Thursday, December 07, 2017 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.48 AM

കാറ്റിന്റെ കലിയടങ്ങിയിട്ടും കരയുടെ കണ്ണീര്‍ തോരുന്നില്ല , കാണാതായവര്‍ക്കായി പൂന്തുറ പ്രാര്‍ഥനയില്‍

uploads/news/2017/12/172268/k7.jpg

തിരുവനന്തപുരം: "മൂന്നുവയസു മുതല്‍ അവനെ പോറ്റിയത്‌ കടലമ്മയല്ലേ? ആരും രക്ഷിച്ചില്ലെങ്കിലും അവനെ കടലമ്മ കാത്തോളും. ഇന്നോ നാളെയോ അവനിങ്ങു വരും"- നെഞ്ചുവിങ്ങി വാക്കുകള്‍ ഇടറുമ്പോഴും സൂസാന്നാമ്മയുടെ കണ്ണുകളില്‍ നിറയുന്നത്‌ പ്രതീക്ഷയുടെ കെടാവെട്ടം.
ഓഖി ചുഴലിക്കാറ്റില്‍കടലില്‍ കാണാതായ തിരുവനന്തപുരം, പൂന്തുറ ചെരിയമുട്ടം സ്വദേശി വിനീഷിന്റെ അമ്മൂമ്മയാണ്‌ സൂസാന്നാമ്മ. ദുരന്തത്തില്‍ കാണാതായ ഏറ്റവും പ്രായംകുറഞ്ഞയാള്‍ കൂടിയാണു പതിനാറുകാരനായ വിനീഷ്‌. ദുരിതക്കാറ്റില്‍ സംസ്‌ഥാനത്തുനിന്നു കാണാതായവരുടെ എണ്ണം ചോദ്യച്ചിഹ്നമാകുമ്പോള്‍ കണ്ണീരും കൈയുമായി കാത്തിരിക്കുന്ന തീരങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളുടെ പ്രതിനിധിയാണ്‌ ഈ വയോധിക.
പെരിയമുട്ടത്തെ വിന്‍സെന്റ്‌-സെല്‍വറാണി ദമ്പതികളുടെ നാലു മക്കളില്‍ ഇളയവനാണു വിനീഷ്‌. പിച്ചവയ്‌ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കടലായിരുന്നു വിനീഷിനു സര്‍വതും. മൂന്നു വയസുമുതല്‍ കടലില്‍ കുളിക്കുകയും നീന്തുകയും ചെയ്യുമായിരുന്നെന്ന്‌ അമ്മൂമ്മ പറയുന്നു. നീന്തല്‍ പഠിച്ചതുപോലും തനിയെയായിരുന്നു. അമ്മ ഉപേക്ഷിച്ചതോടെ അമ്മൂമ്മയ്‌ക്കൊപ്പം അവനു കരുതല്‍ തീര്‍ത്തതു കടലമ്മയായിരുന്നു. മൂത്ത സഹോദരങ്ങളായ സ്‌റ്റിബിന്‍, സ്‌റ്റിജിന്‍, സ്‌റ്റെബിന്‍ എന്നിവരെ പഠിക്കാന്‍വിട്ട്‌ മൂന്നാം ക്ലാസില്‍ വിദ്യാഭ്യാസം നിര്‍ത്തി വിനീഷ്‌ കുടുംബംപോറ്റാന്‍ കടലിലേക്ക്‌ ഇറങ്ങി. ആദ്യമൊക്കെ വലയുടെ കേടുപാടു തീര്‍ക്കാന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കുമായിരുന്നു. പിന്നെ വള്ളക്കാരെത്തിക്കുന്ന മീന്‍ കൊണ്ടുനടന്നു വില്‍പ്പനയായി. വൃക്കരോഗം മൂര്‍ച്‌ഛിച്ച്‌ പിതാവ്‌ വിന്‍സെന്റിനു കടലില്‍ പോകാന്‍ സാധിക്കാതെ വന്നതോടെയാണു വിനീഷ്‌ കടല്‍പ്പണിക്കിറങ്ങിയത്‌. 13-ാം വയസിലാണ്‌ ആദ്യമായി വള്ളത്തില്‍ കടലില്‍പ്പോയതെന്നും സൂസാന്നാമ്മ പറഞ്ഞു.
കഴിഞ്ഞ 30-ന്‌ അയല്‍വാസി ജലാലിന്റെ വള്ളത്തിലാണ്‌ മുത്തപ്പനും മറ്റൊരാള്‍ക്കുമൊപ്പം വിനീഷ്‌ കടലിലേക്കു പോയത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ച്‌ വീട്ടുകാര്‍ക്കും അറിയില്ല. ഓഖിയേല്‍പ്പിച്ച പ്രഹരത്തില്‍ വള്ളം മറിഞ്ഞപ്പോള്‍ വിനീഷും മുത്തപ്പനും വള്ളത്തില്‍ പിടിച്ചു കിടന്നു.
രോഗിയായ താന്‍ കൊടുംതണുപ്പില്‍ വിറയ്‌ക്കുന്നതുകണ്ടപ്പോള്‍ വിനീഷ്‌ സ്വന്തം ഷര്‍ട്ട്‌ ഊരിനല്‍കിയതു മുത്തപ്പന്‌ ഓര്‍മയുണ്ട്‌. പിന്നീട്‌ എപ്പോഴോ വള്ളത്തില്‍നിന്നു വിനീഷിന്റെ പിടിവിട്ട കാര്യം ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള മുത്തപ്പന്‍ പറയുന്നുണ്ടെങ്കിലും കടലിനെ അറിയുന്ന അവന്‌ ഒന്നും പറ്റില്ലെന്ന വിശ്വാസത്തിലാണ്‌ അമ്മൂമ്മ സുസാന്നാമ്മയും അപ്പൂപ്പന്‍ റിറ്റിയാസിനും.
ദുരന്തമുണ്ടായി എട്ടാം നാളിലും പൂന്തുറയില്‍നിന്നുപോയി ഇനിയും മടങ്ങിയെത്താനുള്ള 29 പേര്‍ക്കായുള്ള കാത്തിരിപ്പിലാണ്‌ തീരഗ്രാമം. പൂന്തുറ പള്ളിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ക്കു മുന്നില്‍ വിതുമ്പലോടെയിരിക്കുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഇപ്പോഴും വിശ്വാസം പ്രാര്‍ഥനയിലും കടലമ്മയിലും മാത്രം.

Ads by Google
Thursday 07 Dec 2017 01.48 AM
YOU MAY BE INTERESTED
TRENDING NOW