Saturday, February 16, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 06 Dec 2017 01.18 PM

കൊല്ലരുത്‌ , മണ്ണിനെ

uploads/news/2017/12/172059/opinion061217asand.jpg

മണ്ണിനു മീതേയാണു നാം ചവുട്ടി നടക്കുന്നത്‌. കാല്‍ച്ചുവട്ടില്‍ മണ്ണില്ലെങ്കില്‍ അടിതെറ്റി വീഴും. അമ്മയ്‌ക്കു പിറക്കുന്നവരെങ്കിലും നാമെല്ലാം മണ്ണിന്റെ മക്കള്‍ കൂടിയാണ്‌.

അപ്പോള്‍ മണ്ണും മനുഷ്യകുലത്തിന്‌ മാതാവ്‌ തന്നെ. പട്ടു മെത്തയില്‍ പിറന്നാലും പഴഞ്ചാക്കില്‍ പിറന്നാലും ഒടുവില്‍ തലചായ്‌ക്കാന്‍ ആറടി മണ്ണ്‌ മാത്രമെ കാണുകയുള്ളു, എല്ലാവര്‍ക്കും. അപ്പോള്‍ മണ്ണാണ്‌ ആത്യന്തികമായി നമ്മുടെ ആധാരം.

മണ്ണിന്റെ മൂല്യം ഉദ്‌ഘോഷിച്ചുകൊണ്ട്‌ ഒരു ലോകദിനം കൂടി കഴിഞ്ഞദിവസം (ഡിസംബര്‍ 5) കടന്നു പോയി. ദിവസങ്ങള്‍ കടന്നു പോകും. പക്ഷേ അവ നല്‍കുന്ന സന്ദേശങ്ങള്‍ നമ്മുടെ മണ്ണില്‍ വേരോടി വളരണം. അങ്ങനെ വളരുന്ന സന്ദേശത്തണലുകള്‍ക്കു കീഴെ സമൂഹങ്ങള്‍ വളര്‍ന്നു കയറണം.
പുരോഗതിയുടെ ആധാരശില കൃഷിയാണെന്ന പരമസത്യം തിരിച്ചറിയാത്തതല്ല ഇവിടെ പ്രശ്‌നം.

കൃഷിപോലും വ്യവസായവത്‌കരിക്കപ്പെട്ടതാണു പ്രശ്‌നം. വ്യാവസായിക മേഖലയില്‍ അധികോല്‍പാദനവും ലാഭവുമാണു മുഖ്യം. കൃഷിയിടത്തില്‍ വിളയുന്നത്‌ യഥാസമയം വന്‍ കമ്പോളങ്ങളിലെത്തണം. കപ്പലിലും വിമാനത്തിലും കയറി വിദേശങ്ങളിലെത്തണം. ആവശ്യത്തിനു വിദേശധനം വന്നു കൂടണം. ഇത്‌ ഭാരതം പോലുള്ള വികസ്വര രാജ്യങ്ങളുടെ മാത്രം നയമല്ല. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ ഇപ്പോള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇങ്ങനെയാണ്‌.

അധിക വിളവ്‌ ലഭിക്കണമെങ്കില്‍ ആഗോള ഭീമന്മാരായ ബെയറും സിന്റാഞ്ചയും ഡവ്വുമൊക്കെ കീടനാശിനികള്‍ എന്ന പേരില്‍ ഉണ്ടാക്കിത്തരുന്ന കൊടിയ വിഷങ്ങളെ ആശ്രയിക്കണം.

വിവിധ പേരുകളില്‍ വിപണിയില്‍ ലഭിക്കുന്ന ഇവരുടെ ഉല്‍പന്നങ്ങള്‍ വാരിത്തൂവണം. കുഴപ്പക്കാരായ കീടങ്ങളും രോഗാണുക്കളും മാത്രമല്ല, മിത്രങ്ങളായ കീടങ്ങള്‍ കൂടി കുലമറ്റുപോകാന്‍ ഈ കീടനാശിനിയൊക്കെ ധാരാളം. ഒരു കീടനാശിനിയില്‍ ഒരു വിഷം മാത്രമല്ല, അനേകം വിഷപദാര്‍ഥങ്ങളുടെ മിശ്രിതമാണ്‌ ഉണ്ടാവുക.

ചില കീടനാശിനികള്‍ ചെടികള്‍ക്കു പുറമെയാണു തളിക്കേണ്ടത്‌. അവയുടെ സ്‌പര്‍ശമേല്‍ക്കുമ്പോള്‍ തന്നെ കീടങ്ങളും പ്രാണികളുമൊക്കെ ചത്തു വീഴും. മറ്റു ചില കീടനാശിനികളുണ്ട്‌. ഒന്നുകില്‍ മണ്ണില്‍ തളിക്കണം. അല്ലെങ്കില്‍ തണ്ടു തുരന്നു കുത്തിവയ്‌ക്കണം. രണ്ടു രീതിയുടെയും ലക്ഷ്യം ഒന്നു തന്നെ. കീടനാശിനി എന്ന വിഷം സസ്യത്തിന്റെ ശരീരത്തിനുള്ളിലേക്ക്‌ അതേപടി കയറിക്കൂടും. ഓരോ സസ്യവും അങ്ങനെ വിഷച്ചെടിയായി മാറും. അതില്‍നിന്ന്‌ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളും തേന്‍നുകരുന്ന തേനീച്ചകളും ഒക്കെ കുലമറ്റുപോകും.

കീടങ്ങളെ മാത്രമല്ല കളയെന്ന്‌ നാം വിശേഷിപ്പിക്കുന്ന സ്വാഭാവിക സസ്യജാലങ്ങളെക്കൂടി കരിച്ചുകളയുന്ന കൊടിയവിഷം കളനാശിനികള്‍ എന്ന പേരില്‍ ലഭ്യമാണ്‌. ഇതൊക്കെ മണ്ണിലെത്തിയാലുള്ള അവസ്‌ഥ എത്ര അപകടകരമായിരിക്കും.

പുറമെ തളിച്ചാലും അകമെ തളിച്ചാലും കീടനാശിനികള്‍ വായുവിലും മണ്ണിലും വെള്ളത്തിലുമാണ്‌ എത്തിച്ചേരുക. ഒപ്പം രാസവളങ്ങളും കൂടിയാവുമ്പോള്‍ മണ്ണിന്റെ നൈസര്‍ഗികത ഇല്ലാതാകും. ഓരോ വിഷവും കീടത്തിന്റെ ശരീരത്തില്‍ അതിവേഗം ചെലുത്തുന്ന ഗുരുതരമായ പ്രത്യാഘാതം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യന്റെയും ഇതരജീവികളുടെയും ശരീരത്തിലും ആവര്‍ത്തിക്കും. നാഡീ രോഗങ്ങള്‍, ഹോര്‍മോണ്‍ രോഗങ്ങള്‍, അര്‍ബുദം തുടങ്ങി ഗുരുതരമായ ഭവിഷ്യത്തുകളാണ്‌ ഫലം.

ലോകത്ത്‌ ഭക്ഷ്യദൗര്‍ലഭ്യം ഉണ്ടെന്നും അതിനെ തരണം ചെയ്യാന്‍ രാസവളങ്ങളും രാസകീടനാശിനികളും വ്യാവസായിക കൃഷിയും അത്യന്താപേക്ഷിതമാണെന്നും പറഞ്ഞ്‌ ആഗോള കമ്പനികളും അവരുടെ ചൊല്‍പ്പടിക്കാരും ലോകത്തിന്റെ കണ്ണുകെട്ടുകയാണ്‌.

യഥാര്‍ഥത്തില്‍ ഭക്ഷ്യദൗര്‍ലഭ്യമല്ല ഉള്ളത്‌. ഇപ്പോഴുള്ളത്‌ ഭക്ഷണവും സമ്പത്തും വിതരണം ചെയ്യുന്നതിലെ അനീതിയാണ്‌. സമ്പന്നവിഭാഗം പാഴാക്കിക്കളയുന്ന ഭക്ഷണം മതി ലോകത്തെ ദരിദ്രര്‍ക്കു മുഴുവന്‍ സുഭിക്ഷമായി കഴിക്കാന്‍.

കഴിഞ്ഞ ലോക മണ്ണു ദിനം ശ്രദ്ധേയമായ ഒരു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. "മണ്ണും പയറിനങ്ങളും - ജീവന്റെ പാരസ്‌പര്യം" എന്നായിരുന്നു മുദ്രാവാക്യം. ശരിയല്ലേ.

പണ്ടൊക്കെ ഇടവിളയായും സമ്മിശ്ര കൃഷിയായും പയറിനങ്ങള്‍ നടുന്നത്‌ പതിവായിരുന്നു. പയറിന്റെ വേരിലുള്ള സമൃദ്ധമായ നൈട്രജന്‍ ശേഖരം മണ്ണിന്റെ വളക്കൂറിനെ പരിപോഷിപ്പിച്ച്‌ ചൈതന്യവത്താക്കുമായിരുന്നു.

ആധുനികത നല്ലതാണെങ്കിലും മണ്ണിനെ ദരിദ്രമാക്കുന്ന ആധുനിക കൃഷിരീതകളോട്‌ നമുക്ക്‌ വിടപറയാം. മണ്ണിന്റെ ജീവസ്‌പന്ദനം നിലനിര്‍ത്തുന്ന തനതു കൃഷിരീതികളിലേക്കു മടങ്ങാം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 06 Dec 2017 01.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW