Tuesday, September 18, 2018 Last Updated 57 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.43 AM

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രാമക്ഷേത്രനിര്‍മാണവുമായി ബന്ധിപ്പിക്കുന്നതെന്തിന്‌: നരേന്ദ്രമോഡി

uploads/news/2017/12/172236/d2.jpg

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനെ രാമക്ഷേത്രനിര്‍മാണവുമായി ബന്ധിപ്പിക്കുന്നത്‌ എന്തിനെന്ന്‌ കപില്‍ സിബലിനോട്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ 25-ാം വാര്‍ഷികമായ ഇന്നലെ ഗുജറാത്തിലെ ധാന്‍ധുക്കായില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു മോഡിയുടെ പ്രസ്‌താവന.
അയോധ്യയിലെ തര്‍ക്കഭൂമിയിലെ കേസിന്റെ വിചാരണ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകഴിയുന്നതുവരെ മാറ്റിവയ്‌ക്കണമെന്ന്‌ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ കക്ഷിയായ സുന്നി വഖഫ്‌ ബോര്‍ഡിനുവേണ്ടിയാണ്‌ കോണ്‍ഗ്രസ്‌ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കബില്‍ സിബല്‍ ഹാജരായത്‌.
എന്നാല്‍ വിചാരണമാറ്റിവയ്‌ക്കണമെന്ന ആവശ്യത്തോട്‌ സുന്നി വഖഫ്‌ ബോര്‍ഡ്‌ അകലം പാലിച്ചത്‌ അപ്രതീക്ഷിതമായ സംഭവവികാസമായി. രാമക്ഷേത്ര തര്‍ക്കം ഏറ്റവും വേഗത്തില്‍ പരിഹരിക്കണമെന്നാണു തങ്ങളുടെ നിലപാടെന്നും സിബലിന്റെ പ്രസ്‌താവനയുമായി തങ്ങള്‍ക്ക്‌ ഒന്നും ചെയ്യാനില്ലെന്നുമാണ്‌ സുന്നി വഖഫ്‌ ബോര്‍ഡിന്റെ നിലപാട്‌.
കപില്‍ സിബല്‍ തങ്ങളുടെ അഭിഭാഷകനാണെങ്കിലും അദ്ദേഹം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളു കൂടിയാണ്‌. കോടതിയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടു തെറ്റാണ്‌.- സുന്നി വഖഫ്‌ ബോര്‍ഡ്‌ അംഗം ഹാജി മെഹ്‌ബൂബ്‌ പറഞ്ഞു.
കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഒഴികെ എല്ലാവരും പ്രതിവിധിയാണ്‌ ആഗ്രഹിക്കുന്നതെന്നും വഖഫ്‌ ബോര്‍ഡ്‌ നിലപാടിനെ പ്രകീര്‍ത്തിച്ചുകൊണ്ടു പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. സിബലിന്റെ നിലപാടിനെതിരേ ബി.ജെ.പിയില്‍ നിന്നു രൂക്ഷമായ പ്രതികരണമാണുയരുന്നത്‌. കോണ്‍ഗ്രസിന്‌ ഇരട്ടത്താപ്പാണെന്നും ഇക്കാര്യത്തിലുള്ള നിലപാടു വ്യക്‌തമാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. അതേസമയം കബില്‍ സിബലിന്റെ നിലപാടിനോടു കോണ്‍ഗ്രസും അകലം പാലിച്ചിട്ടുണ്ട്‌.
അതു പാര്‍ട്ടിയുടെ നിലപാടല്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ അഭിപ്രായം പറയുന്നില്ലെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ പൃഥ്വിരാജ്‌ ചവാന്‍ പറഞ്ഞു.

Ads by Google
Thursday 07 Dec 2017 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW