Saturday, September 22, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.55 AM

കോട്‌ലയില്‍ ചരിത്രപ്പിറവി , തുടര്‍ച്ചയായ ഒമ്പതാം പരമ്പര വിജയം ; ഇന്ത്യക്ക്‌ അപൂര്‍വ റെക്കോഡ്‌

uploads/news/2017/12/172282/s1.jpg

ന്യൂഡല്‍ഹി: പ്രതീക്ഷിച്ച വിജയം വഴുതിപ്പോയെങ്കിലും ഫിറോസ്‌ ഷാ കോട്‌ലയില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം. ടെസ്‌റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ ഒമ്പതാം പരമ്പര വിജയം നേടി ടീം ഇന്ത്യ ലോക റെക്കോഡ്‌ സ്വന്തമാക്കി.
ഇന്നലെ കോട്‌ലയില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റ് സമനിലയില്‍ കലാശിച്ചതോടെ 1-0ന്‌ മൂന്നു മത്സര പരമ്പര നേടിയ ഇന്ത്യ കുറിച്ചത്‌ തങ്ങളുടെ തുടര്‍ച്ചയായ ഒമ്പതാം പരമ്പര ജയമാണ്‌. 2005-08 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയ സ്‌ഥാപിച്ച റെക്കോഡിനൊപ്പം.
2015ലെ ശ്രീലങ്കന്‍ പര്യടനം മുതലാണ്‌ ഇന്ത്യ തുടര്‍ച്ചയായി ടെസ്‌റ്റ് പരമ്പരകള്‍ ജയിച്ചു തുടങ്ങിയത്‌. ഇപ്പോള്‍ ലങ്കയ്‌ക്കെതിരേ തന്നെ ചരിത്ര നേട്ടവും കുറിച്ചു.
മൂന്നാം ടെസ്‌റ്റിന്റെ അവസാനദിനമായ ഇന്നലെ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യക്കെതിരേ വീരോചിതം പൊരുതി ലങ്ക സമനില കൈവരിക്കുകയായിരുന്നു. മധ്യനിര താരം ധനഞ്‌ജയ ഡി സില്‍വയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ്‌ ലങ്ക തോല്‍വി ഒഴിവാക്കിയത്‌.
മൂന്നിന്‌ 53 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ കളിയവസാനിക്കുമ്പോള്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 299 റണ്‍സ്‌ എന്ന നിലയിലായിരുന്നു.219 പന്തുകളില്‍ നിന്ന്‌ 15 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 119 റണ്‍സ്‌ നേടിയ ഡിസില്‍വ റിട്ടയേര്‍ഡ്‌ ഹര്‍ട്ടായി മടങ്ങി.
ഡിസില്‍വയ്‌ക്കൊപ്പം 154 പന്തില്‍ നിന്ന്‌ 11 ബൗണ്ടറികളോടെ 74 റണ്‍സ്‌ നേടിപുറത്താകാതെ നിന്ന റോഷന്‍ സില്‍വയും ലങ്കന്‍ പോരാട്ടത്തിന്‌ ചുക്കാന്‍ പിടിച്ചു. ഇരുവരും ചേര്‍ന്ന്‌ 112 റണ്‍സാണ്‌ അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്‌. ഡിസില്‍വ പരുക്കേറ്റു മടങ്ങിയ ശേഷം നിരോഷന്‍ ഡിക്ക്‌വെല്ലയെ(72 പന്തില്‍ 44 നോട്ടൗട്ട്‌) കൂട്ടുപിടിച്ച്‌ റോഷന്‍ ലങ്കയെ സുരക്ഷിത തീരത്തെത്തിച്ചു.
ശ്രീലങ്കന്‍ നിരയില്‍ രണ്ടു വിക്കറ്റുകള്‍ മാത്രമാണ്‌ അവസാനദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ വീഴ്‌ത്താന്‍ സാധിച്ചത്‌. എയ്‌ഞ്ചലോ മാത്യൂസും(1), നായകന്‍ ദിനേഷ്‌ ചണ്ഡിമല്‍(36) എന്നിവരാണ്‌ ഇന്നലെ പുറത്തായ ലങ്കന്‍ താരങ്ങള്‍. ചണ്ഡിമലിനെ അശ്വിന്‍ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയപ്പോള്‍ ഒരു റണ്‍സ്‌ മാത്രമെടുത്ത എയ്‌ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിന്‍ക്യ രഹാനെ ക്യാച്ചെടുത്ത്‌ പുറത്താക്കി.
നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചിന്‌ 246 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌ത ഇന്ത്യ ലങ്കയ്‌ക്കു മുന്നില്‍ 410 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ്‌ ഉയര്‍ത്തിയത്‌. ആദ്യ ഇന്നിങ്‌സില്‍ 163 റണ്‍സിന്റെ ലീഡ്‌ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലിയാണ്‌ കളിയിലെയും പരമ്പരയിലെയും താരം. പരമ്പരയിലാകെ 610 റണ്‍സ്‌ നേടിയ കോഹ്ലി, മൂന്നു മല്‍സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ്‌ നേടുന്ന നാലാമത്തെ താരമായി മാറി.

ഇന്ത്യയുടെ വിജയത്തുടര്‍ച്ച ഇങ്ങനെ

1.) ശ്രീലങ്കയ്‌ക്കെതിരേ 2-1(എവേ), 2015
2.) ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3-0(ഹോം), 2015-16
3.) വെസ്‌റ്റിന്‍ഡീസിനെതിരേ 2-0(എവേ), 2016
4.) ന്യൂസിലന്‍ഡിനെതിരേ 3-0(ഹോം), 2016
5.) ഇംഗ്ലണ്ടിനെതിരേ 4-0(ഹോം), 2016-17
6.) ബംഗ്ലാദേശിനെതിരേ 1-0(ഹോം), 2017
7.) ഓസ്‌ട്രേലിയയ്‌ക്കെതിരേ 3-0(ഹോം), 2017
8.) ശ്രീലങ്കയ്‌ക്കെതിരേ 3-0(എവേ), 2017
9.) ശ്രീലങ്കയ്‌ക്കെതിരേ 1-0(ഹോം), 2017

Ads by Google
Thursday 07 Dec 2017 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW