Friday, October 19, 2018 Last Updated 40 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 30 Nov 2017 03.14 PM

പെണ്‍കുട്ടികളില്‍ കുടവയര്‍ ഉണ്ടാകാന്‍ കാരണമെന്ത്? കുടവയര്‍ കുറയാന്‍ എന്തുചെയ്യണം?

കുട്ടികളുടെ ആരോഗ്യം
uploads/news/2017/11/170222/asdrkidscar301117.jpg

കണ്ണില്‍ പീളകെട്ടുന്നു


എന്റെ നാലുമാസം പ്രായമായ കുഞ്ഞിന് വേണ്ടിയാണ് ഈ കത്ത്. അവന്റെ കണ്ണ് സദാ പീളകെട്ടുന്നു. കണ്ണു തുറക്കാനാവാത്തപോലെയാണ് ഈ പീളകെട്ടല്‍. ഉറങ്ങി എണീക്കുമ്പോള്‍ ഇത് കുഞ്ഞിനെ അസ്വസ്ഥനാക്കുന്നു. ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ കുട്ടികളില്‍ ഇങ്ങനെ കണ്ടുവരാറുണ്ടെന്നും തനിയെ മാറുമെന്നും പറഞ്ഞു. എന്നാല്‍ ഇതുവരെ മാറ്റമൊന്നും കാണുന്നില്ല. ഇടയ്ക്കിടെ ജലദോഷം വരുന്നതൊഴിച്ചാല്‍ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുഞ്ഞിന് ചികിത്സ ആവശ്യമുണ്ടോ?.
----- ജമീല ഹനീഫ് ,കോഴിക്കോട്

കണ്ണും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന നേസോലാക്രിമല്‍ ഡക്ട് (Nasolacrimal duct) എന്ന കുഴല്‍ ചില കുട്ടികളില്‍ ജന്മനാ അടഞ്ഞിരിക്കും. ഇതു മൂലം കണ്ണിലുണ്ടാകുന്ന അണുബാധയാണ് കുട്ടികളില്‍ തുടര്‍ച്ചയായി പീളകെട്ടുണ്ടാകാന്‍ കാരണം. കണ്ണുനീര്‍ ഗ്രന്ഥികള്‍ സദാ കണ്ണുനീര്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തിന് ഈര്‍പ്പം ആവശ്യമാണ്. അധികമുള്ള കണ്ണുനീര്‍ നേസോലാക്രിമല്‍ ഡക്ട് വഴിയാണ് പുറത്തുപോകുന്നത്. ഈ വാല്‍വ് തുറക്കാതെവരുമ്പോള്‍ അധികം വരുന്ന കണ്ണുനീര്‍ കണ്ണില്‍തന്നെ കെട്ടിനില്‍ക്കുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഇതാണ് പീളകെട്ട് ഉണ്ടാകാന്‍ കാരണം.

രാത്രിയില്‍ ഇത് കുടുതലാവുകയും ചെയ്യുന്നു. ഇന്‍ഫക്ഷന്‍ മാറുന്നതിനായി കണ്ണില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്ന് ഒഴിക്കാം. എന്നാല്‍ പീളകെട്ടല്‍ പൂര്‍ണമായി മാറണമെങ്കില്‍ അടഞ്ഞ കുഴല്‍ തുറക്കേണ്ടതുണ്ട്.

പ്രത്യേക സംവിധാനത്തിലുടെ (പ്രോബിംഗ്) ഇത് സാധ്യമാവും. ചിലകുട്ടികളില്‍, കണ്ണിന്റെ പ്രത്യേക ഭാഗത്ത് മൃദുവായി തടവിയാല്‍ കുഴല്‍ തുറന്നെന്നു വരും. തനിയേ മാറുമെന്ന് നിങ്ങള്‍ കണ്ട ഡോക്ടര്‍ പറഞ്ഞത് അതുകൊണ്ടാവണം. ഇങ്ങനെ ശരിയാവുന്നത് ഒരു ചെറിയ ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ക്ക് പ്രോബിംഗ് തന്നെ വേണ്ടിവരും. അതുകൊണ്ട് കുട്ടിയെ ഒരു ശിശുരോഗവിദഗ്ധനെ കാണിക്കുക.

പെണ്‍കുട്ടിക്ക് കുടവയര്‍


എന്റെ മകള്‍ക്ക് ഒന്‍പതു വയസുണ്ട്. മോള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. കുട്ടിയുടെ ശരീരം സാമാന്യം തടിച്ചാണിരിക്കുന്നത്. എന്നാല്‍ അമിത വണ്ണമില്ല. കുടവയറുണ്ട്. ഇതുമൂലം കുട്ടിയെ ക്ലാസില്‍ സഹപാഠികള്‍ കളിയാക്കുന്നു. ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് അമിതവണ്ണമോ കുടവയറോ ഇല്ല. എന്തുകൊണ്ടാണ് ഈ പ്രായത്തില്‍ കുട്ടിക്ക് കുടവയര്‍ ഉണ്ടാകുന്നത്. പെണ്‍കുട്ടികളില്‍ കുടവയര്‍ ഉണ്ടാകാന്‍ കാരണമെന്ത്? കുടവയര്‍ കുറയാന്‍ എന്തുചെയ്യണം?
----- രമാ രാജീവ് ,തൊട്ടില്‍പാലം

ഇതൊരു ആരോഗ്യപ്രശ്‌നമല്ല. തടികൂടുതലായതുകൊണ്ടാണ് കുടവയര്‍ ഉള്ളതുപോലെ തോന്നുന്നത്. ഇപ്പോഴത്തെ ഒട്ടുമിക്ക കുട്ടികളിലും ഈ പ്രശ്‌നം കാണുന്നുണ്ട്. ഭക്ഷണരീതിയിലുള്ള അപാകതയാണ് ഇതിനു കാരണം.

വറുത്തതും പൊരിച്ചതും കൊഴുപ്പ് കൂടുതലായി അടങ്ങിയതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതാണ് കുട്ടികളില്‍ അമിത വണ്ണം ഉണ്ടാകാന്‍ കാരണം. ഇത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ തന്നെ ശ്രദ്ധിക്കണം.

കുട്ടികള്‍ക്ക് കൊഴുപ്പ് കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍ അധികമായി നല്‍കാതിരിക്കുക. ഇതിനൊപ്പം കായിക വിനോദങ്ങളിലേര്‍പ്പെടാന്‍ കുട്ടികളെ അനുവദിക്കുക. വ്യായാമംകൊണ്ടും ഭക്ഷണക്രമീകരണംകൊണ്ടും നിങ്ങളുടെ കുട്ടിയുടെ പ്രശ്‌നം പരിഹരിക്കാം.

ലിംഗാഗ്രം ചൊറിഞ്ഞുപൊട്ടുന്നു


ഞാന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. എന്റെ ലിംഗാഗ്രം ചൊറിഞ്ഞു പൊട്ടുന്നു. ചിലപ്പോള്‍ ചൊറിഞ്ഞുപൊട്ടി നീരുവയ്ക്കുന്നു. എപ്പോഴും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നതുകൊണ്ട് പറുത്തും ക്ലാസിലുമൊക്കെയിരിക്കുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ലിംഗാഗ്രം സാധാരണപോലെ പിന്നോട്ട് നീക്കുവാന്‍ കഴിയുന്നില്ല. ഞാന്‍ എന്തുചെയ്യും? വീട്ടില്‍ പറയാന്‍ മടിയാണ്. മരുന്നുകൊണ്ട് ചൊറിച്ചില്‍ മാറ്റാന്‍ കഴിയുമോ?
------- എന്‍.വി ,തൃശുര്‍

ലിഗോഗ്രം ചൊറിഞ്ഞുപൊട്ടുന്നതിനെ ബലനോപ്രോസ്തിറ്റിസ് (Balanoprosthitis) എന്നു പറയുന്നു. ലിംഗാഗ്രം പിന്നിലേക്ക് നീക്കാന്‍ കഴിയാത്ത ഫിമോസിസ് (Phimosis) എന്ന അവസ്ഥമൂലമുണ്ടാകുന്ന അണുബാധയാണ് ഇതിനു കാരണം.

അഗ്രചര്‍മം പിന്നിലേക്ക് മാറാതിരിക്കുമ്പോള്‍ മൂത്രം അവിടെ കെട്ടിനില്‍ക്കുകയും ഇവിടെയുണ്ടാകുന്ന സ്‌മെഗ്മ എന്ന പദാര്‍ഥവുമായി ചേര്‍ന്ന് അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.

കൗമാരത്തിലെത്തുന്നതോടെ ആണ്‍കുട്ടികളുടെ ലിംഗാഗ്രചര്‍മ്മം പിന്നിലേക്ക് നീക്കാന്‍ കഴിയുന്നതാണ്. ഇത് സാധിക്കാതെ വന്നാല്‍ ചെറിയൊരു സര്‍ജറിയിലൂടെ (Circumcision) പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

മുറിവ് ഉണങ്ങാന്‍ വൈകുന്നു


എന്റെ മകന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അവന്റെ ശരീരഭാഗം എവിടെയെങ്കിലും മുറിഞ്ഞാല്‍ ഉണങ്ങാന്‍ രണ്ടു മൂന്നു ആഴ്ചയെങ്കിലുമെടുക്കും. മുറിവില്‍ നിന്നും രക്തപ്രവാഹം നിലയ്ക്കാനും വൈകും. ഇതുമൂലം വളരെയധികം രക്തം നഷ്ടപ്പെടുന്നു. ഇതുവരെ ഡോക്ടര്‍മാരെ ആരെയും കാണിച്ചില്ല. ഇത് അസുഖമാണോ? ഡോക്ടറെ കാണേണ്ടതുണ്ടോ?
------- രാജന്‍ ജോസഫ് ,കലൂര്‍

മുറിവില്‍ നിന്നുംവരുന്ന രക്തം നിലയ്ക്കാതെ വരുന്നത് രോഗാവസ്ഥയാണ്. കുട്ടിക്ക് ഈ പ്രശ്‌നമുള്ളതുകൊണ്ടാണ് മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നുവെന്ന് കത്തില്‍ പറഞ്ഞിരിക്കുന്നത്. പല കാരണങ്ങള്‍കൊണ്ട് രക്തം നിലയ്ക്കാന്‍ താമസം വരാം.

നമ്മുടെ രക്തത്തിലുള്ള പല ഘടങ്ങളുടെ പ്രവര്‍ത്തനമാണ് രക്തം കട്ടയാകാന്‍ സഹായിക്കുന്നത്. ഈ ഘടകങ്ങളുടെ പ്രവര്‍ത്തനതകരാര്‍ മുറിവില്‍ രക്തം കട്ടപിടിക്കുന്നത് തടയും. അതിനാല്‍ രക്തപരിശോധനയിലൂടെ യഥാര്‍ഥ കാരണം കണ്ടെത്തണം.

വിദഗ്ധനായ ഹിമറ്റോളജിസ്റ്റിന്റെയോ ശിശുരോഗവിദഗ്ധന്റെയോ അടുത്ത് കുട്ടിയെ കാണിക്കുക. കാരണം കണ്ടെത്തി ചികിത്സിച്ചാല്‍ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. എത്രയും വേഗം ഡോക്ടറെ കാണുക.

കുഞ്ഞിന് ഏതുതരം ഭക്ഷണസാധനങ്ങള്‍ കൊടുക്കാം


കുഞ്ഞിന് രണ്ടുവയസ്. ഈ പ്രായത്തില്‍ കുഞ്ഞിന് ഏതുതരം ആഹാരസാധനങ്ങള്‍ കൊടുക്കുന്നതാണ് ഉത്തമം. റാഗി കൊടുത്താല്‍ തടി കൂടുമെന്നു കേള്‍ക്കുന്നു. ടിന്‍ ഫുഡ് കൊടുക്കുന്നതുകൊണ്ട് ദോഷമുണ്ടോ? ഏത്തയ്ക്കാപ്പൊടി കുറുക്കി കൊടുക്കുന്നുണ്ട്. ഇതുകൊണ്ടു കുഞ്ഞിന്റെ എന്തെങ്കിലും കുഴപ്പമുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
----- രാജി സുഭാഷ് ,നിലേശ്വരം

രണ്ടുവയസായ കുഞ്ഞിന് സാധാരണ നാം വീട്ടില്‍ കഴിക്കുന്ന എല്ലാ ആഹാരസാധനങ്ങളും കഴിക്കാന്‍ കൊടുക്കാം. ഏകദേശം ഒന്നര വയസുവരെ മാത്രമേ കുട്ടിക്ക് റാഗിയും ഏത്തക്കാപ്പൊടിയും പോലുള്ളവ കൊടുക്കേണ്ടതുള്ളു. രണ്ടു വയസു കഴിഞ്ഞ നിങ്ങളുടെ കുട്ടിക്ക് ചവച്ചരച്ചു കഴിക്കാനുള്ള ഭക്ഷണ സാധനങ്ങള്‍ നല്‍കി ശീലിപ്പിക്കണം.

അല്ലാത്ത പക്ഷം, പിന്നീട് ബുദ്ധിമുട്ട് ഉണ്ടാകും. മുതിര്‍ന്നശേഷം ചവച്ചരയ്ക്കാന്‍ കുട്ടി മടി കാണിക്കും. അതുകൊണ്ട് മുതിര്‍ന്നവര്‍ കഴിക്കുന്ന എല്ലാ ആഹാര സാധനങ്ങളും കൊടുക്കാം. എന്നാല്‍ എരിവ് കുറഞ്ഞിരിക്കണമെന്നുമാത്രം. മത്സ്യ മാംസാദികള്‍ നല്‍കാമെങ്കിലും കുട്ടിക്ക് കഴിക്കാവുന്ന അളവിലും വലുപ്പത്തിലുമായിരിക്കണമെന്നു മാത്രം.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
TRENDING NOW