Tuesday, October 16, 2018 Last Updated 34 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 03 Dec 2017 01.16 AM

ഷഡ്‌പദം- സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2017/12/170975/sun2.jpg

ആരാത്രി രാമു ഉറങ്ങിയില്ല. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള ഒരു സാധാരണമനുഷ്യന്റെ അവകാശങ്ങള്‍ പോലും കാലം തന്നില്‍ നിന്നും കവര്‍ന്നെടുത്തിരിക്കുന്നു.അന്നാദ്യമായി അയാള്‍ സ്‌നേഹത്തോടെ സൗമിനിയെ ഓര്‍ത്തു. അവളുടെ ഔദാര്യത്തിലും സൗമനസ്യത്തിലും ജീവിതം നയിക്കുമ്പോഴും തന്റെ ശാസനകള്‍ക്ക്‌ അവള്‍ സ്‌നേഹപൂര്‍വം കാതോര്‍ത്തിരുന്നു. വേദനിപ്പിക്കുന്ന ഒരു മറുവാക്ക്‌ ഉരിയാടിയില്ല. അത്‌ അകളങ്കമായ ആത്മൈക്യത്തിന്റെ പിന്‍ബലം ഒന്ന്‌ കൊണ്ട്‌ മാത്രമായിരുന്നു. ഇവിടെ ഈശ്വര്‍ജിക്കും തലൈവര്‍ക്കും വലിയ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാനുളള കേവല ഉപകരണം മാത്രമാണ്‌ താന്‍. ഒരു ബ്രാന്‍ഡ്‌ മാര്‍ക്ക്‌ പോലെ. തന്റെ നൈസര്‍ഗിക കാമനകളുടെ ശാശ്വത നിരാസത്തിന്‌ മേലാണ്‌ അവര്‍ സ്വന്തം സ്വപ്‌നങ്ങള്‍ കെട്ടിപ്പൊക്കിയത്‌. അവരുടേത്‌ വ്യക്‌തിഗത താത്‌പര്യങ്ങള്‍ മാത്രമാണ്‌. പക്ഷെ തന്നെ മാത്രം വിശ്വസിച്ച്‌ ജീവിക്കുന്ന ദശലക്ഷകണക്കിന്‌ ജനങ്ങളുണ്ട്‌. ഈശ്വര്‍ജി ഒരു പൊയ്‌മുഖമാണെന്ന്‌ തിരിച്ചറിഞ്ഞാല്‍ അവരുടെ മനസുകള്‍ ഉടഞ്ഞ മണ്‍പാത്രങ്ങളാവും. ആശ്രയിച്ചതും വിശ്വസിച്ചതും ശൂന്യമാണെന്ന്‌ അറിയുമ്പോള്‍ അവര്‍ മനോവിഭ്രാന്തിയുടെ ആഴക്കയങ്ങളില്‍ നിപതിക്കും. അത്തരമൊരു വിശ്വാസരാഹിത്യം രാമുണ്ണിക്ക്‌ അചിന്ത്യമായിരുന്നു.
പ്രഞ്ചമൊട്ടാകെ പടര്‍ന്നു കിടക്കുന്ന ഒരു സമൂഹത്തിന്‌ വേണ്ടി അയാള്‍ സ്വന്തം ജീവിതം സ്വയം ഹോമിച്ചു. തന്റെ വേദനകള്‍ തന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ ശ്രദ്ധിച്ചു. ഈശ്വര്‍ജിയോട്‌ പോലും പരാതികള്‍ പറയാതെ ശ്രദ്ധിച്ചു. അതികാലത്ത്‌ മുതല്‍ ദര്‍ശനം മോഹിച്ച്‌ എത്തുന്ന പരശതം ഭക്‌തര്‍ക്ക്‌ മുന്നില്‍ നിസംഗവും തേജോമയവുമായ സൗമ്യസ്‌മിതത്തോടെ നിന്നു. മനസിലേക്ക്‌ അറിയാതെ പോലും വീടും കുടുംബവും ബന്ധങ്ങളും കയറി വരാതെ ശ്രദ്ധിച്ചു. ചാക്രികമായ ഒരു ജീവിതവൃത്തത്തിന്റെ പരിധികള്‍ക്കുളളില്‍ കൃത്യമായി ചലിക്കുന്ന കളിപ്പാവയാകാന്‍ അയാള്‍ സ്വയം പരിശീലിച്ചു.
മനസുകൊണ്ട്‌ ദൈവമാകാന്‍ അയാള്‍ പല കുറി ശ്രമിച്ചു. പരാജയമായിരുന്നു ഫലം. പകലന്തിയോളം ദര്‍ശനം നല്‍കി രാത്രി കിടപ്പറയിലെത്തുമ്പോള്‍ അയാള്‍ കേട്ടറിവുളള എല്ലാ ദൈവങ്ങളോടും ക്ഷമാപണം ചെയ്‌തു. അയാള്‍ക്ക്‌ അറിയാം.ഈശ്വരന്‍ പരമമായ സത്യമാണ്‌. അതിനെ ലഘൂകരിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അല്‍പ്പജ്‌ഞനായ താന്‍ ദൈവവേഷങ്ങള്‍ കെട്ടിയാടുമ്പോള്‍ പ്രപഞ്ചനിയന്താതാവായ ആ മഹാശക്‌തി ഏതോ അദൃശ്യതലങ്ങളില്‍ ഒളിഞ്ഞിരുന്ന്‌ പുഞ്ചിരിക്കുകയാവാം. ഒരു വയറ്റുപ്പിഴപ്പുകാരനോട്‌ ക്ഷമിക്കുന്ന ഔദാര്യപുര്‍ണ്ണമായ മാനസികാസ്‌ഥയുടെ തണലില്‍ കൊടിയ ദൈവകോപത്തില്‍ നിന്നും താന്‍ തത്‌കാലം രക്ഷപ്പെട്ടു പോകുന്നു. യഥാര്‍ത്ഥത്തില്‍ താനാണോ തെറ്റുകാരന്‍. സ്വന്തം ഭൗതിക നേട്ടങ്ങള്‍ക്ക്‌ വേണ്ടി താന്‍ ഒരിക്കലും ഇച്‌ഛിക്കാത്ത ഒരു വേഷം കെട്ടിയാടിക്കുന്ന ഗുരുജിയും തലൈവരുമല്ലേ തെറ്റുകാര്‍? എല്ലാറ്റിനും കൂട്ടുനില്‍ക്കുന്ന തനിക്കും ഈ മഹാപാപത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ? ന്യായാന്യായങ്ങളുടെയും നന്മതിന്മകളുടെയും അതിരുകള്‍ക്കിടയില്‍ രാമുണ്ണിയുടെ ആത്മാവ്‌ വിഷമിച്ചു.
അവന്റെ മനസിലെ ചാഞ്ചാട്ടങ്ങള്‍ അതിബുദ്ധിയായ ഗുരുജി കൃത്യമായി നീരിക്ഷിക്കുന്നുണ്ടായിരുന്നു. പ്രതിഷ്‌ഠിച്ചു പോയ വിഗ്രഹമാണ്‌ അയാള്‍ . ഇനി പകരം വയ്‌ക്കുക സാധ്യമല്ല. അയാളുടെ മനസിനെ പിടിച്ചുകെട്ടുക എന്നതും പ്രായോഗികമല്ല. നൂല്‍പ്പാലത്തിലുടെ സഞ്ചരിക്കുന്ന ആത്മാവിനെ താത്‌കാലികമായെങ്കിലും ഉറപ്പിച്ചു നിര്‍ത്തേണ്ടതുണ്ട്‌.
രാമു അറിയാതെ ചില ഗൂഢപദ്ധതികള്‍ ഗുരുജി വിഭാവനം ചെയ്‌തു. അതിന്റെ ആദ്യപടിയില്‍ അയാളും ശിഷ്യഗണങ്ങളും മാത്രം സന്ധിച്ചു.
ഇരുട്ടിന്റെ മഹാശൂന്യതയില്‍ വെളിച്ചത്തിന്റെ ഒരു നുറുങ്ങ്‌തിരി തെളിഞ്ഞു. രാത്രിയെ പകലാക്കുന്ന കണ്ണഞ്ചിക്കുന്ന വൈദ്യുതവിളക്കുകള്‍ അണച്ച്‌ പീഠത്തിന്‍മേല്‍ ഒറ്റക്കാല്‍കൊക്കിനെ പോലെ തപസ്‌ ചെയ്‌ത മെഴൂകുതിരി തെളിച്ചതെന്തിനെന്ന്‌ ചുറ്റും കൂടിയിരുന്നവര്‍ക്ക്‌ വ്യക്‌തമായില്ല. അവരുടെ മുഖങ്ങളില്‍ നിന്ന്‌ ആ സംശയം വായിച്ചെടുത്തതു പോലെ ഗുരുജി എല്ലാവരെയും മാറി മാറി നോക്കി ഒന്ന്‌ ചിരിച്ചു.
''കോടാനുകോടികള്‍ വിലമതിക്കുന്ന രത്നം കാലില്‍ തടഞ്ഞിട്ട്‌ അത്‌ തട്ടിമാറ്റി മുക്കുപണ്ടം തിരയുന്ന മണ്ടന്‍രാജാവിന്റെ കഥ കേട്ടിട്ടില്ലേ? ആ അവസ്‌ഥയിലാണ്‌ നിങ്ങളും ഞാനും ഇപ്പോള്‍.''
പറഞ്ഞതിന്റെ പൊരുള്‍ വ്യക്‌തമാകാതെ അനുയായികള്‍ പരസ്‌പരം നോക്കി. ധ്വനിസാന്ദ്രമായി സംസാരിക്കുന്നത്‌ പണ്ടേ ഗുരുജിയുടെ ശീലമാണ്‌. ഓരോ നോട്ടത്തിലും വാക്കിലും വാചകത്തിലും ആയിരം അര്‍ത്ഥങ്ങള്‍ അടങ്ങുന്നു. വലിയ സാദ്ധ്യതകള്‍ ഒളിപ്പിച്ചു വയ്‌ക്കുന്നു. ഗുരുജി, ഈശ്വര്‍ജിയുടെ പോലും ഗുരുസ്‌ഥാനീയനായി മാറിയത്‌ വെറുതെയല്ല. തൊട്ടടുത്ത സ്‌ഥാനക്കാരനായ ശ്രീവത്സന്‍ മനസില്‍ പറഞ്ഞു. അവരുടെ അന്തരംഗം ഒന്നാകെ ഗ്രഹിച്ചിട്ടെന്ന പോലെ ഗുരുജി പറഞ്ഞു.
''സൂചനകള്‍ പോരാ. വിശദീകരണം തന്നെ വേണമെന്ന്‌ അറിയാം.''
അത്‌ ശരിവയ്‌ക്കും മട്ടില്‍ അനുചരന്‍മാര്‍ തലയാട്ടി. പതിഞ്ഞ താളത്തിലുള്ള ചിരിയായിരുന്നു ഗുരുജിയുടെ മറുപടി. പിന്നെ അപാരതയിലേക്ക്‌ ദൃഷ്‌ടികള്‍ അയച്ച്‌ സൗമ്യമെങ്കിലും ദൃഢമായ സ്വരത്തില്‍ അദ്ദേഹം പ്രതിവചിച്ചു.
''ദൈവം നമ്മുടെ മുന്നിലേക്ക്‌ തുറന്നിട്ട വലിയ സാദ്ധ്യതയാണ്‌ രാമു. ഈ പ്രസ്‌ഥാനത്തിന്‌, ഈ നാടിന്‌, എന്തിന്‌ നമുക്ക്‌ ഓരോരുത്തര്‍ക്കും തലമുറകളോളം സുഭിക്ഷമായി കഴിയാന്‍ കാലം ഒരുക്കിയ അവസരം. അതിനെ മൂന്ന്‌ തരത്തില്‍ നമുക്ക്‌ വിനിയോഗിക്കാം. പുറംകാല്‌ കൊണ്ട്‌ തൊഴിച്ചെറിയാം. നിസാരവിലയ്‌ക്ക് വില്‍ക്കാം. പരമാവധി വിലയ്‌ക്ക് വിലപേശാം. ബുദ്ധിയുളളവര്‍ ഏത്‌ വഴിയാവും സ്വീകരിക്കുക?''
ഒരു ചോദ്യം മുന്നിലേക്ക്‌ എറിഞ്ഞുകൊടുത്ത്‌ ഗുരുജി ആ മുഖങ്ങളിലേക്ക്‌ നോക്കി.
''ഈ ദ്വീപില്‍ മാത്രമല്ല, പുറംലോകത്തും നിരവധിയാളുകള്‍ ഈശ്വര്‍ അമാനുഷിക സിദ്ധിയുളള ആളാണെന്ന്‌ ധരിക്കുന്നു. അയാളുടെ പ്രീതി ലഭിക്കാനായി ലക്ഷങ്ങളും കോടികളും വലിച്ചെറിയാന്‍ തയ്യാറായി നില്‍ക്കുന്നു''
ഗുരു പറഞ്ഞു വരുന്നതിന്റെ ആന്തരാര്‍ത്ഥം ശിഷ്യഗണങ്ങള്‍ വളരെ വേഗം ഉള്‍ക്കൊണ്ടു.
അനുയായികള്‍ പരസ്‌പരം മൗനത്തിന്റെ ഭാഷയില്‍ ആശയവിനിമയം ചെയ്‌തു. എല്ലാവര്‍ക്കും വേണ്ടിയെന്നോണം ശ്രീവത്സന്‍ സംസാരിച്ചു.
''ഞങ്ങള്‍ക്ക്‌ ആര്‍ക്കും വിപരീതാഭിപ്രായമില്ല..''
ഗുരുജി മന്ദസ്‌മിതത്തോടെ തലയാട്ടി. അപ്പൂപ്പന്‍താടി പോലെ നരച്ച താടിരോമങ്ങളില്‍ വിരലുകള്‍ ഉഴിഞ്ഞു. മെഴൂകുതിരി വെട്ടം വീണ്‌ വെളളിക്കമ്പികള്‍ പോലെ അവ തിളങ്ങി. ഗുരുവിന്റെ വൈരക്കല്ലുകള്‍ പോലുളള കണ്ണുകള്‍ക്ക്‌ അതിലും തിളക്കമുണ്ടായിരുന്നു.
വിദേശത്തു നിന്നും മാര്‍ക്കറ്റിംഗില്‍ ഉന്നതബിരുദം നേടിയവരെ ഗുരുജി ദ്വീപിലേക്ക്‌ കൊണ്ടുവന്നു. ഈശ്വര്‍ജിയുടെ ഖ്യാതി ആഗോളതലത്തില്‍ കൂടുതല്‍ വ്യാപകമാകേണ്ടതിന്റെ ആവശ്യകതയും സാദ്ധ്യതകളും ചര്‍ച്ച ചെയ്‌തു. അത്തരം കൂടിക്കാഴ്‌ചകളില്‍ രാമുണ്ണിയുടെ സാന്നിദ്ധ്യം ഉണ്ടായില്ല. വില്‍ക്കപ്പെടേണ്ട വസ്‌തുവായിരുന്നു അയാള്‍. വില്‍ക്കാന്‍ അറിയുന്നവര്‍ക്ക്‌ വിധേയനാവുക എന്നതില്‍ കവിഞ്ഞ ഒരു ദൗത്യവും അയാളില്‍ നിക്ഷിപ്‌തമായിരുന്നില്ല. എല്ലാം അറിഞ്ഞിട്ടും രാമു അജ്‌ഞത നടിച്ചു. മറ്റ്‌ പോംവഴികള്‍ അയാള്‍ക്ക്‌ മുന്നിലുണ്ടായിരുന്നില്ല.
കണ്ണടച്ച്‌ തുറക്കുന്ന വേഗതയില്‍ ആശ്രമം വളര്‍ന്നു. ഈശ്വര്‍ജിയുടെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്ന വെബ്‌സൈറ്റുകളും ഫേസ്‌ബുക്ക്‌ പേജുകളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രത്യക്ഷപ്പെട്ടു. വിദേശരാജ്യങ്ങളില്‍ വിവരം പ്രചരിപ്പിക്കാന്‍ പ്ര?ഫഷനല്‍ ഏജന്‍സികള്‍ നിയോഗിക്കപ്പെട്ടു. ദശലക്ഷകോടീശ്വരന്‍മാര്‍ ഈശ്വര്‍ജിയെ തേടിയെത്തി. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍, മനുഷ്യാതീത ശക്‌തിയുണ്ടെങ്കില്‍ അത്‌ ഇതാണെന്ന്‌ അവര്‍ക്ക്‌ ബോധ്യമായി. അവരുടെ അതിരുകളില്ലാത്ത സമ്പാദ്യം ആ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചു.
ദിനംപ്രതി ആശ്രമം വളര്‍ന്നു കൊണ്ടേയിരുന്നു. സമ്പന്നതയുടെ വിശാലലോകം ചുറ്റും രൂപപ്പെട്ടു. തസ്രാക്കിന്‌ സംഭവിച്ച വികസനത്തിന്‌ അതിരുളില്ലായിരുന്നു. തനത്‌ ശീലങ്ങള്‍ വെടിഞ്ഞ്‌ അവര്‍ പരിഷ്‌കൃതജനതയുടെ ശീലങ്ങളിലേക്ക്‌ പരിണമിച്ചു.
ആശ്രമം ഒരു സമാന്തരഭരണകൂടമായി മാറി. ആയിരകണക്കിന്‌ പേര്‍ക്ക്‌ വീട്‌ വച്ചുകൊടുത്തു. ചികിത്സാസൗകര്യങ്ങളൊരുക്കി. ആതുരസേവനത്തിന്റെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ മൂവിക്യാമറയില്‍ പകര്‍ത്തപ്പെട്ടു. വിദേശചാനലുകള്‍ ഈശ്വര്‍ജിയുടെ അപദാനങ്ങള്‍ക്കൊപ്പം സല്‍ക്കര്‍മ്മങ്ങളും സംപ്രേഷണം ചെയ്‌തു. സാധുക്കള്‍ക്ക്‌ നന്മ ചെയ്യാനായി മാത്രം ജീവിക്കുന്ന അവതാരപുരുഷനെ വിശ്വസിച്ച്‌ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്‌ ആയിരകണക്കിന്‌ ആളുകള്‍ ശതകോടികള്‍ സംഭാവന ചെയ്‌തു. ആ പുണ്യപ്രവൃത്തിയിലുടെ തങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗരാജ്യം കൈവരുമെന്ന്‌ അവര്‍ വിശ്വസിച്ചു. അവതാരപുരുഷന്‌ സ്വന്തം ജീവസന്ധാരണത്തിനുളള ധനം കണ്ടെത്തിക്കൂടെ എന്ന്‌ അവര്‍ ആരും ചിന്തിച്ചില്ല. ചോദിച്ചില്ല. വിശ്വാസത്തിന്റെ കറുത്ത തുണി കൊണ്ട്‌ ഗുരുജി അവരുടെ കണ്ണുകള്‍ കെട്ടി. നിത്യാന്ധതയിലെന്നോണം അവര്‍ ഈശ്വര്‍ജിയെ ആരാധിച്ച്‌ ജീവിച്ചു. അക്കൂട്ടത്തില്‍ ഭരണാധികാരികളും നിയമപാലകരും നീതിപീഠങ്ങളും ശാസ്‌ത്രജ്‌ഞരും ഉള്‍പ്പെട്ടു. സമൂഹം ആദരിക്കുന്നവര്‍ ഈശ്വര്‍ജിക്ക്‌ മുന്നില്‍ സാഷ്‌ടാംഗം പ്രണമിക്കുമ്പോള്‍ സാധാരണക്കാരുടെ വിശ്വാസം ദൃഢതരമായി.
ആശ്രമം ഒരു മഹാപ്രസ്‌ഥാനമായി വളര്‍ന്നു. ഗുരുജി എല്ലാറ്റിനും നേതൃത്വം നല്‍കി. രാമുണ്ണി ഒരു വിഗ്രഹമായി നിന്നുകൊടുത്തു.
അയാള്‍ പൂര്‍ണ്ണമായും മൗനം ദീക്ഷിച്ചു. ഭക്‌തര്‍ക്ക്‌ ദര്‍ശനം കൊടുക്കുന്ന നിമിഷങ്ങളില്‍ മാത്രം ഒരു ടേപ്പ്‌റിക്കാര്‍ഡര്‍ പോലെ മനസില്‍ ആലേഖനം ചെയ്‌തു വച്ച വാക്കുകള്‍ ഉരുവിട്ടു. പ്രാര്‍ത്ഥനാഗീതങ്ങള്‍ യാന്ത്രികമായി ചൊല്ലി. സൗമ്യസ്‌മിതം മുഖത്ത്‌ പതിപ്പിച്ച്‌ വച്ചു. പേരിന്‌ മാത്രം ഭക്ഷിച്ചു. കൂടുതലും ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ കൊണ്ട്‌ ജീവിച്ചു. ജീവിതം എന്ന്‌ തന്റെ അവസ്‌ഥയെ വിളിക്കാമോ എന്ന്‌ സംശയിച്ചു. ഒരു ആദ്ധ്യാത്മികയന്ത്രം എന്ന്‌ സ്വയം വിശേഷിപ്പിക്കാനാണ്‌ പലപ്പോഴും അയാള്‍ക്ക്‌ തോന്നിയത്‌. ഒരു കല്‍പ്രതിമയുടെ നിസംഗത ബോധപുര്‍വം കൈവരിച്ചു. എതിര്‍ത്തിട്ടും പ്രതികരിച്ചിട്ടും കാര്യമില്ലെന്ന തിരിച്ചറിവില്‍ നിന്ന്‌ സ്വയം ശീലിച്ച സമീപനമായിരുന്നു അതൊക്കെ. രാത്രികളില്‍ അടഞ്ഞ മുറിയുടെ ചുവരുകള്‍ക്കുളളില്‍ സ്വന്തം കിടക്കയുടെ സ്വകാര്യതയില്‍ അയാള്‍ ഉറക്കെ പൊട്ടിക്കരഞ്ഞു. എല്ലാവര്‍ക്കും സാന്ത്വനമരുളുന്ന ഈശ്വര്‍ജിയുടെ കണ്ണീരിനും ഉപ്പും നനവുമുണ്ടായിരുന്നു. അയാളുടെ മനസിനും വേദനയും മുറിവുകളുമുണ്ടായി. അതാരും അറിഞ്ഞില്ലെന്ന്‌ മാത്രം. ഇഷ്‌ടഭക്ഷണം കഴിക്കാനായി അയാളുടെ രുചിമുകുളങ്ങള്‍ കൊതിച്ചു. ഒരു പെണ്ണിന്റെ സ്‌നേഹച്ചൂടില്‍ ഉരുകിയലിയാനായി അയാളുടെ മനം തുടിച്ചു. അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും അനന്തവിഹായസില്‍ പാറികളിക്കാനും പറന്നു നടക്കാനും വൃഥാ മോഹിച്ചു.
ഒന്നും സാധിതമല്ലെന്ന തിരിച്ചറിവില്‍ അയാളുടെ മനസ്‌ വീര്‍പ്പുമുട്ടി പിടഞ്ഞു. കരയാന്‍ പോലും കഴിയാതെ അത്‌ നിശ്‌ചലമായി. ശരീരം മാത്രം ചലിക്കുന്ന ഒരു ജീവച്‌ഛവമായി അയാള്‍ പരിവര്‍ത്തനം ചെയ്‌തു.
നിസഹായതയുടെ അപാരതയില്‍ നിലനില്‍ക്കുന്ന ദൈവമായിരുന്നു അയാള്‍. അയാളുടെ മനസിന്റെ പിടച്ചിലുകള്‍ ആരും കണ്ടില്ല. വെറും മനുഷ്യനായി ജീവിക്കാനുളള അദമ്യമായ ആഗ്രഹത്തില്‍ അയാളുടെ ആത്മാവ്‌ തുടിച്ചു.
ആകാശത്തിലെ പറവകളോടും ആരണ്യകത്തിലെ വന്യമൃഗങ്ങളോടും അയാള്‍ക്ക്‌ അസൂയ തോന്നി. എല്ലാത്തരം ബന്ധനങ്ങളില്‍ നിന്നും വിമോചിതരായ അവരാണ്‌ ഏറ്റവും ഭാഗ്യവാന്‍മാര്‍ എന്ന്‌ അയാളുടെ മനസ്‌ പറഞ്ഞു. അവരില്‍ ഒരാളായി അടുത്ത ജന്മത്തിലെങ്കിലും-അങ്ങനെയൊന്നുണ്ടെങ്കില്‍-ജനിപ്പിക്കണമെന്ന്‌ അയാള്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു.

Ads by Google
Sunday 03 Dec 2017 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW