Monday, April 22, 2019 Last Updated 5 Min 3 Sec ago English Edition
Todays E paper
Ads by Google
നീതു വര്‍ഗ്ഗീസ്‌
Thursday 30 Nov 2017 11.28 AM

'ജമ്പാന്‍' സര്‍വീസുകളുടെ അതികായന്‍..: വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 30 വയസ്

Memoir,  Volleyball Legend, Jimmy George

വായുവില്‍ പൊങ്ങി..സര്‍വ ശക്തിയും ആ പന്തിലേയ്ക്ക് ആവാഹിച്ച് എതിര്‍ കോട്ടിലേയ്ക്ക് സര്‍വീസ് ചെയ്തിരുന്ന, ജമ്പാന്‍ എന്ന സര്‍വീസിനെ വാനോളം ഉയര്‍ത്തിയ വോളിബോള്‍ കോര്‍ട്ടിലെ ഇടിമുഴക്കം-ജിമ്മി ജോര്‍ജ്. ആ ഇതിഹാസം വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. വോളിബോള്‍ കോര്‍ട്ടിലേയ്ക്ക് ഒരു അപ്രതിക്ഷിത സ്മാഷ് പോലെ എത്തിയ ആ കാറപകടമാണ് ഇന്ത്യന്‍ വോളിയെ ജിമ്മിക്കു മുമ്പും ശേഷവുമായി പകുത്തത്.

ആറടി പൊക്കവും അതിനൊത്ത ശരീരവുമായി വാനിലേക്കുയര്‍ന്ന് നിമിഷാര്‍ധം നിശ്ചലനായി സ്മാഷ് പായിച്ച ജിമ്മി എന്ന പ്രതിഭയെ ലോകത്തിനു മുന്നില്‍ അമ്പരപ്പിച്ചത്. 10-ാം നമ്പര്‍ ജഴ്‌സിയില്‍ കളം നിറഞ്ഞ് കളിച്ച ആ കറുത്ത താടിക്കാരന്‍ ലോകോത്തര ഇതിഹാസങ്ങളുടെ പട്ടികയിലേയ്ക്ക് ആ സ്മാഷു പോലെ തന്നെ കുതിച്ചുയര്‍ന്നു. 1980 കളില്‍ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്ന ഇതിഹാസം.

1987 നവംബര്‍ 30 നാണ് ഇറ്റാലിയന്‍ ക്ലബായ യൂറോ സിബയ്ക്കു വേണ്ടി കളിക്കുമ്പോള്‍ ഇറ്റലിയിലെ മിലാനില്‍ വെച്ച് ജിമ്മി കാറപകടത്തില്‍ കോര്‍ട്ടില്‍ നിന്ന് മായുന്നത്. 32-ാം വയസിലാണ് ജിമ്മി എന്ന സമാനതകളില്ലാത്ത താരം വിടപറഞ്ഞത്. ജംപിങ് സര്‍വുകളും, കിടിലന്‍ സമാഷുകളുംകൊണ്ട് വോളിബോള്‍ കോര്‍ട്ടിനെ ത്രസിപ്പിച്ച ഇന്ത്യയില്‍ നിന്ന് ആദ്യമായി പ്രെഫഷണലായി വോളിബോള്‍ കളിച്ച താരവും ജിമ്മി ആയിരുന്നു.

ജംപിങ് സ്മാഷുകളായി കളത്തില്‍ നിറഞ്ഞ ജിമ്മിയെ ഹെര്‍മിസ് ദേവനോടായിരുന്നു ഇറ്റലിക്കാര്‍ ഉപമിച്ചത്. കണ്ണൂരിലെ പേരാവൂര്‍ സ്വദേശിയായ ജിമ്മി ജോര്‍ജ് 1955 മാര്‍ച്ച് എട്ടിനു വോളിബോള്‍ കുടുംബത്തിലായിരുന്നു ജനനം. എഴുപതുകളില്‍ ജന്മനാടായ പേരാവൂരിലെ സ്‌പോര്‍ട്‌സ് €ബുകളിലൂടെയാണ് ജിമ്മി പ്രഫഷണല്‍ താരമാകുന്നത്. 16-ാം വയസില്‍ കേരളാ ടീമില്‍ ഇടംനേടിയ ജിമ്മി, മൂന്നു വര്‍ഷത്തിനുള്ളില്‍ തന്നെ ഇന്ത്യയുടെ പത്താം നമ്പര്‍ ജഴ്‌സിയിലേയ്ക്ക് ഉയര്‍ന്നു പൊങ്ങുകയായിരുന്നു. രക്തത്തില്‍ വോളിബോള്‍ അലിഞ്ഞുചേര്‍ന്ന കുടുംബത്തിലേയ്ക്കാണ് ജിമ്മിയെന്ന പ്രതിഭയും പിറന്നു വീണത്. മുന്‍ യൂണിവേഴ്‌സിറ്റി താരമായിരുന്ന ജോര്‍ജ് ജോസഫ് ആണ് പിതാവ്. പിന്നാലെ ജിമ്മി ഉള്‍പ്പെടെ ബാക്കി ഏഴു സഹോദരര്‍ ചേര്‍ന്ന് വോളിബോള്‍ കോര്‍ട്ടില്‍ ഒരു ടീമായി ഇറങ്ങിയതും വോളിബോള്‍ ചരിത്രത്തില്‍ ഒരു ഏടായി. വോളിബോളില്‍ മാത്രമല്ലായിരുന്നു ആ പ്രതിഭയുടെ കായിക ജീവിതം നിറഞ്ഞു കിടന്നത്. മികച്ച ഒരു നീന്തല്‍ താരം കൂടിയായിരുന്നു ജിമ്മി. നീന്തലില്‍ 1971 ലും 72 ലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാംപ്യനായിരുന്ന ജിമ്മി സ്വര്‍ണ്ണ മെഡലുകളും സ്വന്തമാക്കിയിരുന്നു. വോളിബോളിലേയ്ക്ക് ആ കായിക പ്രതിഭ മുഴുകി പോയതോടെ നീന്തല്‍ കരിയര്‍ പതിയെ അദേഹത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

Memoir,  Volleyball Legend, Jimmy George

കലാലയ ജീവിത കാലത്ത് കോഴിക്കോട് ദേവഗിരി, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്‍ ജിമ്മി വോളിബോളിന്റെ അവസാനവാക്കായി. 73-76 അന്തര്‍സര്‍വകലാശാല കിരീടം കേരള സര്‍വകലാശാല നേടിയത് ജിമ്മിയുടെ കളിമിടുക്കിലാണ്. 1974 ല്‍ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തു. 21 ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യവും ഈ കായിക പ്രതിഭയെ മാനിച്ചു. അര്‍ജുന അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു ജിമ്മി ജോര്‍ജ്. പിന്നീട് 10 വര്‍ഷം കഴിഞ്ഞാണ് ജിമ്മി ഇന്ത്യക്കായി വെങ്കലം നേടിയ സോള്‍ ഏഷ്യാഡില്‍ കളിക്കുന്നത്. 78 ലെ ബാങ്കോക്ക് ഗെയിംസിലും ഇന്ത്യക്കു വേണ്ടി കുപ്പായമിട്ടിരുന്നു. 1982 ല്‍ ഇറ്റലിയിലെ വോളി ലീഗില്‍ കളിച്ചത് ജിമ്മിയുടെ വഴിത്തിരിവായി. യൂറോപ്യന്‍ വോളിലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനായി ജിമ്മി.1986 ലെ സോള്‍ ഏഷ്യാഡില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യ വെങ്കലം നേടിയതും ജിമ്മിയുടെ മികവിലാണ് അതിനുശേഷം ഇന്നു വരെ ഏഷ്യാഡില്‍ ഇന്ത്യക്കു വോളിബോളില്‍ മെഡല്‍ ലഭിച്ചിട്ടില്ല.

കോര്‍ട്ടില്‍ എല്ലാവരെക്കാളും ഉയര്‍ന്നു പൊങ്ങി, തടുക്കാനാകാത്ത സ്മാഷുകള്‍ പായിച്ച വോളിബോള്‍ ചരിത്രത്തില്‍ ഇന്ത്യയ്ക്ക് സുവര്‍ണ്ണ കാലഘട്ടം സമ്മാനിച്ചത് ജിമ്മിയുടെ പ്രതിഭയിലായിരുന്നു. ഭാവിയില്‍ വോളിബോള്‍ കോര്‍ട്ടില്‍ പുതിയൊരു ഉയരം കുറിച്ചതിനു ശേഷമാണ് അദേഹം വിടപറഞ്ഞത്. കായിക ലോക ഭൂപടത്തിലേയ്ക്ക് മലയാളത്തിന്റെ പേരു കോറിയിട്ട, ഉറപ്പിച്ച ആ സമാനകളില്ലാത്ത പ്രതിഭ വിസ്മരിക്കപ്പെടുകയില്ല. വോളിബോള്‍ എന്ന കായിക ഇനത്തെ ജനപ്രിയമാക്കിയ ആ ഇതിഹാസം ഉയര്‍ന്നു പൊങ്ങിയ ഒരു സ്മാഷു പോലെ ഇന്നും കായികഭൂപടത്തില്‍ നിറയുകയാണ്..

Ads by Google
Ads by Google
Loading...
TRENDING NOW