Tuesday, October 16, 2018 Last Updated 38 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 03 Dec 2017 01.16 AM

കരയുന്നു... പുഴ

uploads/news/2017/12/170976/sun3.jpg

കേരളത്തിലെ നദികള്‍ കണ്ണീരൊഴുക്കുകയാണ്‌... കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ പുഴകള്‍ക്കു വേണ്ടി കണ്ണീരൊഴുക്കിയ, കേരളത്തിലെ നദികളെ കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തുപോന്ന ഡോ.എ.ലത എന്ന പുഴകളെ നെഞ്ചോടുചേര്‍ത്ത ആ പ്രകൃതിസ്‌നേഹിയുടെ വേര്‍പ്പാടില്‍ മനം നൊന്ത്‌...
പുഴയ്‌ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു ലതയുടേത്‌. കേരളത്തിലെ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ക്ക്‌ സുപരിചിതരായിരുന്ന ദമ്പതികളായിരുന്നു ഡോ.എ.ലതയും എസ്‌.ഉണ്ണികൃഷ്‌ണനും. പുഴകളൊഴുകിയിരുന്നത്‌ ഇവരുടെ സിരകളിലൂടെയായിരുന്നു. അല്ല; പുഴ ഇവര്‍ക്ക്‌ മക്കളായിരുന്നു. കേരളത്തില്‍ പരിസ്‌ഥിതിയുമായി ബന്ധപ്പെട്‌ ഏതുവിഷയം എവിടെയുണ്ടായാലും ഓടിയെത്തുമായിരുന്ന ദമ്പതികള്‍. പ്രത്യേകിച്ച്‌ പുഴകളെ സംബന്ധിച്ചത്‌. പിന്നെ പഠനങ്ങളും റിപ്പോര്‍ട്ടുകളും സമരങ്ങളുമായി അവയുടെ പിന്നാലെ. ലത ജനിച്ചതും വളര്‍ന്നതും എറണാകുളത്തായിരുന്നു. അച്‌ഛന്റെ വീട്‌ വൈക്കത്തും അമ്മയുടേത്‌ തുറവൂരും. മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ട്‌ ഇവര്‍ എറണാകുളത്ത്‌ സ്‌ഥിരതാമസമാക്കുകയായിരുന്നു. തേവരയിലും വെള്ളായണിയിലും വെള്ളാനിക്കരയിലുമൊക്കെയായിരുന്നു യഥാക്രമംപ്രീഡിഗ്രിയും ബിരുദവും ബിരുദാനന്തരബിരുദവും ചെയ്‌തത്‌. എസ്‌.സതീഷ്‌ ചന്ദ്രനുമായി പരിചയപ്പെടാനിടയായ്‌ത് ലതയുടെ ജിവിതത്തില്‍ വഴിത്തിരിവായി.
പിഎച്ച്‌.ഡി ചെയ്യുന്നതിനിടെ അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ സൈലന്റ്‌ വാലി താഴ്‌വരയുടെ ചെരുവിലുള്ള തിരുവിഴയിലെ കാട്ടില്‍ 1500 ലേറെ മരങ്ങള്‍ ഫോറസ്‌ട്രി കോളേജ്‌പണിയാനെന്ന പേരില്‍ വെട്ടിമാറ്റാനുള്ള ശ്രമത്തിനെതിരെയാണ്‌ ലതയുടെ ആദ്യ സമരം. കോളേജ്‌ വി.സി ക്കെതിരെയായിരുന്നു ആ ആദ്യസമരാനുഭവം. ഇതിന്റെ കേസുമായി ബന്ധപ്പെട്ട്‌ ലതയുടെ സുഹൃത്തും സീനിയറും ആയ ഉഷയും ഉഷയുടെ സഹോദരന്‍ ഉണ്ണികൃഷ്‌ണനും സുജിത്തും ചേര്‍ന്നാണ്‌ കേസ്‌ കൊടുക്കുന്നത്‌. അന്നുമുതലാണ്‌ ഈ സമാനസ്വഭാവമുള്ള രണ്ടുപ്രകൃതിസ്‌നേഹികള്‍ ഒന്നിക്കുന്നതും.
കൊടകര കാവില്‍വാരിയത്ത്‌ ശൂലപാണിവാരിയരുടെയും എടക്കുന്നി കീരംകുളങ്ങരവാരിയത്ത്‌ മാലതിവാരസ്യരുടേയും മകനാണ്‌ പരിസ്‌ഥിതിപ്രവര്‍ത്തകനായ ഉണ്ണികൃഷ്‌ണന്‍. ബോംബെയില്‍ എന്‍ജിനീയറായിരുന്ന ഇദ്ദേഹം അച്‌ഛനമ്മമാര്‍ക്ക്‌ പ്രായമായപ്പോഴാണ്‌ നാട്ടിലെത്തിയത്‌. വെറുതെയല്ല, ജോലി രാജിവച്ച്‌. മാതാപിതാക്കളേയും പുഴകളേയും പരിചരിക്കാം എന്ന സന്തോഷത്തോടെ...
കാര്‍ഷികസര്‍വകലാശാലയില്‍നിന്നും ഉന്നതവിജയം നേടി പുറത്തുവന്ന ലത കൃഷിഓഫീസറായി 6 വര്‍ഷക്കാലം ജോലി ചെയ്‌തു. അതും ഭാരതപ്പുഴയുടെ തീരത്തെ ചാലിശ്ശേരിയിലും കരുവന്നൂര്‍ പുഴയുടെ തീരത്തെ വല്ലച്ചിറയിലും. കൃഷിഓഫീസറായിരിക്കുമ്പോള്‍ ലതയില്‍ മുഴങ്ങിയിരുന്നത്‌ പുഴകളുടെ രോദനമായിരുന്നു. എന്നാല്‍ 6 വര്‍ഷക്കാലം ആ രോദനം സഹിച്ചു.
ഏതെങ്കിലു സര്‍ക്കാര്‍ ഓഫീസിലിരുന്ന്‌ മരവിക്കാനുള്ളതല്ല തന്റെ ജിവിതമെന്ന്‌ ലത തിരിച്ചറിഞ്ഞ്‌ 2005 ല്‍ ജോലി രാജിവച്ച്‌ പരിസ്‌ഥിതിപ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയവും മാറ്റിവച്ച്‌ പുഴയിലേക്കിറങ്ങി. ഉണ്ണികൃഷ്‌ണനും തന്റെ ജോലി രാജിവച്ചാണല്ലോ പുഴയിലേക്കിറങ്ങിയത്‌. ലതയെ ഉണ്ണികൃഷ്‌ണന്റെ ജീവിതസഖിയാക്കിയത്‌ കാടും പുഴയുമാണ്‌. കലയും സംഗീതവും വരയും രണ്ടുപേര്‍ക്കും ഏറെ പ്രിയമായിരുന്നു. പുഴയെ സാക്ഷിനിര്‍ത്തിയാണ്‌ ഇവര്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചത്‌. വേറൊന്നുകൂടി തീരുമാനിച്ചു നമുക്ക്‌ മക്കള്‍ വേണ്ട. പുഴയായിരുന്നു ഇവര്‍ക്ക്‌ മക്കള്‍. പുഴയും പുഴയോരവും ഒരിക്കലും മടുക്കാത്ത സുഹൃത്തുക്കളായ പരിസ്‌ഥിതിദമ്പതികള്‍. അതിരപ്പിള്ളി പദ്ധതിക്കെതിരെ വര്‍ഷങ്ങളായി നടക്കുന്ന സമരങ്ങളുടെ ജീവനാഡികളായിരുന്നു ഇവര്‍.
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കെതിരെ ഏറെ വാദിച്ച ശാസ്‌ത്രജ്‌ഞയായിരുന്നു ലത. പദ്ധതിയുണ്ടാക്കുന്ന പാരിസ്‌ഥിതികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ പഠിച്ച്‌ ജനങ്ങളിലെത്തിക്കാനും കോടതി യുദ്ധം നയിക്കാനും മുമ്പില്‍ നിന്നത്‌ റിവര്‍ റിസര്‍ച്ച്‌ സെന്ററിന്റെ ഡയറക്‌ടര്‍ കൂടിആയിരുന്ന ലതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി പുഴ സംരക്ഷണ സമിതിയായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട്‌ ശാസ്‌ത്രീയ പഠനഗവേഷണങ്ങളുടെ അടിസ്‌ഥാനത്തില്‍ വിശകലനം ചെയ്‌ത് സര്‍ക്കാരും കെ.എസ്‌.ഇ.ബി യും മുന്നോട്ടുവച്ച കണക്കുകള്‍ തെറ്റാണെന്ന്‌ സ്‌ഥാപിച്ചു.
വൈദ്യുതി ആവശ്യത്തിന്റെ വെറും ഒരു ശതമാനം മാത്രം ലഭ്യമാകുന്ന ഈ പദ്ധതി 1500 കോടി രൂപ ചെലവിട്ട്‌ നടപ്പാക്കുന്നതിന്റെ നിര്‍ഥകത വ്യക്‌തമാക്കുകയായിരുന്നു ലത. വനാവകാശനിയമം നിലനില്‍ക്കെ ഈ പ്രദേശത്തെ കാടര്‍-ഗോത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നതിനെക്കുറിച്ചും നഷ്‌ടപ്പെട്ടുപോകുന്ന ജൈവവൈവിധ്യത്തെക്കുറിച്ചും ഓര്‍ക്കാന്‍ ജനപക്ഷസര്‍ക്കാരിന്‌ ബാധ്യതയുണ്ടെന്ന്‌ ലത ഓര്‍മിപ്പിച്ചു. പുഴയെക്കുറിച്ചും പുഴകളുടെ ആവാസവ്യവസ്‌ഥയെക്കുറിച്ചും പുഴകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ ഇവര്‍ വലിയ സംഭാവനയാണ്‌ നല്‍കിയിട്ടുള്ളത്‌.
പുഴകളെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ കഴിയുന്ന ഇന്ത്യയിലെത്തന്നെ അപൂര്‍വം വ്യക്‌തികളില്‍ ഒരാളായിരുന്നു ഇവര്‍. ഇവര്‍ ജീവിച്ചത്‌ പുഴകള്‍ക്കും വേണ്ടിയായിരുന്നെന്ന്‌ ലതയെ അറിയുന്ന ആരും സമ്മതിക്കും. പുഴകളെക്കുറിച്ച്‌ എത്രയോവേദികളില്‍ ക്ലാസ്സുകളെടുത്തു. സെമിനാറുകള്‍ നടത്തി. പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ പല സംസ്‌ഥാനങ്ങളിലും നദികളെ കുറിച്ച്‌ സര്‍വേകള്‍ നടത്തി. മെക്‌സിക്കോയില്‍ ഇന്റര്‍നാഷണല്‍ റിവേഴ്‌സ് സംഘടിപ്പിച്ച സെമിനാറില്‍ സ്‌ത്രീ,പുഴ,ഡാം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
രണ്ടുപതിറ്റാണ്ടിലേറെയായി ശാന്തവും സംഗീതാത്മകവുമായാണ്‌ ഈ ലതാനദി ഒഴുകിക്കൊണ്ടിരുന്നത്‌... അവസാന നാളുകളില്‍ അര്‍ബുദം ശരീരത്തെ കടന്നുപിടിച്ചപ്പോഴും പുഴയുടെ ജീവന്‍ നിലനിര്‍ത്താന്‍ വചസ്സും വപുസ്സും ഹോമിക്കുകയായിരുന്നു ഈ പുഴകളുടെ കൂട്ടുകാരി...

കൊടകര ഉണ്ണി

Ads by Google
Sunday 03 Dec 2017 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW