍


1. പ്രമേഹരോഗി വ്രതമെടുക്കുന്നതിനുമുമ്പ് ശാരീരികക്ഷമത ഉറപ്പുവരുത്തണം. പ്രമേഹം നിയന്ത്രണവിധേയമാക്കുക.
2. പ്രമേഹത്തോടൊപ്പം മറ്റ് രോഗങ്ങളുള്ളവര്‍ വ്രതമെടുക്കും മുമ്പ് ഡോക്ടറെ കണ്ട് ഉപദേശം തേടുന്നത് നന്നായിരിക്കും.

3. ചുമ, കഫക്കെട്ട് തുടങ്ങിയ അണുബാധകള്‍ ഉണ്ടെങ്കില്‍ അത് ചികിത്സിച്ചു മാറ്റുക. വൃശ്ചികത്തിന്റെ കുളിരും പുലര്‍ച്ചെ തണുത്ത വെള്ളത്തിലുള്ള കുളിയും പ്രമേഹരോഗിക്ക് ആരോഗ്യകരമായിരിക്കില്ല. അതിനാല്‍ അത്തരം രോഗങ്ങള്‍ക്ക് ഡോക്ടറെകണ്ട് മരുന്നുകള്‍വാങ്ങി വയ്ക്കണം.
4. വ്രതമെടുക്കുമ്പോള്‍ സസ്യാഹാരം മാത്രം കഴിക്കുന്നതിനാല്‍ പ്രമേഹം കൂടാനുള്ള സാധ്യത കുറവാണ്. ഈ സമയത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. വ്രതമെടുക്കുമ്പോ ള്‍ പ്രമേഹരോഗി 5 തവണയായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം.

5. രാവിലെ, ഉച്ചയ്ക്ക്, രാത്രി, പകല്‍ 11 മണിക്കും വൈകുന്നേരം 5 മണി ഇങ്ങനെ ഭക്ഷണസമയം ക്രമീകരിക്കാം. പ്രമേഹനിരക്ക് കുറഞ്ഞുപോകാതിരിക്കാനും ക്ഷീണം വരാതിരിക്കാനും ഈ ഭക്ഷണക്രമം സഹായിക്കും.
6. എല്ലാ ദിവസവും രാവിലെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക. ഉച്ചയ്ക്കും ഇങ്ങനെതന്നെ. അളവ് കുറച്ച് കൂടുതല്‍ തവണകളായി കഴിക്കണം. ഭക്ഷണത്തില്‍ ചിട്ടപാലിക്കുക. രാത്രിയില്‍ ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

7. വ്രതമെടുക്കുമ്പോള്‍ വീടിന് അടുത്തുള്ള അമ്പലങ്ങളില്‍ വാഹനത്തില്‍ പോകാതെ നടന്നുപോകുക. അപ്പോള്‍ ശരീരത്തിന് വ്യായാമവുമാകും.
8. വ്രതമെടുക്കുന്ന സമയത്ത് പ്രമേഹരോഗിക്ക് വ്യായാമത്തിന് യോഗ ചെയ്യാവുന്നതാണ്.

9. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കൂടുതല്‍ അളവില്‍ കൈയ്യില്‍ കരുതണം. ഏതെങ്കിലും കാരണത്താല്‍ യാത്ര നീളുകയാണെങ്കില്‍ അത് ഉപകരിക്കും.
10. മരുന്നുകളുടെ കാലഹരണ തീയതി കഴിഞ്ഞതല്ലെന്ന് ഉറപ്പു വരുത്തണം.

11. ഇന്‍സുലിന്‍ 5 ഡിഗ്രിയില്‍ താഴെയും 35 ഡിഗ്രിക്കു മുകളിലുമുള്ള താപനിലയില്‍ വയ്ക്കരുത്. അതിനാല്‍ യാത്രയില്‍ ജെല്‍പായ്ക്ക് ഉപയോഗിച്ചു താപനില നിലനിര്‍ത്താം. ജെല്‍പായ്ക്ക് മെഡിക്കല്‍ഷോപ്പില്‍ ലഭ്യമാണ്.
12. പ്രമേഹനിരക്ക് അറിയുന്നിന് ഗ്ലൂക്കോമീറ്റര്‍ കരുതുക.

മലകയറുമ്പോള്‍


1. ശബരിമലയില്‍നിന്നും മറ്റു അമ്പലങ്ങളില്‍നിന്നും കിട്ടുന്ന മധുരപ്രസാദങ്ങള്‍ പ്രമേഹരോഗിക്ക് കഴിക്കാം. എന്നാല്‍ ഇത് അമിതമായാല്‍ പ്രമേഹനിരക്ക് കൂടും. പ്രസാദം പ്രസാദമായി കഴിക്കുക. മധുരപലഹാരങ്ങള്‍ പാടേ ഒഴിവാക്കുക. പഴവര്‍ഗങ്ങള്‍ അമിതമായി കഴിക്കരുത്. ഇടനേരങ്ങളില്‍ ഒരെണ്ണം കഴിക്കുക. 75 ഗ്രാം ഒരു ദിവസം കഴിക്കാം.
2. മലകയറുമ്പോള്‍ വിയര്‍പ്പ് കൂടുതലായിരിക്കും. അത് നീക്കം ചെയ്യുക.
3. മലകയറുമ്പോള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ചെരുപ്പുതന്നെ ഉപയോഗിക്കുക. പുതിയ ചെരുപ്പ് ഉപയോഗിക്കുന്നത് മുറിവുകള്‍ക്കു കാരണമാവാം.
4. ചെരുപ്പ് ഊരിയിടണമെന്ന് നിര്‍ബന്ധമുള്ളിടത്ത് മാത്രം അതു ചെയ്യുക. മറ്റ് സമയമെല്ലാം നിര്‍ബന്ധമായും ചെരുപ്പ് ധരിക്കുക.
5. നടക്കുമ്പോള്‍ കാലില്‍ മുറിവുകള്‍ ഉണ്ടാകാം. അതിനാല്‍ രാവിലെയും വൈകിട്ടും പാദങ്ങള്‍ പരിശോധിക്കുക.

6. വിയര്‍പ്പോ, വെള്ളമോ മൂലം പാദത്തില്‍ നനവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉണങ്ങിയ തുണി ഉയോഗിച്ചു തുടയ്ക്കുക.
7. മല കയറുമ്പോള്‍ കാല്‍പാദത്തില്‍ വിയര്‍പ്പ് കൂടാം. അപ്പോള്‍ കോട്ടണ്‍സോക്‌സ് ധരിക്കുന്നത് നന്നായിരിക്കും. രണ്ടു ജോഡി സോക്‌സ് കൂടുതല്‍ കരുതുക.
8. ഡോക്ടറുടെ പക്കല്‍നിന്നും രോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച വിവരങ്ങള്‍ എഴുതിവാങ്ങി സൂക്ഷിക്കുക. പ്രമേഹരോഗി കൂട്ടംതെറ്റി പോകുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താല്‍ പരിചയമില്ലാത്തവര്‍ക്ക് കരുതലുകള്‍ എടുക്കാന്‍ ഇത് സഹായിക്കും.
9. ഇപ്പോള്‍ കഴിക്കുന്ന മരുന്നിന്റെ ലിസ്റ്റ് കരുതണം.
10. പെട്ടെന്ന് കുഴഞ്ഞുപോയാല്‍ മറ്റുള്ളവര്‍ക്കു കാര്യങ്ങള്‍ മനസിലാക്കാന്‍ പേരുവിവരവും ഫോണ്‍നമ്പറും ഡോക്ടറുടെ ഫോണ്‍നമ്പറും ഉള്‍പ്പെട്ട ഒരു കുറിപ്പ് കരുതുക.

uploads/news/2017/12/172391/malakayarumpol071217.jpg

11. യാത്ര ചെയ്യുമ്പോള്‍ പ്രമേഹ നിരക്ക് കുറഞ്ഞുപോകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഗ്ലൂക്കോസ്‌പൊടി, പഞ്ചസാര, മിഠായി ഇവ കൈയ്യില്‍ കരുതുക. ഇവ വേഗം ദഹിച്ച് ഉന്മേഷം നല്‍കും. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ബിസ്‌കറ്റ്, ലഡു, പഴം ഇവയും കരുതാവുന്നതാണ്.
12. ബോധം നഷ്ടപ്പെട്ടാല്‍ രോഗിയ്ക്ക് വായില്‍ മധുരം കൊടുക്കരുത്. ഉടന്‍ വൈദ്യസഹായം തേടുക.
13. പ്രമേഹരോഗി വര്‍ത്തമാനം പറയാതിരിക്കുക, പിച്ചുംപേയും പറയുക, പെട്ടെന്നു ദേഷ്യംവരിക ഇങ്ങനെ അസ്വാഭാവികമായി പ്രവര്‍ത്തിച്ചാല്‍ പ്രമേഹം കുറഞ്ഞെന്ന് മറ്റുള്ളവര്‍ക്കു മനസിലാക്കാം.
14. മല കയറുമ്പോള്‍ തുടര്‍ച്ചയായി മത്സരിച്ചു കയറാതെ. വിശ്രമിച്ചു കയറുക.
15. ചെരിപ്പില്ലാതെ മല കയറരുത്.

16. മല കയറുമ്പോള്‍ ഭക്ഷണം കൃത്യമായി കഴിക്കുക. ഈ സമയത്ത് മരുന്നിന്റെ അളവ് കുറയ്ക്കാം. ഒരു ഗുളിക കഴിക്കുന്നയാള്‍ അരഗുളികയാക്കാം. മല കയറുമ്പോള്‍ ശരീരത്തിന് കൂടുതല്‍ വ്യായാമം കിട്ടുന്നു. അതിനാല്‍ പ്രമേഹം കൂടില്ല.
17. പകല്‍ സമയത്ത് മല കയറുന്നതാണ് നല്ലത്. പരസ്പരം അറിയാവുന്നവര്‍ ചേര്‍ന്ന് മല കയറുന്നതാണ് നല്ലത്. മെഡിക്കല്‍ സൗകര്യങ്ങള്‍ മല കയറുമ്പോള്‍ ലഭ്യമാണെന്നതിനാല്‍ ടെന്‍ഷന്റെ ആവശ്യമില്ല.
18. ഗ്ലൂക്കോമീറ്റല്‍ ഉപയോഗിച്ച് പ്രമേഹ നിരക്ക് ഇടയ്ക്കിടെ നോക്കുക.
19. ഒറ്റപ്പെട്ടു സഞ്ചരിക്കരുത്. സുഹൃത്തുക്കള്‍ എപ്പോഴും കൂടെ ഉണ്ടായിരിക്കാന്‍ ശ്രമിക്കണം.
20. ക്ഷീണം തോന്നിയാല്‍ ഉടന്‍വിശ്രമിക്കുക. അപ്പോള്‍ മലകയറാന്‍ ശ്രമിക്കരുത്.

ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍


1. മരുന്നുപെട്ടി യാത്ര ചെയ്യുന്ന വാഹനത്തിന്റെ മുകളില്‍ വയ്ക്കരുത്. ഇത് കാറ്റും വെയിലുംകൊണ്ട് മരുന്നിന്റെ ഗുണം കുറയാം. അതിനാല്‍ കൈവശം വയ്ക്കുന്ന ബാങ്കില്‍വേണം മരുന്ന് സൂക്ഷിക്കാന്‍.
2. മരുന്നിന്റെ അളവ് യാത്രപോകുമ്പോള്‍ 25 ശതമാനത്തോളം കുറയ്ക്കുന്നതുകൊണ്ടു കുഴപ്പമില്ല. യാത്ര ചെയ്യുമ്പോള്‍ ശരിയായ സമയത്ത് ഭക്ഷണം കിട്ടുമോയെന്ന് പറയാനാവില്ല. - ഇന്‍സുലിന്‍ അളവും കുറയ്ക്കാം.
3. ഭക്ഷണം കഴിക്കാന്‍ വൈകുന്നത് ക്ഷീണത്തിനു കാരണമാവാം. അതിനാല്‍ ലഘുഭക്ഷണം കൈയ്യില്‍ കരുതുക. ബിസ്‌ക്കറ്റ്, ബ്രഡ്, ഉണങ്ങിയ പഴങ്ങള്‍, അധികം മധുരമില്ലാത്ത ഈന്തപ്പഴം എന്നിവയെല്ലാം ഇടനേരങ്ങളില്‍ കഴിക്കാവുന്നതാണ്.

4. യാത്ര ഒറ്റയ്ക്കുപോകാതെ കൂട്ടുകാരുമായി പോകുക. യാത്രാവേളയില്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ സഹായംതേടണം.
5. മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കരുതാന്‍ മറക്കുരുത്. തിരികെ പുറപ്പെടുന്ന സമയം, എവിടെയെല്ലാം പോകുന്നു, ഏത് സമത്തു തിരിച്ചെത്തും തുടങ്ങിയ വിവരങ്ങള്‍ വീട്ടുകാരെയോ, സുഹൃത്തുക്കളെയോ സമയാസമയങ്ങളില്‍ അറിയിക്കുക.
6. യാത്രയില്‍ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിക്കുമ്പോഴും കരുതല്‍ വേണം. പൊറോട്ട, പൂരി, ബജി ഇവയ്ക്കു പകരം ദോശ, ഇഡ്ഡലി, ചപ്പാത്തി, കടലക്കറി, ചെറുപയര്‍കറി ഇവ കഴിച്ചാല്‍ സമീകൃതാഹാരമായി.
7. ഭക്ഷണ വിഭവങ്ങളില്‍ പരീഷണത്തിനു മുതിരാതെ നാടന്‍ ഭക്ഷണം കൂടുതല്‍ കഴിക്കുക. വൃത്തിയുള്ള സ്ഥലങ്ങളില്‍നിന്നു ആഹാരം കഴിക്കുക.

8. കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം കൈയ്യില്‍ കരുതുക.
9. മടങ്ങിവരുമ്പോള്‍ സാവധാനം മല ഇറങ്ങുക. വീണ് പരുക്കുപറ്റാതെ ശ്രദ്ധിക്കുക.

കടപ്പാട്:
ഡോ ടി. എസ് രാജശേഖരന്‍,
തലശേരി

Ads by Google
Thursday 07 Dec 2017 02.51 PM
YOU MAY BE INTERESTED
TRENDING NOW