Saturday, February 16, 2019 Last Updated 14 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 01 Dec 2017 02.58 PM

ഓര്‍മ്മകളിലെ മണിച്ചേട്ടന്‍

uploads/news/2017/12/170518/Weeklyanubhavam011217.jpg

ഞങ്ങള്‍ ഏഴുമക്കളില്‍ ആറാമനാണ് കലാഭവന്‍ മണി. ഏഴാമന്‍ ഞാനും. ഞങ്ങള്‍ തമ്മില്‍ ആറുവയസ്സ് വ്യത്യാസമുണ്ട്. എന്നാലും ഞാന്‍ ഒന്നാംക്ലാസ്സില്‍ ചേരാന്‍ ചെന്നപ്പോള്‍ ചേട്ടനവിടെ നാലാംക്ലാസ്സില്‍തന്നെയുണ്ട്. അവിടുന്ന് ജയിച്ചാലല്ലേ വേറെ സ്‌കൂളില്‍ പോയി അഞ്ചാംക്ലാസ്സില്‍ ചേരാന്‍ പറ്റൂ. എനിക്ക് അന്നുമുതലേ ഡാന്‍സിനോടു വലിയതാല്പര്യമായിരുന്നു.

പഠിക്കുമ്പോഴും കൂലിപ്പണിക്കു പോയി സ്വരൂപിച്ച പൈസ ഡാന്‍സ് പഠിക്കാന്‍ മാറ്റിവയ്ക്കും. വീട്ടില്‍ പട്ടിണിയാകുമ്പോള്‍ ആ പൈസയെടുത്ത് അരി വാങ്ങും. അങ്ങനെ ഡാന്‍സ് പഠനം പലപ്പോഴും നടക്കാതെയായി. ഞാന്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി ഡാന്‍സ് കോളേജില്‍ ചേര്‍ന്ന വര്‍ഷമാണ് കോളജിന് എം.ജി. സര്‍വകലാശാലയുടെ അംഗീകാരം കിട്ടുന്നത്.

അതുകൊണ്ടുതന്നെ ആ വര്‍ഷം സര്‍വകലാശാല യുവജനോത്സവത്തിനു പങ്കെടുക്കാന്‍ അവസരം കിട്ടി. ചേട്ടന്‍ അന്ന് നടനായി ഉയര്‍ന്നുവരികയാണ്. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. എനിക്കാണെങ്കില്‍ അഞ്ച് ഐറ്റത്തിനു പങ്കെടുക്കണം. പോകാന്‍ കൈയില്‍ പൈസയുമില്ല. ഒടുവില്‍ ചേട്ടനോടു ചോദിച്ചു.

എന്നാല്‍ ചേട്ടന്‍പൈസയൊന്നും തരാന്‍ കൂട്ടാക്കിയില്ല. എങ്കിലും പോയി വരാനായി ചെറിയൊരു തുക തന്നു. ചേട്ടന്‍ അപ്പോഴേക്കും സാമ്പത്തികമായി അത്യാവശ്യം നല്ല നിലയില്‍ ആയിരുന്നെങ്കിലും എനിക്കു പണം തരാഞ്ഞതില്‍ വല്ലാത്ത വിഷമം തോന്നി. ഒടുവില്‍ ഞാന്‍ സ്വരൂപിച്ച പൈസയും അതും ഒക്കെ ചേര്‍ത്ത് യുവജനോത്സവത്തിനു പോയി.

ആദ്യദിവസം ഭാരതനാട്യത്തിന് എനിക്ക് ഒന്നാംസ്ഥാനം ഉണ്ടായിരുന്നു. പിറ്റേന്ന് കലാഭവന്‍ മണിയുടെ അനുജന് ഭരതനാട്യത്തില്‍ ഒന്നാംസ്ഥാനം എന്നായിരുന്നു എല്ലാ പത്രങ്ങളിലും വാര്‍ത്ത. അടുത്ത ദിവസം കുച്ചിപ്പുടിക്ക് ഒന്നാംസ്ഥാനം കിട്ടിയപ്പോഴും വാര്‍ത്ത വന്നത് കലാഭവന്‍ മണിയുടെ അനുജന് എന്നുതന്നെ.

മൂന്നാം ദിവസം ഓട്ടംതുള്ളലിനും അതുതന്നെ ആവര്‍ത്തിച്ചു. ഒരു തലക്കെട്ടിലും എന്റെ പേരില്ലായിരുന്നു. പക്ഷേ എന്റെ സന്തോഷം ചേട്ടന്റെ പേരില്‍ ഞാന്‍ അറിയപ്പെടുന്നതിലായിരുന്നു. യുവജനോത്സവം അവസാനിക്കുന്ന ദിവസം സമ്മാനദാനത്തിന് നടന്‍ മുരളിയാണു വന്നിരുന്നത്.

പങ്കെടുത്ത ആദ്യത്തെ യുവജനോത്സവത്തിനു തന്നെ കലാപ്രതിഭ പുരസ്‌കാരം കിട്ടിയ ഞാനും ഓവറോള്‍ രണ്ടാം സ്ഥാനം നേടിയ എന്റെ കോളജിന്റെ പ്രതിനിധികളുമൊക്കെ സമ്മാനം വാങ്ങാന്‍സ്‌റ്റേജിന്റെ അരികത്തുതന്നെയുണ്ട്.

പെട്ടെന്നാണ് പുറകില്‍ നിന്ന് ഒരു ആരവം. നോക്കിയപ്പോള്‍ അതാ വരുന്നു സാക്ഷാല്‍ കലാഭവന്‍ മണി! ഞാന്‍ ഞെട്ടിപ്പോയി.
ചേട്ടന്‍ ഇവിടെ എങ്ങനെ? എനിക്കു കലാപ്രതിഭ പട്ടം കിട്ടിയതറിഞ്ഞ് സംഘാടകരോട് ഇങ്ങോട്ടാവശ്യപ്പെട്ട് വന്നതാണത്രേ.

എനിക്ക് മുരളിസാര്‍ ട്രോഫി നല്‍കിയപ്പോള്‍ ചേട്ടന്‍ മെല്ലെ വന്ന് എന്നെ ചേര്‍ത്തുനിര്‍ത്തി. മൈക്ക് കൈയിലെടുത്തു. 'ആദ്യം ഞാന്‍ ഈ സദസ്സിനോടും എന്റെ അനുജനോടും മാപ്പ് ചോദിക്കുന്നു. അത്രയധികം ഞാനവനെ വേദനിപ്പിച്ചിട്ടുണ്ട്. അവനിവിടെ വരാനായി പണം ചോദിച്ചപ്പോഴും ഞാന്‍ ആവശ്യത്തിന് നല്‍കിയില്ല.

മറ്റൊന്നുമല്ല. ഞാന്‍ ഈ നിലയില്‍ എത്തിയത് സ്വന്തം പ്രയത്‌നം കൊണ്ടാണ്. ആരെങ്കിലും സഹായംചെയ്യാന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനിവിടെ എത്തില്ലായിരുന്നു. അവനു കഴിവുണ്ട്. എന്റെ പണം കൊണ്ടല്ല, അവന്റെ പ്രയത്‌നം കൊണ്ടാണ് അവന്‍ ഉയരങ്ങളില്‍ എത്തേണ്ടത്. അവന്‍ എത്തും.

പക്ഷേ, ഞാന്‍ പണം നല്‍കാത്തതിന് അവനെന്നോട് മധുരമായി പകരംവീട്ടി. ഈ കഷ്ടപ്പാടിലും അവന്‍ കലാപ്രതിഭയായി. എങ്കിലും അവനെ ഇത്രയേറെ വേദനിപ്പിച്ചതിന് ഞാനവന്റെ കാല്‍ പിടിച്ചു മാപ്പ് പറയുന്നു.'

അതുപറഞ്ഞു ചേട്ടന്‍ തിരിഞ്ഞതും ഞാന്‍ ചേട്ടനെ കെട്ടിപ്പിടിച്ചു. ചേട്ടന്‍ എന്നെയും പിടിച്ച് പൊട്ടിക്കരഞ്ഞു. അപ്പോള്‍ സദസ്സില്‍ നിന്നുയര്‍ന്ന കൈയടികള്‍ ഞങ്ങളെ കൂടുതല്‍ വികാരാധീനരാക്കി.

ഏതാണ്ട് അഞ്ചുമിനിട്ടോളം ഞങ്ങള്‍ അങ്ങനെ നിന്നു. മുരളിസാര്‍ വന്നാണ് ഞങ്ങളുടെ കൈകള്‍ വേര്‍പെടുത്തിയത്. അന്ന് വേദിയില്‍ നിന്നിറങ്ങുമ്പോള്‍ എന്റെ മനസ്സ് നിറഞ്ഞിരുന്നു.

ഇന്ന് ചേട്ടന്‍ എന്ന സ്‌നേഹത്തിന്റെ നിറകുടം എനിക്കൊപ്പമില്ല എന്ന സത്യം ഈ നിമിഷംവരെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് എം.എ. മോഹിനിയാട്ടത്തില്‍ ഒന്നാംറാങ്കും എം.ഫില്‍ കേരളകലാമണ്ഡലത്തില്‍ നിന്ന് ഒന്നാംറാങ്കും കിട്ടിയപ്പോള്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് ആദ്യം കൊണ്ടുവച്ചു കൊടുത്തത് ചേട്ടന്റെ കൈകളിലേക്കായിരുന്നു.

പി.എച്ച്.ഡി കൂടി ചെയ്ത് അതുകൂടി ചേട്ടനു സമര്‍പ്പിക്കാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. വരുന്ന ഡിസംബറോടെ അതെനിക്കു കരഗതമാകുമ്പോള്‍ ഞാന്‍ ആര്‍ക്കു നല്‍കും?

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW