Tuesday, January 16, 2018 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.54 AM

കളത്തിനു പുറത്ത്‌ കളി ; ബ്ലാസ്‌റ്റേഴ്‌സും പോലീസും തമ്മില്‍

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കളത്തിനു പുറത്തു തകര്‍പ്പന്‍ കളിയുമായി കേരള പോലീസ്‌. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ പുതുവത്സരത്തലേന്നു ബ്ലാസ്‌റ്റേഴ്‌സും ബംഗളുരു എഫ്‌.സിയും തമ്മിലുള്ള മത്സരത്തിനു സുരക്ഷയൊരുക്കാന്‍ പോലീസിന്റെ സേവനം വിട്ടുനല്‍കാന്‍ കഴിയില്ലെന്നും അതുകൊണ്ട്‌ മത്സരം മാറ്റിവയ്‌ക്കണമെന്നുമുള്ള സിറ്റി പോലീസ്‌ കമ്മിഷണര്‍ എം.പി. ദിനേശിന്റെ കത്താണു വിവാദത്തിനു തുടക്കമിട്ടത്‌.
കത്ത്‌ രണ്ടു ദിവസം മുമ്പ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ മാനേജ്‌മെന്റിനും സൂപ്പര്‍ ലീഗ്‌ മത്സരസംഘാടകര്‍ക്കും പോലീസ്‌ ഔദ്യോഗികമായി നല്‍കി.
പുതുവത്സരത്തലേന്നു മത്സരം നിശ്‌ചയിച്ചത്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സംഘാടകരാണ്‌. മത്സരത്തിന്റെ ഷെഡ്യൂള്‍ മാസങ്ങള്‍ക്കുമുന്നേ തയാറാക്കുകയും ചെയ്‌തിരുന്നു.
അപ്പോഴൊന്നും പുതുവത്സരത്തലേന്നു മത്സരങ്ങള്‍ നടക്കുമ്പോഴുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്‌ക്കു വന്നിരുന്നുമില്ല. ഇന്നലെ പൊടുന്നനേയാണു പോലീസ്‌ ശക്‌തമായ നിലപാടെടുത്തത്‌. ഇതോടെ ഐ.എസ്‌.എലും ബ്ലാസ്‌റ്റേഴ്‌സും വെട്ടില്‍വീണു. പോലീസ്‌ കയറി ഗോള്‍ അടിച്ചെന്ന തോന്നലാണ്‌ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ക്യാമ്പിലും ഐ.എസ്‌.എല്‍. സംഘാടകരില്‍ ഉണ്ടായിട്ടുള്ളത്‌. കളി മാറ്റിവയ്‌ക്കുന്നത്‌ അവര്‍ക്കു ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല.
ഈ സീസണിന്റെ തുടക്കത്തിലേ തന്നെ പോലീസും ബ്ലാസ്‌റ്റേഴ്‌സ്‌ മാനേജ്‌മെന്റും ഐ.എസ്‌.എല്‍. സംഘാടകരുമായി ഉരസലുണ്ടായിരുന്നു. കൊച്ചിയില്‍ ആദ്യത്തെ മത്സരത്തിനുശേഷം സ്‌റ്റേഡിയം സുരക്ഷ സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിനെ ഏല്‍പ്പിച്ചതാണു പോലീസില്‍ അമര്‍ഷത്തിനു കാരണമാക്കിയത്‌.
ഇക്കാര്യങ്ങളൊന്നും പോലീസ്‌ അധികാരികള്‍ പുറത്തേക്കു വിട്ടിട്ടില്ല. എന്നാല്‍, കൊച്ചിയിലേക്കു വരുന്ന 40,000 കാണികളെ പുതുവത്സരത്തലേന്നു നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണു പോലീസ്‌ വ്യക്‌തമാക്കുന്നത്‌.
കാരണം, ശബരിമലയില്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കായി ആയിരക്കണക്കിനു പോലീസുകാര്‍ നിയോഗിക്കപ്പെട്ടതോടെ ക്രമസമാധാന പാലനരംഗത്തും പോലീസ്‌ സ്‌റ്റേഷന്‍ ഡ്യൂട്ടിയിലും പോലീസുകാരുടെ അഭാവമുണ്ട്‌.
ഈ സാഹചര്യത്തില്‍ പുതുവത്സരാഘോഷം കൂടി കടന്നു വരുമ്പോള്‍ പോലീസുകാരെ കൂടുതലായി വിന്യസിക്കേണ്ടിവരും. ഡിസംബര്‍ 31 ന്‌ രാത്രിയില്‍ കൊച്ചിയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തേണ്ടിവരും.
നിലവില്‍ നൂറുകണക്കിനു പോലീസുകാരെയാണു കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ മത്സരദിവസം വിന്യസിച്ചിട്ടുള്ളത്‌. സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കാണു സ്‌റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല.
അന്നേദിവസം പോലീസുകാരെ ലഭ്യമാക്കുന്നതില്‍ തങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടെന്നു എറണാകുളം റേഞ്ച്‌ ഐ.ജി. പി. വിജയന്‍ അറിയിച്ചു. സ്‌റ്റേഡിയം സുരക്ഷയ്‌ക്കു മതിയായ എണ്ണം പോലീസുകാരെ ലഭിക്കില്ലാത്തതുകൊണ്ടാണു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
മത്സരങ്ങള്‍ മാറ്റിവയ്‌ക്കാന്‍ തങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനോടും ഐ.എസ്‌.എല്‍. സംഘാടകരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പോലീസിനെ വിട്ടുതരാന്‍ കഴിയില്ലെന്നു മാത്രമാണ്‌ അറിയിച്ചിട്ടുള്ളതെന്നും ഐ.ജി. പി. വിജയന്‍ പറഞ്ഞു. പുതുവത്സരത്തലേന്നു വൈകിട്ട്‌ അഞ്ചരയ്‌ക്കാണു മത്സരം.

Ads by Google
Thursday 07 Dec 2017 01.54 AM
YOU MAY BE INTERESTED
TRENDING NOW