Monday, April 22, 2019 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 04 Dec 2017 03.52 PM

എലീനയ്ക്ക് സുന്ദരനെ വേണ്ട മൃദുലയ്ക്ക് ഉയരക്കാരനെ മതി...

''കൊച്ചുകൊച്ചു കുസൃതികളും വിവാഹസ്വപ്നങ്ങളും വിളമ്പി സീരിയല്‍ നായികമാരായ എലീനയും മൃദുലയും. ''
uploads/news/2017/12/171425/Weeklyalenamudhrla041217a.jpg

പാപ്പനംകോട്ടെ ഫ്‌ളാറ്റില്‍ നിന്ന് മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്ത് മൃദുല വട്ടിയൂര്‍ക്കാവിലെ എലീനയുടെ വീട്ടിലെത്തിയപ്പോള്‍ സമയം 11.00 മണി കഴിഞ്ഞിരുന്നു. കോളിംഗ്‌ബെല്‍ കേട്ട് വാതില്‍ തുറന്നത് എലീനയും.

മനസിലായില്ലേ, ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ നായികമാരാണ് ഇവര്‍. ഒരു സീരിയലിലാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞിട്ടെന്താ കാര്യം, ഇതുവരെ രണ്ടുപേര്‍ക്കും മനസ് തുറന്ന് സംസാരിക്കാന്‍ സാധിച്ചിട്ടില്ല.

നിരന്തരമായുള്ള ഷൂട്ടിംഗ് തന്നെ കാരണം. ഇതിനിടയില്‍ സംസാരിക്കാനുള്ള അവസരം മംഗളം വാരിക ഒരുക്കികൊടുത്തപ്പോഴാകട്ടെ, വിശേഷങ്ങളുടെ ഒരു വലിയ പെട്ടി തന്നെ തുറന്നു.

മൃദുലഃ എലീന, നീ പറഞ്ഞ സമയത്ത് ഞാനെത്തി കേട്ടോ, നീ റെഡിയായി നില്‍ക്കുവായിരുന്നു അല്ലേ?

എലീന ഃ മോളേ മൃദൂ, ഇക്കാര്യത്തില്‍ ഞാന്‍ പെര്‍ഫെക്ടാണെന്ന് നിനക്ക് അറിയില്ലേ?

മൃദുലഃ ആഹാ, പേര് വിളിക്കാന്‍ പഠിച്ചു. ആദ്യമൊക്കെ എന്റെ പേര് വിളിക്കാന്‍ നിനക്ക് പ്രയാസമായിരുന്നല്ലോ.

എലീനഃ നിന്റെ പേര് മാത്രമല്ല, മലയാളം തന്നെ നേരെ ചൊവ്വേ പറയാന്‍ പഠിച്ചത് ഇപ്പോഴാണ്. എത്ര നല്ല പ്രയോഗമാണെങ്കിലും ഞാന്‍ പറഞ്ഞുവരുമ്പോള്‍ അത് വേറെയാകും. എന്തിനേറെ, സീരിയലിലെ ഒരു സീനില്‍ 'ശരത്തേട്ടന് വേണ്ടി ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിയിട്ട് വരുവാണ്' എന്ന് ഭര്‍ത്താവിന്റെ സഹോദരിയോട് പറയേണ്ട ഡയലോഗുണ്ട്. ആ സീന്‍ നീ വരുന്നതിന് മുമ്പായിരുന്നു. കാരണം സീരിയലിന്റെ തുടക്കത്തില്‍ നീ ചെയ്ത കഥാപാത്രം സോനുചേച്ചി ആയിരുന്നല്ലോ ചെയ്തത്.

ഞാനത് പറഞ്ഞുവന്നപ്പോള്‍ മൃത്യുഞ്ജയഹോമം എന്നത് 'മുഞ്ഞഞ്ഞഹോമം' എന്നായി. ഇത് കേട്ട് സംവിധായകനടക്കം എല്ലാവരും ഉച്ചത്തില്‍ ചിരിച്ചു. അത്രത്തോളം പ്രയാസമായിരുന്നു മലയാളം ആദ്യകാലത്ത്് സംസാരിക്കുമ്പോള്‍. ഇപ്പോള്‍ അത്രയും പ്രശ്‌നമില്ല. നായകനായ റോണ്‍സനെയും സഹോദരനായി അഭിനയിക്കുന്ന സാജന്‍ ചേട്ടനെയുമൊക്കെ പേര് ചുരുക്കി വിളിക്കുമ്പോള്‍ നിന്നെ മാത്രമാണ് 'മൃദുലേ' എന്ന് വിളിക്കേണ്ടിവരുന്നത്.

ഉച്ചത്തില്‍ വിളിക്കുമ്പോള്‍ ഒരക്ഷരം തെറ്റി അര്‍ത്ഥം മാറിയാലോ എന്നോര്‍ത്ത് പതിയെ വിളിച്ച് റിഹേഴ്‌സല്‍ ചെയ്യും. എന്നാലും പറയാതെ വയ്യ, നിന്റെ പേരിലെ 'മൃ' എന്ന സംഭവം എനിക്ക് പറയാന്‍ കിട്ടില്ലെടീ. അല്ലെങ്കില്‍ത്തന്നെ, എനിക്ക് ഡാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല, ഞാനെല്ലാവരെയും ആണ്‍പെണ്‍ഭേദം നോക്കാതെ അളിയാ, മച്ചൂ എന്നൊക്കെയാ വിളിക്കുന്നത്.

(എലീന പറഞ്ഞുനിര്‍ത്തിപ്പോള്‍ മൃദുലയുടെ മുഖത്ത് ചെറിയൊരു പരിഭവം. അതുകണ്ടപാടെ എലീന അടുത്തിരുന്ന മൃദുലയുടെ തോളില്‍ പതിയെ തട്ടിക്കൊടുത്തിട്ട് 'അളിയാ വിഷമിക്കാതെ, ഞാന്‍ ഇപ്പോള്‍ മലയാളം പഠിച്ചെടീ'. ഇതുകേട്ടപ്പോള്‍ മൃദുലയ്ക്ക് ചിരിയടക്കാനായില്ല)

മൃദുലഃ എലീ, അഭിനയവും അവതരണവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ നിനക്ക് എങ്ങനെ സാധിക്കുന്നു?

എലീനഃ അവതരണം യാദൃച്ഛികമായി വന്നതാണ്. മൂന്നാംക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞങ്ങളുടെ കുടുംബത്തി െ ന്റ ഗെറ്റ്ടുഗെദര്‍ മൂന്നാറില്‍ വച്ച് നടത്തി. അന്ന് അവിടെ ഏഷ്യാനെറ്റുകാര്‍ വന്ന് കുറച്ച് ക്ലിപ്പിംങ്‌സ് എടുത്തുകൊണ്ടുപോയി. അക്കൂട്ടത്തില്‍ എന്റെ ചില കുസൃതികള്‍ ഷൂട്ട് ചെയ്തിരുന്നു. പ്രോഗ്രാം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെ തേടിയിരുന്ന സമയത്താണ് എന്റെ ക്ലിപ്പിങ് എഡിറ്റ് ചെയ്യുന്നത്. ഇതു കണ്ടിട്ട് പാട്ടുപെട്ടി അവതരിപ്പിക്കുന്ന സുരേഷ് ചേട്ടനാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. എന്റെ പപ്പയുടെ ബെസ്റ്റ് ഫ്രണ്ടാണ് അദ്ദേഹം.

അവതരണത്തിന്റെ കാര്യം സുരേഷ് ചേട്ടന്‍ എന്റെ മാതാപിതാക്കളോട് സംസാരിച്ചു. എനിക്കിഷ്ടമാണെങ്കില്‍ ചെയ്‌തോളൂ എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ചെയ്തുനോക്കിയതാണ്. അതിന് ശേഷം നിരവധി പ്രോഗ്രാമുകള്‍ പല ചാനലുകളിലായി ചെയ്തു. ഇപ്പോഴും തുടരുന്നു. എന്നാല്‍ അഭിനയം എന്റെ ചിന്തയില്‍ പോലുമുണ്ടായിരുന്നില്ല കേട്ടോ. ഭാര്യ എന്ന സീരിയലിന്റെ പൈലറ്റ് എപ്പിസോഡ് ചെയ്യാനായി പുതുമുഖത്തെ ആവശ്യമുണ്ടെന്നും ഞാനായാല്‍ കറക്ടാണെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞപ്പോള്‍ ചെയ്തതാണ്. അത് കഴിഞ്ഞ് ബംഗളൂരുവിലേക്ക് മടങ്ങിപ്പോയി. പൈലറ്റ് കണ്ടിഷ്ടപ്പെട്ടതോടെ അണിയറപ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ വിളിച്ച് നായികയാകാമോ എന്ന് ചോദിച്ചു.

താല്‍പര്യമില്ല, വിട്ടേക്ക് എന്നൊക്കെ ആദ്യം പറഞ്ഞുനോക്കി. സമ്മതിക്കില്ല എന്നായപ്പോള്‍ ഞാനവരോട് പറഞ്ഞത് കുറച്ച് എപ്പിസോഡുകള്‍ ചെയ്തിട്ട് പിന്മാറും എന്നാണ്. ഈ സമയത്തിനുള്ളില്‍ മറ്റൊരാളെ കണ്ടുപിടിക്കണ മെന്ന എന്റെ തീരുമാനത്തോട് അവരും യോജിച്ചു. ആങ്കറിംഗ് പാഷനായതുകൊണ്ട് ക്യാമറയെ ഫേസ് ചെയ്യാന്‍ പേടിയുണ്ടായിരുന്നില്ല. പിന്നെ ഞാനെല്ലാവരോടും പെട്ടെന്ന് കമ്പനിയാകുന്നതുകൊണ്ട് ആരോടും അപരിചിതത്വം തോന്നിയില്ല.

uploads/news/2017/12/171425/Weeklyalenamudhrla041217a1.jpg

പക്ഷേ ആദ്യത്തെ കുറച്ച് സീനുകളില്‍ സാരിയുടുത്ത് നടക്കേണ്ടിവന്നു. അതുടുത്ത് നടക്കാനുള്ള പ്രയാസം കണ്ടപ്പോള്‍ എനിക്ക് കംഫെര്‍ട്ടബിളായ വേഷം ധരിച്ചോളാന്‍ സീരിയലുകാര്‍ പറഞ്ഞു. ഭാര്യ എന്ന ടൈറ്റില്‍ റോള്‍ ചെയ്യുമ്പോള്‍ ജീന്‍സും ഷര്‍ട്ടും ഇടാന്‍ പറ്റില്ലല്ലോ, അതുകൊണ്ട് കുര്‍ത്തിയാക്കി. നയന എന്ന കഥാപാത്രത്തിന് ഓവര്‍ആക്ടിംഗ് ആവശ്യമില്ലാത്തതു കൊണ്ട് മനസില്‍ തോന്നുന്നത് ഇടയ്ക്ക് ചെയ്‌തോളാന്‍ സംവിധായകന്‍ പറയും.

മൃദുലഃ അതുകൊണ്ടാണല്ലോ എലീന, നീ ഗേറ്റ് ചാടിക്കടന്നത്, നിനക്ക് ഇത്രയും ധൈര്യമുണ്ടെന്ന് ഞാന്‍ കണ്ടത് അന്നാണ്. (ചിരിക്കുന്നു)

എലീനഃ അതിന്റെ പേര് ധൈര്യമെന്നായിരുന്നോ? ആ സീനില്‍ എനിക്ക് അപ്പോള്‍ തോന്നുന്നത് എന്താണോ, അത് ചെയ്യാനല്ലേ സംവിധായകന്‍ പറഞ്ഞത്. ഗേറ്റ് തുറന്ന് ഓടാനാണ് ഞാന്‍ പ്ലാന്‍ ചെയ്തത്. പക്ഷേ ഓടിവന്ന് എത്ര നോക്കിയിട്ടും ഗേറ്റ് തുറക്കാന്‍ പറ്റുന്നില്ല. ചുറ്റും ക്യാമറ. ആ സമയത്ത് ഒന്നും ഞാന്‍ നോക്കിയില്ല, ഗേറ്റ് അങ്ങ് ചാടി.

ഈ സീന്‍ സീരിയലില്‍ വന്നപ്പോള്‍ മമ്മ പോലും ഞെട്ടിപ്പോയി. കോമഡി അതല്ല, കുറച്ച് എപ്പിസോഡുകള്‍ ചെയ്തിട്ട് പോകുമെന്ന് പറഞ്ഞ ഞാന്‍ ഒന്നരവര്‍ഷം കഴിഞ്ഞും പോയില്ല. നെഗറ്റീവ് ക്യാരക്ടറാണെങ്കിലും എന്റെ മുഖത്തിന് ക്രൂരതയേക്കാള്‍ കുറുമ്പാണ് യോജിച്ചതെന്ന് പലരും പറയാറുണ്ട്. അപ്പോള്‍പ്പിന്നെ അഭിനയം തുടരാമെന്ന് വിചാരിച്ചു. എന്നുകരുതി ഇനി അഭിനയിക്കുമോ എന്നുചോദിച്ചാല്‍ നോക്കാം എന്നേ ഞാന്‍ പറയൂ. അഭിനയത്തില്‍ എന്നേക്കാള്‍ മുന്‍പരിചയം മൃദുലയ്ക്കാണ്. എന്നുപറഞ്ഞാല്‍ എന്റെ സീനിയര്‍.

മൃദുലഃ അതേ, ഞാന്‍ സീനിയറാണല്ലോ. ഭാര്യ എന്നത് എന്റെ മൂന്നാമത്തെ സീരിയലാണ്. കല്യാണസൗഗന്ധികം, കൃഷ്ണതുളസി എന്നീ സീരിയലുകളിലും നായികയായിരുന്നു. അഭിനയം എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. ആ സമയത്ത് ഷോര്‍ട്ട് ഫിലിമിലേക്ക് നായികയെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടു. അങ്ങനെ ഫോട്ടോസും വിവരങ്ങളും അയച്ചുകൊടുത്തു. താമസിയാതെ സെലക്ഷന്‍ കിട്ടി. തുടര്‍ന്ന് കുറച്ച് തമിഴ്‌സിനിമകളിലും അഭിനയിച്ചു.

എലീനഃ സീരിയലില്‍ വരുന്നതിന് മുമ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു അവാര്‍ഡ് നൈറ്റില്‍ വെച്ചാണെന്നാണ് എന്റെ ഓര്‍മ്മ

മൃദുലഃ അതെ, അതിന് മുമ്പ് എലീന ആങ്കറായിട്ടുള്ള പ്രോഗ്രാമുകള്‍ കണ്ടിരുന്നു. നേരില്‍ കാണുന്നത് അവാര്‍ഡ് നൈറ്റില്‍ വെച്ചായിരുന്നു. എന്റെ അമ്മയ്ക്ക് നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അമ്മ പറഞ്ഞാണ് ഞാനും ഭാര്യ കാണാന്‍ തുടങ്ങിയത്. നിന്റെ അഭിനയം കണ്ടപ്പോഴേ എനിക്ക് ഇഷ്ടപ്പെട്ടു.

എലീന (തമാശ സ്വരത്തില്‍) ഃ ഇഷ്ടപ്പെട്ടില്ലെങ്കില്‍ നീയെന്നെ മാറ്റുമായിരുന്നോ?
(ഉറക്കെ ചിരിക്കുന്നു) ശേഷം തുടര്‍ന്നു. മൃദുലേ, നിന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് എപ്പോഴാണ്? എന്നെ പരിചയപ്പെട്ടപ്പോള്‍ എന്നാകും മറുപടി അല്ലേ?എലീന മൃദുലയുടെ മറുപടിക്കായി നോക്കിയിരുന്നു.

മൃദുലഃ അത് ശരിയാണ്. എലീനയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. ഒറ്റക്കുട്ടിയായി ജനിച്ചവര്‍ക്ക് സ്വാര്‍ത്ഥതയുണ്ടെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ എലീന അങ്ങനെയായിരുന്നില്ല, എല്ലാവരോടും ഒരുപോലെ പെരുമാറുന്ന സ്വഭാവക്കാരിയാണ്. എല്ലാവരെയും ബഹുമാനിക്കാനും നിനക്കറിയാം. പിന്നെ എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാര്യം എന്റെ ബെര്‍ത്ത്‌ഡേ ദിവസം വീട്ടുകാര്‍ നല്‍കിയ സര്‍പ്രൈസായിരുന്നു.

സാധാരണ പിറന്നാള്‍ ദിവസങ്ങളില്‍ രാവിലെ ക്ഷേത്രത്തില്‍ പോകും, വീട്ടില്‍ അമ്മ പായസം വെക്കും. എന്നാല്‍ ഇക്കഴിഞ്ഞ പിറന്നാള്‍ ദിവസം രാവിലെ എഴുന്നേറ്റ് മുഖം കഴുകിയപ്പോഴേക്കും അമ്മ വന്ന് ഡോറില്‍ മുട്ടിവിളിച്ചു. കതക് തുറന്നപ്പോള്‍ അച്ഛനും അമ്മയും അനിയത്തിയും കൈയില്‍ നിറയെ പൂക്കളും കേക്കുമായി നില്‍ക്കുന്നു. ഹാള്‍ മുഴുവനും നന്നായി അലങ്കരിച്ചിരിക്കുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ ശരിക്കും ത്രില്‍ഡായി.

എലീനഃ ബെര്‍ത്ത്‌ഡേയ്ക്ക് സര്‍പ്രൈസുകള്‍ കിട്ടുന്നത് എനിക്ക് പതിവായിരുന്നു. എല്ലാ ബെര്‍ത്ത്‌ഡേയും ഞാന്‍ ബംഗലൂരുവിലായിരിക്കും ആഘോഷിക്കുന്നത്. അവിടെ എനിക്ക് വലിയൊരു സുഹൃത്‌വലയമുണ്ട്. എത്ര തിരക്കാണെങ്കിലും ആ ദിവസം അവരോടിയെത്തും. അത് പണ്ടുമുതലേ അങ്ങനെയാണ്. ആഘോഷങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണമെന്നുള്ളതുകൊണ്ട് പിറന്നാള്‍ ദിവസങ്ങളില്‍ വൈകിട്ട് മുഖത്ത് അല്‍പം പൗഡറൊക്കെ ഇട്ടിട്ടാകും കിടക്കുക.

12മണിയാകുമ്പോള്‍ കൂട്ടുകാര്‍ വന്ന് തട്ടിവിളിച്ചിട്ട് ചുറ്റിനും നിന്ന് 'ഹാപ്പി ബെര്‍ത്ത്‌ഡേ ടൂ യൂ' എന്ന് പാടും. പിന്നെ എഴുന്നേറ്റ് കേക്കൊക്കെ മുറിച്ച് ആഘോഷങ്ങള്‍ തുടങ്ങും. ഇക്കഴിഞ്ഞ ബെര്‍ത്ത്‌ഡേ ഇങ്ങനെയൊക്കെ ആകുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ നടന്നത് നേരെ മറിച്ചും. അന്ന് രാത്രി നേരത്തെ ഉറങ്ങാന്‍ കിടന്നു. പക്ഷേ ഞാന്‍ ഉറങ്ങിയില്ല. ക്ലോക്കില്‍ 12 അടിച്ചു.

ഫോണില്‍ വിളിച്ച് ആശംസകള്‍ പറയുന്നവരുമുണ്ട്. എന്നാല്‍ അവരാരും ഫോണില്‍ വിളിച്ചില്ല. അടുത്തുള്ള കൂട്ടുകാര്‍ ഇപ്പോള്‍ വരുമെന്ന് വിചാരിച്ച് കുറച്ച് നേരം കൂടി കിടന്നു. 12.15 ആയിട്ടും ആരെയും കാണാതെ വന്നപ്പോള്‍ എനിക്ക് ദേഷ്യം കൂടി.

ഞാന്‍ പതിയെ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ഡോറിന്റെ ലോക്കെടുത്തു. എന്നിട്ട് ചെറുതായി ഒന്നു തുറന്നിട്ട് തല മാത്രം വെളിയിലിട്ടു. ആ കറക്ട് സമയത്ത് കൂട്ടുകാര്‍ മുറിയിലെ ലൈറ്റിട്ടു. 'നീ വരുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതാണ് ഇവിടെത്തന്നെയിരുന്നത്. മോളിങ്ങ് പോര്' എന്നു പറഞ്ഞപ്പോള്‍ ഞാനങ്ങ് ചമ്മിയെങ്കിലും മുഖത്ത് കാണിച്ചില്ല.

uploads/news/2017/12/171425/Weeklyalenamudhrla041217a2.jpg

മൃദുലഃ എലീന, നിന്റെ വിവാഹ സങ്കല്‍പ്പം ഒന്ന് പറയാമോ?

എലീനഃ നീയെന്താ അത് ചോദിക്കാത്തതെന്ന് വിചാരിച്ച് വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. (ചിരിക്കുന്നു) അളിയാ, എന്റെ ജീവിതത്തില്‍ ലൗ മാര്യേജിന് മാത്രമേ സ്ഥാനമുണ്ടാവുകയുള്ളൂ. ഞാന്‍ വിവാഹം കഴിക്കുന്ന ആള്‍ സുന്ദരനാകണമെന്ന നിര്‍ബന്ധം എനിക്കില്ല, പക്ഷേ സ്‌നേഹമുള്ളവനാകണം, സപ്പോര്‍ട്ടീവാകണം, എന്റെ സുഹൃത്തുക്കളെ സ്വന്തം കൂട്ടുകാരായി കാണാന്‍ മനസുണ്ടായിരിക്കണം. പിന്നെ ഒരൊറ്റക്കാര്യത്തിലേ എനിക്ക് നിര്‍ബന്ധമുള്ളൂ. എന്റെ ഉയരത്തിനനുസരിച്ചുള്ള ആളായിരിക്കണം.

അതിരിക്കട്ടെ, വിവാഹസങ്കല്‍പ്പത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നിന്റെ മുഖത്ത് ഒരു നാണമുണ്ടല്ലോ ?

മൃദുല ഃ ഓ, പിന്നെ നാണം, ഒന്നു പോ പെണ്ണേ, സംസാരിക്കുന്ന കൂട്ടത്തില്‍ ചുമ്മാ ചോദിച്ചെന്നേയുള്ളൂ

എലീനഃ ആയിക്കോട്ടെ, എന്നോട് ചോദിച്ച ചോദ്യം ഞാന്‍ തിരിച്ച് ചോദിച്ചാല്‍ എന്താകും മറുപടി?

മൃദുലഃ എനിക്കും ലൗ മാര്യേജാണ് ഇഷ്ടം. കാരണം അറേഞ്ച്ഡ് മാര്യേജാണെങ്കില്‍ അയാളുടെ സ്വഭാവം എങ്ങനെയാണെന്ന് വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞേ മനസിലാകൂ. ലൗ മാര്യേജാണെങ്കില്‍ പ്രണയനാളുകളില്‍ തന്നെ സ്വഭാവം ഏറെക്കുറെ മനസിലാകും.

ജീവിതം നമ്മുടെയാണല്ലോ, അപ്പോള്‍ എല്ലാം നോക്കി വേണ്ടേ വിവാഹം കഴിക്കാന്‍. മാത്രമല്ല, ഉയരമുള്ള ആളെ മാത്രമേ ഞാന്‍ പ്രണയിക്കൂ. എനിക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്കും ഉയരം വേണം, ഉയരം മാത്രം മതി കേട്ടോ, മുഖഛായ എന്‍േറതാകണം.ഇതുകേട്ട എലീന നെഞ്ചില്‍ കൈവച്ചു

എലീനഃ എന്റെ മച്ചൂ, നീ ഇത്രയും കടന്ന് ചിന്തിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നാലും കുട്ടികള്‍ക്ക് നിന്റെ ഛായ വരണമെന്നാഗ്രഹം കേട്ടപ്പോള്‍ ഞാന്‍ മനസില്‍ കാണുകയായിരുന്നു. മീശയും താടിയും വച്ച നിന്റെ ഛായയുള്ള കുട്ടികള്‍ ഓടിക്കളിക്കുന്നത്...

(ഇതുകേട്ടതും കൈയിലിരുന്ന തലയണ മൃദുല അല്‍പം കുറുമ്പോടെ എലീനയുടെ നേരെ എറിഞ്ഞു. എന്നിട്ട് റൂമില്‍ നിന്നും പുറത്തേക്ക് ഓടി. തൊട്ട് പിറകെ നില്‍ക്കെടി, നിന്നെ ഞാനിന്ന് ശരിയാക്കുമെന്ന ശാസനയില്‍ എലീനയും ഓടി. മേക്കപ്പിട്ടുകഴിഞ്ഞാല്‍ അഭിനേത്രികളും അല്ലാത്തപ്പോള്‍ അത്യാവശ്യം കുറുമ്പുകളും ഇരുവരുടെയും കൈമുതലാണെന്ന് തന്നെ പറയാം.

ദേവിന റെജി
ഫോട്ടോ: ജി.വിപിന്‍ കുമാര്‍

Ads by Google
Ads by Google
Loading...
TRENDING NOW