Wednesday, April 24, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Dec 2017 02.54 PM

സ്വപ്നങ്ങള്‍ കീഴടക്കിയ പെണ്‍കുട്ടി

'' പാതിവഴിയില്‍ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് മടങ്ങേണ്ടിവരുമേ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു.''
uploads/news/2017/12/171742/Weeklyanjana051217.jpg

ആകാശം മുട്ടിനില്‍ക്കുന്ന ഹിമാലയം കീഴടക്കുക, അത്ര എളുപ്പമുളള കാര്യമല്ല. ഇതിനായി ശ്രമിച്ച് പരാജയപ്പെട്ടവര്‍ നിരവധിയാണ്.

തങ്ങളുടെ ആഗ്രഹങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുമുണ്ട്. എന്നാല്‍ പന്തളം സ്വദേശിയായ അഞ്ജന എന്ന പെണ്‍കുട്ടി തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല.

വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിസന്ധികള്‍ക്കെതിരെ പടപൊരുതി അവള്‍ ഹിമാലയത്തിന്റെ ഭാഗമായ ലഡാക്ക് കീഴടക്കി.

ബാല്യകാല ഓര്‍മ്മകള്‍...


അച്ഛനും അമ്മയും ചേട്ടനുമടങ്ങുന്ന ചെറിയൊരു കുടുംബമാണ് എന്റേത്. കൃഷിപ്പണി ചെയ്താണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയത്. കുട്ടിക്കാലത്ത് പത്രങ്ങളിലൂടെയും മാസികകളിലൂടെയും ശ്രീലേഖ ഐ.പി.എസി നെക്കുറിച്ച് ഞാന്‍ ഒരുപാട് വായിച്ചറിഞ്ഞിട്ടുണ്ട്.

അന്നുമുതല്‍ പൊലീസ് ഓഫീസറാകണമെന്നായിരുന്നു ആശ. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു, ''നിങ്ങള്‍ക്ക് ആരാകണമെന്നാണ് ആഗ്രഹിക്കുന്നത്?''

'എനിക്കൊരു പൊലീസ് ഓഫീസറാകണം' എന്ന് ഞാനാണ് ആദ്യം മറുപടി നല്‍കിയത്. അതുകേട്ട് എല്ലാവരും എന്നെ നോക്കി ചിരിച്ചു. ആ പ്രായത്തില്‍ അങ്ങനൊരു മറുപടി നല്‍കിയ എന്നെ ടീച്ചര്‍ അഭിനന്ദിച്ചു. അതെനിക്ക് കൂടുതല്‍ പ്രചോദനമായി.

വീടിനടുത്തുളള സര്‍ക്കാര്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. അവിടെ എന്‍.എസ്സ്.എസ്സ്, എന്‍.സി.സി. അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. മറ്റു സ്‌കൂളിലെ കുട്ടികള്‍ എന്‍.സി.സി യൂണിഫോം ഇട്ടുകൊണ്ട് പോകുന്നത് കാണുമ്പോള്‍ എനിക്ക് ആ യൂണിഫോറത്തോട് ബഹുമാനമായിരുന്നു.

അതുകൊണ്ട് തന്നെ പ്ലസ്ടുവിന് ചേരുമ്പോള്‍ എന്‍.സി.സി യ്ക്ക് പങ്കെടുക്കണമെന്ന് കരുതി പന്തളത്ത് സ്‌കൂളില്‍ ചേര്‍ന്നെങ്കിലും അവിടെയും എന്‍.സി.സി ഉണ്ടായിരുന്നില്ല. ഒരു കേഡറ്റ് ആകാനുളള എന്റെ സ്വപ്നം അങ്ങനെ നടക്കാതെ പോയി.

സ്വപ്നങ്ങളിലേക്കുളള യാത്ര...


പന്തളം എന്‍.എസ്സ്.എസ്സില്‍ ഡിഗ്രിക്ക് ചേര്‍ന്നു. അവിടെ എന്‍.സി.സി. യില്‍ ജോയിന്‍ ചെയ്തു. അവിടെ വച്ചാണ് എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്. പിന്നീട് ഒരുപാട് ക്യാമ്പുകശിലും പ്രോഗ്രാമുകളിലും പങ്കെടുക്കാന്‍ സാധിച്ചു.

ക്യാമ്പുകളില്‍ വച്ച് പ്രതിസന്ധികളെ അതിജീവിച്ചവരുടെയും വിജയം കൈവരിച്ചരുടെയും കൊടുമുടികള്‍ കീഴടക്കിയവരുടെയും കഥകള്‍ കേട്ടു. അവ എന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു.

അവരെപ്പോലെ കൊടുമുടികള്‍ കീഴടക്കണമെന്ന് എനിക്കും തോന്നി തുടങ്ങി. പിന്നീട് അതിനെക്കുറിച്ച് പല പുസ്തകങ്ങളില്‍ നിന്നു വായിച്ചറിഞ്ഞു. അതെന്റെ ആഗ്രഹത്തിന്റെ തീവ്രത കൂട്ടി.

അങ്ങനെയിരിക്കെ എന്‍.സി.സിയുടെ ഓഫീസില്‍ നിന്നാണ് ലഡാക്കില്‍ പോകാനുളള ക്യാമ്പിനെക്കുറിച്ച് അറിയുന്നത്. ആ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ നാലുപേരാണ് പേരു നല്‍കിയത്.

പര്‍വ്വതത്തില്‍ കയറുന്നതിനെക്കുറിച്ചും ട്രെയിനിങ്ങിനെക്കുറിച്ചും പര്‍വ്വതത്തില്‍ കയറുന്നതിനിടെ ജീവന്‍ നഷ്ടപെടാന്‍ വരെ സാധ്യതയുണ്ടെന്നും ഒക്കെ എന്‍.സി.സി ഓഫീസര്‍മാര്‍ പറഞ്ഞപ്പോള്‍ ബാക്കി മൂന്നുപേരും അതില്‍ നിന്ന് പിന്‍മാറി.

പിന്നീടുളള പരീക്ഷകളെല്ലാം ഡല്‍ഹില്‍ വച്ചായിരുന്നു. പത്തുദിവസം ഓട്ടവും ചാട്ടവും പ്രാക്റ്റീസുമായിരുന്നു. ചെന്ന് രണ്ടാം ദിവസം തൂക്കം നോക്കി.

പതിനേഴ് കിലോ ഭാരമുളള ബാഗ് എടുക്കാന്‍ ഒരാള്‍ക്ക് കുറഞ്ഞത് നാല്‍പ്പത്തിയഞ്ച് കിലോ എങ്കിലും വേണം. എനിക്ക് നാല്‍പ്പത്തിരണ്ട് കിലോയെ ഉണ്ടായിരുന്നുളളൂ. തൂക്കക്കുറവ് കാരണം എന്നെ മടക്കി അയയ്ക്കാന്‍ എല്ലാവരും തീരുമാനിച്ചു.

'എന്നെ പറഞ്ഞു വിടരുത്, രണ്ടു ദിവസത്തെ സമയം തരണം. എന്റെ ഏറ്റവും വലിയൊരു ആഗ്രഹമാണ് ഈ ക്യാമ്പില്‍ പങ്കെടുക്കുക' എന്ന് ഞാന്‍ പറഞ്ഞു.

അവര്‍ എനിക്ക് രണ്ടുദിവസം സമയം തന്നു. ആ രണ്ടുദിവസം കൊണ്ട് ഞാന്‍ നാല്‍പ്പത്തിയാറ് കിലോ ആയി. പറഞ്ഞതിനെക്കാള്‍ ഒരു കിലോ കൂടുതല്‍. എല്ലാവര്‍ക്കും അത്ഭുതമായി. അങ്ങനെ വീണ്ടും ടീമില്‍ ജോയിന്‍ ചെയ്തു.

uploads/news/2017/12/171742/Weeklyanjana051217a.jpg

പിന്നീടുളള ദിവസങ്ങളില്‍ ബാഗ് പുറത്തിട്ടുകൊണ്ട് പ്രാക്ടീസ് തുടര്‍ന്നു. അവിടെ നിന്ന് മെണാലിയിലേക്ക് പുറപ്പെട്ടു. അവിടെ ഒരുമാസം ചെലവഴിച്ചു. സൗത്തിന്ത്യക്കാരുടെ ത്വക്കിന് കട്ടികുറവുളളതിനാല്‍ അവിടുത്തെ തണുപ്പിനെ അതിജീവിക്കാന്‍ എനിക്കും തമിഴ്‌നാട്ടിലെ രണ്ടുപെണ്‍കുട്ടികള്‍ക്കും പ്രയാസമായിരുന്നു.

ആദ്യദിവസം തലകറക്കവും ഛര്‍ദ്ദിയും കാരണം പുറത്തിറങ്ങാന്‍ പറ്റാതെ ട്രിപ്പിട്ട് ട്രന്റിനുളളില്‍ കഴിഞ്ഞു. പിറ്റേദിവസം ആയപ്പോള്‍ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു. എങ്കിലും അധികം തണുപ്പില്‍ ഇറങ്ങാതെ ടെന്റില്‍ തന്നെ ഇരുന്നുകൊളളാന്‍ സാര്‍ പറഞ്ഞു. മൂന്നുദിവസത്തെ ട്രെയിനിങ്ങായിരുന്നു അവിടെ.

പക്ഷേ രണ്ടുദിവസവം ഞാനും തമിഴ്‌നാട്ടിലെ കുട്ടികളും പങ്കെടുത്തില്ല. 'ഈ കുട്ടികളെ എങ്ങനെ പര്‍വ്വതത്തില്‍ കയറ്റും? ഇവര്‍ക്ക് അതിനുളള ട്രെയിനിങ് ഒന്നും ലഭിച്ചില്ലല്ലോ' മൂന്നാം ദിവസം ട്രെയിനര്‍ സാറിനോട് വന്നു ചോദിച്ചു. പാതിവഴിയില്‍ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ച് മടങ്ങേണ്ടിവരുമേ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു.

ഞങ്ങള്‍ക്കൊരു അവസരം കൂടി നല്‍കണമെന്ന് സാര്‍ ആവശ്യപ്പെട്ടു. എല്ലാവരും മൂന്നുദിവസം കൊണ്ട് പഠിച്ചെടുത്തതെല്ലാം ഒറ്റ ദിവസം കൊണ്ട് ഞങ്ങള്‍ പഠിച്ചെടുത്തു. പിന്നീട് ലഡാക്കിലേക്ക് പുറപ്പെട്ടു. ഒരുദിവസം ലഡാക്കിന് താഴെ സ്‌റ്റേ ചെയ്തു. ജൂലൈ 2 ന് രാത്രി 11 മണിയായപ്പോള്‍ മഞ്ഞുമലകയറി തുടങ്ങി.

കുത്തനെ കിടക്കുന്ന മലയായതുകൊണ്ട് ഇടയ്ക്ക് ഒന്നിരിക്കാന്‍ പോലും സാധിച്ചില്ല. മുകളിലേക്ക് കയറുന്നതിനിടെ മഞ്ഞുകട്ടകള്‍ ഇടിഞ്ഞ് താഴേക്ക് വീഴാന്‍ തുടങ്ങി. ആ കയറ്റത്തില്‍ ജീവന്‍ പോലും അപായപെടാനുളള സാധ്യതയുണ്ടായിരുന്നു.

വലിയ പാറകള്‍ പോലെ ഐസ് കഷണങ്ങള്‍ ഞങ്ങളില്‍ പലരുടെയും ദേഹത്തേക്ക് വീണു. അതൊന്നും കാര്യമാക്കാതെ എങ്ങനെയും ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നുളളൂ. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുന്‍പ് തമിഴ്‌നാട്ടില്‍ നിന്നു വന്ന ഒരാളുടെ കഴുത്ത് വരെ മഞ്ഞിന് അടിയില്‍ പോയി.

ഞങ്ങള്‍ മൂന്നുപേര്‍ മാത്രമേ കൂടെ ഉണ്ടായിരുന്നുളളൂ. ബാക്കിയുളളവര്‍ ഒരുപാട് പിന്നിലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പേടിച്ചുപോയി. പെട്ടെന്ന് തന്നെ ഞങ്ങള്‍ മൂന്നുപേരും കൈകള്‍കൊണ്ട് മഞ്ഞു മാന്തി മാറ്റി.

പിന്നീട് ഒരുപാട് പ്രയാസപ്പെട്ടാണ് ആ കുട്ടിയെ പുറത്തെടുത്തത്. വീഴ്ചയില്‍ അവളുടെ കാല്‍ മുട്ടിന്റെ കുഴതെന്നിപ്പോയി. വേദന കടിച്ചുപിടിച്ചുകൊണ്ട് അവള്‍ ഞങ്ങളോടൊപ്പം വീണ്ടും മല കയറി തുടങ്ങി.

പിന്നേദിവസം 11 മണിയോടെ ഞങ്ങള്‍ക്ക് ലഡാക്ക് കീഴടക്കാന്‍ സാധിച്ചു. ഒരുപാട് ടീമുകള്‍ അവിടെ പോയിട്ടുണ്ടെങ്കിലും രണ്ടോ മൂന്നോ പേരേ മാത്രമേ മുകളില്‍ കയറിയിട്ടുളളൂ. ബാക്കിയുളളവര്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ പാതിയില്‍ മടങ്ങും. പക്ഷേ ഞങ്ങളുടെ ടീമിലെ 18 പേര്‍ക്കും മുകളില്‍ കയറാന്‍ സാധിച്ചു.

ഹിന്ദി പ്രശ്‌നമായിരുന്നു


കേരളത്തില്‍ നിന്ന് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. അതുകൊണ്ട് തന്നെ ഭാഷ ഒരു പ്രശ്‌നമായിരുന്നു. അതോര്‍ത്തപ്പോള്‍ എനിക്ക് പേടിയുണ്ടായിരുന്നു. മല കയറും മുന്‍പ് അധികൃതരുമായി ഒരു കൂടിക്കാഴ്ച പതിവുണ്ട്.

ഡല്‍ഹിയില്‍ ഇന്റര്‍വ്യൂന് ചെന്നപ്പോള്‍ ഇംഗ്ലീഷ് പറഞ്ഞ് പിടിച്ച് നിന്നെങ്കിലും സെലക്ഷനുശേഷം ഹിന്ദി അറിഞ്ഞിരിക്കണമെന്ന് ഓഫീസര്‍ നിര്‍ബന്ധം പറഞ്ഞു. എനിക്കാണെങ്കില്‍ ഹിന്ദി അത്രവശമില്ല. ഞാന്‍ കഥകളി പഠിക്കുന്നതുകൊണ്ട് ഡിഗ്രിക്ക് സബ് എടുത്തത് മലയാളവും സംസ്‌കൃതവുമായിരുന്നു.

രണ്ടുമാസവും പത്തുദിവസവും മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളുമായി ചിലവഴിക്കേണ്ടതുകൊണ്ട് ഹിന്ദി പഠിക്കാനായി എനിക്ക് 10 ദിവസം തന്നു. ആ ചുരുങ്ങിയ ദിവസം കൊണ്ട് എങ്ങനെ സാധിക്കുമെന്ന് ഓര്‍ത്ത് ടെന്‍ഷനായിരുന്നു.

എങ്കിലും പറഞ്ഞ ദിവസങ്ങള്‍ക്കുളളില്‍ ഹിന്ദി പഠിച്ചെടുത്തു. ആദ്യമൊക്കെ മറ്റുളളവരുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല. എനിക്കും തമിഴ് നാട്ടിലെ കുട്ടികള്‍ക്കും അവര്‍ പറയുന്നതെന്താണെന്ന് പോലും മനസ്സിലായിട്ടില്ല. ചില ദിവസങ്ങളില്‍ നാളെ ഇന്റര്‍വ്യൂ ഉണ്ടെന്ന് മറ്റ് കുട്ടികള്‍ വന്ന് പറയും.

പക്ഷേ ഇതൊന്നും മനസ്സിലാകാതെ പിറ്റേദിവസം അവിടെ എത്തുമ്പോഴാണ് ഇന്റര്‍വ്യൂന്റ കാര്യം ഞങ്ങള്‍ അറിയുന്നത്. ആദ്യമൊക്കെ ഇതുപോലെ ഒരുപാട് അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്കുശേഷം അവരുമായി പൊരുത്തപ്പെടാന്‍ സാധിച്ചു.

തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് ഞാന്‍ ചെയ്തതിന്റെ മഹത്വം എനിക്ക് കൂടുതല്‍ മനസ്സിലായത്. ഒരുനാട് മുഴുവന്‍ എന്നെ അഭിനന്ദിച്ചു. ഇനി എവറസ്റ്റ് കീഴടക്കണമെന്നതാണ് എന്റെ അടുത്ത ലക്ഷ്യം...,

അഞ്ജു രവി

Ads by Google
Tuesday 05 Dec 2017 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW