Friday, December 14, 2018 Last Updated 33 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 07 Dec 2017 01.37 AM

വിവാദനായികയ്‌ക്ക് അനാഥയായി അന്ത്യം...

uploads/news/2017/12/172217/in4.jpg

ലണ്ടന്‍: ജീവന്‍ നിലനിര്‍ത്താന്‍ എന്തു ജോലിയും ചെയ്യാന്‍ തയാറായാണു ക്രിസ്‌റ്റിന്‍ കീലര്‍ 1959 ല്‍ ലണ്ടനിലെത്തിയത്‌. അന്നവള്‍ക്ക്‌ പ്രായം 17. കാര്യമായി വിദ്യാഭ്യാസമില്ലാത്ത കീലര്‍ക്കു അവസരമൊന്നും ലഭിച്ചില്ല. അവസാനം മറേയിലെ ഒരു ക്ലബില്‍ അര്‍ധനഗ്നയായി നൃത്തമാടുന്ന ജോലി സ്വീകരിച്ചു. നാലു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ ഹാരോള്‍ഡ്‌ മാക്‌മില്ലന്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ മാദകസുന്ദരിയായി അവള്‍ വളര്‍ന്നു. മക്കളും ബന്ധുക്കളും കൈയൊഴിഞ്ഞ നിലയില്‍ ഇന്നലെ 75-ാം വയസില്‍ കീലര്‍ നിര്യാതയായി. സൗന്ദര്യവും പണവും എല്ലാം നഷ്‌ടപ്പെട്ട്‌...
പട്ടിണിയും പീഡനവും നിറഞ്ഞതായിരുന്നു കീലറുടെ ബാല്യം. ബെര്‍ക്ക്‌ഷെര്‍ ഗ്രാമത്തിലാണു ജനനം. വളര്‍ത്തച്‌ഛനാണ്‌ പീഡകന്റെ രൂപത്തില്‍ ആദ്യമെത്തിയത്‌. 15-ാം വയസില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. 17 വയസില്‍ പ്രസവം. കുഞ്ഞ്‌ ആറുദിവസമേ ജീവിച്ചിരുന്നുള്ളൂ.
ജീവിതമാര്‍ഗം തേടിയാണു ലണ്ടനിലെത്തിയത്‌. മാറിടം കാട്ടി നൃത്തം ചെയ്യുന്നതിന്‌ ഒരു വ്യവസ്‌ഥയേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ശരീരത്തില്‍ സ്‌പര്‍ശിക്കരുത്‌. വിന്‍സ്‌റ്റണ്‍ ചര്‍ച്ചില്‍, ഫ്രാങ്ക്‌ സിനാത്ര, എലിസബത്ത്‌ ടെയ്‌ലര്‍ എന്നിവര്‍ക്കു മുന്നിലും അവര്‍ നൃത്തമാടി.
എന്നാല്‍ ചിത്രകാരനായ സ്‌റ്റീഫന്‍ വാഡുമായുള്ള അടുപ്പമാണു വി.ഐ.പികള്‍ക്കിടയില്‍ അവര്‍ക്ക്‌ അവസരമൊരുക്കിയത്‌. അക്കാലത്തെക്കുറിച്ചു കീലര്‍ പറഞ്ഞതിങ്ങനെ-"പുരുഷന്മാരെ എനിക്ക്‌ ആവശ്യമുള്ളതുപോലെ ഉപയോഗിച്ചു..."
സമ്മാനങ്ങള്‍ കുമിഞ്ഞുകൂടിയ കാലത്താണു ബ്രിട്ടന്റെ യുദ്ധ സെക്രട്ടറി ജോണ്‍ പ്ര?ഫ്യൂമോ, റഷ്യന്‍ ഉദ്യോഗസ്‌ഥനും ചാരനുമായ യവഗേനി ഇവാനോവ്‌ എന്നിവരുമായി അവര്‍ ബന്ധം സ്‌ഥാപിച്ചത്‌. പ്ര?ഫ്യൂമോക്ക്‌ അന്ന്‌ 49 വയസായിരുന്നു പ്രായം.
റീജന്‍സ്‌ പാര്‍ക്കിലെ പ്ര?ഫ്യൂമോയുടെ വസതിയിലെ സ്‌ഥിരം സന്ദര്‍ശകയാകാന്‍ വൈകിയില്ല. ഇവാനോവ്‌ വഴി ബ്രിട്ടീഷ്‌ രഹസ്യങ്ങള്‍ റഷ്യയിലേക്കു പ്രവഹിച്ചു.
"മേക്കപ്പിനെക്കുറിച്ചും സൗന്ദര്യവര്‍ധക വസ്‌തുക്കളെക്കുറിച്ചും മാത്രമാണു കീലര്‍ സംസാരിച്ചതെന്നു" പ്ര?ഫ്യൂമോ പറഞ്ഞെങ്കിലും മാധ്യമങ്ങള്‍ വിട്ടില്ല. ബ്രിട്ടനിലെ ഏറ്റവും വലിയ ലൈംഗിക അപവാദമായി അതു വളര്‍ന്നു. ഭാര്യയോട്‌ മാപ്പുപറഞ്ഞു പ്ര?ഫ്യൂമോ രാജിവച്ചു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഭാവി തകര്‍ന്നു. വൈകാതെ ഹാരോള്‍ഡ്‌ മാക്‌മില്ലന്‍ സര്‍ക്കാരിന്‌ അധികാരം നഷ്‌ടമായി. 25-ാം വയസയില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗമായ പ്ര?ഫ്യൂമോ പീന്നീട്‌ പൊതുരംഗത്തുനിന്നുമകന്നു. പീന്നീട്‌ മദ്യത്തിനടിപ്പെട്ടു.
കീലര്‍ കേസുകളുടെ പിന്നാലെയായി. ആരാധകര്‍ ഓരോന്നായി അവരെ വിട്ടുപോയി. സമ്പാദ്യം മുഴുവന്‍ അഭിഭാഷകര്‍ക്കായി വീതിച്ചു. കോടതി വളപ്പില്‍ കാത്തുനിന്നവര്‍ രോഷത്തോടെ അലറിവിളിക്കുന്നതു കണ്ട്‌ യുവതിയായ കീലര്‍ തകര്‍ന്നു. തന്നെ പീഡിപ്പിച്ചവരുടെ പേരുകളും അവര്‍ പുറത്തുവിട്ടു. ഏതാനുംപേര്‍ തടവിലായി. 20 -ാംവയസില്‍ അവരും ജയിലിലായി.
1964 ല്‍ ജയില്‍ മോചിതയായി. മോഡലെന്ന നിലയില്‍ പീന്നീട്‌ അവസരംതേടി. രണ്ട്‌ തവണ വിവാഹിതയായി. ബന്ധങ്ങള്‍ ഏറെ നീണ്ടില്ല. എങ്കിലും ജിമ്മി, സെയ്‌മര്‍ എന്ന മക്കളെ ലഭിച്ചു.
അഭിമുഖങ്ങളിലൂടെയും ആത്മകഥകളിലൂടെയും ഒരു പതിറ്റാണ്ടുകൂടി പണം സമ്പാദിച്ചു. വേഷം മാറി ജീവിക്കാമെന്നു കരുതി ഒരു സ്‌കൂളില്‍ ചെറിയ ജോലി തേടി. ഹെഡ്‌ ടീച്ചര്‍ വിവരമറിഞ്ഞതോടെ അതും നഷ്‌ടമായി.
വര്‍ഷങ്ങള്‍ക്കുശേഷം സ്‌റ്റീഫന്‍ വാഡ്‌ റഷ്യന്‍ ചാരനായിരുന്നെന്ന വെളിപ്പെടുത്തലുമായി കീലര്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഇവാനോവിനെ ബ്രിട്ടീഷ്‌ ചാരസംഘടനയും ഉപയോഗിച്ചെന്നു പിന്നീട്‌ കണ്ടെത്തി. ഇതൊന്നും കീലര്‍ക്ക്‌ ആശ്വാസമായില്ല.
സൗന്ദര്യം മങ്ങിയതോടെ അവര്‍ കഷ്‌ടപ്പാടിലേക്കു നീങ്ങി. "കുപ്രസിദ്ധ"യായ അമ്മയില്‍നിന്നു മക്കളും അകന്നു നിന്നു. വര്‍ഷങ്ങള്‍ക്കുശേഷം ലണ്ടനിലൂടെ ചെറിയ തുണിസഞ്ചിയുമായി നടന്നുനീങ്ങിയ കീലറെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കണ്ടെത്തി. അന്നു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുകയായിരുന്നു അവര്‍. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന്‌ 75-ാം വയസിലായിരുന്നു അന്ത്യം.

Ads by Google
Thursday 07 Dec 2017 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW