Thursday, December 07, 2017 Last Updated 10 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.48 AM

12 പേരെക്കൂടി രക്ഷപ്പെടുത്തി; തെരച്ചില്‍ ഇനി രാത്രിയിലും

uploads/news/2017/12/172267/k5.jpg

തിരുവനന്തപുരം/കൊച്ചി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട്‌ പുറങ്കടലില്‍ ഒറ്റപ്പെട്ടുപോയ "ഓള്‍മൈറ്റി" ബോട്ടിലുണ്ടായിരുന്ന 12 മത്സ്യത്തൊഴിലാളികളെ തീരരക്ഷാസേന കരയ്‌ക്കെത്തിച്ചു. തമിഴ്‌നാട്‌ സ്വദേശികളാണ്‌ ിവര്‍. കൊച്ചി തീരത്തുനിന്ന്‌ 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌ ബോട്ട്‌ കണ്ടെത്തിയത്‌. ഉള്‍ക്കടലില്‍ സെന്റ്‌ ആന്റണി എന്ന ബോട്ട്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ എത്രപേരുണ്ടെന്നു വിവരം ലഭിച്ചിട്ടില്ല.
കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയി കാണാതായ 70 ബോട്ടുകളില്‍ പത്തെണ്ണം ലക്ഷദ്വീപില്‍ അടുത്തതായി വിവരം ലഭിച്ചു. ഇന്നലെ അഞ്ചു ബോട്ടും അവയിലുണ്ടായിരുന്ന 60 പേരും തോപ്പുംപടി ഹാര്‍ബറിലെത്തി. കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ നാലു ബോട്ടും തൂത്തുക്കുടിയില്‍നിന്നു പോയ ഷമ്മ എന്നീ ബോട്ടുമാണ്‌ ഇന്നലെ തോപ്പുംപടിയിലെത്തിയത്‌. ഇനി 56 ബോട്ടുകളുടെ വിവരങ്ങളാണ്‌ അറിയാനുള്ളത്‌. അതില്‍ ഏകദേശം 650 തൊഴിലാളികളുള്ളതായി ലോങ്‌ലൈന്‍ ബോട്ട്‌ ആന്‍ഡ്‌ ബയിങ്‌ ഏജന്റ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എ.എം. നൗഷാദ്‌ പറഞ്ഞു.
രാത്രിയില്‍ തെരച്ചിലിനു കഴിയില്ലെന്ന നാവികസേനാംഗങ്ങളുടെ നിലപാടിനെതിരേ വിഴിഞ്ഞത്തു നിന്നെത്തിയ തൊഴിലാളികള്‍ കൊച്ചിയിലെ നാവിക ആസ്‌ഥാനത്തു പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്ന്‌ തെരച്ചിലിനു പോകേണ്ടിയിരുന്ന ഐ.എന്‍.എസ്‌. കല്‍പ്പേനി പുറപ്പെടാന്‍ ഒന്നര മണിക്കൂര്‍ വൈകി. സംഭവം വിവാദമായതോടെ തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചു.
രാവിലെ പോയി തെരച്ചില്‍ നടത്തി വൈകിട്ട്‌ു മടങ്ങിവരാനായിരുന്നു നാവികസേനയുടെ തീരുമാനം. എന്നാല്‍ കടലില്‍ തുടര്‍ച്ചയായി നാലു ദിവസമെങ്കിലും തെരച്ചില്‍ നടത്തിയാലേ ഫലമുണ്ടാകൂ എന്നു തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്നാണ്‌ മൂന്നു ദിവസം തുടര്‍ച്ചയായി കടലില്‍ തെരച്ചില്‍ നടത്താമെന്നു ധാരണയായത്‌. മത്സ്യത്തൊഴിലാളികളായ രണ്ടു മലയാളികളും നാലു തമിഴ്‌നാട്ടുകാരും തെരച്ചിലിനു സേനയ്‌ക്കൊപ്പമുണ്ട്‌.
75 നോട്ടിക്കല്‍ മൈലിനിപ്പുറം കടലില്‍ പൂര്‍ണമായും തെരച്ചില്‍ നടത്തിക്കഴിഞ്ഞെന്നാണ്‌ തീരരക്ഷാസേനാവൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ നാവികസേനയും തീരരക്ഷാസേനയും നടത്തുന്ന തെരച്ചില്‍ വെറും കാട്ടിക്കൂട്ടലാണെന്നു മത്സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. വീശിയടിച്ച കാറ്റില്‍ ബോട്ടുകള്‍ 100 നോട്ടിക്കല്‍ മൈല്‍ അകലേക്കു വരെ പോയിട്ടുണ്ടെന്നും തുടര്‍ച്ചയായ തെരച്ചില്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. തെരച്ചിലില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി ലത്തീന്‍ കത്തോലിക്കാ സഭ നേരത്തേ ആരോപിച്ചിരുന്നു.
തീരരക്ഷാസേനയുടെ 12 കപ്പലുകളും നാവികസേനയുടെ കല്‍പ്പേനി, കബ്ര കപ്പലുകളും ഫിഷറീസ്‌ വകുപ്പിന്റെ അഞ്ചു ബോട്ടുകളും തെരച്ചിലിനുണ്ട്‌. വിമാനങ്ങളും ഹെലികോപ്‌ടറുകളും ഉപയോഗിക്കുന്നുണ്ട്‌.
ചുഴലിക്കാറ്റില്‍പ്പെട്ട്‌ കടലില്‍ അകപ്പെട്ടവരില്‍ 92 പേരെ മാത്രേമ ഇനിയും കണ്ടെത്താനുള്ളൂവെന്നാണ്‌ സര്‍ക്കാര്‍ കണക്കുകള്‍. എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ മാത്രം 201 പേരെ കടലില്‍ കാണാതായിട്ടുണ്ടെന്ന്‌ ലത്തീന്‍ അതിരൂപതയും കൊച്ചിയില്‍നിന്നു പോയ 700 തൊഴിലാളികള്‍ മടങ്ങിയെത്താനുണ്ടെന്ന്‌ ഫിഷറീസ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും പറയുന്നു.
കടലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടെന്ന്‌ ഇന്നലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. നാവികസേനയുടെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ തെരച്ചിലിനായി ബോട്ടില്‍ പുറപ്പെട്ടിട്ടുണ്ട്‌.

Ads by Google
Thursday 07 Dec 2017 01.48 AM
YOU MAY BE INTERESTED
TRENDING NOW