Tuesday, December 18, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 01 Dec 2017 03.03 PM

പ്രകാശം പരത്തുന്ന പെണ്‍കുട്ടി

അഭിനയരംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി കീഴടക്കി കഴിഞ്ഞു ഈ താരറാണി. ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന ദീപിക പദുക്കോണിന്റെ ആരോഗ്യ വിശേഷങ്ങള്‍....
uploads/news/2017/12/170519/starhelthdeepika011217.jpg

ഓംശാന്തി ഓം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദീപിക പദുക്കോണ്‍ ബോളിവുഡില്‍ സ് ഥാനമുറപ്പിച്ചു. അഭിനയരംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാര്‍ പദവി കീഴടക്കി കഴിഞ്ഞു ഈ താരറാണി.

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന ദീപിക പദുക്കോണിന്റെ ആരോഗ്യ വിശേഷങ്ങള്‍.....

ബ്രേക്ക് ഫാസ്റ്റ് നിര്‍ബന്ധം


ശരീരസൗന്ദര്യം നിലനിര്‍ത്തുന്നതില്‍ ദീപിക പദുക്കോണ്‍ പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ട്. ശരീരഘടന സംരക്ഷിക്കുന്നതില്‍ ദീപിക കടപ്പെട്ടിരിക്കുന്നത് ഫിറ്റ്‌നസ് ട്രെയ്‌നര്‍ യാസ്മിന്‍ കറച്ചിവാലയോടാണ്. യാസിമിന്റെ നിര്‍ദേശമനുസരിച്ച് കൃത്യമായ ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ് ദീപിക.

'' ഭക്ഷണത്തില്‍ ഫിറ്റ്‌നസ് ട്രെയിനറുടെ നിര്‍ദേശം കര്‍ശനമായി പാലിക്കാറുണ്ട്. ജങ്ക് ഫുഡും സ്‌പൈസി ഫുഡും പൂര്‍ണമായും ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. പോഷകങ്ങളും കാര്‍ബോഹൈഡ്രേറ്റും കൃത്യമായി അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കുക''.

അരിയാഹാരം ദീപികയുടെ ഇഷ്ടഭക്ഷണങ്ങളില്‍ ഉള്‍പ്പെടുമെങ്കിലും ഡയറ്റിന്റെ ഭാഗമായി അരിയാഹാരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. രാത്രിയില്‍ നോണ്‍വെജ് ഭക്ഷണങ്ങളും ചോറും പൂര്‍ണമായും ഒഴിവാക്കും.

''എല്ലാവരെയും പോലെ ഭക്ഷണം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടതാണ്.

പക്ഷേ ഒരു സെലിബ്രിറ്റിയെന്ന നിലയില്‍ ഭക്ഷണത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് മാത്രം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കും. പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കും.

ഒരു ദിവസത്തെ പ്രധാന ഭക്ഷണം തന്നെ പ്രഭാത ഭക്ഷണമല്ലേ? ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി ജോലി ചെയ്യാറില്ല. രാവിലെ നന്നായി ഭക്ഷണം കഴിക്കാറുണ്ട്. പകല്‍ സമയങ്ങളില്‍ രണ്ട് മണിക്കൂര്‍ ഇടവിട്ട് പോഷകങ്ങള്‍ അടങ്ങിയ ലഘു ഭക്ഷണങ്ങള്‍ കഴിക്കും.

ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണത്തിന്റെ അളവില്‍ നിയന്ത്രണങ്ങള്‍ പാലിക്കാറുണ്ട്. ഷൂട്ടുള്ളപ്പോള്‍ കൂടുതലും വീട്ടില്‍ നിന്നുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ചപ്പാത്തി, വെജിറ്റബിള്‍സ്, പരിപ്പ്, സാലഡ് ഇവയൊക്കെ കഴിക്കും'.

മനസ് ശാന്തമല്ലെങ്കില്‍ വര്‍ക്കൗട്ടുകള്‍ ഒഴിവാക്കും


ഫിറ്റ്‌നസിനായുള്ള കഠിന പ്രയത്‌നമാണ് ദീപികയുടെ പ്രത്യേകത. ഫിറ്റ്‌നസിന്റെ ഭാഗമായി ഓരോ ദിവസവും പുതിയ ആക്ടിവിറ്റികള്‍ പരിശീലിക്കേണ്ടതായി വരും.

ഇത്തരം ബുദ്ധിമുട്ടുകളൊന്നും ദീപിക പദുക്കോണിനെ ബാധിക്കുന്നില്ല. ''മനസിന്റെയും ശരീരത്തിന്റെയും ഉന്മേഷത്തിനായി ഒരു ദിവസം ഒട്ടേറെ ആക്ടിവിറ്റികള്‍ വേണ്ടി വരും.

ഞാനതിനൊക്കെ സമയം കണ്ടെത്താറുണ്ട്. ദിവസവും, യോഗ പ്രാക്ടീസ് ചെയ്യാറുണ്ട്. ജിമ്മിലെ വര്‍ക്കൗട്ടുകള്‍ക്ക് സമയം കണ്ടെത്താറുണ്ട്. സട്രെച്ചിങ് ചെയ്യും. പിന്നെ വൈകുന്നേരങ്ങളില്‍ അല്ലെങ്കില്‍ രാത്രിയില്‍ ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. ഡാന്‍സ് സ്റ്റുഡിയോയില്‍ പോയി ഡാന്‍സ് ചെയ്യാറുണ്ട്.

uploads/news/2017/12/170519/starhelthdeepika011217a.jpg

എന്റെ ഒരു ദിവസത്തെ വര്‍ക്കൗട്ടില്‍ ഇതൊക്കെ ഉള്‍പ്പെടും. ദിവസവും ഇതിനൊക്കെ സമയം കണ്ടെത്തുന്നതെങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്.

വര്‍ക്ക് ഔട്ടിന്റെ ഭാഗമായി ഇവയൊക്കെ കാണുന്നതുകൊണ്ട് എനിക്ക് സമയക്കുറവ് അനുഭവപ്പെടാറില്ല. സന്തോഷക്കുറവുള്ള ദിവസങ്ങളില്‍ ജിമ്മില്‍ പോയാല്‍ വെയ്റ്റ് ലിഫ്റ്റിങ് ചെയ്യാറില്ല.

എല്ലാ ദിവസവും ഒരുപോലെയായിരിക്കില്ല. ചില ദിവസങ്ങളില്‍ ഞാന്‍ മൂഡിയായിരിക്കും. ജിമ്മിലെ വര്‍ക്കൗട്ടുകള്‍ സമയവും സാഹചര്യങ്ങളും അനുസരിച്ച് വ്യത്യാസപ്പെടും. നല്ല ദിവസമായി എനിക്ക് തോന്നിയാല്‍ ചിലപ്പോള്‍ കൂടുതല്‍ സമയം ജിമ്മില്‍ ചെലവിടും. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം.

മനസില്‍ എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ എനിക്ക് വര്‍ക്കൗട്ടില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണ് അത്തരം അവസരങ്ങളില്‍ ആയാസമുള്ള പരിശീലനങ്ങള്‍ ഒഴിവാക്കുന്നത്. അങ്ങനെയുള്ളപ്പോള്‍ ജിമ്മില്‍ പോകുന്നത് ചിലപ്പോഴൊക്കെ ഒഴിവാക്കും''.

കാര്‍ഡിയോ എക്‌സര്‍സൈസും വെയ്റ്റ് ലിഫ്റ്റിങ് ട്രെയിനിങും മുടങ്ങാതെ ചെയ്യാന്‍ ദീപിക ശ്രദ്ധിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാനും ആകാരഭംഗി നിലനിര്‍ത്താനും ഇത് സഹായിക്കും. യാത്രകളില്‍ ഹോട്ടലുകളിലെ ജിമ്മുകള്‍ വര്‍ക്കൗട്ടിനായി താരം തിരഞ്ഞെടുക്കാറുണ്ട്.

നടത്തവും യോഗയും


യോഗയും നടത്തവും ദീപിക പദുക്കോണിന്റെ വര്‍ഷങ്ങളായുള്ള ശീലമാണ്. വര്‍ക്കൗട്ടുകള്‍ കൂടാതെ നടത്തത്തിനും യോഗക്കും രാവിലെയും വൈകുന്നേരവും സമയം കണ്ടെത്തും. ''ദിവസവും അരമണിക്കൂര്‍ ഞാന്‍ നടക്കും. ജിമ്മില്‍ വര്‍ക്കൗട്ടിനു പോകാത്ത ദിവസങ്ങളില്‍ രണ്ട് നേരം നടക്കാറുണ്ട്.

രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ നടക്കും. സ്ത്രീകള്‍ക്കുള്ള ഏറ്റവും നല്ല കാര്‍ഡിയോ എക്‌സര്‍സൈസാണ് നടത്തം. നടത്തം പോലെ തന്നെ യോഗയും ഞാന്‍ ദിവസവും ചെയ്യാറുണ്ട്.

വൈകുന്നേരങ്ങളില്‍ യോഗ ചെയ്യാനാണ് താല്‍പര്യം. യോഗയിലൂടെ മനസിനും ശരീരത്തിനും ഉന്മേഷം ലഭിക്കും. യോഗയിലൂടെ ലഭിക്കുന്ന ശക്തി ശരീരത്തിനായുള്ള എല്ലാ വര്‍ക്കൗട്ടുകള്‍ക്കും ഗുണം ചെയ്യും.''

Ads by Google
Loading...
TRENDING NOW