Saturday, May 19, 2018 Last Updated 37 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.54 PM

മതിലില്ലാ മനസ്സുകള്‍

വേറിട്ട അവതരണശൈലിയിലൂടെ ജിപി എന്ന ഓമനപ്പേരില്‍ പ്രേക്ഷക ഹൃദയം കീഴടക്കിയ ഗോവിന്ദ് പത്മസൂര്യ തന്റെ സുഹൃത്തുക്കളെക്കുറിച്ച് വാചാലനാകുന്നു....
uploads/news/2017/12/172384/Weeklygovindpadmasoorya071217a.jpg

''നമ്മള്‍ എങ്ങനെ ആയിരിക്കണമെന്ന് മറ്റുള്ളവര്‍ ആഗ്രഹിക്കുന്നോ,അങ്ങനെ ആകാനുള്ള ശ്രമം നടത്താതെ ഇരിക്കാവുന്ന ബന്ധമാണ് സൗഹൃദം. പോരായ്മകളും പരാജയങ്ങളും വിജയങ്ങളും സന്തോഷങ്ങളുമെല്ലാം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാം.''

എന്നെ ഞാനാക്കി തീര്‍ത്തതില്‍ മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജിനും അവിടത്തെ സുഹൃത്തുക്കള്‍ക്കും വലിയ പങ്കുണ്ട്. വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ആണുങ്ങളും പെണ്ണുങ്ങളും ചേര്‍ന്ന് പതിനാല് പേരടങ്ങുന്ന ഒരു ചങ്ങാതിക്കൂട്ടം .

ഞങ്ങള്‍ക്കിടയില്‍ ഒരു മുജ്ജന്മബന്ധം പോലെയാണ് സൗഹൃദം ഉടലെടുത്തത്. ഒരുമിച്ചുപഠിച്ചവരായതു കൊണ്ടാകും ഞങ്ങള്‍ പതിനാലുപേരും ഒറ്റക്കെട്ടായി നടക്കുന്നതെന്ന് കരുതി സീനിയേഴ്‌സ് പലതവണ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്.

പല ജില്ലകളില്‍ നിന്നുവന്ന ഞങ്ങളെങ്ങനെ ഇത്രവേഗം കൂട്ടുകാരായെന്ന് അവര്‍ അത്ഭുതപ്പെട്ടിട്ടുണ്ട് . ഗൃഹാതുരത്വവും ഭയവുമൊക്കെയായി ഒരേ മാനസികാവസ്ഥയിലൂടെ കടന്നുപോയതുകൊണ്ടാകാം എന്നതല്ലാതെ ആ ബന്ധത്തിന്റെ രസതന്ത്രം ഇപ്പോഴും അറിയില്ല.

കലാലയ ജീവിതം കുരുത്തക്കേടുകളുടെ കൂടി കാലമായിരുന്നു. കാസര്‍ഗോഡ് കുമ്പളയെന്ന സ്ഥലത്ത് വെടിക്കെട്ടുകാണാന്‍ പോയതാണ് കൂട്ടത്തില്‍ രസകരമായ ഓര്‍മ്മ. പാതിരാത്രി ഹോസ്റ്റലിന്റെ മതില്‍ ചാടിക്കടന്ന് കര്‍ണാടക ബോര്‍ഡര്‍ പിന്നിട്ട് വെടിക്കെട്ടും കണ്ട് , പിറ്റേന്ന് ആര്‍ക്കും സംശയം തോന്നാതെ റൂമിലെത്തി കുളിച്ച് ക്ലാസ്സ് അറ്റന്‍ഡ് ചെയ്തതൊക്കെ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എങ്ങനെ നടന്നെന്നു തോന്നും .

അത്യാവശ്യത്തില്‍ കവിഞ്ഞ് ബുദ്ധിയുള്ളവരായതിനാല്‍ ക്ലാസ്സിലിരുന്നുള്ള ഉറക്കംതൂങ്ങല്‍ പോലും ടീച്ചേഴ്‌സിന് പിടികിട്ടാത്ത രീതിയില്‍ ബ്രില്ലിയന്റ് ആയിട്ടായിരുന്നെന്ന് എടുത്തുപറയേണ്ടല്ലോ...

ഞങ്ങളുടെ കൂട്ടത്തില്‍ പഠിക്കാന്‍ അല്പം പുറകോട്ട് ദീപു മാത്രമായിരുന്നു. അവനെ ജയിപ്പിക്കാന്‍ വേണ്ടി മറ്റു ബ്രാഞ്ചിലുള്ള ഞങ്ങള്‍ സുഹൃത്തുക്കള്‍ അവന്റെ വിഷയമായ മൈക്രോബയോളജി പഠിച്ച ശേഷം നോട്ട്‌സുണ്ടാക്കി പഠിപ്പിക്കുമായിരുന്നു.

നോട്ടീസ് ബോര്‍ഡില്‍ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ സ്വന്തം മാര്‍ക്കിനെക്കുറിച്ചായിരുന്നില്ല, ദീപു ജയിച്ചുകാണുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. കൂട്ടുകാരെല്ലാം നല്ല നിലയില്‍ എത്തുമ്പോള്‍ അവന്‍മാത്രം ബുദ്ധിമുട്ടുകയാണെങ്കില്‍ ,വേണ്ട സഹായം ചെയ്തുകൊടുക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്.

uploads/news/2017/12/172384/Weeklygovindpadmasoorya071217a1.jpg

പക്ഷെ, വിധി മറ്റൊന്നായിരുന്നു. പഠിച്ചിറങ്ങിയതും ഒരു ചെറിയ ജോലിയില്‍ പ്രവേശിച്ച് പതിയെ സ്ഥാനക്കയറ്റം കിട്ടി ദീപു നല്ലനിലയിലെത്തി.കൂട്ടത്തില്‍ ആദ്യമായി സ്ഥലം വാങ്ങിയതും വീടുവെച്ചതും കാറ് വാങ്ങിയതും അവനാണ്.

സ്വപ്നങ്ങള്‍ക്ക് പിന്നാലെ നടന്ന് സ്ഥിരവരുമാനം ഇല്ലാതിരുന്ന സന്ദര്‍ഭങ്ങളില്‍ ഞങ്ങളെല്ലാവരും ദീപുവിനോട് കടം വാങ്ങി എന്നുള്ളതാണ്
കഥയിലെ ട്വിസ്റ്റ്.

എത്ര തിരക്കുണ്ടെങ്കിലും വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും ഞങ്ങള്‍ ഫ്രണ്ട്‌സ് ഒത്തുചേരും. ഒരുമിച്ചിരിക്കുമ്പോള്‍ പഴയ ആ കോളേജ് വിദ്യാര്‍ത്ഥികളായി മാറും. ഒരിക്കല്‍ മൈസൂരാണെങ്കില്‍, പിന്നെ ചെന്നൈ, അങ്ങനെ പല സ്ഥലത്തായിരിക്കും ഗെറ്റ് ടുഗെതര്‍.

ഗ്യാങിലെ ദമ്പതികളായ ബിപിന്റെയും അമൃതയുടെയും ഫ്‌ളാറ്റിലാണ് അവസാനമായി കൂടിയത്. സിനിമയില്‍ കാണുന്നതുപോലെ സുഹൃത്തുക്കളുടെ സപ്പോര്‍ട്ട് കൊണ്ട് വിജയിച്ച പ്രണയമാണ് അവരുടേത്.

ബിപിന്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ അച്ചായനും അമൃത കന്നഡ ബ്രാഹ്മിണും ആണെന്നുപറയുമ്പോള്‍ കാര്യത്തിന്റെ സങ്കീര്‍ണത മനസിലാകുമല്ലോ...രണ്ടുപേര്‍ക്കും നല്ല ജോലിയൊക്കെ ഉള്ളതുകൊണ്ട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. എങ്കിലും വീട്ടുകാരില്‍ നിന്ന് മാറിനില്‍ക്കുന്ന വിഷമം ഇരുവരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.

അമൃത ഗര്‍ഭിണി ആയിരിക്കെ, അവളുടെ ചേച്ചിയുടെ വളകാപ്പ് ചടങ്ങിന്റെ ഫോട്ടോസ് നോക്കി സങ്കടപ്പെട്ടിരിക്കുന്നത് ബിപിന്‍ കണ്ടു. കുടുംബക്കാര്‍ ചേര്‍ന്ന് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി ചെയ്യുന്ന ബ്രാഹ്മണര്‍ക്കിടയിലെ ചടങ്ങാണത്.

ബിപിന്‍ അപ്പോള്‍ തന്നെ ഇക്കാര്യം ഞങ്ങളെ വിളിച്ചറിയിച്ചു. സുഹൃത്തുക്കളോട് ചോദിച്ചും മറ്റും ഞങ്ങളുടേതായ രീതിയില്‍ ഒരു ഫംഗ്ഷന്‍ പ്ലാന്‍ ചെയ്തു.

പല തിരക്കുകളും മാറ്റിവെച്ച് എല്ലാവരും അവരുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു. വീട്ടുകാരുടെ സ്ഥാനത്തുനിന്ന് അടിപൊളിയായി തന്നെ ചടങ്ങ് നടത്തി. മന്ത്രോച്ചാരണങ്ങള്‍ക്കു പകരം സ്‌നേഹത്തിന്റെ നറുമഴയാണവിടെ നിറഞ്ഞത്. അമൃതയുടെ മുഖത്ത് അന്ന് കണ്ട സന്തോഷം സൗഹൃദത്തിനുമാത്രം നല്‍കാന്‍ കഴിയുന്ന ഒന്നാണെന്നാണ് എന്റെ വിശ്വാസം.

Ads by Google
Ads by Google
Loading...
TRENDING NOW