Friday, December 14, 2018 Last Updated 20 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 02 Dec 2017 01.35 AM

കുത്തഴിഞ്ഞ നാടിന്‌ കുത്തും കോമയുമിട്ട 'ചട്ടമ്പി'

uploads/news/2017/12/170635/bft1.jpg

"നിനക്കു കെട്ടിടംപണിക്കു മണ്ണു ചുമക്കാമോ?"- കങ്കാണിയുടെ ചോദ്യം.
കെട്ടിമേയാത്ത ഓലപ്പുര, ഒഴിഞ്ഞ കഞ്ഞിക്കലം, വിശപ്പു സഹിക്കാനാവാതെ ചുരുണ്ടുകിടന്നുറങ്ങുന്ന വൃദ്ധരായ അച്‌ഛനമ്മമാര്‍. ഇതൊക്കെയോര്‍ത്തപ്പോള്‍ ചെറുപ്പക്കാരനായ കുഞ്ഞന്‍ സമ്മതിച്ചു: തയാര്‍!
അങ്ങനെ, തിരുവനന്തപുരത്തെ പൊന്നുതമ്പുരാന്റെ ഹജൂര്‍ക്കച്ചേരി പണിയാന്‍ അവന്‍ ഒരു സഹായിയായി, മറ്റു പണിക്കാര്‍ക്കൊപ്പം മണ്ണുചുമന്നു! അച്‌ഛനമ്മമാര്‍ക്കു "നാഴി കഞ്ഞിവെള്ളം" കൊടുക്കാന്‍ വഴിതെളിഞ്ഞു.
നമ്മുടെ ഇപ്പോഴത്തെ സെക്രട്ടേറിയറ്റിന്‌-ഹജൂര്‍ കച്ചേരിക്ക്‌- മണ്ണു ചുമന്നുകൊണ്ട്‌ സാമൂഹികജീവിതത്തിലേക്ക്‌ അവന്‍ പ്രവേശിച്ചു. കുഞ്ഞന്‍ എന്ന പയ്യന്‍ കാലാന്തരത്തില്‍ കുഞ്ഞന്‍പിള്ളയായി, "ചട്ടമ്പി"യായി, അയിത്തത്തിനെതിരേ വാള്‍ ചുഴറ്റിയ മഹാപുരുഷനായി, ശ്രീനാരായണഗുരുവിനുപോലും വഴികാട്ടിയായി, വിശ്വവിജയിയായ വിവേകാനന്ദസ്വാമികളെ "ചിന്മുദ്ര"യുടെ അര്‍ഥം പഠിപ്പിച്ചു മലയാളികളുടെ മാനം കാത്ത മഹാത്മാവായി, പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമികളായി!
പറയത്തക്ക ഒരു ഗുരുവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും സാഹിത്യം, ഭാഷാശാസ്‌ത്രം, സംഗീതം, ജ്യോതിഷം, യോഗ, ചിത്രമെഴുത്ത്‌, വീണവായന, വാദ്യശാസ്‌ത്രം, നാട്ടുചികിത്സ, ഗുസ്‌തി, മന്ത്രശാസ്‌ത്രം എന്നിവയൊക്കെ പഠിച്ചെടുത്തു. 'ജന്തുകാരുണ്യനിരൂപണം', 'പ്രാചീനമലയാളം', 'അദൈ്വതചിന്താപദ്ധതി'തുടങ്ങിയ ഗ്രന്ഥങ്ങളും പ്രധാനമതങ്ങളെക്കുറിച്ചുള്ള പഠനങ്ങളും രചിച്ചു. മരുത്വാമലയില്‍ നാളുകളോളം തപസനുഷ്‌ഠിച്ചു, ശ്രീനാരായണഗുരുവിനു മരുത്വാമലയിലേക്കു വഴികാട്ടിയുമായി.
"ശ്രീനാരായണഗുരു സ്വാമിയും
ഗുരുവാക്കി മാനിച്ച
മഹാഭാഗ്യം തികഞ്ഞ ദിവ്യഗാത്രം!" എന്നാണു ശ്രീനാരായണഗുരുവിന്റെ പ്രമുഖശിഷ്യന്‍ സരസകവി മൂലൂര്‍ എസ്‌. പത്മനാഭപ്പണിക്കര്‍ ചട്ടമ്പിസ്വാമികളെക്കുറിച്ച്‌ എഴുതിയത്‌.
കുത്തഴിഞ്ഞ സമൂഹത്തിനു കുത്തും കോമയുമിട്ടയാളായിരുന്നു ചട്ടമ്പി. അയിത്തത്തിനെതിരേ പടവാളെടുത്ത അദ്ദേഹം നായ്‌ക്കളുമായി വന്ന്‌ ജന്മിയുടെ സദ്യയുണ്ട കഥ പ്രശസ്‌തമാണ്‌. തിരുവനന്തപുരത്തായിരുന്നു സംഭവം. ജാതിചിന്ത പുലര്‍ത്തിയിരുന്ന ജന്മിയുടെ വീട്ടില്‍ അദ്ദേഹത്തെ സദ്യക്കു ക്ഷണിച്ചു. തന്റെയൊപ്പമുള്ള പത്തിരുപതുപേര്‍ക്കുകൂടി സദ്യ വേണമെന്നായി സ്വാമികള്‍. ജന്മിയുടെ വീട്ടില്‍ സദ്യയൊരുങ്ങി. ഇലവച്ചു. വഴിയില്‍ അലഞ്ഞുതിരിഞ്ഞ മുപ്പതോളം നായ്‌ക്കളുമായി വന്ന്‌ സ്വാമികള്‍ സദ്യയുണ്ടു!
"നായര്‍ തറവാടുകളില്‍നിന്നു നമ്പൂതിരിമാര്‍ക്കു സ്‌ത്രീകളെ സംബന്ധം ചെയ്യാമെങ്കില്‍, അവരുമായി എല്ലാത്തരത്തിലും അടുത്തു പെരുമാറാമെങ്കില്‍, ഏതു മറപ്പുരകള്‍ക്കാണു വേദോപനിഷത്തുകള്‍ ഉരുവിടാന്‍ പാടില്ലാത്തത്‌"? -അദ്ദേഹം ചോദിച്ചു.
"മീനും മാംസവും കഴിക്കുന്ന പൂച്ചയ്‌ക്ക്‌ അമ്പലത്തില്‍ കയറിയിറങ്ങാം, പട്ടിക്കും അമ്പലത്തില്‍ കടക്കാം, അതില്‍ ബ്രാഹ്‌മണര്‍ക്കു പരാതിയില്ല. മനുഷ്യനു കയറിക്കൂടാ, ഇതാണു ഭ്രാന്ത്‌!" എന്നും അദ്ദേഹം പരിഹസിച്ചു. വിവേകാനന്ദസ്വാമികള്‍ കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചതിന്റെ അര്‍ഥവും ഇതുതന്നെ.
ഒരിക്കല്‍, ഒരു ശിഷ്യന്റെ വീട്ടില്‍ സ്വാമികള്‍ ചെന്നപ്പോള്‍ നാലു നെല്ലുകുത്തുകാരികള്‍ നെല്ലുകുത്താന്‍ കഷ്‌ടപ്പെടുന്നതു കണ്ടു. അതോടെ അദ്ദേഹം നാല്‌ ഉലക്കകളും വാങ്ങി ഒരേ ഉരലില്‍ ഒരേസമയം ഒറ്റയ്‌ക്ക്‌ നെല്ലുകുത്തിയെടുത്തതായും കഥയുണ്ട്‌! അദ്ദേഹത്തിനു വഴങ്ങാത്ത ഒരു ജോലിയുമില്ലായിരുന്നു.
ഇന്നത്തെ 'മോഡുലാര്‍കിച്ചണ്‍' അന്നേ സ്വാമികള്‍ ദീര്‍ഘദര്‍ശനം ചെയ്‌തിരിക്കണം. സാധാരണ വീടുകളിലെ അടുക്കളകള്‍ "അഴുക്കള"കളാണ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അടുക്കള വൃത്തിയും സൗകര്യവുമുള്ളതായാല്‍ മനുഷ്യര്‍ നന്നാകും. അടുക്കള ഒരു കഷ്‌ടപ്പാടുമുറിയാകരുതെന്നും പറയുമായിരുന്നു.
ഒരു ജാതിയുടെയും ആശ്രമവ്യവസ്‌ഥയുടെയും ഗുരുവിന്റെയും പിന്‍ബലമില്ലാതിരുന്ന, കയറിക്കിടക്കാന്‍ വീടോ ആശ്രമമോ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ സ്വത്തുവകകള്‍ രണ്ടേരണ്ടു വസ്‌തുക്കളായിരുന്നു: ഒരു പഴയ കുടയും കീറിയ വിശറിയും! വിശറിയാകട്ടെ, നല്ലൊരു വാദ്യവുമാക്കി അദ്ദേഹം! ഗഞ്ചിറയുടെയും മറ്റും ശബ്‌ദങ്ങള്‍ ഈ വിശറിയില്‍ സൃഷ്‌ടിക്കുമായിരുന്നു. കൈപ്പത്തിയില്‍ കുന്നിക്കുരുവച്ച്‌, അതു താഴെ വീഴാതെ ചെണ്ട കൊട്ടിയിരുന്നത്രേ!
'ജന്തുകാരുണ്യനിരൂപണം' എഴുതിയ സ്വാമികള്‍ എറുമ്പുകളെപ്പോലും നോവിച്ചിരുന്നില്ല. അദ്ദേഹം പോകുന്നിടത്തൊക്കെ പക്ഷികളും ഉറുമ്പുകളും എലിയുമെല്ലാം വന്നെത്തിയിരുന്നു. ഇടയ്‌ക്കു താമസിക്കാറുണ്ടായിരുന്ന പന്മനയിലെ ഒരു വീട്ടില്‍ പാമ്പും എലികളും സ്വാമികള്‍ക്കൊപ്പം ഒരു മുറിയില്‍ കഴിഞ്ഞിരുന്നതായി കേട്ടിട്ടുണ്ട്‌. സദസ്യതിലകന്‍ ടി.കെ. വേലുപ്പിള്ള ഒരിക്കല്‍ കാണാന്‍ ചെല്ലുമ്പോള്‍ മരത്തണലില്‍ ഇരിക്കുകയായിരുന്ന സ്വാമികളുടെ ശിരസില്‍ ഒരു കുരുവിയും ദേഹത്ത്‌ അണ്ണാനുമുണ്ടായിരുന്നു! കാളവണ്ടികള്‍ എവിടെക്കണ്ടാലും വണ്ടിക്കാളകളെ തലോടി ആശ്വസിപ്പിക്കും, വെള്ളം കൊടുക്കും. പൂര്‍വജന്മത്തിലെ വണ്ടിക്കാരാണ്‌ ഈ ജന്മത്തില്‍ കാളകളായി മറ്റൊരു വണ്ടിക്കാരന്റെ അടി വാങ്ങുന്നതെന്നു സ്വാമികള്‍ പറയുമായിരുന്നു. അതുകൊണ്ടുതന്നെ മിണ്ടാപ്രാണികളായ കുതിരയും കാളയും വലിച്ചിരുന്ന വണ്ടികളില്‍ യാത്രചെയ്‌തിരുന്നുമില്ല.
കാലത്തിന്റെ കുതന്ത്രങ്ങള്‍ക്കു വഴിപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം ഇതിലും എത്രയോ വാഴ്‌ത്തപ്പെടുമായിരുന്നു. ഒരു പ്രത്യേക സമുദായത്തിന്റെ ആധ്യാത്മികനേതൃത്വം വഹിക്കണമെന്ന്‌ ഒരിക്കല്‍ ആവശ്യമുയര്‍ന്നപ്പോള്‍ പറഞ്ഞതിങ്ങനെ: "താഴെ ഇരിക്കുകയാണു സൗകര്യം. മുകളിലെത്തിയാല്‍ ചിലപ്പോള്‍ താഴേക്കു വീണെന്നിരിക്കും!"

കീ ദൃശീ ചിന്മുദ്ര?

1892 ഡിസംബര്‍. ചട്ടമ്പിസ്വാമികള്‍ എറണാകുളത്തു ശങ്കരമേനോന്‍ എന്ന ശിഷ്യന്റെ വീട്ടില്‍ വിശ്രമിക്കുന്ന കാലം. അപ്പോഴാണ്‌ ഒരു വിവരമറിഞ്ഞത്‌: കൊച്ചി ദിവാന്റെ സെക്രട്ടറി രാമയ്യരുടെ വീട്ടില്‍ തേജസ്വിയായ ഒരു യുവസന്യാസി വന്നു താമസിക്കുന്നു, വംഗദേശക്കാരനാണ്‌. അദ്ദേഹത്തെ പോയിക്കാണാന്‍ ശിഷ്യര്‍ നിര്‍ബന്ധിച്ചു. ആദ്യമൊന്നും ചട്ടമ്പിസ്വാമികള്‍ വഴങ്ങിയില്ല. ശിഷ്യരുടെയും മറ്റുള്ളവരുടെയും ശല്യം സഹിക്കാതായതോടെ ദിവാന്റെ സെക്രട്ടറിയുടെ വീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. എന്നാല്‍, അപ്പോഴേക്ക്‌ ഒരത്ഭുതം സംഭവിച്ചു. ചട്ടമ്പിസ്വാമികളെപ്പറ്റി പലരും പറഞ്ഞറിഞ്ഞ യുവസന്യാസി ശങ്കരമേനോന്റെ വീട്ടിലെത്തി സ്വാമികളെക്കണ്ടു. സന്യാസിയും ചട്ടമ്പിസ്വാമികളും പരസ്‌പരം തൊഴുതു. അവര്‍ മുറ്റത്തെ മരത്തണലിലിരുന്നു.
ഇംഗ്ലീഷറിയാത്തതിനാല്‍ സംസ്‌കൃതത്തിലാകാം സംസാരമെന്നു സ്വാമികള്‍ പറഞ്ഞു. യുവയോഗി സമ്മതിച്ചു.
"കീ ദൃശീ ചിന്മുദ്ര?"- ചിന്മുദ്ര എങ്ങനെ എന്നായിരുന്നു യുവസന്യാസിയുടെ ആദ്യചോദ്യം.
ഭാരതം മുഴുവന്‍ നടന്നിട്ടും, പല സന്യാസിമാരുമായി സംസാരിച്ചിട്ടും അദ്ദേഹത്തിനു ചിന്മുദ്രയുടെ അര്‍ഥം മനസിലാക്കാനായില്ലത്രേ. ചട്ടമ്പിസ്വാമികള്‍ കൈകളുയര്‍ത്തി. വിരലുകള്‍കൊണ്ടു ചിന്മുദ്ര കാട്ടിക്കൊടുത്തു; വ്യാഖ്യാനവും നല്‍കി.
"ചിന്മുദ്രകൊണ്ട്‌ എന്താണു പ്രയോജനം? ഇത്‌ ആത്മജ്‌ഞാനത്തിന്‌ എങ്ങനെ ഉതകും?" - യുവസന്യാസിയുടെ അടുത്ത ചോദ്യം! അതുവരെ പുറംലോകം കേട്ടുപഴകിയിട്ടില്ലാത്ത ഒരു പ്രമാണമാണു സ്വാമികള്‍ അതിനു മറുപടിയായി ഉദ്ധരിച്ചത്‌: "ചിന്മുദ്രയുടെ ഫലമായുണ്ടാകുന്ന ഊര്‍ജം നമ്മുടെ ഷഡാധാരചക്രങ്ങള്‍ കടന്ന്‌ ബ്രഹ്‌മാനന്ദ ഐക്യം കൈവരുത്തും. ശരീരശാസ്‌ത്രപരമായും ചിന്മുദ്ര മികച്ചതാണ്‌. നമ്മുടെ വിരലുകളില്‍ക്കൂടി ശക്‌തിതരംഗങ്ങള്‍ ശരീരത്തിലേക്കു ചംക്രമണം ചെയ്യുന്നതു ഗുണം ചെയ്യും".
അത്ഭുതകരമായ ചിന്ത!- യുവസന്യാസി സന്തോഷപൂര്‍വം പറഞ്ഞു.
അവര്‍ സംസാരിച്ചിരിക്കേ, മരത്തില്‍ ഒരു കുരങ്ങ്‌ ചാടിമറിയുന്നുണ്ടായിരുന്നു. ശങ്കരമേനോന്‍ വളര്‍ത്തിയിരുന്ന വാനരന്‍. മരം കുലുക്കുന്ന വാനരനെ നോക്കിച്ചിരിച്ച സ്വാമികളോടു സന്യാസി മന്ദസ്‌മിതത്തോടെ പറഞ്ഞു: "ആ മരക്കൊമ്പില്‍ മനുഷ്യചിന്ത വിളയാടുന്നു! എന്റെ മനസും അതുപോലെയായിരുന്നു. ഇപ്പോള്‍ ശാന്തമായി!"
മണിക്കൂറുകളോളം അവര്‍ സംസാരിച്ചു. ലോകപ്രസിദ്ധമായ ആ സമാഗമം ചരിത്രത്താളുകളില്‍ ഇടംനേടി. ചിന്മുദ്രയുടെ രഹസ്യം തേടിയ യുവയോഗി സാക്ഷാല്‍ വിവേകാനന്ദസ്വാമികളായിരുന്നു. അതാകട്ടെ ചട്ടമ്പിസ്വാമികള്‍ അറിഞ്ഞതു മാസങ്ങള്‍ക്കുശേഷവും. അതും, വിവേകാനന്ദസ്വാമികളുടെ മറ്റൊരു ശിഷ്യന്‍ ചട്ടമ്പിസ്വാമികളെ അന്വേഷിച്ച്‌ എറണാകുളത്ത്‌ എത്തിയപ്പോള്‍!
സ്വാമികളെക്കുറിച്ചു പിന്നീട്‌ വിവേകാനന്ദന്‍ പറഞ്ഞതിങ്ങനെ: "ഞാന്‍ ബംഗാളില്‍നിന്നു ബഹുദൂരമുള്ള എറണാകുളത്തെത്തി. യാത്രയില്‍ പല സന്യാസിമാരെയും കണ്ടു. അവരോടൊക്കെ ചിന്മുദ്രയെക്കുറിച്ചു ചോദിച്ചു. തൃപ്‌തികരമായ ഉത്തരം പറയാന്‍ സാധിച്ചതു ചട്ടമ്പിസ്വാമികള്‍ക്കു മാത്രമാണ്‌. കേരളത്തില്‍ ഞാനൊരു യഥാര്‍ഥ മനുഷ്യനെക്കണ്ടു!"
കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ച അതേ നാവുകൊണ്ട്‌ ഒരു മലയാളിയെ പുകഴ്‌ത്താന്‍ വിവേകാനന്ദസ്വാമികളെ പ്രേരിപ്പിച്ചതു ചട്ടമ്പിസ്വാമികളുടെ ജ്‌ഞാനശക്‌തിയാണ്‌. അങ്ങനെയാണ്‌ ആദിശങ്കരന്റെ നാടിന്‌ ഒന്നുകൂടി പെരുമയേറിയത്‌.
വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികമാണു കഴിഞ്ഞയാഴ്‌ച നമ്മള്‍ ആഘോഷിച്ചത്‌.

Ads by Google
Saturday 02 Dec 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW