Sunday, June 16, 2019 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 03.13 PM

രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

uploads/news/2017/12/172077/Weeklyanubhavapacha49.jpg

വിധിയെ തടുക്കാന്‍ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല. വലിയ അപകടങ്ങളില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ നാം മാറിയിരുന്നു ചിന്തിക്കും.

അങ്ങനെയൊരു രക്ഷപ്പെടല്‍ സാധ്യമാല്ലതായിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു എന്ന്. മരണം എന്നഒരൊറ്റ ഉത്തരത്തില്‍ ചിന്തകള്‍ അവസാനിക്കുമ്പോള്‍ അന്നത്തെ അനുഭവങ്ങള്‍ നമുക്ക് ഭൂതകാലത്തിന്റെ നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കും.

എന്റെ 'നാക്കു പെന്റ നാക്കു ടാക്ക' എന്ന സിനിമയുടെ ചിത്രീകരണം നടന്നത് കെനിയയിലെ നെയ്‌റോബിയില്‍ ആയിരുന്നു. സ്‌നേഹനിധികളായ ഒരുകൂട്ടം പാവപ്പെട്ടജനത ഒരുവശത്ത്; അവരുടെ ദാരിദ്ര്യം മുതലെടുത്ത് വര്‍ഗീയതയുടെ പേരില്‍ ഭീകരതയെ വളര്‍ത്തുന്നവര്‍ മറ്റൊരുവശത്ത്. അതുകൊണ്ടുതന്നെ സാഹസികമായ കുറെ ദിവസങ്ങള്‍ മുന്നില്‍ക്കണ്ടാണ് അവിടെ ഞങ്ങള്‍ ചിത്രീകരണത്തിനായി എത്തിയത്.

ആദ്യദിവസത്തെ ചിത്രീകരണം നടക്കേണ്ടത് ഒരു പര്‍വതത്തിനടുത്ത പ്രദേശത്താണ്. ഞാനും അസിസ്റ്റന്റ് സംവിധായകരും കലാസംവിധായകനുമടക്കം ചെറിയൊരുസംഘം ഒഴിച്ച് ബാക്കിയെല്ലാവരും ലോക്കേഷനിലേക്ക് പുറപ്പെട്ടിരുന്നു.

താമസിക്കുന്നതിനു തൊട്ടടുത്തുള്ള ഒരു മാളിലെ ഭക്ഷണം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. അതു കഴിച്ചിട്ടാകാംലോക്കേഷനിലേക്കുള്ള യാത്ര എന്നു കരുതി അവിടെച്ചെന്ന് ഭ
ക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോള്‍ ഇന്ദ്രജിത്തിന്റെ ഫോണ്‍കോള്‍.

ഷൂട്ടിങ്ങിനു പോകാന്‍താമസിക്കേണ്ടാന്നും ലൊക്കേഷനില്‍ ഉച്ചകഴിഞ്ഞു മഴപെയ്യാന്‍ സാധ്യതയുണ്ടെന്നും അറിഞ്ഞത്രേ. ഇന്ദ്രന്‍ താഴെ കാറില്‍ കാത്തിരിക്കുകയാണെന്നും ഉച്ചയ്ക്കു മുമ്പുതന്നെ അവിടുത്തെ ഷോട്ടുകള്‍ എടുത്തുതീര്‍ത്തില്ലെങ്കില്‍ ബുദ്ധിമുട്ടാകുമെന്നും കൂടി പറഞ്ഞപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കി.

അവിടെ മഴ എന്നാല്‍, ഒരു ഒന്നൊന്നര മഴയാണ്. തുടങ്ങിയാല്‍ ഉടനെയൊന്നും തീരില്ല. ഇന്ദ്രന്റെ നിര്‍ബന്ധത്തിനു വഴങ്ങി,

ഇഷ്ടഭക്ഷണം മനസില്ലാമനസോടെ ഒഴിവാക്കി, ഉടന്‍തന്നെ താഴെവന്ന് ലോക്കെഷനിലേക്കു പുറപ്പെട്ടു. ഒരു ചെറിയ വഴിതാണ്ടി പ്രധാന ദേശീയപാതയിലേക്കു കടന്നപ്പോള്‍ ലൊക്കേഷനില്‍നിന്ന് ഒരു കോള്‍.

'നിങ്ങള്‍ ആ മാളില്‍ നിന്നിറങ്ങിയോ?'
ഇന്ദ്രനെപ്പോലെ അവരും ധൃതിപിടിക്കുകയാനെന്നോര്‍ത്ത് ഞാന്‍, 'ദാ ഇപ്പോള്‍ എത്തും' എന്നു പറഞ്ഞതും അവിടുന്ന് ചിരിയും കൈകൊട്ടലും ഒക്കെ ഉയര്‍ന്നു. എനിക്കൊന്നും മനസിലായില്ല. വിളിച്ചയാള്‍ ബാക്കികൂടി പറഞ്ഞപ്പോള്‍ അത് ശ്വാസമടക്കിപ്പിടിച്ചിരുന്നു കേട്ടു.

ഞങ്ങള്‍ അല്‍പ്പം മുമ്പ് ഇറങ്ങിയ മാളില്‍ ശക്തമായ ഭീകരാക്രമണം നടന്നെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും അനവധി ഭീകരര്‍ ഇപ്പോഴും അകത്തുള്ളവരെ കൊല്ലാക്കൊല ചെയ്യുകയാണെന്നും പറഞ്ഞപ്പോള്‍ ഞാന്‍ ഇന്ദ്രനെ നോക്കി.

അല്‍പ്പം മുമ്പുവരെ ഞങ്ങളുടെ ഇഷ്ടഭക്ഷണം നിഷേധിച്ച വില്ലനായിരുന്ന ആള്‍ ആ നിമിഷം ഞങ്ങളുടെ രക്ഷകനായി മാറുകയായിരുന്നു. ഞങ്ങള്‍ ഷൂട്ടിംഗ് ലോക്കേഷനിലെത്തി ടിവി വാര്‍ത്തയില്‍ അതിന്റെ ചില ദൃശ്യങ്ങള്‍ കൂടി കണ്ടതോടെയാണ് ആക്രമണത്തിന്റെ യഥാര്‍ഥ ആഴം മനസിലായത്.

ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ വെറും ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ആ മാളില്‍നിന്ന് പുക ഉയരുന്നതു കാണാമായിരുന്നു.

ആ ആക്രമണം ഭീകരര്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം പദ്ധതിയിട്ടാണു നടപ്പാക്കിയതെന്ന് ആരോ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തു, ഈയൊരു വര്‍ഷത്തില്‍ ഒരു അഞ്ചുമിനിറ്റ് മുമ്പ് ആക്രമണം നടപ്പാക്കാന്‍ അവര്‍ ചിന്തിച്ചിരുന്നുവെങ്കില്‍ എന്തായിരുന്നു ഞങ്ങളുടെ അവസ്ഥയെന്ന്.

ഈ സംഭവത്തോടെ ഞങ്ങള്‍ക്ക് സദാസമയവും എ.കെ. 47 ഏന്തിയ രണ്ടു പോലീസുകാര്‍ കാവലും പിന്നെ പോകുന്ന വഴികളിലൊക്കെ എസ്‌ക്കോര്‍ട്ടും ഉണ്ടായിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായപ്പോഴും ഞങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ഇവരുടെ സെക്യൂരിറ്റി ശല്യമായി തോന്നിയെങ്കിലും മെല്ലെ അതുമായി പൊരുത്തപ്പെട്ടു. പിന്നെ വളരെ രസകരമായ, ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.

അവിടെനിന്ന് തിരിക്കുന്ന ദിവസം ഞങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്ന് യാത്രയയച്ച ആ രണ്ടു പോലീസുകാരെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞപ്പോഴായിരുന്നു ഒരു കഥയുടെ ക്ലൈമാക്‌സിലെട്വിസ്റ്റ് പോലെ അയാള്‍ അത് പറഞ്ഞത്.

ഞങ്ങളുടെ സംഘത്തിന് ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നു, തട്ടിക്കൊണ്ടുപോയി വിലപേശി പണംതട്ടാന്‍ അവര്‍പദ്ധതിയിട്ടിരുന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍. അവര്‍ കോടികള്‍ ആവശ്യപ്പെടുമ്പോള്‍ അത് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഷ്ടപ്പെടുന്നത് വിലപ്പെട്ട ഒരു ജീവനായിരിക്കും, അത് ചിലപ്പോള്‍ ഞാനാകാം.

ഞങ്ങളുടെ ജോലിയെ ബാധിക്കാതിരിക്കാന്‍ ഇതൊക്കെ അതീവ രഹസ്യമായിത്തന്നെ വച്ചുകൊണ്ട് ജീവനു കാവല്‍നിന്ന അവരെ ഇന്നും എന്റെ ഓര്‍മ്മകളില്‍നിന്ന് വേര്‍പെടുത്താന്‍ ആയിട്ടില്ല.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Wednesday 06 Dec 2017 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW