Tuesday, December 18, 2018 Last Updated 2 Min 40 Sec ago English Edition
Todays E paper
Ads by Google

ഇടതും വലതും

Pallissery
Pallissery
Tuesday 05 Dec 2017 12.34 PM

മുഖ്യമന്ത്രിക്കും പ്രതിരോധമന്ത്രിക്കും രണ്ടുതരം നീതിയോ?

രാജ്യത്ത് ദുരന്തമുണ്ടാകുമ്പോള്‍ അതിനെ ഒരുമിച്ചു നിന്ന് നേരിടുന്നതും സഹായിക്കുന്നതും ആശ്വാസമെത്തിക്കുന്നതുമാണ് മനുഷ്യധര്‍മ്മം. അധികാര കേന്ദ്രങ്ങളും മറ്റു മനുഷ്യരും ഒന്നാകുന്ന സമയം. അതാണ് മുമ്പും ഇപ്പോഴും കണ്ടത്. സഹായമെത്തിക്കുന്നതില്‍ ജാതി, മത, രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടയ്ക്കുവച്ച് എന്തോ ഓര്‍മ്മിച്ചിട്ടെന്നപോലെ വളരെ തന്ത്രപൂര്‍വം രാഷ്ട്രീയം കളിക്കുകയായിരുന്നില്ലേ? മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തുകയായിരുന്നില്ലേ?
Okhi storm, Pinarayi Vijayan

സംഭവിക്കാന്‍ പാടില്ലാത്തതു സംഭവിച്ചു.
മുന്നറിയിപ്പില്ലാതെ 'ഓഖി' വന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും നാശം വിതച്ചു കടന്നുപോയ 'ഓഖി' ചുഴലിക്കാറ്റ് ഏതാനും പേരുടെ ജീവനെടുത്തു. കുറെ പേര്‍ക്ക് പരുക്കുകള്‍ നല്‍കി. കരയെ കടല്‍ വിഴുങ്ങി. വീടുകള്‍ തകര്‍ന്നു. റോഡുകള്‍ തകര്‍ന്നു. നാശത്തിന്റെ സംഹാര താണ്ഡവം 'ഓഖി'യിലൂടെ വന്നപ്പോള്‍ നാട് ഞെട്ടി. എന്തുചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നു.

പരസ്പരം വെട്ടിമരിക്കുന്നവര്‍ക്കും ശക്തിയും അധികാരവും ഉണ്ടെന്ന് അഹങ്കരിക്കുന്നവര്‍ക്കും ജാതി കാണിച്ച് വോട്ട് ബാങ്ക് മുറുകെ പിടിക്കുന്നവര്‍ക്കും ഹിന്ദുക്കളല്ലാത്തവര്‍ ഇവിടെ ജീവിക്കാന്‍ പാടില്ലെന്നു ആക്രോശിക്കുന്നവര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജാതിമത നേതാക്കള്‍ക്കും കുട്ടിദൈവങ്ങള്‍ക്കും മനുഷ്യ ദൈവങ്ങള്‍ക്കും 'ഓഖി'യെ തടയാന്‍ കഴിഞ്ഞില്ല. നാശം വിതച്ച് 'ഓഖി'യായി. ഇനി വരുന്നത് 'സാഗര്‍' ആയിരിക്കും എന്ന മുന്നറിയിപ്പോടെ.
രാജ്യത്ത് ദുരന്തമുണ്ടാകുമ്പോള്‍ അതിനെ ഒരുമിച്ചു നിന്ന് നേരിടുന്നതും സഹായിക്കുന്നതും ആശ്വാസമെത്തിക്കുന്നതുമാണ് മനുഷ്യധര്‍മ്മം. അധികാര കേന്ദ്രങ്ങളും മറ്റു മനുഷ്യരും ഒന്നാകുന്ന സമയം. അതാണ് മുമ്പും ഇപ്പോഴും കണ്ടത്. സഹായമെത്തിക്കുന്നതില്‍ ജാതി, മത, രാഷ്ട്രീയം ഉണ്ടായിരുന്നില്ല.
എന്നാല്‍ ഇടയ്ക്കുവച്ച് എന്തോ ഓര്‍മ്മിച്ചിട്ടെന്നപോലെ വളരെ തന്ത്രപൂര്‍വം രാഷ്ട്രീയം കളിക്കുകയായിരുന്നില്ലേ? മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റപ്പെടുത്തുകയായിരുന്നില്ലേ?

എന്തു തെറ്റാണ് മുഖ്യമന്ത്രി ചെയ്തത്?

'ഓഖി' വന്ന നിമിഷം മുതല്‍ കടലില്‍ പോയവരെ രക്ഷിക്കാനും കടലെടുത്തവര്‍ക്ക് സംരക്ഷണം നല്‍കാനും വീട് നഷ്ടപ്പെട്ടവരെ തല്‍ക്കാലത്തേക്ക് മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാനും കാണാതായവരെ കണ്ടെത്തുവാനും മരണമടഞ്ഞവരുടെ കുടുംബത്തിന് പകരമാകില്ലെങ്കില്‍ പോലും ഓരോരുത്തര്‍ക്ക് 10 ലക്ഷം പ്രഖ്യാപിക്കാനും മറ്റും ഊണും ഉറക്കവും ഇല്ലാതെ, ആരോഗ്യംപോലും നോക്കാതെ, ഫോട്ടോക്കു പോസുചെയ്യാതെ, കര്‍മ്മനിരതനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.

ചില കേന്ദ്രങ്ങളില്‍ ചെല്ലാനും ആശ്വസിപ്പിക്കാനും വൈകിയത് മനഃപൂര്‍വമായിരുന്നില്ല. എങ്കിലും അവിടെയെല്ലാം നിയമത്തിന്റെ എല്ലാ സാധ്യതകള്‍ക്കും അപ്പുറത്തുനിന്നുകൊണ്ട് ഇടതുപക്ഷ മന്ത്രിമാരും മുഖ്യമന്ത്രിയും ഉദ്യോഗസ്ഥന്മാരും ജനങ്ങളും കൈമെയ് മറന്ന് സഹായിച്ചതും മറന്നുകൂട. മരണം കയറിയിറങ്ങിയ വീട്ടിലുള്ളവരെ ആശ്വസിപ്പിക്കാന്‍ കഴിയില്ല. മരിച്ച വ്യക്തിക്കു പകരം വയ്ക്കാന്‍ പണംകൊണ്ട് മൂടിയാലും കഴിയില്ല. എങ്കിലും ആശ്വാസം അതൊരു താങ്ങാണ്. അതല്ലെ എല്ലാവരും ചെയ്തത്.

തെക്കന്‍ കേരളത്തില്‍ 'രാഖി' ചുഴലിക്കാറ്റായി. കനത്ത മഴയും ശക്തമായ കാറ്റും നിരവധിപ്പേരുടെ ജീവനെടുത്തു. യുദ്ധകാലാടിസ്ഥാനത്തില്‍ ജാതിമത രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ചത് നാടിന്റെ ഭാഗ്യമാണ്. ഈ ഭാഗ്യത്തിലാണ് നിര്‍ഭാഗ്യത്തിനു തീകൊളുത്തിയത്.
എല്ലാ സഹായങ്ങളും എത്തിച്ചശേഷം മുഖ്യമന്ത്രിയും സഹമന്ത്രിമാരും ഉദ്യോഗസ്ഥരും നാശനഷ്ടങ്ങള്‍ സംഭവിച്ച സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ഓര്‍ത്ത് കരയുന്നവരിലേക്ക് ചെറിയൊരു തീപ്പൊരി ഇട്ടാമതി അത് ആളിക്കത്താന്‍. അതറിഞ്ഞിട്ടും മുഖ്യമന്ത്രി വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ലത്തീന്‍ രൂപത ആധികാരികമായി സംസാരിച്ചു, ചര്‍ച്ചചെയ്തു, അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് അവിടം സന്ദര്‍ശിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെ ബോധപൂര്‍വം ചിലര്‍ ചതിക്കുഴിയില്‍ വീഴ്ത്തുകയായിരുന്നില്ലേ? വിഴിഞ്ഞത്ത് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവം.

ഇതിനുപിന്നില്‍ പ്രത്യേക രാഷ്ട്രീയ അജണ്ട ഉണ്ടായിരുന്നില്ലേ? അല്ലെങ്കില്‍ പിന്നെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും മുഖ്യമന്ത്രിയും സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമ പ്രതിനിധികളോട് ഒരുമിച്ച് സംസാരിച്ച്, 'ഓഖി' ചുഴലിക്കാറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുകയും ചെയ്തു. രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ സത്യം തുറന്നുപറഞ്ഞ കേന്ദ്രമന്ത്രിയെ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ കുറ്റപ്പെടുത്തി. കൂടെ നടക്കാന്‍പോലും നേതാക്കള്‍ അധികം ഉണ്ടായിരുന്നില്ല.

കുറുക്കന്‍ ചത്താലും അതിന്റെ നോട്ടം കോഴിക്കൂട്ടിലേക്കാണെന്നു പറയുന്നതുപോലെ തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ഈ അവസരം ശരിക്കും മുതലെടുക്കാന്‍ ഒരു ശ്രമം നടത്തി, പരാജയപ്പെട്ടു. പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് പ്രസിഡന്റായ എം.എം. ഹസനും എന്തുചെയ്തു? കടപ്പുറത്തുപോയി ഫോട്ടോ എടുത്തതല്ലാതെ. പിറ്റെ ദിവസം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലേക്കല്ലേ പോയത്. അവര്‍ ഡല്‍ഹിക്കു പോകുമ്പോഴും കടപ്പുറത്ത് ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്ത് അലമുറയിടുകയായിരുന്നു. ഇവിടെ നില്‍ക്കാതെ അങ്ങ് ഡല്‍ഹിയില്‍ ചെന്നില്ലെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ലല്ലോ. അവര്‍ക്കു പുറമെ ബി.ജെ.പി. അദ്ധ്യക്ഷന്റെ വക മറ്റൊരു മുതലെടുപ്പ്, അതിന്റെ തുടര്‍ച്ചയല്ലേ കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന്‍ വന്നപ്പോള്‍ അരങ്ങേറിയത്.

വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും ചെന്നതിന്റെ പിറ്റെ ദിവസം പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ചെന്നു. എന്നാല്‍ യാതൊരു തരത്തിലുള്ള തിക്താനുഭവങ്ങളെ, ഒന്നു പ്രതിഷേധിക്കാനോ അവിടെ ഉള്ളവര്‍ കാണിച്ചില്ലല്ലോ. പ്രതിരോധമന്ത്രി എന്ത് ചെയ്‌തെന്നു എല്ലാവര്‍ക്കും അറിയാം. ഇനി ചെയ്യാമെന്നാണ് മന്ത്രി പറഞ്ഞത്. അതേസമയം ചെയ്യേണ്ടതായ എല്ലാ സഹായവുംചെയ്ത് വിഴിഞ്ഞത്തു ചെന്ന മുഖ്യമന്ത്രിയോട് കാട്ടിയ രാഷ്ട്രീയാഭാസം കേരളം കണ്ടതാണ്. എല്ലാം ചെയ്ത കേരള മുഖ്യമന്ത്രിക്ക് ഒരു നീതി. ഒന്നും ചെയ്യാതെ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയ പ്രതിരോധ മന്ത്രിക്ക് മറ്റൊരു നീതി. ഒരു രാഷ്ട്രീയക്കളിയാണ് പുരോഹിതന്മാര്‍ അടക്കമുള്ളവര്‍ കളിച്ചതെങ്കില്‍ ഈ കളിയില്‍ മുഖ്യമന്ത്രിയെ തോല്‍പ്പിക്കാന്‍ കഴിയില്ല.
മറ്റൊരു കളികൂടി ചിലര്‍ കളിച്ചു.

ഭരണപരിഷ്‌ക്കരണ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രി പോയതിന്റെ പിറ്റേദിവസം എത്തിച്ചു. അവിടെയും മുഖ്യമന്ത്രിയെ ചെറുതാക്കി കാണിക്കാനുള്ള ശ്രമമാണ് നടന്നത്.
ഇവരൊക്കെ മുന്‍പ് എവിടെയായിരുന്നു.
'ഓഖി' പോയി. സംസ്ഥാന ഗവണ്‍മെന്റ് എല്ലാവിധ സഹായങ്ങളും, ഒന്നുപോലും കുറയാതെ ചെയ്തുകൊണ്ടിരിക്കുന്നു.
പ്രതിപക്ഷ നേതാവെവിടെ?
മറ്റു രാഷ്ട്രീയ നേതാക്കന്മാര്‍ എവിടെ?
ജാതി മത നേതാക്കന്മാര്‍ എവിടെ?
ആള്‍ ദൈവങ്ങള്‍ എവിടെ
ആരും ഇല്ലല്ലോ. ഉള്ളത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളും മാത്രം.
രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ സൂക്ഷിക്കുക. ഇനി വരാനിരിക്കുന്ന ചുഴലിക്കാറ്റ് 'സാഗര്‍' ആണ്. അത് കേരളത്തില്‍ വരില്ലെന്നു പ്രതീക്ഷിക്കാം.

Ads by Google

ഇടതും വലതും

Pallissery
Pallissery
Tuesday 05 Dec 2017 12.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW