Tuesday, October 16, 2018 Last Updated 36 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Dec 2017 02.02 AM

ഓഖി പോയിട്ടും കടലില്‍ പോയവരുടെ കണക്കില്ല , റവന്യൂ-92, മത്സ്യഫെഡ്‌-56, ലത്തീന്‍ സഭ-201, ബോട്ട്‌ അസോ.-700...

uploads/news/2017/12/171941/k1.jpg

തിരുവനന്തപുരം/കൊച്ചി: ഓഖി ചുഴലിക്കാറ്റ്‌ ദുരന്തം വിതച്ച്‌ ആറുദിവസം പിന്നിട്ടിട്ടും കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക്‌ സംസ്‌ഥാനസര്‍ക്കാരിന്റെ പക്കലില്ല. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും നല്‍കുന്ന കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇതു രക്ഷാദൗത്യത്തിലും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു.
ഇനിയും 92 പേരെ കണ്ടെത്താനുണ്ടെന്നാണു റവന്യൂ വകുപ്പിന്റെ കണക്ക്‌. മത്സ്യഫെഡിന്റെ കണക്കില്‍ ഇത്‌ 56 പേരാണ്‌. 201 പേരെ കണ്ടെത്താനുണ്ടെന്നു ലത്തീന്‍ അതിരൂപത തിരുവനന്തപുരത്തു പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി. അതേസമയം, കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ 68 ബോട്ടുകളിലായി എഴുനൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന്‌ ലോങ്‌ലൈന്‍ ബോട്ട്‌ ആന്‍ഡ്‌ ബയേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
കാണാതായ മത്സ്യത്തൊഴിലാളികളുടെ വിവരശേഖരണം സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ നടത്തിയിട്ടില്ല. ഫിഷറീസ്‌ വകുപ്പും മടിച്ചുനില്‍ക്കുകയാണ്‌. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ലത്തീന്‍ കത്തോലിക്കാ സഭ അതൃപ്‌തി പ്രകടിപ്പിച്ചു. ജില്ലാ കലക്‌ടറുടെയും റവന്യൂ/ഫിഷറീസ്‌ വകുപ്പുകളുടെയും കണക്കുകള്‍ അവ്യക്‌തമാണെന്ന്‌ അതിരൂപത കുറ്റപ്പെടുത്തി. ഉള്‍ക്കടലില്‍ ഇപ്പോഴും ആളുകള്‍ ജീവനോടെയുണ്ടെന്നാണു തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്‌. തീരപ്രദേശങ്ങളില്‍ അഞ്ഞൂറോളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഓഖി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരന്തബാധിതപ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഉണ്ടായില്ലെന്നു സഭ ആരോപിച്ചു. ചുഴലിക്കാറ്റിനെക്കുറിച്ചു മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കാതിരുന്നതു ദുരന്തത്തിന്റെ ആക്കം കൂട്ടി. വന്‍ദുരന്തമുണ്ടാകുമെന്നു സൂചന ലഭിച്ചിട്ടും സര്‍ക്കാര്‍ മൗനം പാലിച്ചു. യഥാസമയം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ മരണനിരക്ക്‌ കുറഞ്ഞേനേ. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലാത്തതുകൊണ്ടാണു മത്സ്യത്തൊഴിലാളികള്‍ സ്വന്തമായി തെരച്ചിലിനിറങ്ങിയത്‌. ഭരണാധികാരികള്‍ ദുരന്തസ്‌ഥലത്തു വന്നിരുന്നെങ്കില്‍ ആശ്വാസമാകുമായിരുന്നു. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ സന്ദര്‍ശനം അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു വലിയ ആശ്വാസം പകര്‍ന്നു. ദുരന്തമേഖല പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.
കൊച്ചി ഞാറയ്‌ക്കലില്‍ പുറംകടലില്‍നിന്നു നാലു മൃതദേഹങ്ങള്‍ ഇന്നലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പോലീസും ചേര്‍ന്നു കണ്ടെടുത്തു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുല്ലുവിള സ്വദേശി രതീഷും മരിച്ചതോടെ ദുരന്തത്തില്‍ മരണസംഖ്യ 36 ആയി. ഇന്നലെ രാത്രി കരയ്‌ക്കെത്തിച്ച മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും പറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ ഡി.എന്‍.എ. പരിശോധന നടത്തുമെന്ന്‌ അധികൃതര്‍ സൂചിപ്പിച്ചു.
ലക്ഷദ്വീപിനു സമീപം 72 മത്സ്യത്തൊഴിലാളികളെ നാവിക/തീരരക്ഷാസേനകള്‍ രക്ഷിച്ചു. ഇവരില്‍ 14 മലയാളികളും 58 തമിഴരുമുണ്ട്‌. പട്ടിണിമൂലം അവശനിലയിലായിരുന്ന ഇവരെ ലക്ഷദ്വീപിലെ ബിത്രാ ദ്വീപിലെത്തിച്ചു.

വള്ളവും വലയും വാങ്ങാന്‍ സഹായം: തീരുമാനം ഇന്ന്‌

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മത്സ്യബന്ധനോപാധികള്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ ബോട്ടും വള്ളവും വലയും വാങ്ങിക്കൊടുക്കാനുള്ള പ്രത്യേക പാക്കേജിന്‌ ഇന്നു ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്കു നഷ്‌ടപരിഹാരമായി പത്തു ലക്ഷം രൂപ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.
ഇതിനുപുറമേ ക്ഷേമനിധിയില്‍നിന്നുള്ള പത്തു ലക്ഷം രൂപയും ലഭിക്കും. മറൈന്‍ വകുപ്പ്‌ അടിമുടി അഴിച്ചുപണിയുന്ന കാര്യവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

റവന്യൂ മന്ത്രിക്ക്‌ വിമര്‍ശനം

തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പിനു വീഴ്‌ചയുണ്ടായെന്ന്‌ സി.പി.ഐ. സംസ്‌ഥാന കൗണ്‍സിലില്‍ കുറ്റപ്പെടുത്തല്‍. വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന്‌ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മറുപടി നല്‍കി.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി.ആര്‍. അനിലും തിരുവനന്തപുരത്തു നിന്നുള്ള സംസ്‌ഥാന കൗണ്‍സിലംഗം സോളമന്‍ വെട്ടുകാടുമാണ്‌ ഏകോപനം പാളിയെന്നു വിമര്‍ശിച്ചത്‌. എന്നാല്‍ മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ദുരന്തമാണു സംഭവിച്ചതെന്നും ചെയ്യേണ്ടതെല്ലാം ചെയ്‌തെന്നും മന്ത്രി വിശദീകരിച്ചു.

Ads by Google
Wednesday 06 Dec 2017 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW