Friday, November 16, 2018 Last Updated 42 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 03 Dec 2017 01.16 AM

നീതികേടിന്റെ ചിത്രം

uploads/news/2017/12/170978/sun1.jpg

ഒരു ചിത്രകാരനും ഇങ്ങനെ ഒരു ദുര്‍വിധിയുണ്ടാകരുത്‌. അതുമാത്രമാണ്‌ ചന്‍സ്‌ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖരന്‍ എന്ന ചിത്രകാരന്റെ പ്രാര്‍ഥന.
2014ല്‍ കാനഡയില്‍ ഒരു ചിത്രപ്രദര്‍ശനം നടത്തി തിരിച്ചുവരുന്ന സന്ദര്‍ഭത്തിലാണ്‌ 65 വിലപിടിപ്പുള്ള ചിത്രങ്ങളും 7200 ഡോളറും വിമാനകമ്പനിക്കാരുടെ അനാസ്‌ഥമൂലം ഇദ്ദേഹത്തിന്‌ നഷ്‌ടമാകുന്നത്‌. അത്‌ തിരിച്ചുകിട്ടാന്‍ അന്നുതുടങ്ങിയ യാത്രയിലാണ്‌ ഈ കലോപാസകന്‍.
ആ യാത്രയില്‍ സര്‍ക്കാരോ, അധികാരികളോ, അക്കാദമികളോ, ചിത്രകാരന്മാരുടെ കൂട്ടായ്‌മയോ ആരും പിന്തുണച്ചില്ല. തുടര്‍ന്നാണ്‌ നീതിദേവതയുടെ കാരുണ്യം തേടി താന്‍ പ്രാണനേക്കാള്‍ ഏറെ സ്‌നേഹിക്കുന്ന ചിത്രങ്ങള്‍ തിരിച്ചുകിട്ടാനായി വിമാനകമ്പനിക്കെതിരേ കോഴിക്കോട്‌ ഉപഭോക്‌തൃ തര്‍ക്കപരിഹാര കോടതിയില്‍ കേസ്‌ കൊടുത്തത്‌. കോടതി വരാന്തയ്‌ക്കുള്ളില്‍ തന്റെ കേസിന്റെ ഗതിയെന്തന്നറിയാന്‍ ചന്ദ്രശേഖരന്‍ കയറിയിറങ്ങിയതിന്‌ കൈയും കണക്കുമില്ല. ഇത്ര നാള്‍ക്കുള്ളില്‍ 29 തവണയാണ്‌ കേസ്‌ മാറ്റിവച്ചത്‌. എന്നിട്ടും പ്രതീക്ഷ കൈവിടാതെയുള്ള കാത്തിരിപ്പിലാണ്‌ ഈ ഏകാന്തപഥികന്‍. യുദ്ധം ചെയ്ുന്നതയ്‌ ചെറുമീനോടല്ലെന്നറിയാം.
ആകാശലോകം കീഴടക്കിയ എയര്‍ കനഡ, ഇത്തിഹാദ്‌ വിമാനകമ്പനിയാണ്‌ എതിര്‍വശത്ത്‌. അവര്‍ ചന്‍സിന്റെ പ്രാണനുതുല്യമായ ചിത്രങ്ങള്‍ക്കിട്ട വില കേവലം 600 ഡോളര്‍. ചന്‍സിനുവേണ്ടത്‌ പണമല്ല. തന്റെ ചിത്രങ്ങളാണ്‌. അതിനു വിലയിടാന്‍ ആര്‍ക്കും അധികാരമില്ലെന്നാണ്‌ ചന്‍സിന്റെ പക്ഷം. ഏതൊരു യാത്രികനെയും പോലെ രണ്ടുലക്ഷത്തിനടുത്ത്‌ രൂപ ടിക്കറ്റെടുത്തായിരുന്നു ചന്‍സിന്റെ കാനഡയിലേക്കുള്ള യാത്ര. അല്ലാതെ വിമാന കമ്പനി നല്‍കിയ സൗജന്യ പാസില്‍ ആയിരുന്നില്ല. വളരെ ലാഘവത്തോടെയുളള വിമാന കമ്പനിയുടെ ഇടപെടലുകളാണ്‌ ചന്‍സിന്‌ ഹൃദയം നീറിനീറി ജീവിക്കേണ്ട ഈ ഗതികേടിലെത്തിച്ചത്‌.
ബിനാലെ പോലെ കൊട്ടിഘോഷിക്കുന്ന ചിത്രകലയാഘോഷങ്ങള്‍ നടക്കുന്ന ഈ കൊച്ചുകേരളത്തില്‍ നഷ്‌ടപ്പെട്ട തന്റെ ചിത്രങ്ങള്‍ തിരിച്ചുകിട്ടാന്‍ ഇദ്ദേഹത്തിന്‌ അധികാരികളുടെ കനിവുതേടി അലയേണ്ടിവരുന്നത്‌ വിരോധാഭാസമായി കാണാം. ഒരു മനുഷ്യായുസിന്റെ സര്‍ഗാത്മകാവിഷ്‌ക്കാരങ്ങളും ഒരു ജീവിതത്തിന്റെ മുഴുവന്‍ സമ്പാദ്യവും ഒറ്റ യാത്രകൊണ്ട്‌ കൊള്ളയടിക്കപ്പെട്ട ഈ സാധാരണ മനുഷ്യനു മുന്നില്‍ ഇപ്പോഴുള്ളത്‌ തന്റെ നഷ്‌ടപ്പെട്ട ചിത്രങ്ങള്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുടെ നുറുങ്ങുവെട്ടം മാത്രമാണ്‌.

ദുരന്തചിത്രമായി ആ ദിവസം

2014 ജൂണ്‍ 20 നായിരുന്നു ആ ദുര്‍ദിനം. 48 ദിവസത്തെ കാനഡയിലെ വാസവും അന്താരാഷ്‌ട്ര ചിത്രപ്രദര്‍ശനവും കഴിഞ്ഞു കാനഡയില്‍ നിന്നും കോഴിക്കോട്ടേയ്‌ക്ക് മടങ്ങുകയാണ്‌ ചന്ദ്രശേഖരന്‍. തന്റെ 65 ചിത്രങ്ങളും ചിത്രങ്ങള്‍ വിറ്റു ലഭിച്ച പണവും( 7200 ഡോളര്‍) രചന ഉപകരണങ്ങളും ലാപ്പ്‌ ടോപ്പുമെല്ലാം കൈയില്‍ സൂക്ഷിച്ചിരുന്ന ബാഗിലുമാണ്‌ ചന്ദ്രശേഖരന്‍ കരുതിയിരുന്നത്‌.
എയര്‍ കാനഡ, ഇത്തിഹാദ്‌ വിമാനങ്ങളിലായിരുന്നു യാത്ര. ജൂണ്‍ 19ന്‌ കനഡയിലെ ഗൂസ്‌ബേ എയര്‍പോര്‍ട്ടില്‍ നിന്നും ലണ്ടന്‍ അബുദാബി വഴി കോഴിക്കോട്ടേയ്‌ക്കായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്‌.
''ഗൂസ്‌ ബേ എയര്‍പോര്‍ട്ടില്‍ നിന്ന്‌ ജൂണ്‍ 19ന്‌ സെന്റ്‌ ജാണ്‍സ്‌ എയര്‍പോര്‍ട്ടിലേക്ക്‌ എയര്‍ കാനഡ വിമാനത്തില്‍ കയറി. ഇവിടെ നിന്നാണ്‌ ലണ്ടനിലേക്കുള്ള വിമാനം. കാലാവസ്‌ഥ കാരണം പറഞ്ഞ്‌ വെകിയാണ്‌ ഗൂസ്‌ ബേയില്‍ നിന്ന്‌ പുറപ്പെട്ടത്‌. സെന്റ്‌ ജോണ്‍സില്‍ എത്തിയപ്പോഴേക്കും എയര്‍ കാനഡയുടെ വിമാനം കൃത്യസമയത്തു തന്നെ കണക്‌റ്റഡ്‌ ഫ്‌ളൈറ്റിനെ കാത്തു നില്‍ക്കാതെ തന്നെ ലണ്ടനിലേക്കു പുറപ്പെട്ടിരുന്നു. ഓരോ ദിവസവും സെന്റ്‌ ജോണ്‍സില്‍ നിന്ന്‌ എയര്‍ കാനഡയുടെ ധാരാളം വിമാനം ലണ്ടനിലേക്കുണ്ട്‌. ഇതിന്‌ ബദലായി ഇവര്‍ 4 മണിക്കൂറില്‍ കൂടുതല്‍ യാത്രചെയ്യിപ്പിച്ച്‌ എന്നെ അര്‍ധരാത്രി ടൊറാന്റോയില്‍ കൊണ്ടിടുകയാണ്‌ ചെയ്‌തത്‌. അവിടെ നിന്ന്‌ അടുത്ത ദിവസമാണ്‌ യാത്ര ചെയ്യാന്‍ പറ്റിയത്‌. അവിടെ നിന്ന്‌ ഇത്തിഹാദിന്റെ വിമാനത്തില്‍ അബുദാബി വഴി കോഴിക്കോട്ടേക്ക്‌ കയറി. എയര്‍ കാനഡയുടെ തെറ്റുകൊണ്ട്‌ ആ യാത്ര ഒരു നരകയാത്രയാവുകയായിരുന്നു. എന്തിനുവേണ്ടി ഇവര്‍ ടൊറാന്റോയില്‍ അര്‍ധരാത്രി കൊണ്ടിട്ടു എന്നത്‌ വ്യക്‌തമല്ല. ഇതിന്‌ പിന്നില്‍ പെയിന്റിംഗ്‌ കവര്‍ച്ച ചെയ്യുന്ന മാഫിയ സംഘമുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ''
മൂന്നു ലഗേജ്‌ നഷ്‌ടപ്പെട്ടതില്‍ പല തവണയായിട്ടാണെങ്കിലും രണ്ട്‌ ലഗേജ്‌ ചന്‍സിന്‌ കിട്ടുകയും ചെയ്‌തു. ഇതില്‍ ഒരു ബാഗ്‌ കൈവശം വെക്കാവുന്ന ഹാന്‍ഡ്‌ ക്യാരിയായിരുന്നു. ഇതില്‍ നിന്ന്‌ പെയിന്റിംഗ്‌സ് വിറ്റുകിട്ടിയ 7200 ഡോളറും ലാപ്‌ടോപ്പ്‌, ഐപാഡ്‌ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്‌ടപ്പെട്ടിട്ടും ആ ഹാന്‍ഡ്‌ ക്യാരി ലഭിച്ചു. പക്ഷെ പെയിന്റിംഗ്‌സ് അടക്കം ചെയ്‌ത വലിയ ഹാര്‍ഡ്‌ഷെല്‍ ലഗേജ്‌ ഇനിയും ലഭിച്ചില്ല.

മൂന്നരവര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടം

എന്നാല്‍ 10 ദിവസങ്ങള്‍ക്കുശേഷവും തന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‌ ഇത്തിഹാദ്‌ വിമാനകമ്പനി അധികൃതരെ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഒരു ബാഗുമാത്രമേ കണ്ടെത്തുവാന്‍ കഴിഞ്ഞുള്ളൂവെന്നും എയര്‍ കാനഡ മറ്റു ലഗേജുകളൊന്നും നല്‍കിയിട്ടില്ലെന്നും സാങ്കേതിക തകരാറുകളാല്‍ (സ്‌കാനര്‍ തകരാര്‍) അന്നത്തെ ലോഡിങ്‌ വിവരങ്ങള്‍ ലഭ്യമല്ലെന്നുമായിരുന്നു എയര്‍ കാനഡ നല്‍കിയ മറുപടി. ചിത്രങ്ങള്‍ അന്വേഷിച്ചുളള ചന്‍സിന്റെ യാത്രയ്‌ക്കിടയില്‍ എയര്‍ കാനഡയില്‍ നിന്നൊരു ക്ഷമാപണ കത്ത്‌ ലഭിച്ചു. തങ്ങളുടേതല്ല ഇത്തിഹാദിന്‌ സംഭവിച്ച വീഴ്‌ചയായിരുന്നു അത്‌ എന്നായിരുന്നു ഉള്ളടക്കം. അതോടൊപ്പം നഷ്‌ടമായതിന്‌ ഇത്തിഹാദ്‌ വിമാനകമ്പനിയില്‍ നിന്ന്‌ 600 ഡോളറിന്റെ നഷ്‌ടപരിഹാര വാഗ്‌ദാനവും ലഭിച്ചു.
ചിത്രങ്ങള്‍ തിരിച്ചുലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിനെയും ലളിതകലാ അക്കാദമിയെയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്ന്‌ മുന്‍ ലളിതകലാ അക്കാദമി എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗംകൂടിയായ ചിത്രകാരന്‍ പറയുന്നു. ചന്‍സിന്റെ ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഗവണ്‍മെന്റ്‌ വേണ്ടരീതിയില്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ലളിതകലാ അക്കാദമിക്കും ആഭ്യന്തരവകുപ്പിനും പരാതി കൊടുത്തത്‌ മിച്ചം. രാജ്യത്തിന്റെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‌ പരാതി നല്‍കിയിട്ടും കാര്യങ്ങള്‍ക്ക്‌ നീക്കുപോക്കായില്ല. പറയാന്‍ ആളുവേണം.
ഏതെങ്കിലും വിദേശരാജ്യത്താണ്‌ ഈ പ്രശ്‌നം നടന്നതെങ്കില്‍ കാര്യഗൗരവത്തോടെ അധികാരികള്‍ ഇടപ്പെട്ടേനെയെന്ന്‌ ചന്‍സ്‌ വിശ്വസിക്കുന്നു. ചന്‍സ്‌ പറയുന്നു. - ''വിമാനകമ്പനി അധികൃതരുമായി ഞാന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമായിണ്ടായില്ല. 40 വര്‍ഷത്തെ എന്റെ അധ്വാനമാണ്‌ എനിക്ക്‌ നഷ്‌ടമായത്‌. അതാര്‍ക്കും പുനഃസൃഷ്‌ടിക്കാനാവില്ല. യാത്രക്കാരോട്‌ ഒരിക്കലും വിലപിടിപ്പുള്ള സാധനങ്ങള്‍ ലഗേജിനോപ്പമയക്കാന്‍ കമ്പനികള്‍ ആവശ്യപ്പെടരുത്‌. അതല്ലെങ്കില്‍ അവയുടെ ഉത്തരാദിത്വം കമ്പനികള്‍ ഏറ്റെടുക്കണം''
ഒരു ചിത്രകരന്‌ അവന്റെ സൃഷ്‌ടി സ്വന്തം മക്കളെപോലെയാണ്‌. അതുകൊണ്ടുതന്നെ ആരൊക്കെ തന്റെ ഒറ്റയാള്‍ പോരാട്ടത്തെ അവഗണിച്ചാലും തന്റെ നഷ്‌ടപ്പെട്ട ചിത്രങ്ങള്‍ തിരിച്ചുകിട്ടുന്നതിനായി നിയമയുദ്ധത്തിന്റെ ഏതറ്റംപോകാനും ചന്‍സ്‌ തയാറാണ്‌. അതിനായി ഇംഗ്ലീഷ്‌ സാഹിത്യത്തിലെ പ്രശസ്‌തമായ '്യത്സഗ്നന്ദന്ഥ ഗ്നന്ദ' അടക്കം
പലപുസ്‌തകങ്ങളുടെ രചിതാവും കലാ സാഹിത്യപ്രവര്‍ത്തകനും ഹൈക്കോടതിയിലെ അഭിഭാഷകനുമായ അഡ്വക്കേറ്റ്‌ ശ്രീനാഥ്‌ ഗിരീഷിന്റെ അകമഴിഞ്ഞ പിന്തുണയാണ്‌ ചന്‍സിനെ ഈ പോരാട്ടത്തിന്‌ വഴിനടത്തുന്നത്‌. ഇനി കേസ്‌ അടുത്തമാസം 16 നാണ്‌ കോടതി പരിഗണിക്കുന്നത്‌. കോടതിയില്‍ നിന്നുള്ള വിധിവന്ന ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ്‌ ചന്‍സിന്റെ തീരുമാനം.

ചിത്രകലയിലേക്കുള്ള വഴി

ചിത്രകലയോട്‌ ചെറുപ്പത്തിലേ താല്‍പര്യമുണ്ടായിരുന്ന ചന്‍സ്‌ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലായിരുന്നു. ചിത്രകല പഠിക്കാനുള്ള ആഗ്രഹംകൊണ്ട്‌ ഒരു ജോലി കണ്ടെത്തണമായിരുന്നു. ഇലക്‌ട്രിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു സിറാമിക്‌സ് ഫാക്‌ടറിയില്‍ കരാര്‍ വ്യവസ്‌ഥയില്‍ ജോലിക്ക്‌ ചേര്‍ന്നു. രാത്രിയിലാണ്‌ ഡ്യൂട്ടി. പകല്‍ ചിത്രരചന പഠിക്കാന്‍ തീരുമാനിച്ചു.
ഏതു ചിത്രകാരനും തന്റെ വളര്‍ച്ചയില്‍ ഒന്നുകില്‍ പാരമ്പര്യം അല്ലെങ്കില്‍ പ്രശസ്‌തരായ ചിത്രകാരന്മാരുടെ കീഴില്‍ ചിത്രം വര പഠിച്ചിട്ടുണ്ടാവും. ഇതൊന്നും ലഭിക്കാതെയായിരുന്നു ആ കുട്ടിയുടെ ചിത്രകലായാത്ര. ലക്ഷ്യബോധത്തോടെയുള്ള ആ യാത്ര ചിത്രരചന പഠിച്ച്‌ ചിത്രകലാ അധ്യാപകനാക്കി. ചിത്രകല പഠിക്കുമ്പോഴും അധ്യാപകനായപ്പോഴൂം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുകയും ചെയ്‌തു. അന്ന്‌ കമ്മ്യൂണിസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി ഓഫീസ്‌ ദേശാഭിമാനി പത്രമോഫീസിനോട്‌ ചേര്‍ന്നാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. അവിടെ ധാരാളം നല്ല സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. നേരത്തെ പരിചയമുള്ള ചാത്തുണ്ണി മാസ്‌റ്റര്‍ മുഖാന്തിരം ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന എം.എന്‍. കുറുപ്പിനെ പരിചയപ്പെട്ടു. അദ്ദേഹം അടുത്തിറങ്ങാന്‍ പോകുന്ന ഓണപ്പതിപ്പിലേക്ക്‌ ചിത്രം വരയ്‌ക്കാന്‍ കഥകള്‍ ഏല്‍പ്പിച്ചു. ചന്ദ്രശേഖരന്‍ അത്‌ ആവേശത്തോടെ വരച്ചു. അതിന്‌ പ്രതിഫലവും കിട്ടി. ചിത്രകാരന്‍ എന്ന നിലയ്‌ക്ക് ആദ്യമായി കിട്ടുന്ന പ്രതിഫലം. 35 രൂപ.
38 വര്‍ഷം പിന്നിട്ട്‌ ദേശാഭിമാനിയുമായുള്ള ബന്ധത്തിനിടയില്‍, അനുവാദത്തോടുകൂടി ഇന്ത്യാ ടുഡേ, മാധ്യമം, കലാകൗമുദി, ചിത്രഭൂമി, വനിത തുടങ്ങി മലയാളത്തിലെ മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ആര്‍ട്ടിസ്‌റ്റ് നമ്പൂതിരി മാതൃഭൂമിയില്‍ നിന്ന്‌ രാജിവയ്‌ക്കുന്നതും മാതൃഭൂമിയില്‍ ചേരാന്‍ ക്ഷണിക്കുന്നതും. വളര്‍ച്ചയിലുള്ള ദേശാഭിമാനിയുടെ പങ്ക്‌ വിസ്‌മരിക്കാന്‍ സാധിക്കാത്തതുകൊണ്ട്‌, ആ ക്ഷണം നിരസിക്കുകയായിരുന്നു.
പിന്നീട്‌ ദേശാഭിമാനിയില്‍ നിന്ന്‌ വിട്ടുപോന്ന്‌ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സമകാലിക മലയാളം വാരികയില്‍ ജോലി തുടരുന്നു. ലളിതകലാ അക്കാദമി എക്‌സിക്യുട്ടീവ്‌ അംഗമായും പുരോഗമന കലാ സാഹിത്യസംഘം ജില്ലാ സമിതി അംഗമായും , സാഹിത്യ അക്കാദമി അംഗമായും ചന്‍സ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

എം.എ ബൈജു

Ads by Google
Sunday 03 Dec 2017 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW